•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അശാന്തിയുടെ ഉഷ്ണക്കാറ്റില്‍ വീണ്ടും പശ്ചിമേഷ്യ

    ഇസ്രയേല്‍ - ഇറാന്‍ ശക്തികള്‍ നേരിട്ടൊരു ഏറ്റുമുട്ടലിലേക്കു തുനിഞ്ഞിറങ്ങുമ്പോള്‍ ലോകം ഉത്കണ്ഠയുടെ മുള്‍മുനയിലാണ്. ഹമാസ് ഹിസ്ബുള്ള ഭീകരര്‍ക്ക് ഇറാന്‍ നല്‍കുന്ന രഹസ്യസഹായങ്ങള്‍ക്കു തിരിച്ചടിയെന്നവണ്ണം ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റ് തകര്‍ത്ത ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പതിമ്മൂന്നു പേരില്‍ രണ്ട് ഇറാന്‍ സൈനികജനറല്‍മാരും ഉണ്ടായിരുന്നു. ഇതിനു മറുപടിയായി ഇറാന്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍മണ്ണില്‍ ഡ്രോണുകളും ബാലിസ്റ്റിക് - ക്രൂസ് മിസൈലുകളുമായി നടത്തിയ ആക്രമണമാണു പശ്ചിമേഷ്യയില്‍ സംഘര്‍ഷസാധ്യത വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇസ്രയേല്‍ സ്വീകരിച്ച കരുതല്‍നടപടികളിലൂടെ പകുതിയിലേറെ ഡ്രോണുകളും മിസൈലുകളും രാജ്യാതിര്‍ത്തിക്കു വെളിയില്‍വച്ചുതന്നെ തകര്‍ക്കാന്‍ സാധിച്ചു. ഇസ്രയേലിനു വലിയ നാശനഷ്ടമൊന്നുമുണ്ടാക്കാന്‍ സാധിക്കാതിരുന്ന ആക്രമണത്തില്‍ ഒരു ബാലികയ്ക്കു പരിക്കേല്‍ക്കുകമാത്രമാണു ചെയ്തിട്ടുള്ളത്. തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്ത കോണ്‍സുലേറ്റ് ആക്രമണത്തിനു പകരമായി ഇസ്രയേല്‍ ആക്രമണം നടത്തിയെന്ന് ഇറാന് ആശ്വസിക്കാം.
ലോകരാജ്യങ്ങളുടെ നിലപാട്
    ഇതിനു പകരമായി ഇറാനെ ആക്രമിക്കരുതെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ട അമേരിക്ക, തങ്ങള്‍ ഇറാനുമായി നേരിട്ട് ഒരു യുദ്ധത്തിനില്ല എന്നു വ്യക്തമാക്കിയെങ്കിലും, ഇസ്രായേലിനെ തുടര്‍ന്നും നേരിട്ടാക്രമിച്ചാല്‍ തങ്ങള്‍ ഇസ്രയേലിന്റെ സഹായത്തിനെത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജോര്‍ദാന്‍രാജാവ് അബ്ദുള്ള ജോ ബൈഡനുമായി നടത്തിയ ചര്‍ച്ചയില്‍, കാര്യങ്ങള്‍ കൈവിട്ടുപോയാലുള്ള പരിണതഫലങ്ങള്‍ ചൂണ്ടിക്കാണിച്ചു. സൗദി അറേബ്യ ആവശ്യപ്പെട്ടപ്രകാരം വിളിച്ചുചേര്‍ത്ത യു എന്‍ സുരക്ഷാസമിതിയോഗത്തില്‍ അമേരിക്കയെ ആക്രമിക്കില്ലെന്നും തങ്ങള്‍ക്കു നേരിട്ട ആക്രമണത്തിനു നല്‍കിയ പ്രത്യാക്രമണത്തിലൂടെ തങ്ങള്‍ കളംവിടുന്നുവെന്നും ഇറാന്‍  ഉറപ്പുനല്‍കുകയുണ്ടായി എന്നത് ആശ്വാസകരം. എന്നാല്‍, തങ്ങള്‍ തീരുമാനിക്കുന്ന സമയത്ത്, തീരുമാനിക്കുന്നിടത്തുവച്ചു മറുപടി നല്‍കുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനം മുന്‍ അനുഭവങ്ങള്‍വച്ച് പാഴ്‌വാക്കാകാനും സാധ്യതയില്ല.
ധര്‍മസങ്കടത്തില്‍ അറബ് രാജ്യങ്ങള്‍
    യുഎഇ, സൗദി അറേബ്യ അടക്കമുള്ള അറബുരാജ്യങ്ങള്‍ യുദ്ധമുണ്ടായാല്‍ ഒരു നിലപാടെടുക്കേണ്ടിവരും എന്നതിനാല്‍ സംഘര്‍ഷം ഒഴിവാക്കാനുള്ള തത്രപ്പാടിലാണ്. ഇസ്രയേലുമായി ഇപ്പോള്‍ അറബുരാജ്യങ്ങള്‍ ഒന്നും ശത്രുതയിലല്ല എന്നതും മികച്ച വാണിജ്യബന്ധങ്ങള്‍ ഉണ്ടെന്നുള്ളതും ഇസ്രയേലിനു മേല്‍ക്കോയ്മ നല്‍കുന്നുണ്ട്. ഇറാന്‍ കോണ്‍സുലേറ്റ് ആക്രമണത്തില്‍ ഇസ്രയേലിനെ ഈ രാജ്യങ്ങളൊന്നും അപലപിച്ചില്ല എന്നതും ശ്രദ്ധേയം.
ഇസ്രയേല്‍ തന്ത്രം
ദമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റ് ആക്രമണം തികച്ചും ഇസ്രയേലിന്റെ തന്ത്രപരമായ ഒരു നീക്കംതന്നെയായിരുന്നു എന്നതു വ്യക്തം. ഹമാസ്, ഹിസ്ബുല്ല, ഹൂതി തുടങ്ങിയ ഭീകരസംഘടനകള്‍ക്കെല്ലാം ആയുധ-സൈനികപരിശീലനം നല്‍കി വളര്‍ത്തുന്ന ഇറാനെ പരസ്യമായി രംഗത്തുകൊണ്ടുവരിക എന്നതാണ് അവര്‍ ലക്ഷ്യം വച്ചതില്‍ ഒന്ന്. കോണ്‍സുലേറ്റ് ആക്രമിക്കപ്പെടുക എന്നുപറഞ്ഞാല്‍ രാഷ്ട്രത്തിന്റെ പരമാധികാരത്തിനുനേര്‍ക്കുള്ള ആക്രമണമാകയാല്‍ ഇറാന്‍ അടങ്ങിയിരിക്കില്ല എന്നത് ഉറപ്പായിരുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുതുടങ്ങിയിരിക്കുന്ന അമേരിക്കയെ നേരിട്ടു യുദ്ധത്തില്‍ പങ്കാളിയാക്കുക എന്നതാണ് മറ്റൊന്ന്. 
ലോകയുദ്ധത്തിലേക്കു നയിക്കുമോ?
   ലോകം അങ്ങനെ ഭയക്കുന്നുണ്ടെങ്കിലും, തികച്ചും അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചില്ലെങ്കില്‍ ഒരു വന്‍യുദ്ധത്തിലേക്കു നയിക്കപ്പെടാനുള്ള സാധ്യതകള്‍ കുറവാണ്. അതിന്റെ കാരണങ്ങള്‍ ഒന്നു ചിന്തിക്കാം.
1. നാല്പതു വര്‍ഷത്തോളമായി ഒരു നേര്‍യുദ്ധത്തിനു താത്പര്യം പ്രകടിപ്പിക്കാത്ത ഇറാന്റെ മുഖംരക്ഷിക്കല്‍തന്ത്രമായി ഇസ്രയേല്‍ ആക്രമണത്തെ കരുതാം. കോണ്‍സുലേറ്റ് ആക്രമണത്തിനു തിരിച്ചടി നല്‍കിയില്ലെങ്കില്‍ രാജ്യത്തിനുള്ളില്‍ ഉണ്ടാകാവുന്ന എതിര്‍പ്പും അറബുലോകത്തെ ഏറ്റവും വലിയ സൈനികശക്തിയെന്ന നിലയില്‍ തലകുനിക്കേണ്ടിവരുമെന്നതും അവര്‍ക്കു പ്രശ്‌നമാണ്. ആക്രമണത്തിനു മിനിറ്റുകള്‍മുമ്പ് ജോര്‍ദാന്‍ അടക്കമുള്ള അറബുരാജ്യങ്ങളുടെ എല്ലാ വിമാനത്താവളങ്ങളും നിശ്ചലമായി എന്നതു ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഇസ്രയേലില്‍ വലിയ നാശനഷ്ടമോ ജീവഹാനിയോ ഉണ്ടാക്കാന്‍ അവര്‍ തയ്യാറായില്ലെന്നതും ആ സൂചന നല്‍കുന്നു.
2. ഇസ്രയേലുമായി കര - സമുദ്രാതിര്‍ത്തികള്‍ പങ്കിടുന്നില്ല എന്നതും ഇരുരാജ്യങ്ങളും തമ്മില്‍ രണ്ടായിരത്തിലേറെ കിലോമീറ്ററുകളുടെ ദൂരവ്യത്യാസം ഉണ്ടെന്നതും ഒരു നേര്‍ യുദ്ധത്തിനു വിലങ്ങുതടിയാവുമ്പോള്‍ ആകാശയുദ്ധംമാത്രമാണ് ഏകവഴി. ഇറാക്ക്, സിറിയ, ലബനന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ സഹായത്തോടെയേ ഇറാന് ഇസ്രയേലില്‍ ആക്രമണം നടത്താന്‍ സാധിക്കൂ. എന്നാല്‍, ഇവയൊന്നും ഇസ്രയേലിന്റെ ശത്രുരാജ്യങ്ങളല്ല എന്നത് അവര്‍ക്കുള്ള തടസ്സമാണ്.
3. ഇറാന്‍ - സിറിയ -  റഷ്യ അച്ചുതണ്ടില്‍ റഷ്യയുടെ അവസ്ഥ അത്ര മികച്ചതല്ല എന്നതും അവരെ പുറകോട്ടടിക്കുന്നു. യുക്രെയ്ന്‍ യുദ്ധമുന്നണിയില്‍ അപ്രതീക്ഷിത തിരിച്ചടികളില്‍പ്പെട്ടുഴലുന്ന റഷ്യയ്ക്ക്  ഇപ്പോള്‍ പശ്ചിമേഷ്യയില്‍ ഒരു യുദ്ധമുഖം തുറക്കുകയെന്നത് അസാധ്യമാണ്.
രാഷ്ട്രീയസാഹചര്യങ്ങള്‍
   ഇസ്രയേല്‍ ഒഴികെ മറ്റൊരു രാജ്യവും ഇപ്പോള്‍ ഒരു യുദ്ധത്തില്‍ തത്പരരല്ല. മാറിയ ലോകക്രമത്തില്‍ മിക്ക രാഷ്ട്രങ്ങളും കൊവിഡ് തകര്‍ച്ചയില്‍നിന്നു മുന്നോട്ടു കുതിക്കാന്‍ ശ്രമിക്കുന്ന വേളയാണിത്. ഈ വര്‍ഷം തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ നേരിടേണ്ടിവരുന്ന ജോ ബൈഡന് നിലവില്‍ രാജ്യത്തെ ഒരു യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കാവുന്ന സാഹചര്യമല്ല. ഇപ്പോള്‍ത്തന്നെ ബൈഡന്‍ ബഹുദൂരം പിന്നിലാണു താനും. തന്നെയുമല്ല, ചൈനയുമായി ലോകസാമ്പത്തികമേധാവിത്വത്തിനുള്ള മത്സരം പല മേഖലകളില്‍ നടത്തുമ്പോള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ തങ്ങളുടെ വാണിജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമത്തിലുമാണ് അമേരിക്ക. കൂടാതെ, അറബ് രാജ്യങ്ങളിലും യു.എന്‍. രക്ഷാസമിതിയിലും ഈ വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍  യുദ്ധത്തിലേക്കു വഴിതുറക്കാന്‍ ഒരു രാജ്യത്തെയും പ്രേരിപ്പിക്കുകയില്ല. പക്ഷേ, നെതന്യാഹുവിനു യുദ്ധം തുടരേണ്ടതും അനിവാര്യമാണ്. ഇസ്രയേലിന്റെ പരമാധികാരവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക എന്നതിനൊപ്പം യുദ്ധം അവസാനിക്കുമ്പോള്‍ തനിക്കെതിരേ മുമ്പേയുള്ള അഴിമതിക്കേസുകള്‍ തന്നെ വാ പിളര്‍ത്തി വിഴുങ്ങുമെന്ന്  അദ്ദേഹത്തിനറിയാം.  അങ്ങനെവന്നാല്‍ താരതമ്യേന സംശുദ്ധ ജനാധിപത്യരാഷ്ട്രമായ ഇസ്രയേലില്‍ തന്റെ സ്ഥാനം അഴിക്കുള്ളിലാണെന്നും അദ്ദേഹത്തിനു വ്യക്തം.
ഇന്ത്യയുടെ താത്പര്യങ്ങള്‍
   പശ്ചിമേഷ്യയില്‍ വലിയ സാമ്പത്തികതാത്പര്യമുള്ള ഇന്ത്യയ്ക്ക് ഇറാനുമായി വലിയ തോതില്‍ വ്യാപാരമുണ്ട്, എങ്കിലും ഇസ്രയേല്‍തന്നെയാണു പ്രഥമ പരിഗണന അര്‍ഹിക്കുന്ന സുഹൃദ്‌രാഷ്ട്രം. പതിനേഴു പൗരന്മാരുമായി ഇന്ത്യയുടെ എം.എന്‍.സി. ഏരീസ് എന്ന ചരക്കുകപ്പല്‍ ഇറാന്‍ തട്ടിയെടുത്തത് ഇസ്രയേലിന്മേല്‍ ഇന്ത്യയ്ക്കുള്ള സ്വാധീനം അറിയാവുന്നതുകൊണ്ടും അത് ഉപയോഗിക്കാനുമാണ്. പക്ഷേ, ഇന്ത്യയുടെ അതൃപ്തി നേടിയെടുക്കാന്‍മാത്രമേ ഇറാനു സാധിക്കൂ. നിര്‍ണായക ഏഷ്യന്‍ശക്തിയായ ഇന്ത്യയ്ക്കു വലിയ വിലപേശലൊന്നുമില്ലാതെ കപ്പല്‍ മോചിപ്പിക്കാന്‍ സാധിക്കും. ഒരുപക്ഷേ, ഇസ്രയേല്‍ സഖ്യരാഷ്ട്രങ്ങള്‍ക്കുള്ള ഒരു ഇറാനിയന്‍ മുന്നറിയിപ്പുമാവാം അത്. ഇതൊക്കെ മുന്നില്‍ക്കണ്ടാണ് ഇന്ത്യ റഷ്യയുമായി കൂടുതല്‍ അളവിലുള്ള എണ്ണക്കരാറില്‍ ഏര്‍പ്പെട്ടതും. പക്ഷേ, റഷ്യയും സിറിയയും ചില ഭീകരസംഘടനകളുമല്ലാതെ വലിയ സഖ്യകക്ഷികളൊന്നുമില്ലാത്ത ഇറാന് നാറ്റോസഖ്യത്തിനും ഇന്ത്യയ്ക്കുമെതിരേ അങ്ങനെയൊന്നും പിടിച്ചുനില്‍ക്കാനാവില്ല. സൗദിയും ജോര്‍ദാനും അവര്‍ക്കെതിരാണുതാനും. അങ്ങനെ ലോകം ഒരു യുദ്ധത്തിന്റെ ദുരിതപര്‍വത്തില്‍നിന്നു അകന്നുപോകട്ടെ എന്നു പ്രത്യാശിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)