ശാസ്ത്ര-സാങ്കേതികരംഗത്ത് ആധുനിക ഇന്ത്യ കണ്ട ഒരു മഹാപ്രതിഭാസമായിരുന്നു ഡോ. എം. വിശ്വേശ്വരയ്യ. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലെ മുദ്ദേനിഹല്ലി ഗ്രാമത്തില്‍ മോക്ഷഗുണ്ടത്തില്‍ ശ്രീനിവാസശാസ്ത്രിയുടെയും വെങ്കച്ചമ്മയുടെയും മകനായി 1860 സെപ്റ്റംബര്‍ 15 നായിരുന്നു ജനനം. ഗാന്ധിജിയെക്കാള്‍ ഒന്‍പതു വയസ്സിനു മൂപ്പ്. വിദ്യാഭ്യാസം ചിക്കബല്ലപ്പൂരും ഉന്നതവിദ്യാഭ്യാസം ബാംഗ്ലൂരിലും നിര്‍വ്വഹിച്ചു. മട്രിക്കുലേഷന്‍ പരീക്ഷയില്‍ മൈസൂര്‍ സംസ്ഥാനത്ത് ഒന്നാം റാങ്കു നേടി. ബാംഗ്ലൂര്‍ സെന്‍ട്രല്‍ കോളജില്‍നിന്ന് ബി.എ.യും 1883 ല്‍ പൂനെ സയന്‍സ് കോളജില്‍നിന്ന് എന്‍ജിനീയറിംഗില്‍ റാങ്കോടെ ഡിഗ്രിയും. 1884 ല്‍ ബോംബെ പ്രവിശ്യയില്‍ പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചു. ഏദനില്‍ കുടിവെള്ളപദ്ധതിക്കുള്ള പ്ലാന്‍ രൂപകല്പന ചെയ്ത് ശ്രദ്ധ നേടിയശേഷം ഹൈദരാബാദില്‍ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ മൂസി-നിയാസി നദികളില്‍ അണക്കെട്ടു നിര്‍മ്മിച്ചു. മൈസൂര്‍ മഹാരാജാവായിരുന്ന ശ്രീകൃഷ്ണരാജ വോഡയാര്‍ നാലാമന്‍ 1909 ല്‍ അദ്ദേഹത്തെ മൈസൂര്‍ സംസ്ഥാനത്ത് ചീഫ് എന്‍ജിനീയര്‍ പദവിയില്‍ നിയമിച്ചു.
മൈസൂരിലെ കൃഷ്ണരാജസാഗര്‍ അണക്കെട്ടും ഭടല്‍ ഹാര്‍ബറും ബാംഗ്ലൂര്‍-മൈസൂര്‍ റയില്‍ റോഡും ഷിമോഗയില്‍ ശരാവത്തി ഹൈഡ്രോ-ഇലക്ട്രിക് പ്രോജക്ടും എല്ലാം ഡോ. വിശ്വേശ്വരയ്യയുടെ പ്രയത്‌നഫലമായി ഉയര്‍ന്നുവന്നവയാണ്. 1913 ല്‍ മൈസൂര്‍ ബാങ്ക് (പിന്നീടത് സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ ആയി) സ്ഥാപിച്ച അദ്ദേഹം തന്നെയാണ് പിന്നീട് 1916 ല്‍ മൈസൂര്‍ സര്‍വ്വകലാശാല തുടങ്ങിയതും. 1909 ല്‍ വോളന്ററി റിട്ടയര്‍മെന്റ് എടുത്തതോടെ മൈസൂര്‍ മഹാരാജാവ് വിശ്വേശ്വരയ്യയെ മൈസൂര്‍ ദിവാനായും നിയമിച്ചിരുന്നു. ദിവാനായിരുന്ന കാലത്താണ് മൈസൂര്‍ ബാങ്കും മൈസൂര്‍ യൂണിവേഴ്‌സിറ്റിയും സ്ഥാപിച്ചത്. 1916 ല്‍ മൈസൂര്‍ മഹാറാണി കോളജ് ഡിഗ്രി കോളജായി ഉയര്‍ത്തുകയും പിറ്റേവര്‍ഷം ഗവ.എന്‍ജിനിയറിംഗ് കോളജ് ബാംഗ്ലൂരില്‍ സ്ഥാപിക്കുകയും ചെയ്തു. ഇപ്പോളത് യൂണിവേഴ്‌സിറ്റി വിശ്വേശ്വരയ്യ കോളജ് ഓഫ് എന്‍ജിനീയറിംഗ് എന്നറിയപ്പെടുന്നു.
മൈസൂര്‍ സംസ്ഥാനത്ത് ആദ്യമായി സിവില്‍ സര്‍വ്വീസ് പരീക്ഷ ആരംഭിച്ചതും ഡോ. വിശ്വേശ്വരയ്യ ദിവാനായിരുന്നപ്പോഴാണ്. പുതിയ വഴികളില്‍ ആദ്യം നടക്കുന്നവരെ നാം പലപ്പോഴും ''പയനിയേഴ്‌സ്''-മാര്‍ഗ്ഗദര്‍ശികള്‍ എന്നുപറയും. എന്നാല്‍, യഥാര്‍ത്ഥത്തില്‍ വഴിയില്ലാത്തിടത്തു പുതിയ വഴി വെട്ടി ആ വഴിയേ ആദ്യം നടക്കുന്നവരാണ് ശരിക്കും മാര്‍ഗ്ഗദര്‍ശികളുടെ ഗണത്തില്‍ വരിക. ഡോ. വിശ്വേശ്വരയ്യ എല്ലാ അര്‍ത്ഥത്തിലും ഒരു പയനിയര്‍ ആയിരുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റ് ഡോ. വിശ്വേശ്വരയ്യയ്ക്കു ''സര്‍'' സ്ഥാനം നല്‍കി ആദരിച്ചു. കൊല്‍ക്കത്ത, ബോംബെ, അലഹബാദ്, മൈസൂര്‍ സര്‍വ്വകലാശാലകള്‍ അദ്ദേഹത്തെ ഹോണററി ഡോക്ടറേറ്റ് നല്‍കിയും ബഹുമാനിച്ചു. സത്യസന്ധനായ ഒരു ഭരണാധികാരി എന്നു കീര്‍ത്തികേട്ട ദിവാനായി ചരിത്രം ഡോ. വിശ്വേശ്വരയ്യയെ രേഖപ്പെടുത്തി. അദ്ദേഹം ദിവാനായിരിക്കുമ്പോഴത്തെ ഒരു കഥ ഡോ. സുകുമാര്‍ അഴീക്കോട് ഒരിക്കല്‍ പറഞ്ഞത് നമ്മുടെ കാലത്തെ നേതാക്കളും ഭരണാധികാരികളുമായ മഹാന്മാരെ മനസ്സില്‍ക്കണ്ടുകൊണ്ടാവണം. ഡോ. വിശ്വേശ്വരയ്യ എന്നും വൈകുന്നേരം സെക്രട്ടറിയേറ്റില്‍നിന്നു വീട്ടിലേക്കു പോകുമ്പോള്‍ രാത്രി നോക്കാന്‍ ഫയലുകളും സര്‍ക്കാര്‍ നല്‍കുന്ന മെഴുകുതിരികളും കൊണ്ടുപോയിരുന്നത്രേ. ഫയലുകള്‍ നോക്കുമ്പോള്‍ സര്‍ക്കാര്‍ വക തിരികള്‍ ഉപയോഗിക്കും. അതുകഴിഞ്ഞാണ് പത്രങ്ങളും പുസ്തകങ്ങളുമൊക്കെ വായിക്കുക. അപ്പോള്‍ സര്‍ക്കാര്‍വക തിരികള്‍ കെടുത്തും. എന്നിട്ടു സ്വന്തം പണം കൊടുത്തു വാങ്ങുന്ന തിരികള്‍ കത്തിച്ചുവയ്ക്കും. അതായിരുന്നു ഡോ. വിശ്വേശ്വരയ്യയുടെ നീതിശാസ്ത്രവും ധര്‍മ്മശാസ്ത്രവും!
വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സംശുദ്ധമായ പ്രതിച്ഛായയായിരുന്നു സര്‍ എം.വിശ്വേശ്വരയ്യയ്ക്ക്, നേര്‍വാക്കും നേര്‍ചിന്തയും. അതായിരുന്നു ജീവിതശൈലിയും. പ്രൗഢമായ വസ്ത്രധാരണം. മൈസൂര്‍ ശൈലിയിലുള്ള തലപ്പാവും ശരീരഭാഷയുടെ മോടി കൂട്ടിയതേയുള്ളൂ. നല്ല ഗ്രഹണശേഷിയും ഓര്‍മ്മശക്തിയും വിശ്വേശരയ്യയുടെ സഹജസിദ്ധികളായിരുന്നു. സത്യസന്ധനായിരുന്നതുകൊണ്ടുതന്നെ നിര്‍ഭയനുമായിരുന്നു. കാര്യങ്ങളില്‍ നല്ല കണിശക്കാരനായിരുന്നു ഡോ. വിശ്വേശ്വരയ്യ. സ്വന്തം ഗ്രാമത്തോടും കുടുംബത്തോടും ആഴമായ ആത്മബന്ധം പുലര്‍ത്തിയെന്നതിനുമപ്പുറം രണ്ടിലും അഭിമാനിയുമായിരുന്നു. സൗഹൃദങ്ങളെ എന്നും മനസ്സില്‍ സൂക്ഷിച്ചിരുന്നുവെന്നു മാത്രമല്ല, അവയെ അദ്ദേഹം എന്നും വിലമതിക്കുകയും ചെയ്തിരുന്നു. പദവി വ്യത്യാസങ്ങളില്ലാതെ മനുഷ്യരെ പരിഗണിക്കുന്നതും വിശ്വേശ്വരയ്യയുടെ സവിശേഷതയായിരുന്നു.
ഇന്ത്യയുടെ ഒരു ഭാഗ്യം കഴിഞ്ഞ കാലത്ത്, ഇനി കഴിഞ്ഞ ഒന്നോ രണ്ടോ ഒന്നരയോ നൂറ്റാണ്ടെടുത്താലും, ഇവിടെ സര്‍വ്വമേഖലകളിലും നമുക്ക് താരതമ്യമില്ലാത്ത മഹാപ്രതിഭകള്‍ ഉണ്ടായിരുന്നുവെന്നതാണ്. രാഷ്ട്രീയത്തില്‍ ഗാന്ധിജി, നെഹ്‌റു, നേതാജി തുടങ്ങിയവര്‍. ആധ്യാത്മികരംഗത്ത് വിവേകാനന്ദസ്വാമികളും അരവിന്ദഘോഷും ശ്രീനാരായണഗുരുവും. സാഹിത്യത്തില്‍ മഹാകവി രവീന്ദ്രനാഥ് ടാഗോര്‍, ബങ്കിം ചന്ദ്രചാറ്റര്‍ജി, പ്രേംചന്ദ്, സരോജിനി നായിഡു, മുള്‍ക് രാജ് ആനന്ദ്, അമൃതപ്രീതം മുതലായവര്‍. ശാസ്ത്രരംഗത്ത് സര്‍ സി.വി. രാമന്‍, ഹോമി ഭാഭ എന്നിവര്‍. സംഗീതത്തില്‍ എം.എസ്. സുബ്ബലക്ഷ്മി, ലതാ മങ്കേഷ്‌കര്‍, മുഹമ്മദ് റാഫി, യേശുദാസ് തുടങ്ങിയവര്‍, സിനിമയില്‍ ശ്യാം ബനഗള്‍, സത്യജിത് റേ, രാജ് കപൂര്‍, സായരാബാന്നു, വൈജയന്തിമാല അങ്ങനെ എത്രയോപേര്‍. നൃത്തരംഗത്ത് രുഗ്മിണിദേവി, അരുണ്‍ ഡെയ്ല്‍, മൃണാളിനി സാരാഭായി തുടങ്ങിയവര്‍, വ്യവസായരംഗത്ത് ജെ.ആര്‍.ഡി. ടാറ്റ, ജി.ഡി. ബിര്‍ള, കമല്‍ നയന്‍ ബജാജ്, കിര്‍ലോസ്‌കര്‍ മുതലായവര്‍. സിവില്‍ സര്‍വ്വീസില്‍ ഗിരിജാശങ്കര്‍ വായ്‌പേയി, വി.പി. മേനോന്‍, എന്‍.ആര്‍.പിള്ള, കെ.പി.എസ്. മേനോന്‍ തുടങ്ങിയ ഐ.സി.എസ്. സിംഹങ്ങള്‍, സൈന്യത്തില്‍ ജനറല്‍ കരിയപ്പ, ഫീല്‍ഡ് മാര്‍ഷല്‍ മനേക് ഷാ മുതലായ യുദ്ധവീരന്മാര്‍. ചിത്രകലയില്‍ രാജാ രവിവര്‍മ്മ, എം.എഫ്. ഹുസൈന്‍ മുതലായവര്‍. പത്രപ്രവര്‍ത്തനരംഗത്ത് ചലപ്പതി റാവു, രാമനാഥ് ഗോയങ്ക, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, കുല്‍ദീപ് നയ്യാര്‍ തുടങ്ങിയവരും പാര്‍ലമെന്റില്‍ വിതല്‍ ഭായി പട്ടേല്‍, എസ്. സത്യമൂര്‍ത്തി, ഹിരന്‍ മുഖര്‍ജി, ജി.വി. മവലങ്കര്‍, അനന്തശയനം അയ്യങ്കാര്‍, വയലറ്റ് അല്‍വ, അമ്മു സ്വാമിനാഥന്‍, ആചാര്യകൃപലാനി, മഹാവീര്‍ ത്യാഗി, എ.കെ. ഗോപാലന്‍, എച്ച്.വി. കമ്മത്ത്, നാഥ് പൈ എന്നിങ്ങനെ ജവഹര്‍ലാല്‍ നെഹ്‌റുപോലും കൈകൂപ്പിനിന്നിരുന്ന പ്രതിഭാശാലികളായ പാര്‍ലമെന്റംഗങ്ങള്‍, പതഞ്ജലി ശാസ്ത്രി, ജസ്റ്റീസ് മഹാജന്‍, ജസ്റ്റീസ് സുബ്ബറാവു, ഹിദായത്തുള്ള തുടങ്ങിയ സുപ്രീം കോടതിയിലെ യഥാര്‍ത്ഥ ന്യായമൂര്‍ത്തികള്‍, എം.സി. സെതല്‍വാദ്, ബാരിസ്റ്റര്‍ എം.കെ. നമ്പ്യാര്‍, ഫ്രാങ്ക് ആന്റണി, ശാന്തി ഭൂഷണ്‍, എ.എസ്.ആര്‍. ചാരി, എന്‍.എ. പല്‍ക്കിവാല, കപില്‍ സിബല്‍, ഇപ്പോള്‍ പ്രശാന്ത് ഭൂഷണ്‍.. അഭിഭാഷകപ്രതിഭകളുടെയും ലിസ്റ്റു തീരുന്നില്ല. ഇവര്‍ക്കെല്ലാം ഇടയില്‍ ഇവരെക്കാളെല്ലാം ഉയരത്തിലാണു മൂന്നു തലപ്പാവുകാര്‍ ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ഡോ. എസ്. രാധാകൃഷ്ണന്‍, ഡോ. സി.വി. രാമന്‍, ഡോ. വിശ്വേശ്വരയ്യ എന്നീ മഹാപ്രതിഭകള്‍.
1955 ല്‍ രാഷ്ട്രം ഡോ. വിശ്വേശ്വരയ്യയ്ക്ക് ഭാരതരത്‌ന നല്‍കി ആദരിച്ചു. 1962 ഏപ്രില്‍ 14 നു നൂറ്റിരണ്ടാം വയസ്സിലാണ്. അദ്ദേഹം ലോകത്തെ കടന്നുപോയത്. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബര്‍ 15 രാജ്യം ദേശീയ എന്‍ജിനീയേഴ്‌സ് ഡേ എന്നു പ്രഖ്യാപിച്ചിട്ടുള്ളതും ഡോ. വിശ്വേശ്വരയ്യയുടെ സ്മരണയുടെ ബഹുമാനാര്‍ത്ഥംതന്നെ. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട മഹാപ്രതിഭകളില്‍ ഒന്നാം നിരയില്‍ തന്നെയാണ് ഡോ. മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ സ്ഥാനമെന്നതില്‍ രണ്ടുപക്ഷം ഉണ്ടാവുമെന്നു തോന്നുന്നില്ല. ചരിത്രത്തിന്റെ ദര്‍ബാള്‍ ഹാളില്‍ വിശ്വേശ്വരയ്യയുടെ ഇരിപ്പിടത്തിനൊപ്പം ആരും അവരുടെ കസേര വലിച്ചിട്ടിരിക്കാന്‍ ഇന്നേവരെ ധൈര്യപ്പെട്ടിട്ടുമില്ല.