•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ദേവ്ദത്തിലൂടെ ടെസ്റ്റില്‍ വീണ്ടും മലയാളിസാന്നിധ്യം

2024 മാര്‍ച്ച് ഏഴ്  വ്യാഴം. ധരംശാലയില്‍ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ദേവ്ദത്ത് പടിക്കല്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ കേരളത്തില്‍ വേരുകളുള്ള ഒരാള്‍കൂടി ടെസ്റ്റ് ക്യാപ് അണിഞ്ഞു എന്നു രേഖപ്പെടുത്താനായി. ദേവ്ദത്തിന്റെ അച്ഛന്‍ ബാബുനു കുന്നത്ത് പാലക്കാട് ചിറ്റൂര്‍ സ്വദേശിയും അമ്മ അമ്പിളി എടപ്പാളുകാരിയുമാണ്. ടെസ്റ്റിന്റെ ആദ്യദിവസം രാവിലെ അശ്വിന്റെ കൈയില്‍നിന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ് സ്വീകരിച്ചപ്പോള്‍ ദേവ്ദത്തിനു പ്രായം 23. ആദ്യദിനം രണ്ടു ക്യാച്ച് എടുത്തു സാന്നിധ്യമറിയിച്ചു.
വെള്ളിയാഴ്ച ദേവ്ദത്ത് ക്രീസില്‍ ഇറങ്ങി. ബൗണ്ടറിയോടെ ഇന്നിംഗ്‌സിനു തുടക്കം. സിക്‌സര്‍ അടിച്ച് അര്‍ധസെഞ്ചുറി തികച്ചു. ഒടുവില്‍ 103 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 65 റണ്‍സ് എന്ന മികച്ച സ്‌കോറോടെ മടക്കം. ദേവ്ദത്തിന്റെ അമ്മയുടെ വീടാണ് പടിക്കല്‍. നാലു വയസുവരെ കേരളത്തില്‍ വളര്‍ന്ന ദേവ്ദത്ത് അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെത്തി. പിന്നീട് ബംഗളൂരുവിലേക്കു മാറി.
ബംഗളൂരുവിലെ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റില്‍ പരിശീലനം നേടിയ ദേവ്ദത്ത് പടിക്കല്‍ 2021 ല്‍ ശ്രീലങ്കന്‍പര്യടനത്തില്‍ ഇന്ത്യന്‍ ടീമിലെത്തി. ഒന്നാംനിരതാരങ്ങള്‍ പലരും ഇല്ലാത്ത ടീമായിരുന്നു അത്. കോവിഡും തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയതോടെ മുന്നോട്ടുള്ള യാത്ര എളുപ്പമല്ലായിരുന്നു. ഈ സീസണില്‍ കര്‍ണാടകയ്ക്കായി രഞ്ജി ട്രോഫിയില്‍ നേടിയ 556 റണ്‍സും ഈ വര്‍ഷാദ്യം ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യന്‍ 'എ' ടീമിനായി ഒരു സെഞ്ചുറി ഉള്‍പ്പെടെ നേടിയ 191 റണ്‍സും തിരിച്ചുവരവിനു വഴിയൊരുക്കി.
രജത് പഠിധര്‍ക്കു സുഖമില്ലാതെ വന്നതോടെയാണ് ദേവ്ദത്തിന് ടെസ്റ്റ് ക്യാപ് ഒരുങ്ങിയത്.   തലേദിവസംമാത്രമാണ്, ഏതു ക്രിക്കറ്റ് കളിക്കാരന്റെയും സ്വപ്നമായ ടെസ്റ്റ് ക്യാപ് തന്നെ കാത്തിരിക്കുന്ന വിവരം ദേവ്ദത്ത് അറിഞ്ഞത്. ഈ ഇടംകൈയന്‍ ബാറ്റര്‍ക്ക് തുടക്കത്തില്‍ പതറാതെ കളിക്കാനായത് അനുഗ്രഹമായി. തന്റെ അരങ്ങേറ്റടെസ്റ്റില്‍ രാജ്യം വിജയിച്ചപ്പോള്‍ സന്തോഷം ഇരട്ടിയായിരിക്കണം. 
ഒരു മലയാളിതാരം ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത് 1955 ലാണ്. കോഴിക്കോടു സ്വദേശി വി.എന്‍. സ്വാമി ആ വര്‍ഷം ഹൈദരാബാദില്‍ ന്യൂസിലന്‍ഡിനെതിരേ കളിച്ചു. കോഴിക്കോടുസ്വദേശിയായ ഈ പെയ്‌സ് ബൗളര്‍ പക്ഷേ, ഇന്ത്യന്‍ ടീമിലെത്തിയത് സര്‍വീസസിന്റെ ബാനറിലാണ്. പിന്നീട് 1997 ല്‍ കിങ്സ്റ്റണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ടെസ്റ്റ് ക്യാപ് അണിഞ്ഞ അബി കുരുവിളയാണ് മലയാളിസാന്നിധ്യമായത്. മാന്നാര്‍ സ്വദേശിയായ അബി വളര്‍ന്നതും കളിച്ചതും മുംബൈയിലാണ്. 
കേരളത്തില്‍ ജനിച്ചുവളര്‍ന്ന രണ്ടുപേര്‍ മാത്രമാണ് ടെസ്റ്റ് ക്യാപ് അണിഞ്ഞത്. ടിനു യോഹന്നാനും എസ്. ശ്രീശാന്തും. ഒളിമ്പ്യന്‍ ടിസി യോഹന്നാന്റെ പുത്രന്‍ ടിനു 2001 ല്‍ മൊഹാസിയില്‍ ഇംഗ്ലണ്ടിനെതിരേ അരങ്ങേറി. ശ്രീശാന്ത് ആദ്യം ടെസ്റ്റ് കളിച്ചത് 2006 ല്‍ നാഗ്പൂരില്‍ ഇംഗ്‌ളണ്ടിനെതിരേയാണ്. ഇരുവരും പെയ്‌സ് ബൗളര്‍മാരാണ്. ടിനുവിന്റെയും ശ്രീശാന്തിന്റെയും  ടെസ്റ്റ് ക്യാപ് കേരളത്തില്‍ പുതിയൊരു താരനിര സൃഷ്ടിക്കാന്‍ വഴിയൊരുക്കി. പക്ഷേ, ആര്‍ക്കും ഒരു പരിധിക്കപ്പുറം വളരാന്‍ സാധിച്ചില്ല. വിക്കറ്റ് കീപ്പര്‍ - ബാറ്ററായ സഞ്ജു സാംസണ്‍ പലതവണ ഏകദിനത്തിലും ട്വന്റി 20 യിലും ഇന്ത്യയ്ക്കുവേണ്ടി കളിച്ചെങ്കിലും ടെസ്റ്റ് ക്യാപ്പിനായി കാത്തിരിപ്പു തുടരുകയാണ്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ യഥാര്‍ഥ കേരളസാന്നിധ്യം ഇല്ലാതെപോയപ്പോഴൊക്കെ നമ്മള്‍ പല കളിക്കാരുടെയും കേരളത്തിലെ വേരുകള്‍ തേടി ആശ്വസിച്ചു. അനില്‍ കുംബ്ലെയുടെ അച്ഛന്‍ കൃഷ്ണസ്വാമി കുമ്പളക്കാരനാണ്. അജയ് ജഡേജയുടെ അമ്മ ഷാന്‍ ആലപ്പുഴക്കാരിയാണ്. റോബിന്‍ ഉത്തപ്പയുടെ അമ്മ റോസിയുടെ വീട് കോഴിക്കോട്ടാണ് എന്നൊക്കെ നമ്മള്‍ കണ്ടെത്തി ആഹ്ലാദം കൊണ്ടു. പുതിയ തലമുറയില്‍ ശ്രേയസ് അയ്യരുടെ തൃശൂര്‍ബന്ധവും കരുണ്‍ നായരുടെ ചെങ്ങന്നൂര്‍ബന്ധവും തേടി. ശ്രേയസ് മുംബൈയ്ക്കും കരുണ്‍ വിദര്‍ഭയ്ക്കും കര്‍ണാടകയ്ക്കുംവേണ്ടി കളിച്ചാണു വളര്‍ന്നത്.
വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ പണ്ടു നമ്മള്‍ സൂസന്‍ ഇട്ടിച്ചെറിയയുടെ നിരണത്തെ കുടുംബത്തെയും സുധാ ഷായുടെ കണ്ണൂരിലെ ബന്ധങ്ങളും കണ്ടെത്തി. ഇരുവരും വളര്‍ന്നത് ചെന്നെയിലാണെന്നുമാത്രമല്ല, രണ്ടു പേര്‍ക്കും മലയാളവും വശമില്ല.
ഇതിനിടെ ടെസ്റ്റില്‍ കളിക്കാന്‍ കഴിയാതെപോയ ഡല്‍ഹിയുടെ സുനില്‍ വാല്‍സനും, കെ.പി. ഭാസ്‌കറും വേറേ. ടിനുവും സഞ്ജുവും ഒഴികെ കേരളത്തില്‍ വളര്‍ന്നവരാരും ടെസ്റ്റ് ക്യാപ് അണിയാന്‍ ഇതിനിടെ യോഗ്യരല്ലായിരുന്നു എന്നു പറയുന്നതില്‍ അര്‍ഥമില്ല. നമ്മുടെ ലെഗ് സ്പിന്നര്‍ കെ.എന്‍. അനന്തപത്മനാഭന്‍ നിര്‍ഭാഗ്യംകൊണ്ടുമാത്രം, അതിലുപരി അനില്‍ കുംബ്‌ളെ സ്ഥിരസാന്നിധ്യം ആയതുകൊണ്ടുതന്നെ അവസരം കിട്ടാതെപോയ നിര്‍ഭാഗ്യവാനാണ്.
ദേവ്ദത്ത് പടിക്കലിന്റെ ടെസ്റ്റ് അരങ്ങേറ്റം കേരളത്തില്‍ പുത്തന്‍ ഉണര്‍വുണ്ടാക്കണമെന്നില്ല. കാരണം, നമ്മുടെ കൗമാര, യുവതാരങ്ങള്‍ ഇന്ത്യന്‍ ക്യാപ് സ്വപ്നത്തില്‍ സൂക്ഷിക്കുമെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കഴിഞ്ഞാല്‍ സംതൃപ്തരാണ്. ലക്ഷങ്ങളുടെയും കോടികളുടെയും നേട്ടത്തിനായി ടെസ്റ്റില്‍ എത്താന്‍വേണ്ട അധ്വാനമൊന്നുംവേണ്ടാ അതുതന്നെ കാരണം. നാളെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)