സ്വാതന്ത്ര്യസമരസേനാനിയും തിരുവിതാംകൂറിന്റെ പ്രഥമ നിയമസഭാസ്പീക്കറുമായിരുന്ന യശഃശരീരനായ ശ്രീ ആര്‍.വി. തോമസിന്റെ 125 -ാം ജന്മവാര്‍ഷികവേളയില്‍, ഡോ. സിറിയക് തോമസ് തന്റെ പിതാവിനെ അനുസ്മരിക്കുന്നു:
അപ്പന് ഞങ്ങള്‍ക്ക് അപ്പച്ചനും അമ്മ അമ്മച്ചിയുമായിരുന്നു. രണ്ടുപേരും കടുത്ത കോണ്‍ഗ്രസ്സുകാരും സ്വാതന്ത്ര്യസമരസേനാനികളും. വെളുത്ത ഖദര്‍ വസ്ത്രങ്ങളിലല്ലാതെ അവരെ കണ്ട ഓര്‍മയില്ല. ഞങ്ങള്‍ ആണ്‍മക്കള്‍ക്കും അതുതന്നെയായിരുന്നു ഡ്രസ്‌കോഡ്. ഇന്നും അതുതന്നെ. പെണ്‍മക്കള്‍ക്ക് പക്ഷേ, അവര്‍ ഇളവനുവദിച്ചു. കോട്ടണ്‍ ആവാം. കരയുള്ളതോ ഇല്ലാത്തതോ ആയ ഖദര്‍മുണ്ടും വെളുത്ത ഖദര്‍ ജൂബയും കഴുത്തു ചുറ്റിയിട്ടിരുന്ന കരയുള്ള ഖദര്‍ഷാളുമായിരുന്നു അപ്പച്ചനെങ്കില്‍ അമ്മച്ചിക്കു ഖദര്‍മുണ്ടും ചട്ടയും കറുത്ത കരയുള്ള ഖദര്‍ഷാളുമായിരുന്നു പഥ്യം. പള്ളിയില്‍പ്പോകുമ്പോള്‍മാത്രം കരയില്ലാത്ത വെള്ള ഖദര്‍ഷാളാവും ധരിക്കുക. മരിക്കുംവരെ രണ്ടുപേരും ഖദര്‍വ്രതത്തില്‍നിന്നു മാറിയതുമില്ല. മക്കളെയും അതിനനുവദിച്ചതുമില്ല.
അപ്പച്ചനെപ്പറ്റിയുള്ള ഏറ്റവും മധുരമായ ഓര്‍മ എനിക്കു മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ്. എന്തോ കുസൃതി കാട്ടിയതിനാവണം അമ്മ അടിക്കാനായി വടിയുമായി എന്നെ ഓടിക്കുകയാണ്. അപ്പച്ചന്‍ ചാരുകസേരയിലിരുന്നു പത്രം വായിക്കുന്നു. ഞാന്‍ അപ്പച്ചന്റെ കസേര ചുറ്റി ഓടിയിട്ടും അമ്മച്ചി പിന്‍മാറിയില്ല. മാറി ഓടിയതോടെ എനിക്കും അടവു തെറ്റി. മുന്നില്‍ ഭിത്തി. രക്ഷപ്പെടാന്‍ വഴിയില്ലാതായതോടെ ഭിത്തിയില്‍ ചാരി ഞാന്‍ തിരിഞ്ഞുനിന്നു. എന്നിട്ടു സര്‍വശക്തിയുമെടുത്തു ശബ്ദമുയര്‍ത്തി മുദ്രാവാക്യം വിളിച്ചു: ''അമ്മേ ഗോബായ്ക്ക്.'' അപ്പച്ചന്റെ അനുയായികള്‍ അക്കാലത്തു സ്ഥിരമായി ജാഥകളില്‍ വിളിച്ചുകേട്ടിരുന്ന 'സര്‍ സി.പി. ഗോബായ്ക്കി'ന്റെ ഓര്‍മയില്‍ വിളിച്ചുപോയതാവണം. കസേരയില്‍നിന്ന് അപ്പച്ചന്റെ ഉറക്കെയുള്ള പൊട്ടിച്ചിരിയില്‍ അമ്മച്ചിക്കും ചിരിപൊട്ടി. കോപമലിഞ്ഞു. 'ഏലിക്കുട്ടീ, അവനെ വിട്ടേക്കൂ' എന്ന് കേന്ദ്ര ഇടപെടല്‍കൂടി ഉണ്ടായതോടെ അമ്മച്ചിയും അയഞ്ഞു. 'ഇവനെക്കൊണ്ടു ഞാന്‍ തോറ്റു' എന്ന ആത്മഗതത്തോടെ അമ്മച്ചി അടുക്കളയിലേക്കു പിന്‍മാറിയതോടെ ഞാന്‍ പതിയെ അപ്പച്ചന്റെ കസേരയിലേക്കു ചേര്‍ന്നുനിന്നു. അപ്പച്ചന്‍ എന്നെ മടിയിലേക്കിരുത്തി, അമ്മച്ചി കേള്‍ക്കാതെ ചിരിയോടെ പറഞ്ഞു: ''മിടുക്കന്‍.'' ജീവിതത്തില്‍ എനിക്ക് ഇന്നേവരെ കിട്ടിയതില്‍ ഏറ്റവും വലിയ പുരസ്‌കാരവും പ്രശംസയും അതാണെന്നു ഞാന്‍ കരുതുന്നു. സ്വന്തം അപ്പനില്‍നിന്നുള്ള മെരിറ്റ് സര്‍ട്ടിഫിക്കറ്റ്!
അടുത്തത് അഭിമാനപര്‍വം. സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്നുള്ള രാഷ്ട്രീയമാറ്റങ്ങളുടെ ഫലമായി 1948 ഡിസംബറിലാണ് തിരുവിതാംകൂര്‍ നിയമസഭയുടെ പ്രസിഡന്റായി (സ്പീക്കര്‍) അപ്പച്ചന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. എതിരില്ലാതെയാണ് സ്പീക്കറായത്. തുടര്‍ന്ന് പാലായില്‍ ജനങ്ങളുടെ വകയായി അലങ്കരിച്ച ഹംസരഥത്തില്‍ പൗരസ്വീകരണവും. സ്വീകരണജാഥ കാണാന്‍ കൊട്ടാരമറ്റം ജംഗ്ഷനിലെ വഴിയോരത്തു ഞങ്ങള്‍ കാത്തുനില്ക്കുമ്പോഴാണ് അപ്പച്ചന്‍ ഞങ്ങളെ കാണുന്നത്. രഥം നിന്നു. ആരോ ഞങ്ങളെ - എന്നെയും ജ്യേഷ്ഠന്‍ ജോര്‍ജുകുട്ടിയെയും പിതൃസഹോദരപുത്രനായ മാത്യൂസിനെയും - രഥത്തിലേക്ക് എടുത്തുകയറ്റി. അപ്പച്ചന്‍ ഞങ്ങളെ രഥത്തിലെ അലങ്കാരക്കസേരയിലിരുന്നു കൈകൊണ്ടു ചേര്‍ത്തുപിടിച്ചു. ജന്മദേശം നല്‍കുന്ന രാജകീയസ്വീകരണവേളയില്‍ മക്കളും കൂടെ ഉണ്ടായതിന്റെ അഭിമാനം അപ്പച്ചനും ഉണ്ടായിരുന്നിരിക്കണം. ആനയും അമ്പാരിയും മുത്തുക്കുടകളും ഒക്കെച്ചേര്‍ന്ന സ്വീകരണം ഞങ്ങളും ആസ്വദിച്ചു. പാലായുടെ രാജവീഥികളിലൂടെയുള്ള ഞങ്ങളുടെ അവിസ്മരണീയമായ ഒരു രഥയാത്ര!
പിന്നീടുള്ള മൂന്നു നാലുവര്‍ഷങ്ങള്‍ തിരുവനന്തപുരത്തായിരുന്നു. ഞങ്ങളുടെ താമസവും വിദ്യാഭ്യാസവും. പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവും ദിവാന്‍ സര്‍ സി.പി. നിയമസഭാ ഡെപ്യൂട്ടി പ്രസിഡന്റുസ്ഥാനത്തുനിന്ന് ഉദ്യോഗസ്ഥഭൂരിപക്ഷം ഉപയോഗിച്ചു നീക്കം ചെയ്ത പ്രഗല്ഭനിയമജ്ഞനുമായിരുന്ന ടി.എം. വര്‍ഗീസ് ഒരു പ്രത്യേക രാഷ്ട്രീയസാഹചര്യത്തില്‍ മന്ത്രിസഭയില്‍നിന്നു മാറ്റിനിര്‍ത്തപ്പെട്ടപ്പോള്‍ ഒരു 'കാവ്യനീതി' നിവര്‍ത്തിയാക്കാനായി തനിക്കു കുറച്ചു കാലത്തേക്കെങ്കിലും സ്പീക്കറായാല്‍ കൊള്ളാമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെ തിരുവിതാംകൂര്‍ - കൊച്ചി സംയോജനത്തിന്റെ സന്ദര്‍ഭത്തില്‍ ഒരു രാഷ്ട്രീയവിവാദത്തിനും ഇടംകൊടുക്കാതെ പദവിയില്‍ ഒരു വര്‍ഷംപോലും തികയുംമുമ്പേ അപ്പച്ചന്‍ സ്പീക്കര്‍പദവി ടി.എം. വര്‍ഗീസിനായി ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു. സംസ്ഥാനസംയോജനത്തിന്റെ പേരില്‍ പദവിക്കുവേണ്ടി അവകാശമുന്നയിക്കരുതെന്ന് കൊച്ചി നിയമസഭയുടെ സ്പീക്കറായിരുന്ന പ്രഫ. എല്‍.എം. പൈലിയോട് അഭ്യര്‍ത്ഥിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി പറവൂര്‍ ടി.കെ. നാരായണപിള്ള ചുമതലപ്പെടുത്തിയതും അപ്പച്ചനെത്തന്നെ. മൂന്നാമതൊരാളെ സ്പീക്കറാക്കുന്നതിന് എഴുതിയ കരാറോ എഴുതാത്ത ധാരണയോ എന്തെങ്കിലുമുണ്ടോയെന്നുള്ള ഒരു തര്‍ക്കവും ചോദ്യവും പദവിയൊഴിഞ്ഞ രണ്ടു സ്പീക്കര്‍മാരും ഉയര്‍ത്തിയതുമില്ല. ടി.എം. വര്‍ഗീസ് തിരു-കൊച്ചി നിയമസഭാസ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതും എതിരില്ലാതെയായിരുന്നു. മന്ത്രിസഭാപുനഃസംഘടനയില്‍ കൊച്ചിയുടെ പ്രതിനിധിയായി പ്രഫ. എല്‍.എം. പൈലിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറവൂര്‍ ടി.കെ.യെ നിര്‍ബന്ധിച്ചതും അപ്പച്ചനായിരുന്നുവെന്നു പില്ക്കാലത്ത് എ.പി. ഉദയഭാനുവാണ് വെളിപ്പെടുത്തിയത്.
വീണ്ടും ത്യാഗം ചെയ്യാനായിരുന്നു അപ്പച്ചനു വിധിനിയോഗമെന്നു പറയണം. സംസ്ഥാനത്ത് ആദ്യത്തെ പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ രൂപീകരിക്കാനുള്ള നിര്‍ദേശമുണ്ടായപ്പോള്‍ ചെയര്‍മാന്‍സ്ഥാനത്തേക്ക് അപ്പച്ചനെയാണ് മുഖ്യമന്ത്രി പറവൂര്‍ ടി.കെ. നിര്‍ദേശിച്ചത്. അപ്പോഴാണ് ശ്രീചിത്തിരതിരുനാളിനുവേണ്ടി ഒരു വ്യവസ്ഥയും കൂടാതെ രാജപ്രമുഖപദവി വിട്ടുകൊടുത്ത കൊച്ചി മഹാരാജാവ് ഐ.സി.എസ്. കാരനായിരുന്ന തന്റെ ബന്ധു രാമവര്‍മ തമ്പുരാനു പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍ പദവി ലഭിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹം മന്ത്രി പനമ്പള്ളി ഗോവിന്ദമേനോന്‍വഴി മുഖ്യമന്ത്രിയെ അറിയിച്ചത്. സംയോജനസമയത്ത് അങ്ങനെയൊരു വ്യവസ്ഥയും കൊച്ചിരാജാവ് പറഞ്ഞതായി വി.പി.മേനോന്‍ പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി നിലപാടു പറഞ്ഞെങ്കിലും കൊച്ചിത്തമ്പുരാന്റെ ആഗ്രഹം തള്ളിക്കളയുന്നതിലെ അനൗചിത്യം മന്ത്രിസഭയിലും ചര്‍ച്ചയായി. തനിക്കു സര്‍ക്കാര്‍ ഉദ്യോഗ പദവിയില്‍ താത്പര്യമില്ലെന്നും സജീവരാഷ്ട്രീയത്തില്‍ തുടരാനാണിഷ്ടമെന്നും അപ്പച്ചനും വ്യക്തമാക്കി. മൂന്നംഗ പി.എസ്.സി. ചെയര്‍മാന്‍ സ്ഥാനം രാമവര്‍മ തമ്പുരാനു നല്‍കുകയും ചെയ്തു. എന്നാല്‍, തനിക്കുവേണ്ടി സ്ഥാനമൊഴിഞ്ഞ ആര്‍.വി. തോമസിനു പിന്നീട് പി.എസ്.സി. ചെയര്‍മാന്‍പദവും വിട്ടുകൊടുക്കേണ്ടിവന്നുവെന്നത് ടി.എം.വര്‍ഗീസിനെ വല്ലാതെ അസ്വസ്ഥനാക്കി. അദ്ദേഹത്തിന്റെ താത്പര്യപ്രകാരമാണ് മന്ത്രി എ.ജെ. ജോണും പാര്‍ട്ടിപ്രസിഡന്റായിരുന്ന കുമ്പളത്തു ശങ്കുപ്പിള്ളയും അപ്പച്ചന്റെ ആത്മസ്‌നേഹിതനായിരുന്ന ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയെയുംകൂട്ടി അപ്പച്ചനെ കാണാനെത്തിയത്.
ഇനിയുള്ളത് അപ്പച്ചന്റെ സെക്രട്ടറിയായിരുന്ന ജനാര്‍ദനന്‍നായരുടെ വാക്കുകളാണ്: തനിക്ക് ഒരു സാധാരണ എം.എല്‍.എ. എന്ന നിലയില്‍ നിയമസഭയില്‍ തുടരാന്‍ ഒരു പ്രയാസവുമില്ലെന്നും സജീവരാഷ്ട്രീയത്തില്‍ തുടരാനാണു താത്പര്യമെന്നും ആര്‍.വി.സാര്‍ അവരോടു വീണ്ടും വീണ്ടും ആവര്‍ത്തിച്ചു. '"I don’t think government service is my cup of tea' എന്നായിരുന്നു ജോണ്‍സാറിനോട് ആര്‍.വി. സാര്‍ തീര്‍ത്തുപറഞ്ഞത്. പി.എസ്.സി. അംഗമായി പി.ജെ. സെബാസ്റ്റ്യനോ ചെറിയാന്‍ കാപ്പനോ വരട്ടെ എന്നുംകൂടി പറഞ്ഞപ്പോഴാണ് കൊട്ടുകാപ്പള്ളി അവസാന അടവു പ്രയോഗിച്ചത്: ''ആര്‍.വി. ഇന്നുവരെ എപ്പോഴെങ്കിലും ഏലിക്കുട്ടിയെയും മക്കളെയുംപറ്റി ചിന്തിച്ചിട്ടുണ്ടോ? ഏലിക്കുട്ടി ഇന്നുവരെ ഒരു നേരമെങ്കിലും വയര്‍ നിറച്ച് ഉണ്ടിട്ടുണ്ടോ എന്നന്വേഷിച്ചിട്ടുണ്ടോ? ഉദ്യോഗം വേണ്ട എന്ന് എത്ര എളുപ്പത്തില്‍ പറയാന്‍ കഴിഞ്ഞു.'' കൊട്ടുകാപ്പള്ളിയുടെ അപ്രതീക്ഷിതവാക്കുകള്‍ അപ്പച്ചനെ സ്തബ്ധനാക്കിയെന്നു ജനാര്‍ദനന്‍നായരുടെ സാക്ഷ്യം. എ.ജെ. ജോണിനുനേരേ നോക്കുമ്പോള്‍, അപ്പച്ചന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നുവെന്നും ജനാര്‍ദനന്‍നായര്‍. മുഖ്യമന്ത്രിയുടെ ഇഷ്ടംപോലെ ആയിക്കോട്ടെ എന്ന് അപ്പച്ചന്‍ അപ്പോള്‍ത്തന്നെ സമ്മതവും പറഞ്ഞുവെന്നും ജനാര്‍ദനന്‍നായര്‍സാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പി.എസ്.സി. അംഗത്വവും മാസശമ്പളവുമൊന്നും സാമ്പത്തികഭദ്രതയ്ക്കു സഹായകരമായില്ല എന്നതായിരുന്നു യാഥാര്‍ഥ്യം. ഉദ്യോഗത്തില്‍പോയാലും അപ്പച്ചനു കടം കൂടുകയേ ഉള്ളൂവെന്നു വാദിച്ചത് തന്റെ വിശ്വസ്ത രാഷ്ട്രീയശിഷ്യനായിരുന്ന പ്രഫ. കെ.എം. ചാണ്ടിയാണ്. ഓരോരോ കാര്യങ്ങള്‍ക്കായി തിരുവനന്തപുരത്തുവരുന്ന പഴയ സഹപ്രവര്‍ത്തകര്‍ക്കു വീട്ടില്‍ത്തന്നെ ആതിഥ്യമരുളുന്നതായിരുന്നു അപ്പച്ചന്റെ രീതി. അതിഥികള്‍ക്കു ഭക്ഷണം നല്‍കുന്ന പതിവ് അമ്മച്ചിയും മാറ്റിയില്ല. ഭര്‍ത്താവിന് ഉയര്‍ന്ന ഉദ്യോഗമായിട്ടും അമ്മച്ചിക്ക് ഒരിക്കലും വയര്‍ നിറച്ചുണ്ണാനായതുമില്ല! കടഭാരം കൂടിയപ്പോള്‍ അമ്മച്ചിയും ഞങ്ങളും പാലായ്ക്കുതന്നെ തിരിച്ചുപോന്നു. പി.എസ്.സി. യിലെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷമേ പിന്നെ അവശേഷിച്ചിരുന്നുമുള്ളൂ. സാമ്പത്തികസസമ്മര്‍ദം അത്രമേല്‍ ഉണ്ടായിരുന്നിരിക്കണം.
1955 ജനുവരി 22 നായിരുന്നു ഹൃദയാഘാതം മൂലം 56-ാം വയസ്സില്‍ അപ്പച്ചന്‍ അന്തരിച്ചത്. അതിനു തൊട്ടുമുമ്പത്തെ ക്രിസ്മസിന് അപ്പച്ചന്‍ അമ്മച്ചിക്കും ഞങ്ങള്‍ എട്ടുമക്കള്‍ക്കും (ഇളയസഹോദരിക്ക് അന്നു രണ്ടരവയസ്സുമാത്രം) അപ്പച്ചന്‍ പേരെഴുതി ഒപ്പിട്ടു പ്രത്യേകം പ്രത്യേകം ക്രിസ്മസ് കാര്‍ഡുകള്‍ പോസ്റ്റിലയച്ചശേഷമാണ് തിരുവനന്തപുരത്തുനിന്നു ക്രിസ്മസ് കൂടാന്‍ പാലായ്ക്കു വന്നത്. 'ഇതെന്താ പതിവില്ലാതെ ഇത്തവണ കാര്‍ഡൊക്കെ' എന്ന അമ്മച്ചിയുടെ ചോദ്യത്തിന് ചിരിയോടെ 'എന്തോ അങ്ങനെ തോന്നി' എന്നു മാത്രം മറുപടി. അന്ത്യം അടുത്തുവെന്ന എന്തെങ്കിലും തോന്നല്‍ അപ്പച്ചനുണ്ടായിരുന്നോ? അറിഞ്ഞുകൂടാ.
ത്യാഗത്തിന്റെ ഇതിഹാസമായിരുന്നു അപ്പച്ചന്റെ ജീവിതം. അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണു രാഷ്ട്രീയത്തിലിറങ്ങിയത്. സ്വാതന്ത്ര്യസമരത്തിന്റെ പേരില്‍ പലതവണ അറസ്റ്റും ജയില്‍ശിക്ഷയും വന്നു. എം.എല്‍.സി. യായി. പാലായുടെ ആദ്യ മുനിസിപ്പല്‍ ചെയര്‍മാനായി. പാലായുടെ ആദ്യ എം.എല്‍.എ.യുമായി. ഇന്ത്യന്‍ ഭരണഘടനാനിര്‍മ്മാണസമിതിയില്‍ അംഗമായി. നിയമസഭാസ്പീക്കറായി. ആദ്യ പി.എസ്.സിയില്‍ മെമ്പറായി.
ജീവിതത്തില്‍ എന്നും മൂല്യങ്ങളെ മുറുകെപ്പിടിച്ചു. ആദര്‍ശങ്ങളിലുറച്ചുനിന്നു. ഒട്ടേറെപ്പദവികളിലിരുന്നിട്ടും ഒരിക്കല്‍പ്പോലും ഒരു അഴിമിതിയും ആരോപിക്കപ്പെട്ടില്ല. കടമല്ലാതെ ഒന്നും സമ്പാദിച്ചതുമില്ല. ഇല്ലായ്മയിലും മറ്റുള്ളവരെ സഹായിക്കുന്നതിനു മടിച്ചതുമില്ല. ഉറച്ച വിശ്വാസിയായിരുന്നു എന്നും. വേദപുസ്തകത്തില്‍ സങ്കീര്‍ത്തനങ്ങളായിരുന്നു പഥ്യം. എനിക്കും ഇഷ്ടം സങ്കീര്‍ത്തനങ്ങള്‍തന്നെ. 91-ാം സങ്കീര്‍ത്തനമായിരുന്നു അപ്പച്ചന്റെ ഏറ്റവുമിഷ്ടപ്പെട്ട വേദപുസ്തകഭാഗം. ഞാനും അതു മുടക്കുന്നില്ല. പിതൃസ്മരണയായിത്തന്നെ ഇന്നുമത് ഇടയ്ക്കിടെ വായിക്കുന്നു.