പ്രമുഖ സഭാപണ്ഡിതനും ദാര്‍ശനികനും എഴുത്തുകാരനുമായിരുന്ന മാര്‍ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാര്‍ഷികവേളയില്‍ (മാര്‍ച്ച് 18) അദ്ദേഹത്തിന്റെ വിദ്യാഭ്യാസദര്‍ശനത്തെയും സാമൂഹിക ഇടപെടലുകളെയും വിലയിരുത്തുന്നു.
ആധ്യാത്മികജീവിതത്തെയും ഭൗതികജീവിതത്തെയും ആനുപാതികമായി കൂട്ടിയിണക്കിക്കൊണ്ട് അജപാലനശുശ്രൂഷ നിര്‍വഹിച്ച മഹാപുരുഷനാണ് മാര്‍ ജോസഫ് പവ്വത്തില്‍. ആധ്യാത്മികകാര്യങ്ങളില്‍ ഏതാണ്ടു യാഥാസ്ഥിതികമെന്നു വിശേഷിപ്പിക്കാവുന്ന കടുത്ത നിലപാടുകളുണ്ടായിരുന്ന അദ്ദേഹം ശരീരം പ്രാഥമികമായ ധര്‍മോപകരണമാണ് (ശരീരമാദ്യം ഖലു ധര്‍മസാധനം) എന്ന ഭാരതീയവീക്ഷണത്തെ ഒരിക്കലും നിരാകരിച്ചിരുന്നില്ല. വിദ്യാഭ്യാസ-സാമൂഹികമേഖലകളിലെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്ക് ഈ സന്തുലിതവീക്ഷണത്തിന്റെ പിന്‍ബലമാണുണ്ടായിരുന്നത്.
മാര്‍ ജോസഫ് പവ്വത്തിലിന്റെ വിദ്യാഭ്യാസദര്‍ശനം ക്രൈസ്തവദര്‍ശനത്തിന്റെ ആധുനികമുഖമാണ് അവതരിപ്പിക്കുന്നത്. അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: ''കുറച്ചുപേരെ പഠിപ്പിച്ചെടുക്കുകമാത്രമല്ല സഭ ചെയ്യുന്നത്. വിശാലമായ സാമൂഹികപുരോഗതിയും നീതിപൂര്‍വകമായ സാമൂഹികവ്യവസ്ഥിതിയും യാഥാര്‍ഥ്യമാകുന്നതിന് ആവശ്യമായ സേവനമാണു സഭ ചെയ്യുന്നത്.''
നമ്മുടെ നാടിന് ഇന്നാവശ്യം മൂല്യാധിഷ്ഠിതവിദ്യാഭ്യാസമാണെന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നു. ഇത്തരത്തിലുള്ള വിദ്യാഭ്യാസം നല്കാന്‍ കത്തോലിക്കാവിദ്യാലയങ്ങള്‍ക്കാണു സാധിക്കുക എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടാണ്, കത്തോലിക്കാമാതാപിതാക്കള്‍ കുട്ടികളെ കത്തോലിക്കാവിദ്യാലയങ്ങളിലേക്കയയ്ക്കാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചത്. രാഷ്ട്രീയവും വര്‍ഗീയവുമായ ചേരിതിരിവുകള്‍ക്കതീതമായി കത്തോലിക്കാവിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഇത്തരം വിഭാഗീയതകളില്‍നിന്നു വിമുക്തമായിരിക്കാന്‍ കേരളത്തിലെ പ്രത്യേകസാഹചര്യങ്ങളില്‍ സര്‍ക്കാര്‍വിദ്യാലയങ്ങള്‍ക്കു സാധിക്കില്ല. അതുപോലെതന്നെ, മൂല്യാധിഷ്ഠിതവിദ്യാഭ്യാസപരിപാടി അവലംബിക്കാനും അത്തരം സ്ഥാപനങ്ങള്‍ക്കു സാധിക്കാതെവരും. ഈ ആപത്തില്‍നിന്നു സ്വന്തം കുട്ടികളെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നേ പിതാവിന്റെ ഉപദേശം ഓര്‍മിപ്പിച്ചുള്ളൂ. അല്ലാതെ, മതേതരത്വത്തിനു നിരക്കാത്തതോ സങ്കുചിതസാമുദായികതാത്പര്യം പ്രതിഫലിപ്പിക്കുന്നതോ ആയിരുന്നില്ല പിതാവിന്റെ നിലപാട്.
ഇവിടെനിന്ന് ഒരു പടികൂടി കടന്ന്, ഉന്നതവിദ്യാഭ്യാസം ക്രൈസ്തവമൂല്യങ്ങള്‍ ഉള്ളടങ്ങുന്നതാണെന്നു വ്യക്തമാക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്: ''നമ്മുടെ വിദ്യാലയങ്ങള്‍ ഇന്നു മറ്റുള്ളവര്‍ക്കു പ്രചോദനവും അവഗണിക്കപ്പെട്ടവര്‍ക്ക് അഭയവുമായി നിലനില്ക്കണമെങ്കില്‍ സുവിശേഷബോധ്യങ്ങളുടെ പശ്ചാത്തലം എന്നതിന് ഉന്നതമായ മാനവികമൂല്യങ്ങളുടെ പശ്ചാത്തലം എന്നേ അര്‍ഥമാക്കേണ്ടതുള്ളൂ. അങ്ങനെ വേണ്ട എന്ന് ആര്‍ക്കെങ്കിലും വാദിക്കാനാകുമോ?
ഉത്തമമായ ജീവിതദര്‍ശനം കുട്ടികള്‍ക്കു പകര്‍ന്നുകൊടുക്കാന്‍ കഴിയാത്ത വിദ്യാഭ്യാസം പാഴ്‌വേലയാണെന്ന കാഴ്ചപ്പാടായിരുന്നു പവ്വത്തില്‍പിതാവിനുണ്ടായിരുന്നത്. മാനവികമൂല്യങ്ങളെ അവഗണിക്കുകയും സഹജീവിസ്‌നേഹം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന അന്തരീക്ഷം സമകാലികവിദ്യാഭ്യാസമേഖലയിലുണ്ടെന്ന് അദ്ദേഹം വളരെ വേദനയോടെ തിരിച്ചറിഞ്ഞു. അപകടകരമായ രാഷ്ട്രീയസ്വാധീനത്തില്‍പ്പെട്ടു വളരുന്ന തലമുറയുടെ ചുവടുകള്‍ പിഴയ്ക്കുന്നതും അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. കായികമായി പരസ്പരം ഏറ്റുമുട്ടുകയും പലപ്പോഴും ജീവന്‍പോലും അപകടത്തിലാക്കുകയും ചെയ്യുന്ന കാമ്പസ്‌രാഷ്ട്രീയത്തിനെതിരേ അദ്ദേഹം എന്നും 'മാനിഷാദ' എന്നു നിലവിളിച്ചുകൊണ്ടിരിക്കുന്നു.
എവിടെ മതവിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും മൂല്യാധിഷ്ഠിതവിദ്യാഭ്യാസം അവഗണിക്കപ്പെടുകയും ചെയ്യുന്നുവോ, അവിടെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങള്‍തന്നെ തകരുന്നുവെന്നായിരുന്നു മാര്‍ പവ്വത്തില്‍ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചിരുന്നത്. അങ്ങനെയുള്ള സാഹചര്യത്തെ മറികടക്കാന്‍ കത്തോലിക്കാവിദ്യാലയങ്ങളെമാത്രമല്ല, ഇതരസമുദായങ്ങളുടെ നേതൃത്തിലുള്ള വിദ്യാലയങ്ങളെയും ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം വാദിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ്, മാര്‍ ജോസഫ് പവ്വത്തിലിന്റെ ന്യൂനപക്ഷാവകാശസംരക്ഷണത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളെ വിലയിരുത്തേണ്ടത്. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 30(1) അനുവദിച്ചിരുന്ന വിദ്യാഭ്യാസസ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കാനുള്ള ഭരണകൂടങ്ങളുടെ കുത്സിതശ്രമങ്ങള്‍ക്കെതിരേ എന്നും അദ്ദേഹം അരയും തലയും മുറുക്കി രംഗത്തുവന്നിട്ടുണ്ട്. നാടിന്റെ വിദ്യാഭ്യാസപുരോഗതിക്കും അതുവഴി സാമൂഹികസാമ്പത്തികവികസനത്തിനും ന്യൂനപക്ഷസ്ഥാപനങ്ങള്‍ നല്കിയിട്ടുള്ള ചരിത്രപരമായ സംഭാവനകളെ അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിക്കാന്‍ പിതാവ് എപ്പോഴും ബദ്ധശ്രദ്ധനായിരുന്നു.
ഈ വസ്തുത മുഖവിലയ്‌ക്കെടുക്കാതെ, സങ്കുചിതരാഷ്ട്രീയതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി കേരളത്തിലെ സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളെ പീഡിപ്പിക്കാനും വളഞ്ഞ വഴിയിലൂടെ അത്തരം സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ പൂര്‍ണനിയന്ത്രണത്തിലാക്കാനും ഇവിടെ മാറിവന്ന ഭരണകൂടങ്ങള്‍ പലവിധശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനെതിരേ കേരളസഭ ധീരമായ ചെറുത്തുനില്പുകള്‍ നടത്തിയിട്ടുമുണ്ട്.
ഇത്തരത്തിലുള്ള ആദ്യസംഭവമായിരുന്നു, 1945 ല്‍ തിരുവിതാംകൂറിലെ പ്രൈമറി വിദ്യാലയങ്ങള്‍ ദേശസാത്കരിക്കാന്‍ ദിവാന്‍ സര്‍ സി പി നടത്തിയ നിയമനിര്‍മാണം. അതിനെതിരേ ചങ്ങനാശേരി മെത്രാന്‍ മാര്‍ ജെയിംസ് കാളാശേരി സ്വീകരിച്ച ധീരമായ നിലപാടില്‍ തട്ടി സര്‍ സി പി യുടെ നീക്കം പരാജയപ്പെടുകയായിരുന്നു. പിന്നീട് 1955 ല്‍ മുഖ്യമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന്‍ അധ്യാപകര്‍ക്കു സര്‍ക്കാരില്‍നിന്നു ശമ്പളം നല്കാമെന്ന പ്രലോഭനത്തിലൂടെ സ്വകാര്യവിദ്യാലയങ്ങള്‍ കൈക്കലാക്കാന്‍ നടത്തിയ ശ്രമവും അന്നത്തെ സഭാനേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പിനു മുന്നില്‍ പരാജയമടയുകയാണുണ്ടായത്.
ഇതിനു പിന്നാലെയാണ് സ്വകാര്യവിദ്യാലയങ്ങള്‍ക്കെതിരേ ഭരണകൂടത്തിന്റെ, ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമുണ്ടായത് - 1957 ലെ കമ്യൂണിസ്റ്റുമന്ത്രിസഭയുടെ കുപ്രസിദ്ധമായ വിദ്യാഭ്യാസബില്ല്. അതിനെതിരേ കേരളസഭ ജനാധിപത്യകക്ഷികളുടെ സഹകരണത്തോടെ രൂപംനല്കിയ വിമോചനസമരത്തില്‍ മന്ത്രിസഭതന്നെ ഡിസ്മിസ് ചെയ്യപ്പെട്ടതും ചരിത്രം.
ഇത്രയും ചരിത്രസംഭവങ്ങളുടെ പാഠമുണ്ടായിരുന്നു മാര്‍ ജോസഫ് പവ്വത്തിലിന്റെ മുന്നില്‍, 1972 ജനുവരിയില്‍ അദ്ദേഹം ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി ചുമതലയേല്ക്കുമ്പോള്‍. അന്നു കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഒരു പ്രക്ഷോഭത്തിന്റെ ഇരമ്പല്‍ മുഴങ്ങിത്തുടങ്ങിയിരുന്നു. താമസിയാതെ അതു പൂര്‍ണതയോടെ പൊട്ടിപ്പുറപ്പെടുകതന്നെ ചെയ്തു. കോളജുവിദ്യാഭ്യാസസമരം. ഫീസ് ഏകീകരണത്തിന്റെയും അധ്യാപകാനധ്യാപകര്‍ക്കു നേരിട്ടു ശമ്പളം നല്കുന്നതിന്റെയും മറവില്‍ സ്വകാര്യകോളജുകള്‍ മുഴുവന്‍ സര്‍ക്കാര്‍നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ് അന്നത്തെ ഗവണ്‍മെന്റു ശ്രമിച്ചത്. അന്നത്തെ സ്വകാര്യകോളജുകളില്‍ ഭൂരിപക്ഷവും വിവിധ ക്രൈസ്തവമാനേജുമെന്റുകളുടേതായിരുന്നു.
ഗ്രാന്റു വര്‍ധിപ്പിച്ചുനല്കാതെയും നിയമനാധികാരം കൈവശപ്പെടുത്തിയും സ്വകാര്യമാനേജുമെന്റുകളെ സാമ്പത്തികപ്രതിസന്ധിയിലാക്കി സ്ഥാപനങ്ങള്‍ സ്വന്തമാക്കാനായിരുന്നു സര്‍ക്കാരിന്റെ ഹീനശ്രമം. സ്വാഭാവികമായിത്തന്നെ ഒരു വിദ്യാഭ്യാസപ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. സംസ്ഥാനഗവണ്‍മെന്റും സ്വകാര്യമാനേജുമെന്റുകളും മുഖാമുഖം നിന്നു. പവ്വത്തില്‍പിതാവിന് സ്വസ്ഥമായിരിക്കാനാവുമായിരുന്നില്ല. അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്റണി പടിയറയാവട്ടെ സമരപരിപാടികളുടെ നേതൃത്വം സഹായമെത്രാനെ ഏല്പിക്കുകയും ചെയ്തു. 1972 ജൂലൈ 16 ഞായറാഴ്ച ചങ്ങനാശേരി നഗരത്തിന്റെ വീഥികളിലൂടെ തിങ്ങിനിറഞ്ഞുനീങ്ങിയ പ്രതിഷേധജാഥയ്ക്കു നേതൃത്വം നല്കിക്കൊണ്ട് മാര്‍ പവ്വത്തില്‍ സമരരംഗത്തേക്കിറങ്ങി. സമാനമായി മറ്റു പല രൂപതകളിലും സഭാധ്യക്ഷന്മാര്‍ പ്രക്ഷോഭജാഥകള്‍ക്കു നേതൃത്വം നല്കി തെരുവിലിറങ്ങി. കേരളചരിത്രത്തില്‍ രൂപതാധ്യക്ഷന്മാര്‍ പ്രത്യക്ഷസമരത്തിനു നേതൃത്വം നല്കുന്ന ആദ്യസംഭവമായിരുന്നു അത്. രണ്ടു മാസത്തോളം നീണ്ടുനിന്ന സമരം സര്‍ക്കാരിന്റെ ഏകപക്ഷീയപരാജയത്തിലാണു കലാശിച്ചത്.
സഭയുടെ വിദ്യാഭ്യാസസ്വാതന്ത്ര്യത്തിനും വിശ്വാസികളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കുംവേണ്ടിയുള്ള പോരാട്ടങ്ങള്‍ ഇതോടെ അവസാനിക്കുകയായിരുന്നില്ല. വീണ്ടും, കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ സംഘര്‍ഷഭരിതമാക്കിയ പ്രശ്‌നങ്ങളുടെ അരങ്ങേറ്റം 2001 ലായിരുന്നു. ഒരു പതിറ്റാണ്ടുകാലം നീണ്ടുനിന്ന സ്വാശ്രയവിദ്യാഭ്യാസസമരങ്ങളുടെ തുടക്കമായിരുന്നു അത്. ഇത്തവണത്തേതു ജനകീയപ്രക്ഷോഭമായിരുന്നില്ല; മറിച്ച്, നിയമപോരാട്ടമായിരുന്നു.
2001 ല്‍ അധികാരമേറ്റ ഗവണ്‍മെന്റ് സംസ്ഥാനത്തു സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. പ്രഫഷണല്‍വിദ്യാഭ്യാസമേഖലയിലായിരുന്നു ഭൂരിപക്ഷം സ്ഥാപനങ്ങളും. അവയുടെ നടത്തിപ്പിനു ഗവണ്‍മെന്റ് വിചിത്രമായ ഒരു ഫോര്‍മുല അവതരിപ്പിച്ചു - 50:50. പകുതി സീറ്റ് മാനേജുമെന്റിനും പകുതി ഗവണ്‍മെന്റിനും. സര്‍ക്കാര്‍ സീറ്റുകളില്‍ ഗവണ്‍മെന്റുസ്ഥാപനങ്ങളില്‍ നിലവിലുള്ള ഫീസേ പാടുള്ളൂ. അതുവഴിയുണ്ടാകുന്ന നഷ്ടം മാനേജുമെന്റുസീറ്റില്‍ അധികഫീസ് ഈടാക്കി പരിഹരിച്ചുകൊള്ളണം. ചൂഷണത്തിന്റെ ഈ പുതിയ രൂപം അംഗീകരിക്കാന്‍ ക്രൈസ്തവമാനേജുമെന്റുകള്‍ തയ്യാറായില്ല. സര്‍ക്കാരാകട്ടെ, മാനേജുമെന്റുകളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് 2004 ലെ സ്വാശ്രയവിദ്യാഭ്യാസനിയമം നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കുകയും ചെയ്തു. മാനേജുമെന്റുകള്‍ക്കു നിയമപോരാട്ടമേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.
വികലമായ സ്വാശ്രയനിയമത്തിനെതിരേ ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശക്തമായി പ്രതികരിച്ച പവ്വത്തില്‍പിതാവിനു സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടിവന്നു. പുതിയ നിയമം ഭരണഘടനാവിരുദ്ധംമാത്രമല്ല, സാമൂഹികനീതി തകിടം മറിക്കുന്നതുകൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ന്യൂനപക്ഷാവകാശങ്ങളുടെ നഗ്നമായ ലംഘനവും പുതിയനിയമത്തിലുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സ്വാശ്രയനിയമം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ദയനീയമായി പരാജയപ്പെട്ടു.
ഇതിനിടയില്‍ തിരഞ്ഞെടുപ്പു വരികയും ഇടതുപക്ഷഗവണ്‍മെന്റ് അധികാരത്തിലെത്തുകയും ചെയ്തു. പുതിയ ഗവണ്‍മെന്റ് വൈരനിര്യാതനബുദ്ധിയോടെയാണു 2006 ലെ സ്വാശ്രവിദ്യാഭ്യാസനിയമം അവതരിപ്പിച്ചു പാസാക്കിയത്. 2004 ലെ ബില്ലിലുണ്ടായിരുന്നതിനെക്കാള്‍ മാനേജുമെന്റുകള്‍ക്കു ഹാനികരമായ വകുപ്പുകളാണ് പുതിയ നിയമത്തിലുണ്ടായിരുന്നത്.
പുതിയ സാഹചര്യത്തില്‍, ക്രൈസ്തവമാനേജുമെന്റുകളുടെ ഒരു സമ്പൂര്‍ണസംവിധാനത്തിനു പവ്വത്തില്‍പിതാവ് രൂപം നല്കി; ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍. നിയമപോരാട്ടത്തിന്റെ നേതൃത്വം കൗണ്‍സിലിന്റെ അധ്യക്ഷനായ പിതാവിന്റെ ചുമലിലായി. അദ്ദേഹം ഒട്ടും ശങ്കിച്ചുനിന്നില്ല. ന്യൂനപക്ഷാവകാശങ്ങള്‍ ലംഘിക്കുന്നതും സാമൂഹികനീതി നിഷേധിക്കുന്നതുമായ പുതിയ നിയമത്തിനെതിരേ കൗണ്‍സില്‍ ശക്തമായി രംഗത്തുവന്നു. അത്തരത്തിലുള്ള വകുപ്പുകളെല്ലാം റദ്ദു ചെയ്തുകൊണ്ടുള്ള വിധിയാണു ഹൈക്കോടതിയില്‍നിന്നുണ്ടായത്. തുടര്‍ന്നു സുപ്രീംകോടതിയും അതു ശരിവച്ചു.
കേരളത്തിലെ വിദ്യാഭ്യാസപ്രക്ഷോഭങ്ങളുടെ തുടര്‍ക്കഥ ഇങ്ങനെ പറഞ്ഞുവച്ചത്, മാര്‍ ജോസഫ് പവ്വത്തിലിന്റെ സാമൂഹിക ഇടപെടലുകളുടെ പ്രത്യക്ഷനിദര്‍ശനമായി അവയെ കാണണം എന്നു സൂചിപ്പിക്കാനാണ്. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും തന്റെ ആശയങ്ങള്‍ അവതരിപ്പിക്കുകമാത്രമല്ല, അവ നേടിയെടുക്കാന്‍വേണ്ടി ജനകീയപ്രക്ഷോഭത്തിന്റെ പാത തിരഞ്ഞെടുക്കാന്‍വരെ അദ്ദേഹം സന്നദ്ധനായിരുന്നു. ഇതൊക്കെ ഒരു ആധ്യത്മികാചാര്യന്‍ ചെയ്യേണ്ട കാര്യങ്ങളാണോ എന്നാരെങ്കിലും ചോദിച്ചാല്‍ വിശ്വാസികളുടെ ആത്മീയവും ഭൗതികവുമായ ജീവിതത്തിന്റെ ക്ഷേമം ഉറപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെന്ത് ആചാര്യത്വം എന്നായിരിക്കും അദ്ദേഹത്തിന്റെ മറുചോദ്യം.
നീതി ജലംപോലെ ഒഴുകട്ടെ എന്ന സങ്കീര്‍ത്തകന്റെ ആഹ്വാനം മാര്‍ ജോസഫ് പവ്വത്തിലിന്റെ കര്‍മമണ്ഡലത്തില്‍ വിളക്കും വെളിച്ചവുമായിരുന്നു. സാമൂഹികനീതിയെപ്പറ്റിയുള്ള ബൈബിള്‍ദര്‍ശനമാണ് അദ്ദേഹത്തിന്റെ സാമൂഹികവീക്ഷണം രൂപപ്പെടുത്തിയത്.
എല്ലാവര്‍ക്കും അര്‍ഹമായതു ലഭിക്കുക, പൊതുനന്മ ഭദ്രമാക്കുക, മനുഷ്യമാഹാത്മ്യത്തിലൂന്നിയ വ്യവസ്ഥിതി രൂപീകരിക്കുക - ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സങ്കല്പമാണ് സാമൂഹികനീതിയെന്നു മാര്‍ ജോസഫ് പവ്വത്തില്‍ നിര്‍വചിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലുകള്‍ക്കു മുഴുവന്‍ ആധാരമായിരുന്നത് ഈ വീക്ഷണമാണ്. ഭിന്നശേഷിക്കാര്‍ക്കും രോഗികള്‍ക്കുംവേണ്ടിയുള്ള പുനരധിവാസകേന്ദ്രങ്ങള്‍, ആതുരശുശ്രൂഷാസ്ഥാപനങ്ങള്‍, ഭവനരഹിതര്‍ക്കുവേണ്ടിയുള്ള ഭവനനിര്‍മാണം, കലാകാരന്മാര്‍ക്കും സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കുമുള്ള പ്രോത്സാഹനം തുടങ്ങി സമകാലികരാഷ്ട്രീയകാര്യങ്ങളിലുള്ള ആശയപരമായ ഇടപെടലുകള്‍വരെ അദ്ദേഹത്തിന്റെ സാമൂഹികവീക്ഷണത്തിന്റെ ഭാഗമായിരുന്നു.
ഏതു വിഷയം ചര്‍ച്ച ചെയ്യുമ്പോഴും മാര്‍ ജോസഫ് പവ്വത്തില്‍ സമകാലികരാഷ്ട്രീയത്തെയും രാഷ്ട്രീയാധികാരികളെയും ഒഴിവാക്കുമായിരുന്നില്ല. സാമൂഹികനീതിയെക്കുറിച്ചുള്ള വിശകലനത്തിനിടയില്‍ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു: ''മാര്‍ക്‌സിസ്റ്റുനിഘണ്ടുവില്‍ സാമൂഹികനീതി എന്ന പദത്തിനു സ്ഥാനമുണ്ടായിരുന്നതായി കേട്ടിട്ടില്ല. അവിടെ വര്‍ഗസമരം, തൊഴിലാളിവര്‍ഗസര്‍വാധിപത്യം, വര്‍ഗരഹിതസമൂഹം തുടങ്ങിയ പദങ്ങള്‍ സുലഭമാണ്.''
ഈ വിമര്‍ശനത്തിനുശേഷം അദ്ദേഹം സ്വന്തം നിലപാട് ഇങ്ങനെ പ്രഖ്യാപിക്കുന്നു. ''സാമൂഹികനീതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതുതന്നെ ക്രൈസ്തവപശ്ചാത്തലത്തിലാണ്. അതു സങ്കീര്‍ണമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്യവുമാണ്.''
ദളിത്‌ക്രൈസ്തവര്‍ക്കുവേണ്ടിയുള്ള പവ്വത്തില്‍പിതാവിന്റെ ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമാണ്. ഹരിജന്‍ കത്തോലിക്കാ മഹാജനസഭ (എച്ച്.സി.എം.എസ്.) യെ ദളിത് കത്തോലിക്കാമഹാജനസഭ (ഡി.സി.എം.എസ്.) എന്നു പുനര്‍നാമകരണം ചെയ്തു. യുവജനസംഘടനയ്ക്ക് ദളിത് കാത്തലിക് യൂത്ത് ലീഗ് (ഡി.സി.വൈ.എല്‍.) എന്നും വനിതാവിഭാഗത്തിന് ദളിത് കാത്തലിക് വനിതാസംഘം (ഡി.സി.വി.എസ്.) എന്നും പേരുകള്‍ നല്‍കി. ദളിത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അതിരൂപതാതലത്തില്‍ അന്ന് 25 ലക്ഷം രൂപയുടെ ഫണ്ടു സമാഹരിച്ചു.
ദളിത്കത്തോലിക്കര്‍ക്കു പാസ്റ്ററല്‍ കൗണ്‍സിലില്‍ പ്രാതിനിധ്യം നല്കി. ഇടവകയോഗങ്ങളില്‍ അവരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നു വികാരിമാര്‍ക്കു പ്രത്യേക നിര്‍ദേശവും നല്കി.
തൊഴില്‍മേഖലയില്‍ ദളിതര്‍ക്കു 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി. ടി.ടി.ഐ., നഴ്‌സിംഗ് കോഴ്‌സുകളിലും കോളജുകളിലും നിശ്ചിതശതമാനം സീറ്റ് നീക്കിവച്ചു. അധ്യാപക, അനധ്യാപകനിയമനങ്ങളിലും അവര്‍ക്കു പ്രത്യേക പരിഗണന നല്കി.
1994 ല്‍ സിബിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ദളിത് ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ ദേശീയശ്രദ്ധയില്‍ കൊണ്ടുവരാന്‍ തീവ്രശ്രമം നടത്തി. 1995 ല്‍ ക്രൈസ്തവ എം.പി.മാരുമായി ദളിത് ക്രൈസ്തവപ്രശ്‌നം ചര്‍ച്ച ചെയ്തു. തുടര്‍ന്ന്, കേരളത്തില്‍നിന്നുള്ള എം.പി.മാര്‍ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 350 എം.പി.മാര്‍ ഒപ്പിട്ട ഒരു നിവേദനം കേന്ദ്രഗവണ്‍മെന്റിനു സമര്‍പ്പിക്കുകയും ചെയ്തു. അതിനുപിന്നാലെ മാര്‍ പവ്വത്തില്‍ നേരിട്ടു പ്രധാനമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തു.
ഇതിന്റെയെല്ലാം ഫലമായി, ദളിത് ക്രൈസ്തവര്‍ക്കു സംവരണം അനുവദിക്കുന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു തയ്യാറായി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുമൂലം അതു നടന്നില്ല.
ദളിത്‌ക്രൈസ്തവരെന്ന വേര്‍തിരിവ് സഭയ്ക്കുള്ളില്‍ ഉണ്ടാവരുതെന്നു മാര്‍ പവ്വത്തില്‍ ആഗ്രഹിച്ചു. അവരെയും മുഖ്യധാരയിലേക്കു കൊണ്ടുവരണം എന്നതായിരുന്നു അദ്ദേഹത്തിന്റെ താത്പര്യം. ആ വഴിക്ക് അദ്ദേഹം ഒട്ടേറെ മുമ്പോട്ടു പോയി.
സുവിശേഷത്തില്‍നിന്നാണു മാര്‍ ജോസഫ് പവ്വത്തില്‍ തന്റെ ദര്‍ശനവും കര്‍മപദ്ധതിയും രൂപപ്പെടുത്തിയത്. അതുകൊണ്ടാണതു സര്‍വജനസാഹോദര്യത്തിലും സാമൂഹികനീതിയിലും അധിഷ്ഠിതമായിരുന്നത്. അനീതി എവിടെ കണ്ടാലും അതിനെതിരേ അദ്ദേഹം പോരാടുമായിരുന്നു. നമ്മുടെ നവോത്ഥാനനായകര്‍ സാമൂഹികനീതിക്കുവേണ്ടിയാണു നിരന്തരം പോരാടിയത്. അങ്ങനെ കൈവന്ന നീതി നിഷേധിക്കപ്പെടുന്നതിനെതിരേ നിരന്തരം പോരാടിയ നവോത്ഥാനാനന്തരകാലനായകനായിരുന്നു മാര്‍ ജോസഫ് പവ്വത്തില്‍. നീതിക്കുവേണ്ടി നിരന്തരം വിശക്കുകയും ദാഹിക്കുകയും ചെയ്ത മഹാനായ മനുഷ്യസ്‌നേഹി.