1991. ഞാന്‍ എറണാകുളത്ത് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ജോലിക്കു ചേര്‍ന്ന വര്‍ഷം. അന്നു മുതലാണ് ഞാന്‍ ഈസ്റ്ററിനെക്കുറിച്ചും യേശുവിനെക്കുറിച്ചും മേരിമാതാവിനെക്കുറിച്ചും ക്രിസ്ത്യാനികളെക്കുറിച്ചും ബൈബിളിനെക്കുറിച്ചുമൊക്കെ കൂടുതലായി അറിയുന്നത്.
കാരുണ്യത്തിന്റെയും ദയയുടെയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ആള്‍രൂപമായ യേശുവിനെ അറിയാന്‍ ഒരു ആശുപത്രിയോളം ചേര്‍ന്ന മറ്റൊരിടമില്ല.
ഞങ്ങളുടെ ആശുപത്രിയില്‍ ഒരു ചാപ്പലുണ്ട്. ജാതിമതവ്യത്യാസമില്ലാതെ അനേകര്‍ പ്രാര്‍ഥിക്കാനെത്തുന്ന സ്ഥലം.
ആശുപത്രിപ്പള്ളിയുടെ അങ്കണം നിറയുന്നത് പൂജാദ്രവ്യങ്ങള്‍കൊണ്ടല്ല; കണ്ണീരുകൊണ്ടാണ്. വലിയ വലിയ അസുഖങ്ങള്‍ വന്ന മനുഷ്യരുടെ വേണ്ടപ്പെട്ടവര്‍, അവിടെ വന്നിരുന്നു മുട്ടിപ്പായി പ്രാര്‍ഥിക്കുന്നു. അവരുടെ കവിളിലൂടെ ഒഴുകുന്ന കണ്ണീരിനു വലിയ ശക്തിയാണ്. ഒരു ദൈവത്തിനും അത് അവഗണിക്കാനോ കാണാതിരിക്കാനോ ആകില്ല.
മൃതാവസ്ഥയിലെത്താറായ കുഞ്ഞുങ്ങളെ തോളിലിട്ട് ഓടിയെത്തുന്ന അമ്മമാര്‍, അവരെ ഡോക്ടറെ ഏല്പിച്ച ശേഷം ഭക്ഷണം കഴിക്കാതെ ദിവസങ്ങള്‍ ചാപ്പലിനു മുന്നില്‍ കരഞ്ഞുകൊണ്ടിരിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. മക്കളുടെ ഉയിര്‍ത്തെഴുന്നേല്പാണ് അമ്മമാരുടെ പ്രാര്‍ഥന. അങ്ങനെ ഉയിര്‍ത്തെഴുന്നേറ്റുപോകുന്ന പലരെയും ഞാന്‍ കണ്ടിമുണ്ട്.
അര്‍ണോസ് പാതിരി
അവിടെനിന്നുണ്ടായ സാഹിത്യപരിചയങ്ങളില്‍നിന്നാണ് ഞാന്‍ അര്‍ണോസ് പാതിരിയുടെ അടുത്തേക്കെത്തുന്നത്. ദുഃഖവെള്ളി നാളില്‍ ''അമ്മ കന്യാമണി തന്റെ...'' എന്ന മനോഹരകവിത കേട്ടതാണ് ഇതാരെഴുതി എന്ന ചോദ്യത്തില്‍ എന്നെ എത്തിച്ചത്. ജര്‍മനിയില്‍ ജനിച്ച യൊവാന്‍ ഏര്‍ണസ്റ്റ് ഹാങ്‌സില്‍ഡന്‍, മലയാളഭാഷ രൂപപ്പെട്ടു വരുന്ന കാലഘട്ടത്തില്‍, മരണത്തെക്കുറിച്ചും വേദനയെക്കുറിച്ചും കണ്ണീരിനെക്കുറിച്ചും ഇത്രത്തോളം സാഹിത്യഭംഗിയോടെ എഴുതിയെന്നത് എനിക്ക് അത്യദ്ഭുതമാണുളവാക്കിയത്. 1862 ല്‍ കൊച്ചിയില്‍നിന്ന് ആദ്യമായി അച്ചടിച്ച ''പുത്തന്‍പാന'' എന്ന ഈ മനോഹരകാവ്യത്തെക്കുറിച്ച് ആരും പറഞ്ഞുകേട്ടില്ലല്ലോ എന്നതും അവിശ്വസനീയമായി. മലയാളത്തില്‍ ദുഃഖത്തിന്റെ സൗന്ദര്യം ഇത്ര ഹൃദ്യമായി ആവിഷ്‌കരിച്ച മറ്റൊരു കൃതിയില്ല. പുത്തന്‍പാന ക്രിസ്തുവിന്റെ മുഴുവന്‍ ചരിത്രവും പറയുന്നുവെങ്കിലും അതിന്റെ പന്ത്രണ്ടാം പാദത്തിലെ 'ഉമ്മാടെ ദുഃഖം' എന്ന ഭാഗമാണ് ദുഃഖവെള്ളിയാഴ്ചകളില്‍ ഞാന്‍ കേട്ടിരുന്നത്. മലയാളത്തിലെ ഏറ്റവും മനോഹരമായ വിലാപകാവ്യം.
സി. എസ്. സുബ്രഹ്‌മണ്യന്‍ പോറ്റിയുടെ 'ഒരു വിലാപം' (1902) എന്ന ചെറുകൃതിയാണ് മലയാളത്തിലെ ആദ്യവിലാപകാവ്യമായി പൊതുവെ കരുതപ്പെടുന്നതെങ്കിലും 'ഉമ്മാടെ ദുഃഖ'ത്തെയാണ് മലയാളത്തിലെ ആദ്യവിലാപകാവ്യമായി പരിഗണിക്കേണ്ടത്. 1850 കളില്‍ കൊച്ചിക്കടുത്ത് വേലൂര്‍ എന്ന സ്ഥലത്തു താമസിച്ച് 'ഒരു വിലാപം' വരുന്നതിനും നാലു പതിറ്റാണ്ടുമുമ്പ് അര്‍ണോസ് പാതിരി എഴുതിയതാണ് പുത്തന്‍പാന.
ദൈവമാതാവിന്റെ വ്യാകുലപ്രലാപം
മകന്‍ മരിച്ച ഒരമ്മയുടെ ദുഃഖം വിവരിക്കുന്ന പുത്തന്‍പാനയിലെ പന്ത്രണ്ടാം പാദമാണ് 'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' എന്ന പേരിലും അറിയപ്പെടുന്നത്.
'അമ്മ കന്യാമണി തന്റെ
നിര്‍മലദുഃഖങ്ങളിപ്പോള്‍
നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും,
ദുഃഖമൊക്കെ പറവാനോ
വാക്കുപോരാ മാനുഷര്‍ക്ക്
ഉള്‍ക്കനേച്ചിന്തിച്ചുകൊള്‍വാന്‍
ബുദ്ധിയും പോരാ''
ഇങ്ങനെ തുടങ്ങുന്നു ദൈവമാതാവിന്റെ വ്യാകുലപ്രലാപം.
പാലാ രാമപുരത്തെ
സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ്
അമ്മയും മക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാലോചിക്കുമ്പോള്‍, എന്റെ അമ്മ പറഞ്ഞുകേട്ട ഒരു കാര്യമാണ് പെട്ടെന്നോര്‍മ വരുന്നത്.
അമ്മ രാമപുരം സേക്രഡ് ഹാര്‍ട്ട് കോണ്‍വന്റിലാണ് അപ്പര്‍ പ്രൈമറിക്കു പഠിച്ചത്. നല്ല അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍. അന്നത്തെ പ്രധാനാധ്യാപികയുടെ പേര് സിസ്റ്റര്‍ മരിയ ഗോരോത്തി എന്നായിരുന്നു.
അധ്യാപികയില്ലാത്ത സമയത്തു ക്ലാസ്സില്‍ കുട്ടികള്‍ ബഹളംവച്ചതിനെത്തുടര്‍ന്ന് എല്ലാ കുട്ടികളോടും മുട്ടുകാലില്‍നിന്നു പ്രാര്‍ഥിക്കാന്‍ അധ്യാപിക പറഞ്ഞു. അമ്മയ്ക്കും സഹോദരി രാജം പേരമ്മയ്ക്കും അത്തരം ശിക്ഷകളോട് എതിര്‍പ്പായിരുന്നു. അങ്ങനെയല്ല അവരുടെ അമ്മ ലളിതാംബിക അന്തര്‍ജനം അവരെ വീട്ടില്‍ പരിശീലിപ്പിച്ചിരുന്നത്. തെറ്റു ചെയ്താല്‍ കാര്യകാരണസഹിതം അവരെ അതു പറഞ്ഞുമനസ്സിലാക്കുകയും ഒരിക്കലും അതാവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു പതിവ്.
നിര്‍ബന്ധമായും മുട്ടുകാലില്‍ നില്‍ക്കേണ്ടിവന്ന അവര്‍ വീട്ടി
ലെത്തിയപ്പോള്‍ അമ്മയോട് ഇതിന്റെ പരിഭവം പറഞ്ഞു. മക്കളെ അങ്ങനെ ശിക്ഷിച്ചത് ആ അമ്മയ്ക്കു തീരെ ഇഷ്ടമായില്ല. അപ്പോള്‍ത്തന്നെ ഒരു കത്തെഴുതി സിസ്റ്റര്‍ ഗൊരോത്തിക്കു കൊടുക്കാന്‍ മക്കളെ ഏല്പിച്ചു. അതില്‍ ശിക്ഷകളെക്കുറിച്ചും കുട്ടികളുടെ അഭിമാനത്തെക്കുറിച്ചുമൊക്കെ എഴുതിയിട്ടുണ്ടാവണം.
എഴുത്തു വായിച്ചു സിസ്റ്റര്‍ മറുപടിയെഴുതി കുട്ടികള്‍ക്കു നല്‍കി. അവര്‍ അങ്ങനെ കുറെ കത്തുകള്‍ പരസ്പരം കൈമാറി. കുട്ടികള്‍ക്ക് അതൊരു ജോലിയുമായി.
താമസിയാതെ സാഹിത്യകാരിയായ അമ്മയും ആ പ്രധാനാധ്യാപികയും സുഹൃത്തുക്കളായി. ഒരെഴുത്തില്‍ അന്തര്‍ജനത്തെ തന്റെ മഠത്തിലേക്കു ക്ഷണിക്കുന്നുണ്ട് സിസ്റ്റര്‍. ഇവിടെ പേടിക്കാനൊന്നുമില്ല, ഈ അകത്തളങ്ങളിലും മനുഷ്യരാണുള്ളത്, ഇവിടെ എല്ലാവര്‍ക്കും സ്വാഗതമാണ് - അവര്‍ അങ്ങനെ എഴുതിയിരുന്നു. തുടര്‍ന്ന്, അവര്‍ ഉറ്റ സുഹൃത്തുക്കളായി. വിശേഷാവസരങ്ങളിലൊക്കെ അവര്‍ അന്തര്‍ജനത്തെ അതിഥിയായി ക്ഷണിച്ചു.
മരണംവരെ അവര്‍ ആ സ്‌നേഹബന്ധം സൂക്ഷിച്ചു.
ഒരു വിദേശിയായ അര്‍ണോസ് പാതിരിയെ സംസ്‌കൃതം പഠിപ്പിക്കാന്‍ അന്ന് ആരും തയ്യാറായിരുന്നില്ല. എന്നാല്‍, ആലുവയിലുള്ള സംസ്‌കൃതപണ്ഡിതരും ഉത്പതിഷ്ണുക്കളുമായ രണ്ടു നമ്പൂതിരിമാ
രാണ് പല എതിര്‍പ്പുകളെയും അവഗണിച്ച് പാതിരിയെ സംസ്‌കൃതം പഠിപ്പിച്ചത്. ജ്ഞാനപ്പാനയുടെ രീതിയിലാണ് അദ്ദേഹം പുത്തന്‍പാന എഴുതിയത്. പുത്തന്‍പാന എന്ന് അതിനു പേരിട്ടതിനു കാരണമതാവാം.
സാഹിത്യഗുണത്തിലും അവതരണഭംഗിയിലും ഉന്നതനിലവാരം പുലര്‍ത്തുന്ന പുത്തന്‍പാനയ്ക്ക് മലയാളത്തിന്റെ വായനമുറിയില്‍ ഇന്നും ഇടമുണ്ട്. ഈ ഈസ്റ്റര്‍ കാലത്ത് ഞാന്‍ 'ഉമ്മാടെ ദുഃഖം' ഒന്നുകൂടി വായിക്കാനിരിക്കുന്നു!