•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പ്രത്യാശയുടെ പ്രഭാതനക്ഷത്രം

ഴ്ചയുടെ ആദ്യദിവസം അതിരാവിലെതന്നെ അവള്‍ കല്ലറയിങ്കലേക്കു പോകാന്‍ തയ്യാറായി. പതിവില്ലാത്ത ഒരു പ്രസരിപ്പും ആന്തരികോന്മേഷവും അവള്‍ക്ക് അനുഭവപ്പെട്ടു. ആ പ്രഭാതത്തിന് എന്തോ ഒരു പ്രത്യേക പ്രശാന്തതയുള്ളതുപോലെ. അതുകൊണ്ടുതന്നെയായിരിക്കണം കഴിഞ്ഞ ദിനരാത്രങ്ങളിലെ ഹൃദയഭേദകമായ സംഭവങ്ങളും അവയോരോന്നും മനസ്സിനേല്പിച്ച മുറിവുകളും ഒരുവേള അവള്‍ മറന്നുപോയത്. എങ്കിലും, ആ കണ്ണുകള്‍ കലങ്ങിയിരുന്നു. കരളിന്റെ കഠിനനോവുകള്‍ മിഴിയോരങ്ങളെ കണ്ണീരലകൊണ്ട് ഇടയ്ക്കിടെ ഈറനണിയിച്ചു. തലേന്നാള്‍ തങ്ങള്‍ കുറെപ്പേര്‍ ചേര്‍ന്ന് ഒരുക്കിവച്ചിരുന്ന സുഗന്ധതൈലക്കൂട്ടുകള്‍ രണ്ടുമൂന്നു പാത്രങ്ങളിലായി അവള്‍ പകര്‍ന്നെടുത്തു. അപ്പോള്‍ വീടിനുള്ളിലാകെ പരിമളം പരന്നു. പാതിതുറന്നുന്നുകിടന്ന ജനാലയിലൂടെ വഴുതിവന്ന തണുത്ത കാറ്റില്‍ അവളുടെ ഓര്‍മകള്‍ പാതിയിരുണ്ടുപോയ തന്റെ ഭൂതകാലത്തിലേക്ക് ഒരുവേള പറന്നുപോയി. സമാനമായ ഒരു സുഗന്ധാനുഭവം തനിക്കു സമ്മാനിച്ച ഒരു സുദിനത്തിന്റെ മോഹനസ്മരണകളില്‍ അവള്‍ അല്പനേരം മുഴുകിനിന്നു. ജീവിതത്തിന്റെ പകുതിയോളം പൈശാചികശക്തികള്‍ക്ക് അടിമയായിരുന്നുന്നുതാന്‍. മനസ്സിനു സ്ഥിരതയും ശരീരത്തിനുനു നിയന്ത്രണവും നഷ്ടപ്പെട്ടിരുന്ന നാളുകള്‍. ആയതിനാല്‍, മഹാരോഗിണിയും പലപ്പോഴും ബന്ധനസ്ഥയുമായിരുന്നു. പൂട്ടിയിട്ട മുറിക്കുള്ളില്‍ അന്ധകാരവും ഏകാന്തതയുമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. തന്നെ എല്ലാവര്‍ക്കും ഭയമായിരുന്നു. ബാല്യത്തിന്റെ നൈര്‍മല്യവും യുവത്വത്തിന്റെ ശാലീനതയും പുലരിമഞ്ഞുപോലെ പണ്ടേ മാഞ്ഞുപോയിരുന്നു. തന്റെ ശരീരമാകുന്ന ശവകുടീരത്തിനുള്ളില്‍ ഏഴു പിശാചുക്കളുടെ കൂട്ടുകുടുംബമായിരുന്നു സുഖവാസം ചെയ്തിരുന്നത്. 
തീര്‍ത്തും വിരൂപയായി മാറിയ തന്നെ തനിക്കുപോലും വെറുപ്പും പേടിയുമായിരുന്നു. അങ്ങനെ നീറുന്ന നിരാശയില്‍ കഴിഞ്ഞിരുന്ന നാളുകളിലൊന്നിലാണ് തേജോമയനായ ആ ദൈവികമനുഷ്യന്റെ പക്കലേക്ക് അവര്‍ തന്നെ കൊണ്ടുപോയത്. തളിരിട്ടുനിന്ന ഒരു അത്തിമരത്തണലില്‍ ഇരിക്കുകയായിരുന്നുന്നു അവന്‍. കൂട്ടിനു കുറെപ്പേരും. ഏതോ ഒരദൃശ്യശക്തി അവന്റെ അടുക്കലേക്ക് പോകുന്നതില്‍നിന്നു തന്നെ പിന്നിലേക്കു വലിക്കുന്നതുപോലെ തോന്നി. എന്നാല്‍, തന്റെ കൂടെയുണ്ടായിരുന്നവര്‍ കൂടുതല്‍ ബലിഷ്ഠരായിരുന്നു. ആ ദിവ്യന്റെ പാദാന്തികത്തില്‍ അവര്‍ തന്നെ സമര്‍പ്പിച്ചു. മുഖമുയര്‍ത്തി അവനെ ആദ്യമായി നോക്കിയമാത്രയില്‍ത്തന്നെ താന്‍ അത്യധികം ഭയപ്പെട്ടു. അലറിക്കരഞ്ഞു കുതറിയോടാന്‍ ശ്രമിച്ചു. പക്ഷേ, ഫലമുണ്ടായില്ല. ഉള്ളില്‍ ഉറഞ്ഞുകൂടിയിരുന്ന ഉഗ്രശക്തി ഉടലിനെയാകെ ഉടച്ചുകളഞ്ഞ പ്രതീതി. പൈശാചികതയുടെ പെരുങ്കാറ്റില്‍ പിഴുതെറിയപ്പെട്ട അനുഭവം. മസ്തിഷ്‌കം മരവിച്ചു. നാഡീവ്യൂഹങ്ങള്‍ വലിഞ്ഞുമുറുകി. കെണിയിലകപ്പെട്ട കുരുവിയെപ്പോലെ യാചനാഭാവത്തില്‍ അവന്റെ നയനങ്ങളിലേക്കു നോക്കി. നക്ഷത്രങ്ങളെപ്പോലെ തിളങ്ങിനിന്ന അവ രണ്ടും അനുകമ്പയാല്‍ ആര്‍ദ്രമാകുന്നത് താന്‍ കണ്ടു. കരങ്ങള്‍ നീട്ടി അവന്‍ തന്നെ താങ്ങി എഴുന്നേല്പിച്ചതോര്‍ക്കുന്നു. പിന്നീടൊരുരു നീണ്ട നിശ്ശബ്ദത. അതുവരെ തനിക്ക് അന്യമായിരുന്ന സ്വസ്ഥതയും സൗഖ്യവും തിരികെയെത്തി. വിലങ്ങുകളുടെ തടവറയില്‍നിന്നു വിടുതലിന്റെ തീരങ്ങളില്‍ താന്‍ വീണ്ടും ജനിക്കുകയായിരുന്നു. അപ്പോള്‍ അഭൗമമായ ഒരു സുഗന്ധം അവിടമാകെ നിറഞ്ഞുനിന്നിരുന്നു. അന്നുമുതല്‍ ആ സൗഖ്യദായകനെ ആത്മനാ താനും അനുഗമിച്ചു. അവനും ശിഷ്യഗണത്തിനും കഴിവിനൊത്ത സഹായങ്ങള്‍ ചെയ്തുകൊടുത്തു. അവന്റെ ദിവ്യവചസ്സുകള്‍ ആര്‍ത്തിയോടെ കേട്ടു. അദ്ഭുതകൃത്യങ്ങള്‍ക്കു സാക്ഷിയായി. അങ്ങനെ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നാല്‍, കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായ അനിഷ്ടസംഭവങ്ങളുടെ ഉരുള്‍പൊട്ടലില്‍ സ്വപ്നങ്ങളെല്ലാം തലകീഴായി ഒഴുകിയൊലിച്ചുപോയി. ശിഷ്യരിലൊരുവന്‍ വെറും മുപ്പതുവെള്ളിത്തുട്ടുകള്‍ക്ക് അവനെ ഒറ്റിക്കൊടുത്തു. ശേഷിച്ചവര്‍ പ്രാണരക്ഷാര്‍ഥം എവിടെയൊക്കെയോ ഓടിയൊളിച്ചു. ഒടുവില്‍ നിര്‍മലനായ അവന്‍ കുരിശുമരണത്തിനു വിധിക്കപ്പെട്ടു. കഴുമരം ചുമലില്‍ കെട്ടിവച്ച്, അടിച്ചും മുഖത്തുതുപ്പിയും കാല്‍വരിയുടെ നിറുകവരെ അവര്‍ അവനെ നടത്തിച്ചു. അവിടെ മൂന്നാണികളില്‍ തൂങ്ങി അവന്‍ മരിച്ചനേരം ആ കുരിശിന്റെ കാല്ക്കല്‍ താനും വിലപിച്ചുകൊണ്ടുനിന്നിരുന്നു. പിന്നീട്, ജോസഫ് എന്നു പേരുള്ള അരിമത്തിയാക്കാരന്റെ ഔദാര്യത്തില്‍ ഒരു പുതിയ കല്ലറയില്‍ തങ്ങള്‍ ആ ത്യാഗത്തിടമ്പിനെ അടക്കി. അതിന്റെ കവാടം ഒരുരു കല്ലുരുട്ടിവച്ചു മൂടുകയും ചെയ്തു.
പെട്ടെന്നുണ്ടായ ഒരു ഇടിമിന്നലിന്റെ മുഴക്കം ഓര്‍മകളില്‍നിന്ന് അവളെ തിരികെ കൊണ്ടുവന്നു. ആ പുണ്യപുരുഷന്‍ മരിച്ചതിന്റെ മൂന്നാം പക്കമാണിന്ന്. അവന്റെ ശവകുടീരത്തിങ്കലേക്കു പോകണം. പരിമളതൈലങ്ങള്‍ നിറച്ച പാത്രങ്ങളുമെടുത്ത്, വീടിന്റെ വാതില്‍ ചാരിയിട്ട് അവള്‍ തിടുക്കത്തില്‍ നടന്നു. പുലര്‍ച്ചയായിട്ടും അന്തരീക്ഷം ഇരുളു പുതച്ചുകിടന്നു. കോടമഞ്ഞിന്റെ സൂചിക്കുത്തുകള്‍ക്കോ ശീതക്കാറ്റിന്റെ കാണാക്കരങ്ങള്‍ക്കോ നടവഴിയിലെ കല്‍ച്ചീളുകള്‍ക്കോ അവളുടെ പദചലനങ്ങളെ തടയാനായില്ല. കല്ലറയുടെ മുമ്പിലെത്തിയപ്പോള്‍ അതിന്റെ മൂടി മാറ്റപ്പെട്ടിരിക്കുന്നതായി അവള്‍ കണ്ടു. വിശ്വസിക്കാനായില്ല. ചുറ്റും കണ്ണോടിച്ചു. ഇല്ല, ആരുമില്ല. അസാധാരണമായതെന്തോ സംഭവിച്ചപോലെ അവള്‍ അതിവേഗം തിരികെയോടി. 'കര്‍ത്താവിനെ ആരോ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നുവെന്ന് അവന്റെ ശിഷ്യരെ അറിയിച്ചു. വാര്‍ത്ത കേട്ടമാത്രയില്‍ അവരും അവളോടൊപ്പം അവിടേക്കു തിരിച്ചു. അവര്‍ കല്ലറയ്ക്കുള്ളില്‍ കടന്ന് അതിലെ ശൂന്യതയും മടക്കിവയ്ക്കപ്പെട്ടിരുന്ന കച്ചകളും കണ്ടു. എങ്കിലും, നടന്നതൊന്നും ഗ്രഹിക്കാന്‍ കഴിയാതെ മടങ്ങിപ്പോയി. എന്നാല്‍, അവള്‍മാത്രം അവിടെത്തന്നെ നിന്നു. തന്റെ ഗുരുവിനെ വിട്ട് അവളെവിടെപ്പോകാന്‍? ഒരുവട്ടംകൂടിയെങ്കിലും അവന്റെ ദിവ്യദേഹം ഒരുനോക്കുക്കുകാണാന്‍ അവള്‍ കൊതിച്ചു. കല്ലറയ്ക്കു വെളിയിലെ കല്ലുകളിലൊന്നിന്മേല്‍ കരഞ്ഞുകൊണ്ട് അവള്‍ തലകുമ്പിട്ടിരുന്നു. അപ്പോള്‍ പ്രത്യാശയുടെ ഒരു  പുലരിക്കതിര്‍ അവളെ ആവരണം ചെയ്തു. 
അവള്‍ കുനിഞ്ഞു കല്ലറയ്ക്കുള്ളിലേക്കു നോക്കി. ഗുരുവിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന സ്ഥലത്ത് ശുഭ്രവസ്ത്രധാരികളായ രണ്ടുപേര്‍ ഇരിക്കുന്നതു കണ്ടു. അവള്‍ തന്റെ മനോവ്യഥ അവരെ അറിയിച്ചെങ്കിലും അവര്‍ നിശ്ശബ്ദരായിരുന്നു. തന്റെ നനഞ്ഞ നയനങ്ങള്‍ കൈത്തൂവാലകൊണ്ടു തുടച്ചിട്ട് അവള്‍ പിന്തിരിഞ്ഞുനോക്കിയപ്പോള്‍ ഒരുരുആള്‍രൂപത്തെ കണ്ടു. തന്റെ സങ്കടകാരണം ആരാഞ്ഞ അയാളെ മനസ്സിലാകാതെ അവള്‍ ചോദിച്ചു: ''എന്റെ ഗുരുവിനെ അങ്ങ് എവിടെയാണ് ഒളിപ്പിച്ചുവച്ചിരിക്കുന്നത്?'' (യോഹ. 20:15). പെട്ടെന്ന്, 'മറിയം' എന്നുള്ള അവന്റെ നേര്‍ത്ത വിളിയില്‍ അവള്‍ തന്റെ ഗുരുവിനെ തിരിച്ചറിഞ്ഞു. അപ്പോള്‍ അലതല്ലിയുയര്‍ന്ന ആഹ്ലാദം അടക്കാനാവാതെ അവള്‍ വിളിച്ചു: 'റബ്‌ബോനി' - ഗുരു എന്നര്‍ഥം. അവളുടെ മിഴിയിണകള്‍ അണപൊട്ടിയൊഴുകി. ഉത്ഥിതനെ ആദ്യം ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ച സന്തോഷത്തില്‍ മതിമറന്ന് ഉയിര്‍പ്പിന്റെ സദ്വാര്‍ത്ത ശിഷ്യഗണത്തെയും അറിയിക്കാന്‍ അവള്‍ അവരുടെ അടുത്തേക്ക് ഓടി...
കദനങ്ങളുടെ കനലുകളെരിഞ്ഞ പെസഹാസന്ധ്യയും പീഡനങ്ങളുടെ പാരമ്യത്തില്‍ ഒരു നീതിമാന്റെ നിണജലങ്ങളാല്‍ മണ്ണിന്റെ മാറു കുതിര്‍ന്ന ദുഃഖവെള്ളിയും പിന്നിട്ട് ഉയിര്‍പ്പുഞായര്‍ ഉദയം ചെയ്യുകയായി! പുണ്യങ്ങള്‍ പൂത്തുവിരിയുന്ന ഈ പ്രഭാതത്തിന്റെ വര്‍ണവീചികള്‍ ഒരിക്കല്‍ക്കൂടി നമ്മുടെയൊക്കെ വീട്ടുമുറ്റത്ത് വിരുന്നുവരികയായി. സമാധാനത്തിന്റെ സന്ദേശവുമായി സര്‍വനാഥന്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഉത്സവത്തിമിര്‍പ്പിലാണ് സൃഷ്ടപ്രപഞ്ചം. ഒഴുകുന്ന മിഴിയോരങ്ങളില്‍ സാന്ത്വനത്തിന്റെ കുളിര്‍ക്കാറ്റായി, മുറിഞ്ഞ മനസ്സുകളില്‍ കനിവിന്റെ കുഴമ്പായി, തകര്‍ന്ന ഹൃദയങ്ങളില്‍ ശാന്തിയുടെ ശരറാന്തലായി, വ്യാധികളാല്‍ വേദനിച്ചുകഴിയുന്ന ശരീരങ്ങള്‍ക്ക് സൗഖ്യത്തിന്റെ മൃദുതലോടലായി സത്യനായകന്‍ സമാഗതനാവുകയാണ്. മൃതിയുടെ മേല്‌ക്കോയ്മയെ വിരലിലെണ്ണാവുന്ന വിനാഴികകളില്‍മാത്രം ഒതുക്കിക്കൊണ്ട് ഇതാ, പുനരുത്ഥാനത്തിന്റെ വിജയഭേരി മുഴങ്ങുകയായി. ഇവ അനുഗ്രഹങ്ങളുടെ നിമിഷങ്ങളാണ്. ഇന്നിന്റെ കൃപകളെ നമുക്കു കരങ്ങള്‍ നീട്ടി സ്വീകരിക്കാം. ഗത്‌സെമനും കാല്‍വരിയുമൊക്കെ നമ്മുടെ ജനിമൃതികള്‍ക്കിടയില്‍ത്തന്നെയുണ്ട്. ദുഃഖവെള്ളികള്‍ മനുഷ്യായുസ്സിന്റെ അവിഭാജ്യഘടകങ്ങളാണ്. നിരാശയുടെ നിഴല്‍ വീണ, ചതിയുടെ കരിമ്പടം പുതച്ച ഗത്‌സെമനികള്‍ നിത്യയാഥാര്‍ഥ്യങ്ങളായെന്നുവരാം. മനസ്സില്‍ നിനയ്ക്കുകപോലും ചെയ്യാത്ത കുറ്റാരോപണങ്ങളും നിന്ദനങ്ങളും നിറഞ്ഞ കുരിശിന്റെ വഴികള്‍ വാഴ്‌വിലുണ്ടാകാം. അവയുടെയൊക്കെ നൊമ്പരത്തിരമാലകളില്‍ നമ്മുടെ ജീവിതനൗകകള്‍ ആടിയുലഞ്ഞെന്നുവരാം. അത്തരം അവസരങ്ങളില്‍ അറിഞ്ഞോ അല്ലാതെയോ വിശ്വാസവും വിലയുള്ള മൂല്യങ്ങളും വലിച്ചെറിഞ്ഞ് വിമോചനത്തിനായി നിലവിളിച്ചേക്കാം. ആത്യന്തികമായ രക്ഷയുടെയും ശാശ്വതമായ ജീവന്റെയും ഉറവിടമായ ദൈവത്തെ മറന്നുപോയേക്കാം. അപ്പോഴൊക്കെ ഓര്‍ക്കണം: കരുണയുടെ കരസ്പര്‍ശവുമായി ഉത്ഥിതന്‍ അരികിലുണ്ട് (സങ്കീ.145:18). ജീവിതസുകൃതങ്ങളുടെ സുഗന്ധച്ചെപ്പുമായി ഈ ഉയിര്‍പ്പുഞായറില്‍ അവന്റെ സന്നിധിയണയാം. നമ്മുടെ അനുദിനജീവിതത്തിലെ മോഹഭംഗങ്ങളുടെയും ദുഃഖദുരിതങ്ങളുടെയുമൊക്കെ കല്‍ക്കുടീരത്തിന്റെ മൂടി ഉരുട്ടിനീക്കി വാതില്ക്കല്‍ അവന്‍ കാത്തിരിപ്പുണ്ട്, നമ്മെ പേരുചൊല്ലി വിളിക്കാന്‍. ആ മധുരസ്വരത്തിനു കാതോര്‍ക്കാം. വിശ്വാസത്തിന്റെ നേത്രങ്ങളാല്‍ അവനെ തിരിച്ചറിയാം. 
പ്രയാസങ്ങളുടെ പ്രദോഷങ്ങളില്‍ നഷ്ടപ്പെട്ട തിരുനാഥനെ പ്രത്യാശയുടെ പ്രഭാതങ്ങളില്‍ തേടിക്കണ്ടെത്താം.നമ്മുടെ ഏക ഗുരുവും നാഥനുമായി അവനെ ഏറ്റുപറയാം. ഉരുണ്ടുമാറാത്ത കല്ലുകളൊന്നും ഉത്ഥിതന്റെ മുമ്പിലില്ല. അവന്റെ സമ്മാനമായ സുസ്ഥിരസമാധാനം (ലൂക്കാ 24:36) നമ്മുടെ വരുംനാളുകളെ സൗഭാഗ്യസമൃദ്ധമാക്കും. അവന്റെ കരിഞ്ഞുണങ്ങിയ പഞ്ചക്ഷതപ്പാടുകള്‍ നമ്മുടെ സഹനങ്ങളുടെയും വേദനകളുടെയും അന്തിമവിജയമാണ് ഉറപ്പുനല്കുന്നത്. ദൈവമേ, എനിക്കൊത്തിരി പ്രശ്‌നങ്ങളുണ്ട് എന്നുന്നുപറഞ്ഞു പ്രലപിച്ചു കഴിയുന്നതിനു പകരം'പ്രശ്‌നങ്ങളേ, എനിക്കൊരു ദൈവമുണ്ട്'എന്നു പറഞ്ഞ് പ്രത്യാശയോടെ അവയെ പരിഹരിച്ചു  മുന്നേറാന്‍ മഗ്ദലേനാക്കാരിയുടെ മാതൃക നമുക്കു പ്രതിനിമിഷം പ്രചോദനമേകട്ടെ. നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇപ്പോഴുള്ള കഷ്ടതകള്‍ തുലോം നിസ്സാരങ്ങളാണെന്ന ബോധ്യത്തില്‍ (റോമാ 8:18) ദിനംതോറും വളരാം. അന്തഃരംഗങ്ങളില്‍ ഇനിയും അവശേഷിക്കുന്ന ആകുലതകളുടെയും ആശങ്കകളുടെയും അലയാഴിപ്പരപ്പിലൂടെ അവന്‍ നടന്നുവന്ന് താണുപോകുന്ന നമ്മെ താങ്ങിയുയര്‍ത്തുകതന്നെ ചെയ്യും. അപ്രകാരമുള്ള അനുഭവം സ്വന്തമാക്കുന്നവര്‍ക്കാണ് ഉലയാത്ത വിശ്വാസത്തിന്റെയും ഉടയാത്ത പ്രത്യാശയുടെയും ആഘോഷമായി ഉയിര്‍പ്പുതിരുനാള്‍ മാറുന്നത്. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)