•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കുട്ടനാടിന്റെ ഇതിഹാസകാരന്‍

വിശ്വകഥാകാരന്‍, മലയാളത്തിന്റെ പ്രിയങ്കരനായ തകഴി ശിവശങ്കരപ്പിള്ള അന്തരിച്ചിട്ട് ഏപ്രില്‍ 10 ന് ഇരുപത്തഞ്ചുവര്‍ഷം

അച്ഛന്റെ മഹാഭാരതപാരായണം കേട്ടുകേട്ടു കഥാകാരനായിത്തീര്‍ന്നയാളാണ് തകഴി ശിവശങ്കരപ്പിള്ള. തന്റെ ഗ്രാമജീവിതവും തനിക്കറിവുള്ള അയല്‍ദേശങ്ങളിലെ ജീവിതവും പുനരാവിഷ്‌കരിക്കുകയാണു തകഴി ചെയ്തത്. കൊച്ചുവാക്യങ്ങളില്‍ ആശയവ്യക്തതയോടെ അദ്ദേഹം എഴുതി. സാമൂഹികപരിവര്‍ത്തനം ലക്ഷ്യമാക്കി രചന നടത്തിയ തകഴിയുടെ ആദ്യസൃഷ്ടി പതിമ്മൂന്നാം വയസ്സിലെഴുതിയ കഥയാണ്. അറുനൂറിലധികം ചെറുകഥകളും മുപ്പത്തൊമ്പതു നോവലും, ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്ന് ആത്മകഥാപരമായ രചനകള്‍, ഒരു ലേഖനസമാഹാരം എന്നിവയുമടങ്ങുന്ന വിപുലമായ സാഹിത്യജീവിതത്തിനുടമയാണ് തകഴി. പരപ്പിനൊപ്പം ആഴമുള്ള സൃഷ്ടികളും തകഴിയുടേതായുണ്ട്. 'വെള്ളപ്പൊക്കത്തില്‍' എന്ന ഒരൊറ്റക്കഥ മതി തകഴിയുടെ എഴുത്തിന്റെ ആഴം മനസ്സിലാക്കാന്‍. സാഹിത്യജീവിതത്തിന്റെ തുടക്കത്തില്‍ തെണ്ടികളെയും കുഷ്ഠരോഗികളെയും അതുപോലുള്ള പാര്‍ശ്വവത്കൃതരെയും തകഴി തന്റെ രചനകളില്‍ ഉള്‍ക്കൊള്ളിച്ചു. ചെമ്മീന്‍, രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍, കയര്‍ എന്നീ നോവലുകളാണ് തകഴിയെ ആഗോളപ്രശസ്തനാക്കിയത്. ഇതില്‍ ചെമ്മീന്‍ നിരവധി ഇന്ത്യന്‍ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. 1965 ല്‍ രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ സിനിമയാകുകയും ദേശീയപുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തതോടെ ചെമ്മീന്‍ ഇന്ത്യയിലും വിദേശത്തുമുള്ള സാമാന്യജനങ്ങള്‍ക്കു പരിചിതമാവുകയും ചെയ്തു.
തിരുവനന്തപുരം ലോകോളജിലെ പഠനശേഷം കേരളകേസരി പത്രത്തില്‍ ജോലിക്കു ചേര്‍ന്നതോടെ കേസരി എ ബാലകൃഷ്ണപിള്ളയുമായുണ്ടായ സൗഹൃദമാണ് എഴുത്തില്‍ പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കാന്‍ തകഴിയെ പ്രാപ്തനാക്കിയത്. ചെറുകഥയിലെ മാസ്റ്റര്‍ ടെല്ലര്‍ ആയ മോപ്പസാങ്ങിന്റെയും ചെഖോവിന്റെയും മാതൃകയില്‍ കഥകളെഴുതാന്‍ കേസരിയുടെ നിര്‍ദേശവുമുണ്ടായിരുന്നു. ഉപരിവര്‍ഗത്തിന്റെ ജീവിതം ആഖ്യാനം ചെയ്തിട്ടില്ല എന്നതാണ് തന്റെ സാഹിത്യജീവിതത്തിന്റെ ബലമായി സ്വയം കരുതിയിരുന്നത്. ഏഴരവര്‍ഷംകൊണ്ട് എഴുതിത്തീര്‍ത്ത കയര്‍ എന്ന നോവലാണ് തകഴിക്കു ജ്ഞാനപീഠം നേടിക്കൊടുത്തത്. കണ്ടെഴുത്തിന്റെ കഥ പറയുന്ന കയറോ ത്രികോണപ്രണയകഥ പറയുന്ന ചെമ്മീനോ, രണ്ടിടങ്ങഴിയോ അല്ല തകഴിയുടെ മികച്ച നോവലുകള്‍ എന്നഭിപ്രായമുള്ളവരുണ്ട്. അനുഭവങ്ങള്‍ പാളിച്ചകള്‍, ഏണിപ്പടികള്‍, പതിതപങ്കജം, ചുക്ക് എന്നീ നോവലുകള്‍ തകഴിയുടെ ആഖ്യാനപാടവത്തിനു നിദര്‍ശനങ്ങളാണ്. കുട്ടനാട്ടുകാരനായ തകഴി മരുതനിലത്തിന്റെ കഥാകാരനാണെന്ന് ഡോ. പി. വേണുഗോപാലന്‍ അഭിപ്രായപ്പെടുന്നതില്‍ കാര്യമുണ്ട്. നിരാശാബോധം പ്രതിഫലിപ്പിക്കുന്ന ഒരു കഥയും തകഴിയുടേതായി ചൂണ്ടിക്കാണിക്കാനാവില്ല. ഈ ഒരു കാരണത്താല്‍ മലയാളത്തിലെ ആധുനികസാഹിത്യത്തോട് റിയലിസ്റ്റായ തകഴി മുഖം തിരിക്കുകയും ചെയ്തു. നമ്മുടെ ആഖ്യാനപാരമ്പര്യങ്ങളില്‍നിന്നു കഥ സൃഷ്ടിക്കാനാവുമെന്നും തനിക്കതിനു കഴിഞ്ഞോ എന്നറിയില്ലെന്നും തകഴി ഖേദിക്കുന്നു. കാര്‍ഷികജീവിതവും പ്രണയവും നിസ്വരും ചേര്‍ന്ന തകഴിക്കഥകള്‍ പ്രഖ്യാതമായവയാണ്.
1931 ല്‍ കേസരിവാരികയില്‍ പ്രസിദ്ധീകരിച്ച 'ആത്മാവിന്റെ അട്ടഹാസ'മാണ് അച്ചടിക്കപ്പെട്ട ആദ്യകഥ.
വിവാഹദിവസം, മുള്ളുകള്‍ക്കിടയില്‍പ്പെട്ട മലര്‍, വിനയന്റെ പശ്ചാത്താപം, വക്കീലും ഭാര്യയും, അനാഥസന്താനങ്ങള്‍, ഹൃദയഭാരം, അമ്മയും കുഞ്ഞുങ്ങളും, അമ്മ, ചോദ്യചിഹ്നങ്ങള്‍, ഘോഷയാത്ര, നാട്ടിന്‍പുറത്തെ വേശ്യ, കുരുടന്റെ ചാരിതാര്‍ഥ്യം, മകളുടെ മകള്‍, ചരിത്രസത്യങ്ങള്‍ എന്നിവ പ്രധാന കൃതികളാണ്. വഞ്ചിക്കപ്പെട്ട സ്ത്രീകളെ കഥകളില്‍ ചിത്രീകരിച്ചതിനൊപ്പം ദാമ്പത്യത്തിന്റെ വ്യത്യസ്തഭാവങ്ങളും തകഴിക്കഥകളില്‍ ആവിഷ്‌കരിക്കപ്പെട്ടു. തകഴിയുടെ ്രപണയകഥകളാകട്ടെ, വൈവിധ്യമുള്ള പ്രമേയങ്ങളാല്‍ സമ്പന്നവുമായിരുന്നു. തകഴിയോ, ബഷീറോ ആരാണു വലിയ കഥാകാരന്‍ എന്നതിനു പ്രശസ്ത നിരൂപകന്‍ കെ.പി. അപ്പന്‍ നല്‍കുന്ന ഉത്തരം തകഴിയെന്നത് വേറൊന്നുംകൊണ്ടല്ലെന്ന് ഇതിഹാസസമാനമായ ആ സാഹിത്യജീവിതം തന്നെ തെളിവ്. തന്റെ അമ്മയില്‍നിന്നു പഠിച്ച ഭൂതദയ തന്റെ ജീവിതത്തിലും കഥകളിലും പകര്‍ത്താന്‍ തകഴി ഒട്ടൊക്കെ ശ്രമിച്ചിട്ടുണ്ട്. ഫ്യൂഡലിസത്തിന്റെ നന്മകള്‍ക്കൊപ്പം അതിന്റെ പ്രശ്‌നങ്ങളും തകഴിക്കഥകളില്‍ കാണാമെന്നു പില്‍ക്കാലനിരൂപകര്‍ രണ്ടിടങ്ങഴിയിലെ മുഖ്യകഥാപാത്രമായ കോരനെ മുന്‍നിര്‍ത്തി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അപ്പോഴും തോട്ടിയുടെ മകന്‍, തെണ്ടിവര്‍ഗംപോലുള്ള തകഴിയുടെ രചനകള്‍ കാലത്തെ അതിജീവിക്കുന്നതായി കാണാനാകും. 
അമ്മയെപ്പോലെതന്നെ സ്‌നേഹസ്വരൂപിണിയായ ഭാര്യ കാത്തയായിരുന്നു തകഴിയുടെ ഏറ്റവും വലിയ ശക്തി. മനഃശാസ്ത്രപഠനങ്ങള്‍ മലയാളത്തില്‍ ദുര്‍ലഭമായിരുന്ന കാലത്താണ് സ്ത്രീമനസ്സിന്റെ വ്യത്യസ്തഭാവങ്ങള്‍ തകഴി കഥകളില്‍ ആവിഷ്‌കരിച്ചത്. ചെമ്പന്‍കുഞ്ഞിന്റെ ഭാവമാറ്റത്തിലൂടെ ചെമ്മീനിലും അതുതന്നെയാണ് അദ്ദേഹം ചെയ്തത്. 
മലയാളം ജന്മം നല്‍കിയ വിശ്വകഥാകാരന്‍ കാലയവനികയില്‍ മറഞ്ഞത് 1999 ഏപ്രില്‍ 10 നാണ്. 25 വര്‍ഷങ്ങള്‍ക്കിപ്പുറം  തകഴിയുടെ സാഹിത്യജീവിതം സമകാലികമാകുന്നത് ഒരു പരിധിവരെ വ്യവസ്ഥാപിതമൂല്യങ്ങളോടു കലഹിക്കാനുള്ള അദ്ദേഹത്തിന്റെ ആര്‍ജവമായിരുന്നു. അല്ലെങ്കിലും തന്റെ ചുറ്റുപാടും കണ്ട ലോകത്തെ മെച്ചപ്പെടുത്തണമെന്ന ആഗ്രഹമാണല്ലോ മികച്ച എഴുത്തുകാരെ എക്കാലവും മുന്നോട്ടു നയിക്കുന്ന ശക്തി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)