ഭൂരിപക്ഷത്തിനും അറിയാവുന്നതുപോലെ ബെന്യാമിന്റെ പ്രശസ്തമായ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ബ്ലെസിയുടെ ആടുജീവിതം സിനിമ. ഏതൊരാള്‍ക്കും വായിച്ചാല്‍ മനസ്സിലാവുന്നവിധത്തിലുള്ള, എന്നാല്‍, ഹൃദയദ്രവീകരണക്ഷമമായ അനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തെരിയുന്ന ജീവിതത്തിന്റെ ആവിഷ്‌കാരമാണ് ആടുജീവിതം.
പക്ഷേ, ആടുജീവിതം സിനിമയിലെത്തുമ്പോള്‍ അതൊക്കെയും തെറ്റുന്നു. വിദ്യാഭ്യാസമില്ലാത്ത ഇംഗ്ലീഷ് അറിയാത്ത നജീബാകാന്‍ പൃഥ്വിരാജ് ഏറെ പണിപ്പെടുന്നതുപോലെയാണു തോന്നിയത്. സംസ്‌കാരസമ്പന്നനും ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് ശീലമാക്കിയ വ്യക്തിയുമായ പൃഥ്വിക്ക് നജീബെന്ന സാധാരണക്കാരനിലേക്കു പരകായപ്രവേശം നടത്താന്‍ സ്വാഭാവികഗതിയില്‍ സാധിക്കുന്നില്ല. പേരില്‍മാത്രം നജീബും ബാക്കിമുഴുവനും പൃഥ്വിരാജും എന്ന അവസ്ഥ. അത്തരമൊരു പരകായപ്രവേശത്തിന് അദ്ദേഹത്തെ സഹായിക്കുന്നത് ഒട്ടൊരുപരിധിവരെ മേയ്ക്കപ്പാണുതാനും. സംസാരിക്കാന്‍ ആരുമില്ലാത്തതിന്റെ പേരില്‍ വാക്കുമുട്ടിയതുകൊണ്ടു സ്വരംപോലും നഷ്ടപ്പെട്ടുകഴിയുന്ന നജീബ്, ഹക്കീമുമായുളള അപ്രതീക്ഷിതകണ്ടുമുട്ടലില്‍ സാധാരണപോലെ സംസാരിക്കുന്നവിധത്തിലുളള പല പാളിച്ചകളും സിനിമയിലുണ്ട്.
എല്ലുംതോലുമായ വിധത്തില്‍ അവതരിപ്പിക്കപ്പെട്ട നജീബ് മൂന്നുമാസത്തെ ജയില്‍വാസത്തിനുശേഷം നാട്ടിലേക്കു മടങ്ങുമ്പോള്‍, എങ്ങനെയാണോ മൂന്നരവര്‍ഷംമുമ്പ് അയാള്‍ ഗള്‍ഫിലേക്കു പുറപ്പെട്ടത്, സമാനമായ ശാരീരികസ്ഥിതിയിലാണ് അയാളെ അവതരിപ്പിച്ചിരിക്കുന്നതെന്നതിലും സിനിമാറ്റിക് ആയ ഒരു വൈരുധ്യമുണ്ട്. വെറും മൂന്നുമാസംകൊണ്ട് നജീബിന് തന്റെ പൂര്‍വസ്ഥിതിപ്രാപിക്കാന്‍ കഴിഞ്ഞുവെന്നാണോ പ്രേക്ഷകര്‍ കരുതേണ്ടത്?
ചിത്രത്തിന്റെ അണിയറക്കാര്‍ പറയുന്ന പല കാര്യങ്ങളിലെയും പൊരുത്തക്കേടു മനസ്സിലാക്കാന്‍ വക്കീല്‍ബുദ്ധിയോ പോലീസ് ബുദ്ധിയോ വേണ്ട. സാമാന്യബുദ്ധി മതി.
1. നോവലില്‍നിന്നു വ്യത്യസ്തമായി യാതൊന്നും സിനിമയില്‍ കണ്ടില്ല. നോവലിലുള്ളതു മുഴുവന്‍ സിനിമയില്‍ അവതരിപ്പിക്കാനാവില്ലെങ്കിലും നോവലിലുള്ള ഭാവതീവ്രത പകര്‍ത്താനോ നോവലിലില്ലാത്തവിധം ദൃശ്യഭാഷ ചമയ്ക്കാനോ നോവലിനെ അതിശയിപ്പിക്കുന്നവിധം കഥാപാത്രരംഗമുഹൂര്‍ത്തങ്ങള്‍ രചിക്കാനോ സിനിമയ്ക്കു കഴിഞ്ഞിട്ടില്ല.
നോവലിനു കിട്ടിയ പ്രശസ്തിയും നജീബിനു ജനമനസ്സുകളില്‍ കിട്ടിയ ഇരിപ്പിടവും സിനിമയുടെ മാര്‍ക്കറ്റ്തന്ത്രമാക്കി മാറ്റുകമാത്രമാണ് ബ്ലെസി ചെയ്തത്.
2. ഏറെ വിവാദമായ മൃഗരതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നജീബ് പറഞ്ഞത് അങ്ങനെയൊന്നു തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടില്ലായെന്നും, എന്തുകൊണ്ടാണ് ബെന്യാമിന്‍ അങ്ങനെ എഴുതിയതെന്നു തനിക്കറിയില്ലെന്നുമായിരുന്നു. യഥാര്‍ഥസംഭവമാണെന്ന് ആദ്യം അവകാശപ്പെടുകയും പിന്നീട് അനേകം നജീബുമാരുടെ കഥയാണു താനെഴുതിയതെന്നും നാല്പതുശതമാനംമാത്രമേ യഥാര്‍ഥസംഭവമായിട്ടുള്ളൂ, ബാക്കിയെല്ലാം തന്റെ ഭാവനയാണെന്നും രേഖപ്പെടുത്തി ബെന്യാമിന്‍ നിലപാടു തിരുത്തി.
മൃഗരതി സിനിമയ്ക്കുവേണ്ടി ചിത്രീകരിച്ചതാണെന്നും സെന്‍സര്‍ബോര്‍ഡ് അതു കട്ട് ചെയ്തതാണെന്നും ബെന്യാമിന്‍ പറഞ്ഞപ്പോള്‍ അങ്ങനെയൊന്നു സംഭവിച്ചിട്ടില്ലെന്നു ബ്ലെസി.
3. ഹക്കീമിന് എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നായിരുന്നു ബെന്യാമിന്റെ മറുപടി. ഹക്കീമിന്റെ വീട്ടില്‍ പിന്നീടു പോയോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു നജീബിന്റെ പ്രതികരണം.
തനിക്കൊപ്പം സമാനമായ അവസ്ഥയിലൂടെ കടന്നുപോയ ഹക്കീം എന്ന വ്യക്തി യഥാര്‍ഥത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ നജീബ് അയാളുടെ വീട്ടുകാരെ കാണാന്‍ പോകില്ലായിരുന്നോ? എന്തിന്, ഈ സിനിമയും നോവലും ഇത്രയധികം ശ്രദ്ധിക്കപ്പെട്ട സാഹചര്യത്തില്‍ ഹക്കീമിനെയോ, വേണ്ട, അയാളുടെ വീട്ടുകാരെയെങ്കിലുമോ കണ്ടുപിടിച്ച് അവതരിപ്പിക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിയാതെപോയത് എന്തുകൊണ്ട്?
അല്ലെങ്കില്‍ ഞാന്‍ ഹക്കീമാണ്, ഞാന്‍ ഹക്കീമിന്റെ ബന്ധുവാണ് എന്നവകാശപ്പെട്ടുകൊണ്ട് ഇതുവരെയും ആരും മുന്നോട്ടുവരാത്തത് എന്തുകൊണ്ട്? ഇതൊക്കെ സൂചിപ്പിക്കുന്നത് ഹക്കീം ഒരു സാങ്കല്പികകഥാപാത്രമാണ് എന്നല്ലേ? അങ്ങനെയെങ്കില്‍ എന്തിനാണ് തുടക്കംമുതല്‍ യഥാര്‍ഥസംഭവത്തെ ആസ്പദമാക്കിയെടുത്ത സിനിമയും നോവലും എന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തുന്നത്?
4. സിനിമയിലും നോവലിലും അവതരിപ്പിച്ചിരിക്കുന്നതുപോലെ കൊടുംയാതനകളിലൂടെ കടന്നുപോയ ഒരാള്‍ക്ക് മൂന്നു വര്‍ഷത്തോളം സമാനമായ അവസ്ഥയില്‍ പിടിച്ചുനില്ക്കാനാവില്ലെന്ന് സോഷ്യല്‍മീഡിയായില്‍ ഒരാളെഴുതിയ കുറിപ്പു വായിക്കുകയുണ്ടായി. ഗള്‍ഫ്ജീവിതവുമായി പരിചയിക്കുകയും ഡെസേര്‍ട്ട് ജേണി നടത്തുകയും ചെയ്ത ഒരാളെന്ന നിലയില്‍ അയാളുടെ അഭിപ്രായത്തെ മുഖവിലയ്ക്കെടുക്കേണ്ടതുണ്ട്. കാരണം, ഈ നാട്ടിലെ ചൂടില്‍പ്പോലും പിടിച്ചുനില്ക്കാന്‍ കഴിയാതെ മനുഷ്യന്‍ ബുദ്ധിമുട്ടുമ്പോള്‍, ഭക്ഷണവും വെള്ളവും മതിയായി ലഭിക്കാതെ, കുളിക്കാതെ, നനയ്ക്കാതെ, കൊടുംചൂടില്‍ മൂന്നുവര്‍ഷത്തോളം കഴിച്ചുകൂട്ടിയെന്നത് അവിശ്വസനീയമല്ലേ?
നജീബ് എന്ന വ്യക്തി യഥാര്‍ഥജീവിതത്തില്‍ അനുഭവിച്ചതിനെ ആയിരമിരട്ടി തീക്ഷ്ണതയോടെ ബെന്യാമിന്‍ പകര്‍ത്തി. അതില്‍ യാതൊരു തെറ്റുമില്ല. അവിടെയാണ് എഴുത്തുകാരന്റെ സര്‍ഗാത്മകത. ഏതുസംഭവവും അതേപടി പകര്‍ത്തുമ്പോള്‍ ടിവിചാനലുകളിലെ ക്യാമറക്കാഴ്ചയും അതും തമ്മില്‍ വ്യത്യാസമൊന്നുമില്ലല്ലോ. എന്നാല്‍, അങ്ങനെ മാറ്റിയെടുത്തതിനെ അനുഭവമാണെന്ന മട്ടില്‍ കച്ചവടവത്കരിക്കുന്നതാണ് തെറ്റുധാരണ ജനിപ്പിക്കുന്നതും അപലപനീയമാക്കുന്നതും.
യഥാര്‍ഥസംഭവങ്ങള്‍ അഭ്രപാളിയിലേക്കു പകര്‍ത്തുമ്പോള്‍ സിനിമയ്ക്കു ചേരുന്ന ചേരുവകള്‍ പാകത്തിനു ചേര്‍ക്കാന്‍കൂടി സംവിധായകര്‍ക്കു കഴിയുമ്പോഴാണ് പ്രേക്ഷകര്‍ക്ക് അത് ആസ്വാദ്യമായി അനുഭവപ്പെടുന്നത്. ഉദാഹരണത്തിന് 2018 എന്ന സിനിമ.
കേരളീയജീവിതത്തെ മുഴുവന്‍ ദുരിതത്തിലാക്കിയ പ്രളയകഥ പറഞ്ഞ പ്രസ്തുത സിനിമ സംഭവങ്ങളുടെ ഫോട്ടോക്കോപ്പിയോ ഡോക്യുമെന്റേഷനോ ആയിരുന്നില്ല. അതിലൊരു കഥയും അതിനൊരു രസച്ചരടുമുണ്ടായിരുന്നു. എന്ന് നിന്റെ മൊയ്തീന്‍, വികൃതി, ക്യാപ്റ്റന്‍, ഫൈനല്‍സ്, വെള്ളം തുടങ്ങിയ യഥാര്‍ഥസംഭവങ്ങളെ ആസ്പദമാക്കിയെടുത്ത സിനിമകള്‍ക്കെല്ലാം അങ്ങനെയൊരു ഘടകമുണ്ടായിരുന്നു. അതില്‍ ചിലതു വിജയിച്ചു, വേറേ ചിലതു ശ്രദ്ധിക്കപ്പെട്ടില്ല. അതു വേറെ കാര്യം.
പക്ഷേ, അങ്ങനെയൊരു രസച്ചരടു കോര്‍ക്കാന്‍ ആടുജീവിതം സിനിമയ്ക്കു കഴിഞ്ഞിട്ടില്ല. നോവല്‍ എന്താണോ അതേപടി പകര്‍ത്തി. എന്നിട്ട് നോവലില്‍നിന്നു വ്യത്യസ്തമാണ് സിനിമയെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
ഇനി അതുമല്ല, നോവല്‍ ബെന്യാമിന്റെ ഭാവനയോ സങ്കല്പമോ യാഥാര്‍ഥ്യമോ എന്തുമായിക്കൊള്ളട്ടെ, ആ നോവല്‍ പ്രതീക്ഷ നല്കുന്നതായിരുന്നു. ജീവിതത്തിലെ ഏതു പ്രതികൂലാവസ്ഥയിലും പ്രതിസന്ധികളിലും പിടിച്ചുനില്ക്കാനുളള കരുത്തു നല്കുന്നതായിരുന്നു. പ്രത്യേകിച്ച്, 'നജീബേ, മരുഭൂമിയുടെ ദത്തുപുത്രാ, ഞങ്ങളെപ്പോലെ നീയും നിന്റെ ജീവനെ അടക്കിപ്പിടിച്ച് ഈ മരുഭൂമിയോടു മല്ലിടുക. തീക്കാറ്റും വെയില്‍നാളവും നിന്നെ കടന്നുപോകും. നീ അവയ്ക്കു മുന്നില്‍ കീഴടങ്ങരുത്. അതു നിന്റെ ജീവനെ ചോദിക്കും. വിട്ടുകൊടുക്കരുത്..' എന്ന മട്ടിലുള്ള ചില പ്രശസ്തവാചകങ്ങള്‍.
സിനിമ പക്ഷേ, അത്തരത്തിലുള്ള ശുഭസൂചനകളോ പ്രത്യാശകളോ നല്കുന്നില്ല. നജീബിന്റെ ദുരിതം കാണിച്ച് സെന്റിമെന്റ്സ് വര്‍ക്കൗട്ടാക്കാനാണ് അവിടെ കൂടുതലും ശ്രദ്ധിച്ചിരിക്കുന്നത്. അതിനപ്പുറം പ്രതികൂലങ്ങളെ മറികടക്കാന്‍ ഒരു പ്രചോദനവും സിനിമ നല്കുന്നില്ല.
തികഞ്ഞ സ്ത്രീവിരുദ്ധതയുടെ പ്രകടമായ തെളിവുകൂടിയാണ് ആടുജീവിതം. ഭര്‍ത്താവാണെങ്കിലും ഭാര്യയുടെ ശരീരത്തില്‍ അനുവാദമില്ലാതെ തൊടാന്‍ പാടില്ലെന്ന വിധത്തിലുളള സ്വാതന്ത്ര്യബോധം പുലര്‍ത്തപ്പെട്ടുപോരുന്ന ഇക്കാലത്താണ് വെള്ളത്തിലിറങ്ങാന്‍ ഭയമുളള സൈനബയെ നജീബ് ബലാല്‍ തോളിലിട്ടു പുഴയിലേക്കു കൊണ്ടുപോകുന്നതും വലിച്ചെറിയുന്നതും; അനാവശ്യവസ്തുക്കള്‍ പുഴയില്‍ വലിച്ചെറിയുന്ന ലാഘവത്തോടെ...
പിന്നീടു കാണിക്കുന്നതാവട്ടെ, വെള്ളത്തിനടിയില്‍ കിടന്നുളള ക്രീഡാവിനോദങ്ങളും. ബ്ലെസി കച്ചവടക്കാരനായ സിനിമാസംവിധായകനായത് കുപ്രസിദ്ധിനേടിയ കളിമണ്ണ് സിനിമയോടെയാണ്. അത്യന്തം രഹസ്യാത്മകമായ പ്രസവം എന്ന അനുഭവത്തെ പരസ്യപ്പെടുത്താനുള്ള ഹീനശ്രമത്തിന്റെ പേരില്‍ ബ്ലെസി വിമര്‍ശനങ്ങള്‍ ഏറെ വാങ്ങിക്കൂട്ടിയത് പലരും മറന്നിട്ടുണ്ടാവില്ല. അത്തരമൊരു വാണിജ്യതത്പരതയാണ് നജീബും സൈനബയും തമ്മിലുളള ബന്ധത്തിലും ബ്ലെസി അവതരിപ്പിച്ചിരിക്കുന്നത്.
പതിനാറുവര്‍ഷം ബ്ലെസി ആടുജീവിതത്തിനു വേണ്ടി നീക്കിവച്ചു, മുപ്പത്തിനാലു കിലോ തൂക്കം പൃഥിരാജ് നജീബാകാന്‍ കുറച്ചു എന്നൊക്കെ പറയുമ്പോഴും അതിനെ സിനിമയോടുള്ള അവരുടെ പാഷന്റെയും ഡെഡിക്കേഷന്റെയും ഭാഗമായി നിര്‍മമതയോടെ കണ്ടാല്‍ മതി. ഈ ചെറിയ കുറിപ്പെഴുതാന്‍ ഞാന്‍ അഞ്ചുമിനിറ്റോ അഞ്ചുമണിക്കൂറോ എടുത്തതെന്നു വായനക്കാര്‍ അറിയേണ്ട കാര്യമില്ലാത്തതുപോലെ. അവര്‍ക്ക് ഇതിലെ ആശയങ്ങളോട് സിനിമ കണ്ടവരും കാണാത്തവരുമെന്ന നിലയില്‍ എങ്ങനെ പ്രതികരിക്കാനാവുന്നുണ്ട് എന്നതാണു പ്രസക്തം. അതോടൊപ്പം, എന്നെ സംബന്ധിച്ചിടത്തോളം ഇതെഴുതുമ്പോള്‍ മാനസികമായും സാമ്പത്തികമായും എനിക്കെന്തുമാത്രം സംതൃപ്തിയും ലാഭവും ലഭിച്ചുവെന്നതും. പതിനാറു വര്‍ഷമെടുത്തതുകൊണ്ട് ഒരു സിനിമ മികച്ചതാവണമെന്നില്ല, ആറുമാസംകൊണ്ടെടുത്ത സിനിമ നല്ലതാകാറുമുണ്ട്.
ആടുജീവിതത്തിന്റെ സാമ്പത്തികവിജയം ഒരു പ്രേക്ഷകനെന്ന നിലയില്‍ എന്നെ സന്തോഷിപ്പിക്കുന്നത് അത് മലയാളസിനിമയ്ക്കു സാമ്പത്തികവിജയം നേടിക്കൊടുത്ത സിനിമകളുടെ തുടര്‍ച്ചയായി മാറിയെന്നതുകൊണ്ടാണ്, ഒടിടികളില്‍നിന്നു മലയാളസിനിമകള്‍ക്കു തീയറ്ററുകള്‍വഴി പുനരുജ്ജീവനം നേടിക്കൊടുത്തതുകൊണ്ടാണ്, തീയറ്ററുകളെ വീണ്ടും പ്രേക്ഷകരെക്കൊണ്ടു നിറച്ചതുകൊണ്ടാണ്, ഇന്ത്യയിലും വെളിയിലും മലയാളസിനിമ ചര്‍ച്ചയാക്കപ്പെടുന്നതുകൊണ്ടാണ്.
ലേഖനം
സര്‍വം ആടുജീവിതംമയം. പക്ഷേ...
