നാട്ടിന്‍പുറത്തുകാരിയായ ഒരമ്മ. സ്വന്തം മകനെക്കൊണ്ട് അവര്‍ തോറ്റു. വീട്ടില്‍ ശര്‍ക്കര വാങ്ങിവച്ചാല്‍ അവന്‍ കൂടക്കൂടെ അതില്‍നിന്നെടുത്തു തിന്നും. പലവട്ടം ഉപദേശിച്ചു. കര്‍ശനമായി വിലക്കി. ഗുണദോഷിച്ചു. ശകാരിച്ചു. എന്നിട്ടും ഫലമില്ല.
ശര്‍ക്കര കണ്ടാല്‍ അവന്റെ വായില്‍ വെള്ളമൂറും. അമ്മ കാണാതെ ഭരണിയില്‍നിന്നു സൂത്രത്തില്‍ അവന്‍ എടുത്തു തിന്നും. സ്‌കൂള്‍ വിട്ടുവന്ന് ഒരു ദിവസം അവന്‍ സൂത്രത്തില്‍ അമ്മ കാണാതെ ശര്‍ക്കരഭരണിയില്‍ കൈയിട്ടു. അതുകണ്ടുവന്ന അമ്മ അവനെ ശകാരിച്ചു. തെല്ലും കൂസാതെ അവന്‍ അമ്മയോടു കയര്‍ത്തു. അമ്മ വടിയെടുത്തുകൊണ്ടുവന്ന് കൊടുത്തു. രണ്ടടി.
അവന്‍ ദേഷ്യപ്പെട്ടു പിണങ്ങി ഒരു മൂലയില്‍ ചെന്നിരുന്നു. കുറച്ചുകഴിഞ്ഞ് മോന് കാപ്പിയുമായി വന്നു അമ്മ. കാപ്പി വാങ്ങാന്‍ അവന്‍ കൂട്ടാക്കിയില്ല.
''എനിക്കു വേണ്ട. അമ്മ കുടിച്ചോ!''
''നിന്റെ ഗുണത്തിനുവേണ്ടിയല്ലേ ഞാന്‍ ശകാരിച്ചത്?''
''ശകാരിച്ചതുമാത്രമാണോ? തല്ലിയതോ?''
''അതും നിന്റെ ഗുണത്തിന്. ഈ വീട്ടില്‍ ശര്‍ക്കര മേടിച്ചു വച്ചാല്‍ അതില്‍ പകുതി എടുത്തുതിന്നും. എത്രനാളിതു ഞാന്‍ സഹിക്കും?'' മനോവിഷമത്തോടെ അമ്മ തുടര്‍ന്നു: ''എനിക്കു നീ മാത്രമല്ലേയുള്ളൂ. അച്ഛന്‍ മുമ്പേ പോയി. ഈ അമ്മ വേലയെടുത്തിട്ടല്ലേ നമ്മള്‍ നിത്യവൃത്തി കഴിയുന്നത്. അത് എന്റെ മോന്‍ മനസ്സിലാക്കണം.''
അവന്‍, കാപ്പിയും പിടിച്ചു നല്‍ക്കുന്ന അമ്മയുടെ മുഖത്തുനോക്കി. സഹതാപം സ്ഫുരിക്കുന്ന നോട്ടം. തുടര്‍ന്ന് ഒന്നും പറയാതെ കാപ്പി വാങ്ങി കുടിച്ചു. അമ്മയ്ക്കു സന്തോഷം.
''എന്റെ മോന്‍ ഏറ്റവും നല്ലവനായി കാണാനാണ് ഈ അമ്മയുടെ മോഹം. നീയാണ് ഈ വീടിന്റെ വിളക്കും വെളിച്ചവും.''
മനസ്സമാധാനത്തോടെ അമ്മ വീട്ടുജോലികളിലേക്കു തിരിഞ്ഞു. ദിവസങ്ങള്‍ നീങ്ങി. മകന്റെ ദുശ്ശീലം വിട്ടുപോയില്ല. ഭരണിയില്‍നിന്നു പിന്നെയും ശര്‍ക്കര കുറഞ്ഞു. മിക്കദിവസവും അതു തുടര്‍ന്നു. അമ്മയുടെ ഉപദേശം നിഷ്ഫലമായി. ആ അമ്മ കൂടുതല്‍ ദുഃഖിതയായി.
തന്റെ വിഷമങ്ങള്‍ അയല്‍പക്കത്തുള്ള കൂട്ടുകാരിയായ ഒരു വീട്ടമ്മയോടു പങ്കുവച്ചു.
''എത്ര ഉപദേശിച്ചിട്ടും മോന്റെ ദുശ്ശീലങ്ങള്‍ മാറുന്നില്ല ജാനകീ. എന്നും ഞാന്‍ മോനുവേണ്ടി പ്രാര്‍ഥിക്കും. ദേവനും ദേവിയും തീരെ കനിയുന്നില്ല. ചില നേര്‍ച്ചകള്‍ നേര്‍ന്നു. അമ്പലത്തില്‍പോയി ചില വഴിപാടുകള്‍ കഴിച്ചു. എന്നിട്ടും ഒരു ഫലവും കാണുന്നില്ല.
എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ജാനകി പറഞ്ഞു: ''നിന്റെ പ്രാര്‍ഥനയെല്ലാം നടന്നോട്ടെ. ഞാന്‍ ഒരു കാര്യം പറയട്ടെ. ശ്രീരാമകൃഷ്ണപരമഹംസന്‍ എന്ന ആളെ കേട്ടിട്ടില്ലേ?''
''ഉവ്വ്. കണ്ടിട്ടില്ല.''
''അദ്ദേഹത്തെ ചെന്ന് ഒന്നു കാണൂ.''
''ഇവിടന്ന് ഒരുപാടു ദൂരമില്ലേ?''
''ദൂരം സാരമാക്കേണ്ട. പുണ്യപ്പെട്ട മനുഷ്യനാ. ദിവ്യശക്തിയുള്ള ഒരു സന്ന്യാസിയാ. മോനെയും കൊണ്ടുപോയി സങ്കടം ബോധിപ്പിക്ക്. അതു ഗുണം ചെയ്യും. നിന്റെ എല്ലാ വിഷമങ്ങളും തീരും.
എല്ലാം കേട്ടെങ്കിലും ശങ്കിച്ചു നില്‍ക്കുകയാണ് ആ അമ്മ. ജാനകി ആ അമ്മയ്ക്ക് ആശ്വാസം പകര്‍ന്നു: നിങ്ങള്‍ രണ്ടുപേരും പോകുന്ന ദിവസം എന്നോടു പറ. യാത്രക്കൂലിക്ക് കുറച്ചു പണം ഞാന്‍ തരാം.''
സ്‌കൂളില്ലാത്ത ഒരു ദിവസം നോക്കി ആ അമ്മയും മകനും അകലെയുള്ള ശ്രീരാമകൃഷ്ണപരമഹംസനെ മുഖം കാണിക്കാന്‍പോയി. മഹര്‍ഷിവര്യനും മഹാഭക്തനും പരമസാത്വികനുമായ അദ്ദേഹം തന്റെ ആശ്രമത്തില്‍ ചില ശിഷ്യരോടൊത്ത് ഏതോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്.
''ഒരു അമ്മയും മകനും സ്വാമികളെ കാണാന്‍വേണ്ടി വെളിയില്‍ കാത്തുനില്‍ക്കുന്നു.'' ശിഷ്യന്‍ സ്വാമികളെ അറിയിച്ചു. സ്വാമികള്‍ മൊഴിഞ്ഞു: ''വരാന്‍ പറയൂ.''
നിമിഷങ്ങള്‍ക്കകം ആ അമ്മയും മകനും ഭയഭക്തിബഹുമാനങ്ങളോടെ സ്വാമികളുടെ മുമ്പിലേക്കു വന്നു. ഇരുവരും കുനിഞ്ഞു തൊഴുതു.
സ്വാമികള്‍ ചോദിച്ചു: ''നിങ്ങള്‍ എന്താ എന്നെ കാണാന്‍ വന്നത്?''
ദൈന്യഭാവത്തില്‍ ആ അമ്മ പറഞ്ഞു: ''ഇവന്‍ എന്റെ ഏകമകന്‍. ആറാംക്ലാസില്‍ പഠിക്കുന്നു. അവിടുത്തോട് ഒരു സങ്കടം ബോധിപ്പിക്കാനാ വന്നത്.''
''എന്താണു സങ്കടം?''
''പറയാന്‍ നാണവുമുണ്ട്, വിഷമവുമുണ്ട്.''
''പറയൂ! കേള്‍ക്കട്ടെ.''
''വീട്ടില്‍ ശര്‍ക്കര വാങ്ങി വയ്ക്കും. കാപ്പിക്കും മറ്റ് ആവശ്യങ്ങള്‍ക്കും. ഇവനു ശര്‍ക്കരയോടു വലിയ ആര്‍ത്തി. ഞാന്‍ കാണാതെ ഭരണിയില്‍നിന്നു കൂടക്കൂടെ ശര്‍ക്കര എടുത്തു തിന്നും. ഉപദേശിച്ചുപദേശിച്ച് ഞാന്‍ തോറ്റു. ശകാരിച്ചു നോക്കി. ശിക്ഷ കൊടുത്തു. എന്നിട്ടും എന്റെ കണ്ണുതെറ്റിയാല്‍ ഭരണിയില്‍ കൈയിടും.''
മോനോട് സ്വാമികള്‍ ചോദിച്ചു: ''അമ്മ പറയുന്നതു ശരിയാണോ?''
അവന്‍ മറുപടിയൊന്നും പറയാതെ ഒരു കുറ്റവാളിയെപ്പോലെ തലതാഴ്ത്തിനിന്നു.
അമ്മയും സ്വാമികളും പിന്നെയും സംസാരിച്ചു. കാര്യങ്ങളെല്ലാം വ്യക്തമായി അദ്ദേഹത്തിനു മനസ്സിലായി.
അല്പനേരം മൗനമായി നിന്നിട്ടു സ്വാമികള്‍ അവരോടു കല്പിച്ചു:
''നിങ്ങള്‍ രണ്ടുപേരും രണ്ടാഴ്ച കഴിഞ്ഞു വരൂ. അപ്പോള്‍, നമുക്ക് ഇതിന് ഒരു പരിഹാരമുണ്ടാക്കാം. തത്കാലം മടങ്ങിക്കോളൂ.''
അമ്മ നടുങ്ങി സ്തംഭിച്ചു നിന്നു. വണ്ടിക്കൂലി ചെലവാക്കി രണ്ടുപേരും ഇത്രയും ദൂരം യാത്ര ചെയ്തുവന്നിട്ട്... ഈശ്വരാ! ഇനി വീണ്ടും ഒരു യാത്രയോ? മനംനൊന്തു നിരാശയോടെ അവര്‍ മടങ്ങി.
ഏറെ ക്ലേശിച്ചാണെങ്കിലും രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അമ്മയും മകനും വലിയ പ്രത്യാശയോടെ വീണ്ടും വന്നു. ഇരുവരും വിനയാന്വിതരായി സ്വാമികളുടെ മുമ്പില്‍ കുമ്പിട്ടുനിന്നു. സ്വാമികള്‍ അമ്മയെയും മകനെയും അരികിലേക്കു വിളിച്ചു. എന്നിട്ടു മകന്റെ ശിരസ്സില്‍ കൈവച്ച് പറഞ്ഞു: ''മോനേ! മേലില്‍ നീ ശര്‍ക്കരയെടുത്തു തിന്നരുത്.'' അവന്‍ സമ്മതപൂര്‍വം തലയാട്ടി.
എന്നിട്ട് അമ്മയോടു പറഞ്ഞു: ''ഇനിമുതല്‍ നിങ്ങളുടെ മകന്‍ ശര്‍ക്കരയെടുത്തു തിന്നുകയില്ല. സമാധാനത്തോടെ പൊയ്‌ക്കൊള്ളൂ.''
ആ അമ്മ അന്തംവിട്ടുനിന്നു.
''സന്തോഷമായില്ലേ?''
ഏറെ വിനയത്തോടെ താഴ്ന്ന സ്വരത്തില്‍ അമ്മ ചോദിച്ചു:
''അവിടുന്ന് ഈ പറഞ്ഞതു രണ്ടാഴ്ച മുമ്പു വന്നപ്പോള്‍ പറയാമായിരുന്നില്ലേ? വീണ്ടും ഞങ്ങള്‍ കഷ്ടപ്പെട്ടുവരേണ്ടിയിരുന്നില്ലല്ലോ?''
''ചോദ്യം അര്‍ഥവത്താണ്. ഒരു കാര്യം ഞാന്‍ വിശദമാക്കാം. ഏതെങ്കിലും ദുശ്ശീലം ഒഴിവാക്കാന്‍വേണ്ടി ഒരാള്‍ ആരെയെങ്കിലും ഉപദേശിക്കുമ്പോള്‍ ആ ഉപദേശകന് അതിനുള്ള യോഗ്യതയുണ്ടാവണം. നിങ്ങള്‍ അമ്മയും മകനും അന്നു വന്നപ്പോള്‍, എനിക്ക് അതിനുള്ള യോഗ്യതയുണ്ടായിരുന്നില്ല.''
ആ അമ്മ അന്തംവിട്ടു മിഴിച്ചുനിന്നു. തുടര്‍ന്നു വളരെ താഴ്മയോടെ ചോദിച്ചു: ''അവിടുന്നു പറഞ്ഞതു മനസ്സിലായില്ല.''
''പറയാം. രണ്ടാഴ്ചമുമ്പ് നിങ്ങള്‍ വന്നപ്പോള്‍ ശര്‍ക്കര തിന്നുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. നിങ്ങള്‍ അന്നു മടങ്ങിപ്പോയശേഷം ആ ശീലം ഞാന്‍ പാടേ ഉപേക്ഷിച്ചു. ഇപ്പോഴാണ് ഉപദേശിക്കാന്‍ തക്ക യോഗ്യത എനിക്കു കൈവന്നത്, പ്രത്യേകമായ ഒരു ശക്തി എന്നില്‍ നിറഞ്ഞത്. ഇനി ഈ മോന്‍ ശര്‍ക്കരയെടുത്തു തിന്നുകയില്ല.''
വിസ്മയഭാവത്തില്‍, അമ്മയും മോനും സ്വാമികളെ കൈകൂപ്പി വണങ്ങി.