•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഓശാനപ്പെരുനാള്‍ ഒലീവിലയും കുരുത്തോലയും

''ഓമനക്കൈയില്‍ ഒലീവിലക്കൊമ്പുമായ് ഓശാനപ്പെരുന്നാളു വന്നൂ...'' അന്ന്, 1963 ല്‍ ഈ പാട്ടുകേട്ടപ്പോള്‍ ഓശാന ഒലീവിലയുമായി ബന്ധപ്പെട്ട ഒരു ആഘോഷമെന്നേ കരുതിയുള്ളൂ. ആയിടെ ഇറങ്ങിയ ''ഭാര്യ'' എന്ന സിനിമയിലെ ഹിറ്റുപാട്ടാണിത്. തിരുവല്ലയിലെ ഒരു കുപ്രസിദ്ധ കൊലപാതകക്കേസിന്റെ  ആവിഷ്‌കാരമായിരുന്നു ഈ സിനിമ. ഭര്‍ത്താവിനാല്‍ അവഗണിക്കപ്പെട്ട ഭാര്യയുടെ വിലാപം. ഈ സിനിമ പാലാ  യൂണിവേഴ്‌സലില്‍നിന്ന് കണ്ട ഓര്‍മയുണ്ട്. എന്നാല്‍, അധികം താമസിയാതെ ഇറങ്ങിയ ''ഇണപ്രാവുകള്‍' 'എന്ന സിനിമയിലെ ''കുരുത്തോലപ്പെരുനാളിനു പള്ളിയില്‍ പോയ് വരും കുഞ്ഞാറ്റക്കുരുവികളേ'' എന്ന പാട്ട് സ്വല്പം ആശയക്കുഴപ്പത്തില്‍ എത്തിച്ചു. ഓശാനപ്പെരുനാള്‍തന്നെയല്ലേ കുരുത്തോലപ്പെരുനാള്‍? അങ്ങനെയാണല്ലോ പാലായിലെ സുഹൃത്തുകള്‍ പറഞ്ഞുതരുന്നത്. ഓശാനയ്ക്ക് ഒലീവിലക്കൊമ്പാണോ കുരുത്തോലയാണോ ഉപയോഗിക്കാറ്? പാലാക്കാരനായ എനിക്ക് ഇതറിയില്ലെന്നു നാലുപേരോട് എങ്ങനെ പറയും? അന്നത്തെ പരിമിതസാഹചര്യങ്ങളൊക്കെവച്ച് ഒരു അന്വേഷണം നടത്തി. രണ്ടും വയലാര്‍ രാമവര്‍മ എഴുതിയതാണ്. വയലാറിനു തെറ്റിപ്പോയോ? 'ഭാര്യ' സിനിമയ്ക്ക് കഥയും സംഭാഷണവും ചമച്ചത് കാനം ഇ.ജെ. ആണ്. 'ഇണപ്രാവുകള്‍'ക്ക് മുട്ടത്തു വര്‍ക്കിയും. ഇവര്‍ വയലാറിനെ തെറ്റിദ്ധരിപ്പിച്ചുവോ?
    കിട്ടാവുന്ന ബൈബിള്‍ ആകെ വായിച്ചുനോക്കി. യേശുവിന്റെ പ്രസിദ്ധമായ യെരുശലേംപ്രവേശനമാണ് തിരുനാളായി കൊണ്ടാടുന്നത്. കഴുതപ്പുറത്തു വരുന്ന യേശുവിനുമുന്നില്‍ ഭവ്യതയോടെ, ഇന്നത്തെ രീതിയിലാണെങ്കില്‍ "red carpet welcome/'  നല്‍കുകയാണ് ഭക്തര്‍, വഴിയില്‍  ഈന്തപ്പനയുടെ ഓലകള്‍ വിരിച്ച്. യോഹന്നാന്റെ സുവിശേഷത്തില്‍മാത്രമാണ് ഇങ്ങനെ പനയുടെ ഓല എന്നു വ്യക്തമാക്കുന്നത്. മത്തായിയുടെ സുവിശേഷത്തില്‍ 'ചിലര്‍ മരച്ചില്ലകള്‍ നിരത്തി' എന്നേയുള്ളൂ. മര്‍ക്കോസിന്റെ വിവരണത്തില്‍ 'ചിലര്‍ വയലില്‍നിന്ന് പച്ചിലച്ചില്ലകള്‍ ഒടിച്ചുകൊണ്ടുവന്നു' എന്നുമാത്രം. 'വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചു' എന്ന് ലൂക്കോസ്. ഒലീവുമല വളരെ അടുത്താണെങ്കിലും ആരും ഒലീവുചില്ലകള്‍ കൊണ്ടുവന്നതായിട്ട് കൃത്യമായിട്ടു രേഖപ്പെടുത്തിയിട്ടില്ല. എനിക്കു  സംശയമായതുകൊണ്ട് ഇംഗ്ലീഷ്‌ബൈബിള്‍ നോക്കിയാലോ എന്ന് ആലോചിച്ചു. അന്ന് പാലായില്‍ അതു കിട്ടാനില്ല. സെന്റ് തോമസ് സ്‌കൂളിലെ ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഉലഹന്നന്‍സാറിനോടു ചോദിച്ചു. ഇംഗ്ലീഷില്‍ "'Palm Sunday''എന്നാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പന വിജയപ്രാപ്തിയുടെയും ആനന്ദത്തിന്റെയും നിതാന്തമായ ജീവന്റെയും സൂചകമായിരുന്നു അക്കാലത്ത്. പനയോലകൊണ്ടു മെടഞ്ഞ കുട്ടകളായിരുന്നത്രേ ദൈവികകാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. അങ്ങനെ അതിബഹുമാനത്തിന്റെയും ഭക്തിയുടെയും നിറവില്‍ വിരിക്കപ്പെട്ട കുരുത്തോലപ്പരവതാനിമേല്‍ നീങ്ങിയ യേശുവിനെക്കണ്ട് ആഹ്ലാദചിത്തരായി ''ഓശാന... ദാവീദിന്‍ സുതന് ഓശാന..'' എന്ന് ആര്‍പ്പുവിളിച്ചത്രേ ആരാധകര്‍. മോക്ഷം തരിക, രക്ഷിക്കുക, വിജയീഭവ എന്നൊക്കെ അര്‍ഥമുണ്ട് 'ഓശാന'യ്ക്ക്.  
 എങ്കില്‍ വയലാര്‍ ഓമനക്കൈയില്‍ ഒലിവിലക്കൊമ്പുമായ്' എന്ന് എന്തുകൊണ്ട് എഴുതി? ഇതിനു എനിക്ക് ഒരു തീര്‍പ്പുകിട്ടിയത് വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ്. ക്രിസ്തുമതം യൂറോപ്പിലാകമാനം പടര്‍ന്നുവ്യാപിച്ചു, ഈ മരച്ചില്ലയാഘോഷം മോക്ഷപ്രാപ്തിയുടെ അപേക്ഷ എന്ന നിലയില്‍ നിലനിന്നു. പക്ഷേ, ഇറ്റലിയിലൊക്കെ എങ്ങനെ പനയോല കിട്ടും? അവിടെ സമൃദ്ധമായിരുന്ന ഒലീവിലകളും കൊമ്പുകളും അവര്‍ ഉപയോഗിച്ചു. ഒലീവില പണ്ടേയ്ക്കുപണ്ടേതന്നെ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും അതിജീവനപ്രാപ്തിയുടെയും പ്രതിബിംബമായി അംഗീകരിക്കപ്പെട്ടതായിരുന്നു. മഹാപ്രളയത്തിന്റെ അവസാനം നോഹ രണ്ടു പ്രാവുകളെ പറത്തിവിട്ടപ്പോള്‍ അവര്‍ ഒലിവു കൊമ്പുകളുമായാണ് തിരിച്ചെത്തിയത്. ശുഭപ്രതീക്ഷയുടെയും ഏതു ദുര്‍ഘടങ്ങളും അതിജീവിക്കുമെന്നുള്ള നിശ്ചയദാര്‍ഢ്യത്തിന്റെയും സൂചന. അങ്ങനെ യൂറോപ്പില്‍ ഉളവായ ഒലീവിലപ്പതിവ് മറ്റു രാജ്യങ്ങളും പിന്‍തുടരുകയാണുണ്ടായത്. (എന്നാല്‍, ഒമ്പതാം നൂറ്റാണ്ടോടെ യൂറോപ്പില്‍ പലയിടത്തും ഒലീവുമരങ്ങള്‍ അപ്രത്യക്ഷമായെന്ന ചരിത്രസത്യവുമുണ്ട്, ഓര്‍മിക്കേണ്ടതായി). ചില പ്രത്യേകസഭകള്‍ ഒലീവുമാത്രം ഉപയോഗിക്കുമെന്ന തീരുമാനവുമെടുത്തു പിന്നീട്. കേരളത്തില്‍ തെങ്ങിന്റെ കുരുത്തോല സ്വാംശീകരിക്കപ്പെട്ടപോലെ.  വയലാറിനു തെറ്റിയിട്ടില്ല, ഒലീവിലക്കൊമ്പുമായ് ഓശാനപ്പെരുനാള്‍ വരുന്നത് സുന്ദരസങ്കല്പംതന്നെ.    
 പാലായിലെ പെസഹയെക്കുറിച്ചും ഈസ്റ്ററിനെ(നോയമ്പുവീടല്‍)ക്കുറിച്ചും ദീപ്തമായ ഓര്‍മകളാണുള്ളത്. പെസഹാ അപ്പം പലപ്പോഴും രുചിച്ചുനോക്കാന്‍ ഇടവന്നിട്ടുണ്ട്, കൂട്ടുകാരുടെ സൗജന്യസംഭാവനയാല്‍. ഞങ്ങള്‍ക്കു പരിചയമില്ലാത്ത നൂതനരുചിയാണ് പെസഹാ അപ്പത്തിന്. പുളിപ്പിക്കാത്ത അരിമാവ് (ഉഴുന്നും) ആണെങ്കിലും അതീവമൃദുവാണ് ഈ അപ്പം. കൂടെ നേര്‍ത്ത ശര്‍ക്കരപ്പാനിയും. രണ്ടു കുരുത്തോലക്കഷണങ്ങള്‍കൊണ്ട് കുരിശുരൂപം ഈ അപ്പത്തിനുമേല്‍ വയ്ക്കുന്നത് ആചാരമാണ്. നോയമ്പുവീടലിനും ഇതുപോലത്തെ അപ്പമുണ്ട്. ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത 'ഇണ്ട്രിയപ്പം' എന്നാണിതിനു പേര്. നോയമ്പുകാലത്ത് മീനച്ചിലിലെ ക്രൈസ്തവവീടുകളില്‍നിന്നു കേള്‍ക്കുന്ന 'പാന' തികച്ചും ദുഃഖോദ്ഗമനകാരിയാണ്. ''അമ്മ കന്യാമണി തന്റെ നിര്‍മലദുഃഖങ്ങളിപ്പോള്‍ നന്മയാലേ മനസ്സുറ്റു കേട്ടൂകൊണ്ടാലും' പലേ തവണ കേട്ട് ഞങ്ങള്‍ മനഃപാഠമാക്കിയിരുന്നു. ചങ്കുപൊട്ടുന്ന ഒരു അമ്മയുടെ വിലാപമാണ്, അകാലത്തില്‍ കൊലചെയ്യപ്പെട്ട മകനെയോര്‍ത്ത്. 'സഹിച്ചോ പുത്രാ, വലഞ്ഞോ പുത്രാ, മരിച്ചോ പുത്രാ' എന്നൊക്കെ ഒന്നിടവിട്ട വരികളില്‍ നേരിട്ട് മാഴ്കുന്ന അമ്മ. മലയാളത്തില്‍ 'ദുഃഖവെള്ളിയാഴ്ച' എന്നു വിവക്ഷിക്കുന്നത് ഇംഗ്‌ളീഷില്‍  "Good Friday'  ആയത് പലപ്പോഴും അന്ധാളിപ്പു സൃഷ്ടിച്ചിട്ടുണ്ട്. പിന്നെയാണറിഞ്ഞത് ആ ''Good'' എന്ന വാക്ക് പണ്ട് ദൈവികമായത്, വിശുദ്ധിയാര്‍ന്നത് എന്നൊക്കെ സൂചിപ്പിക്കാന്‍വേണ്ടി ഉപയോഗിച്ചിരുന്നുവത്രേ. 
  ഇവിടെ, അമേരിക്കയില്‍ പലപ്പോഴും ജൂതസുഹൃത്തുക്കളുടെ പെസഹാ അത്താഴത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടുണ്ട്, ക്രിസ്ത്യാനികളുടെ നോയമ്പുവീടലിനും. 'ഇണ്ട്രിയപ്പം' സ്വയം ഉണ്ടാക്കാന്‍ ശ്രമിച്ച എനിക്ക് ദയനീയമായ പരാജയം ആയിരുന്നുവെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)