മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനായി ഇന്ത്യ ആരംഭിച്ചിരിക്കുന്ന ദൗത്യമാണ് ഗഗന്‍യാന്‍. 2020 ലും 2021 ലും മനുഷ്യരില്ലാത്ത പേടകങ്ങള്‍ ബഹിരാകാശത്ത് എത്തിച്ചശേഷം 2021 അവസാനത്തോടെ മനുഷ്യരെ ഉള്‍പ്പെടുത്തി പേടകങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനായിരുന്നു തുടക്കത്തില്‍ പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും റഷ്യയുടെ ഫെഡറല്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസ് സ്റ്റേറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ സ്‌പേസ് ആക്ടിവിറ്റീസും ഒരുമിച്ചാണ് ഗഗന്‍യാന്‍ പദ്ധതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള യാത്രയ്ക്കു മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തില്‍ 2020 ഡിസംബറിലും 2021 ജൂലൈയിലും ആളില്ലാത്ത പേടകമയച്ചു. തുടര്‍ന്നു 2021 ഡിസംബറില്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ജിഎസ്എല്‍വി മാര്‍ക്ക് കകക റോക്കറ്റിലാണ് യാത്രികരെ എത്തിക്കുന്നത്. ദൗത്യം വിജയിച്ചാല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ മുമ്പേതന്നെ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. മലയാളിയായ ഡോ. എസ്. ഉണ്ണികൃഷ്ണന്‍നായര്‍ക്കാണ് ദൗത്യത്തിന്റെ മുഖ്യചുമതല. ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍ ഫൗണ്ടര്‍ ഡയറക്ടറായ ഉണ്ണിക്കൃഷ്ണന്‍നായര്‍ കോട്ടയം കോതനല്ലൂര്‍ സ്വദേശിയാണ്. റഷ്യ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളുമായി സഹകരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് അദ്ദേഹമാണ്. തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ (വിഎസ്എസ്‌സി) അഡ്വാന്‍സ്ഡ് സ്‌പേസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രോഗ്രാം ഡയറക്ടറായിരുന്നു ഡോ. ഉണ്ണിക്കൃഷ്ണന്‍നായര്‍. ബഹിരാകാശപേടകം അപകടത്തില്‍പെട്ടാല്‍ യാത്രികരെ രക്ഷിക്കുന്ന 'ക്രൂ എസ്‌കേപ് സിസ്റ്റം' (2018) വിജയകരമാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഈ സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഗഗന്‍യാന്‍ പ്രൊജക്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത് മറ്റൊരു മലയാളിയായ ആര്‍. ഹട്ടനാണ്. വിഎസ്എസ്‌സിയില്‍ പിഎസ്എല്‍വി പ്രോജക്ട് ഡയറക്ടറായിരുന്ന ഹട്ടന്‍ നേരത്തേ ഡപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയാണ്.
ഗഗന്‍യാന്‍ പരിശീലനത്തിനു പിന്നിലെ വിശേഷങ്ങള്‍
2025 അവസാനത്തോടെ വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്ന ഗഗന്‍യാന്‍ദൗത്യത്തിലെ സഞ്ചാരികളെ വഹിക്കുന്ന പേടകം (ക്രൂ മൊഡ്യൂള്‍) ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചശേഷം തിരിച്ചിറങ്ങുന്നത് പാരഷൂട്ടുകളുടെ സഹായത്തോടെ അറബിക്കടലിലാണ്. ഇതിന്റെ ഭാഗമായുള്ള പരിശീലനം കൊച്ചിയില്‍ ഉള്‍പ്പെടെ നടക്കുന്നു. അതേ സമയം, അടിയന്തരസാഹചര്യമുണ്ടായാല്‍ സഞ്ചാരികള്‍ക്കിറങ്ങാന്‍ രാജ്യാന്തര സമുദ്രഭൂപടത്തില്‍ 48 സുരക്ഷിതസ്ഥാനങ്ങളാണ് ഇന്ത്യന്‍ ബഹിരാകാശഗവേഷണസ്ഥാപനമായ ഇസ്‌റോ കണ്ടെത്തിയിരിക്കുന്നത്. അതിശൈത്യ, അത്യുഷ്ണസാഹചര്യങ്ങളെ മാത്രമല്ല, ആഴക്കടലിനെയും അതിജീവിച്ചുവേണം സഞ്ചാരികള്‍ക്കു തിരിച്ചെത്താന്‍. ഗഗന്‍യാന്‍ ഏകോപിപ്പിക്കുന്ന ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍ ഉള്‍പ്പെടെ ഇസ്‌റോയ്ക്ക് കീഴിലെ വിവിധ കേന്ദ്രങ്ങള്‍ - ഇന്ത്യന്‍ വ്യോമസേനയുടെ സ്ഥാപനങ്ങളായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്‌പേസ് മെഡിസിന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, പ്രതിരോധ ഗവേഷണവികസനകേന്ദ്രമായ ഡി ആര്‍ ഡി ഒ യ്ക്കു കീഴിലെ ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലാബോറട്ടറി, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി തുടങ്ങി ഒരുപിടി സ്ഥാപനങ്ങളുമുണ്ട് ദൗത്യത്തിനു പിന്നില്‍. റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്‌മോനോട്ട് ട്രെയിനിങ് സെന്ററും (ജി സി ടി സി), യു എസ് ബഹിരാകാശ ഏജന്‍സിയായ നാസയും പരിശീലനസഹായം നല്‍കുന്നു.
പ്രായോഗികപാഠങ്ങള്‍
റഷ്യയിലെ പരിശീലനത്തിനുശേഷം 2021 ല്‍ ഇന്ത്യയിലേക്കു മടങ്ങിയ നിയുക്തസഞ്ചാരികള്‍ക്ക് ബെംഗളൂരുവിലെ ഇസ്‌റോ ആസ്ഥാനമായ അന്തരീക്ഷ് ഭവനിലെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും (ഐഐ എസ് സി) തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഒരുക്കിയിരുന്നു. ദൗത്യത്തിന്റെ ഫ്‌ളൈറ്റ് സംവിധാനങ്ങളെക്കുറിച്ചുള്ള എന്‍ജിനീയറിങ് പഠനസെഷനുകളും 218 ക്ലാസ് റൂം ലക്ചറുകളും 75 കായികപരിശീലനസെഷനുകളും ഉള്‍പ്പെടെ 39 ആഴ്ചകളിലായാണ് ഇവിടങ്ങളില്‍ ക്ലാസുകള്‍ ഒരുക്കിയത്. തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്ററും (വിഎസ്എസ് സി), ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണകേന്ദ്രവുമൊക്കെ സന്ദര്‍ശിച്ച ഇവര്‍ വിദഗ്ധരുമായി സംവദിച്ചു.
വ്യോമാരോഗ്യപരിശീലനം
വ്യോമാരോഗ്യരംഗത്തെ പരിശീലനം വൈമാനികരുടെ ആരോഗ്യശേഷി അവലോകനം, ഇവരുടെ പ്രവര്‍ത്തന പരിതഃസ്ഥിതിപഠനം (എര്‍ഗോണോമിക്‌സ്) തുടങ്ങിയവയാണ് സിവില്‍, മിലിറ്ററി ഏവിയേഷന്‍ രംഗത്തെ മികച്ച കണ്‍സള്‍ട്ടന്‍സിയായ ബെംഗളൂരു വിമാനപുരയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോ സ്‌പേസ് മെഡിസിന്‍ (ഐഎഎം) കൈകാര്യം ചെയ്യുന്നത്.
അന്തരീക്ഷത്തിലെ ഉയരങ്ങള്‍ കീഴടക്കുമ്പോഴുള്ള രോഗാവസ്ഥകളെക്കുറിച്ചും പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ഗവേഷണം നടത്തുന്ന ഹൈ ഓള്‍ട്ടിറ്റിയൂഡ് ഫിസിയോളജി ആന്‍ഡ് ഹൈപ്പര്‍ബാറിക് മെഡിസിന്‍ വിഭാഗമാണ് സഞ്ചാരികളുടെ വ്യോമാരോഗ്യപരിശോധന ഏകോപിപ്പിച്ചത്.
രാകേഷ് ശര്‍മയ്ക്ക് ബഹിരാകാശത്ത് ഒഴുകിനടക്കാന്‍ പരിശീലനം നല്‍കിയ റഷ്യയുടെ സഹായത്തോടെ സജ്ജീകരിച്ച മൈക്രോ ഗ്രാവിറ്റി സിമുലേറ്റര്‍ ഇപ്പോഴും ഇവിടെ പ്രവര്‍ത്തനസജ്ജമാണ്.
സിമുലേറ്റര്‍ പരിശീലനം
രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ ഏജന്‍സികളുടെ സഹായത്തോടെയാണ് ഗഗന്‍യാന്‍ സഞ്ചാരികളുടെ പരിശീലനത്തിനായുള്ള സിമുലേറ്ററുകള്‍ സജ്ജീകരിച്ചത്. ദൗത്യത്തിനിടെ സംഭവിക്കാനിടയുള്ള ശാരീരികവെല്ലുവിളികളെ നേരിടാന്‍ പരിശീലിപ്പിക്കുന്ന ഡൈനാമിക് ട്രെയിനിങ് സിമുലേറ്റര്‍ (ഡിടിഎസ്) ഫ്രാന്‍സിന്റെ തെയില്‍സ് അലീനിയ സാണ് നല്‍കിയത്. യാത്രയ്ക്കിടെ വേഗത്തിലും ദിശയിലും വരുന്ന മാറ്റങ്ങളെയും ആഘാതങ്ങളെയും ശബ്ദപ്രകമ്പനങ്ങളെയും അതിജീവിക്കാനാണ് ഡിടിഎസ് പരിശീലിപ്പിക്കുന്നത്.
ക്രൂ മോഡ്യൂളിനുള്ളിലിരുന്ന് ദൗത്യം നിയന്ത്രിക്കാനുള്ള മിഷന്‍ കണ്‍ട്രോള്‍ കണ്‍സോളുമായി ബന്ധപ്പെട്ട ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്ന ഇന്‍ഡിപെന്‍ഡന്റ് ട്രെയിനിങ് സിമുലേറ്റര്‍ (ഐടിഎസ്) ഒരുക്കിയത് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയാണ് (എല്‍ ആന്‍ഡ് ടി).
പേടകത്തിനുള്ളിലെ കണ്‍ട്രോള്‍ പാനലുകളുമായി സംവദിക്കാനും ഡിസ്‌പ്ലേകളില്‍നിന്നുള്ള തത്സമയഡേറ്റ വായിക്കാനുമുള്ള പരിശീലനം നല്‍കിയ വെര്‍ച്വല്‍ റിയാലിറ്റി ട്രെയിനിങ് സിമുലേറ്ററും (വില്‍ ജിഎസ്), പേടകത്തിനുള്ളിലെ അതേ അന്തരീക്ഷം പുനഃസൃഷ്ടിച്ചുള്ള സ്റ്റാറ്റിക് മോക്ക് അപ് സിമുലേറ്ററും (എസ്എംഎസ്) സജ്ജീകരിച്ചതും ഇന്ത്യന്‍ സ്ഥാപനങ്ങള്‍തന്നെയാണ്.
ഇതിനുപുറമേ ബഹിരാകാശത്തു സഞ്ചാരികളുടെ ആശയവിനിമയത്തിനും സാങ്കേതികവിവരങ്ങള്‍ ലഭ്യമാക്കാനും സഹായിക്കുന്ന 'സഖി' (സ്‌പേസ് ബോണ്‍ അസിസ്റ്റന്റ് ആന്‍ഡ് നോളജ് ഹബ് ഫോര്‍ ക്യൂ ഇന്ററാക്ഷന്‍) എന്ന ആപ്പ് തിരുവനന്തപുരം വിഎസ്എസ് സി വികസിപ്പിച്ചിട്ടുണ്ട്.
'വ്യോമമിത്ര' എന്ന റോബട്ടിനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതുള്‍പ്പെടെ രണ്ട് ആളില്ലാപരീക്ഷണദൗത്യങ്ങള്‍കൂടി ഈ വര്‍ഷം നിര്‍വഹിച്ചാല്‍ ഗഗന്‍യാന്‍ ദൗത്യത്തിനു കളമൊരുങ്ങും.
ഗഗന്‍യാന്‍ ക്രൂ മൊഡ്യൂളില്‍ രണ്ടുപേരെ ഉള്‍ക്കൊള്ളിക്കാനാണ് നിലവില്‍ സൗകര്യമൊരുക്കുന്നത്. ഇതില്‍ ചിലപ്പോള്‍ ഒരാള്‍ക്കേ ആദ്യദൗത്യത്തില്‍ അവസരമുണ്ടാകൂ എന്ന് ഇസ്‌റോ ചെയര്‍മാന്‍ എസ്. സോമനാഥ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതൊരു കാത്തിരിപ്പാണ്. റഷ്യയ്ക്കും യുഎസിനും ചൈനയ്ക്കുംശേഷം ബഹിരാകാശത്തേക്കു സ്വന്തമായി സഞ്ചാരികളെ അയച്ചു നേട്ടം കൈവരിക്കുന്ന രാജ്യമാകാനുള്ള വെമ്പല്‍, 2035 ല്‍ ഇന്ത്യയുടെ സ്വന്തം ബഹിരാകാശനിലയം സാക്ഷാത്കരിക്കാനും 2040 ല്‍ ഇന്ത്യന്‍ സഞ്ചാരിക്ക് ചന്ദ്രനില്‍ കാലുകുത്താനുമുള്ള ദൗത്യങ്ങളിലേക്കുള്ള ചവിട്ടുപടിയാണ്.