പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന മിഷേല്‍ കൗണ്‍സലിങ്ങിനായി എത്തിയത് ഏഴംഗകുടുംബത്തോടൊപ്പമാണ്. മുഖം താഴ്ത്തിയിരുന്ന ഈ പെണ്‍കുട്ടി, അവള്‍ക്ക് എന്നോട് ആദ്യം സംസാരിക്കാന്‍ പറ്റുമോ എന്നാരാഞ്ഞു. ഞാന്‍ അനുവദിക്കുകയും ചെയ്തു (സാധാരണമായി കൂടെ വന്നിരിക്കുന്നവരെ കണ്ടതിനുശേഷമാണ് കൗണ്‍സലിങ്ങിനു വിധേയമാക്കേണ്ട വ്യക്തിയെ കാണുക.) എന്തുകൊണ്ടാണ് എന്നെ ആദ്യം കാണാന്‍ ആവശ്യപ്പെട്ടതെന്നു തിരക്കിയപ്പോള്‍ അവള്‍ പറഞ്ഞത്, ''എന്നെക്കുറിച്ച് അവര്‍ പറയുന്ന കുറ്റം മുഴുവന്‍ സാര്‍ കേട്ടാല്‍ എന്റെ യഥാര്‍ഥപ്രശ്‌നം പരിഹരിക്കപ്പെടില്ല'' എന്നാണ്.
ഈ പെണ്‍കുട്ടി പറഞ്ഞത് ഇന്‍സ്റ്റായിലൂടെ പരിചയമുള്ള ഏഴു പേരുമായി സ്‌നേഹബന്ധമുണ്ട് എന്നാണ്. ഇവരുമായി ഫോണ്‍ സെക്‌സിലും ഏര്‍പ്പെടുന്നു. എട്ടാം ക്ലാസുമുതല്‍ ആരംഭിച്ച ബന്ധങ്ങള്‍. ''ഇത്രയും ആള്‍ക്കാരുമായി ഇത്തരത്തിലുള്ള ബന്ധങ്ങള്‍ പുലര്‍ത്തുന്നതില്‍ എനിക്കു ചില സമയത്തു കുറ്റബോധമുണ്ട്. പക്ഷേ, മിക്കപ്പോഴും ഈ ആഗ്രഹത്തെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.'' ഹൈപ്പര്‍ സെക്ഷ്വാലിറ്റി അല്ലെങ്കില്‍ ലൈംഗികതയോടുള്ള അമിതാസക്തി എന്ന ലേബലില്‍ ഈ പെണ്‍കുട്ടിയുടെ പ്രശ്‌നം അറിയപ്പെടുന്നു. ഹൈപ്പര്‍ സെക്ഷ്വാലിറ്റി ഹോര്‍മോണ്‍ വ്യതിയാനങ്ങളാലും മറ്റു മാനസികപ്രശ്‌നങ്ങളാലും ഭയപ്പെടുത്തിയ കഴിഞ്ഞകാലാനുഭവങ്ങളാലുമൊക്കെ ഉണ്ടാകാമെങ്കിലും വ്യക്തിയുടെ ചെറുപ്പകാലവുമായി ഈ പ്രശ്‌നത്തിന് അഭേദ്യമായ ബന്ധമുണ്ട്. മിഷേലിന്റെ കാര്യത്തിലും ഇതു ശരിയായിരുന്നു. ഏഴു വയസ്സുള്ളപ്പോഴും പന്ത്രണ്ടു വയസ്സുള്ളപ്പോഴും ഈ പെണ്‍കുട്ടി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നുവെന്ന് അവള്‍ വെളിപ്പെടുത്തി. ഈ രണ്ടു സംഭവങ്ങളും അവളെക്കാള്‍ മുതിര്‍ന്ന, എന്നാല്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളില്‍നിന്നായിരുന്നു. അത് അവര്‍ ബലാത്കാരമായി ചെയ്തതുമായിരുന്നു. ചെറുപ്പത്തിലേറ്റ ഈ മുറിവുകളുടെ തിക്തഫലമെന്നോണമാണ് ഈ സ്വഭാവ-പെരുമാറ്റവൈകല്യങ്ങള്‍ അവളില്‍ ഉടലെടുത്തത്. ഈ ഒരു പ്രശ്‌നത്തിന്റെ തീവ്രത അളക്കുന്നത്, എത്രമാത്രമാണ് ഒരു വ്യക്തിയുടെ ലൈംഗികമായ അമിതചിന്തകളുടെയും അതു പ്രാവര്‍ത്തികമാക്കാനുള്ള വ്യഗ്രതയുടെയും അളവ് എന്നതനുസരിച്ചാണ്.
മിഷേലിന്റെ മാനസിക സംഘര്‍ഷത്തെ വര്‍ധിപ്പിച്ച ഘടകങ്ങള്‍
തന്റെ ക്ലാസില്‍ പഠിക്കുന്ന, സോഷ്യല്‍മീഡിയയില്‍ പരിചയപ്പെടുന്ന, ചിലപ്പോഴൊക്കെ യാത്രയില്‍ കണ്ടുമുട്ടുന്ന ആരോടും ഇഷ്ടം തോന്നാം എന്നത് അവളുടെ മാനസികാവസ്ഥയെ തകിടംമറിച്ചു. അത്തരമൊരു ഇഷ്ടം പെട്ടെന്ന് ലൈംഗികമായ ഒരു ഉത്തേജനത്തിനു കാരണമാകുമ്പോള്‍, അതിനെ അടക്കിനിര്‍ത്താന്‍ കഴിയാതെവരുമ്പോള്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷം ചില്ലറയല്ലെന്ന് അവളുടെ വാക്കുകള്‍ വ്യക്തമാക്കി. ഇതുമാത്രമല്ല, അവളുടെ വാക്കുകളില്‍ പറഞ്ഞാല്‍, എന്നെ വളയ്ക്കാന്‍ എളുപ്പമാണെന്നാണ് ചേട്ടന്മാരുടെ വിചാരം. അവള്‍ വീണ്ടും തുടര്‍ന്നു: ''എന്റെ ഈ പെരുമാറ്റരീതിയെക്കുറിച്ചു വീട്ടിലും അറിയാം. അവരാകെ തകര്‍ന്നമട്ടാണ്.'' ''ക്ലാസില്‍ കൂട്ടുകാര്‍ ആദ്യമൊക്കെ എന്നെ പുകഴ്ത്തുമായിരുന്നു. നീ കൊള്ളാമല്ലോ! എങ്ങനെ ഇവന്മാരെയൊക്കെ മേയിക്കുന്നു എന്നൊക്കെ പറഞ്ഞിരുന്ന അവര്‍ക്ക് ഇന്ന് എന്നോട് എന്തോ വെറുപ്പാണ്.'' ഇവിടെ വീട്ടുകാരും കൂട്ടുകാരും സമൂഹവും ഒരുപോലെ ഒരു പ്രത്യേക കണ്ണോടെ തന്നെ കാണാനും മുതലെടുക്കാനും തുടങ്ങിയപ്പോള്‍ തനിക്ക് ഒരു കൗണ്‍സലിങ്ങിനു പോകണമെന്നു മിഷേലിനു തോന്നി.
തെറ്റിദ്ധരിക്കപ്പെട്ട പെണ്‍കുട്ടി
സമൂഹത്തിന്റെ കണ്ണില്‍ മിഷേല്‍ ധാര്‍മികതയില്ലാത്ത, മോശം സ്വഭാവത്തിന്റെ ഉടമയാണ്. തനിക്ക് ഒരു കൗണ്‍സലിങ്ങിനു പോകണമെന്നു സ്വമേധയാ തോന്നിയില്ലായിരുന്നുവെങ്കില്‍ കാലക്രമത്തില്‍ ഈ പെണ്‍കുട്ടി ആത്മഹത്യയെ ശരണം പ്രാപിച്ചേനേ! ഈ കുട്ടിക്കു മാനസികമായ ഒരു പ്രശ്‌നമുണ്ടെന്നും അതു ചികിത്സിച്ചു മാറ്റേണ്ടതാണെന്നും ആരും ചിന്തിച്ചില്ല. അത് അവരുടെ തെറ്റുമല്ല. കാരണം, ലൈംഗികതയെക്കുറിച്ചോ ലൈംഗികവ്യതിയാനങ്ങളെക്കുറിച്ചോ സംസാരിക്കുന്ന, പഠിക്കുന്ന ഒരു സമൂഹത്തിലല്ല നാം ജീവിക്കുന്നത്. ഇത്തരത്തില്‍ അനേകം പെണ്‍കുട്ടികളും സ്ത്രീകളും തെറ്റിദ്ധരിക്കപ്പെടുകയും അവരുടെ ജീവിതം ഹോമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഓര്‍ക്കേണ്ട കാര്യം, മേല്‍പ്പറഞ്ഞ രോഗാവസ്ഥ ആണ്‍കുട്ടികളിലും പുരുഷന്മാരിലും കണ്ടുവരുന്നു. പുരുഷന്മാരിലെ പ്രവണത കുറ്റകൃത്യത്തിന്റെ തലത്തിലേക്കു വഴിമാറുന്നതായും കണ്ടിട്ടുണ്ട്.
പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും എങ്ങനെ സംരക്ഷിക്കണം?
എന്റെ കൗണ്‍സലിങ് അനുഭവത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ട പെണ്‍കുട്ടികളും ആണ്‍കുട്ടികളും പല തരത്തിലുള്ള ഒബ്‌സെസിവ് കംപള്‍സിവ് ഡിസോര്‍ഡറു (ഒ.സി.ഡി.)കള്‍ക്ക് അടിമപ്പെടുന്നതായാണു കണ്ടിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗം അനുഭവങ്ങളും കുട്ടികള്‍ക്കു ശരിയായ ലൈംഗികവിദ്യാഭ്യാസം നല്‍കാത്തതിന്റെ പേരില്‍ സംഭവിച്ചിട്ടുള്ളതുമാണ്. അതിനാല്‍ത്തന്നെ, നമ്മുടെ കുട്ടികളെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വം നാം കുറച്ചുകൂടി ഭംഗിയായി നിര്‍വഹിക്കേണ്ടതായിട്ടുണ്ട്. അവരുടെകൂടെ കളിക്കുന്ന, ഭക്ഷണം കഴിക്കുന്ന, പഠിക്കുന്ന, താമസിക്കുന്ന മുതിര്‍ന്നവര്‍ അസ്വാഭാവികമായി പെരുമാറിയാല്‍ എന്തു ചെയ്യണമെന്നു നാം അവരെ പഠിപ്പിച്ചേ മതിയാവൂ. അതിനായി, ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ധരെ സമീപിക്കുന്നതില്‍ തെറ്റില്ല. നാം മാതാപിതാക്കള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ആധികാരികമായി പഠിച്ച് കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കുന്നതും ഉപകരിക്കും. തിരഞ്ഞെടുക്കപ്പെട്ട വീഡിയോകള്‍, ബുക്കുകള്‍ എന്നിവയും ഉപയോഗിക്കാം. എന്റെ കൗണ്‍സലിങ് അനുഭവത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ട കുട്ടികളില്‍ ഭൂരിപക്ഷവും തങ്ങളുടെ അനുഭവം മാതാപിതാക്കളോടു പറഞ്ഞിട്ടില്ല. കുട്ടികള്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞിട്ടും അഭിമാനത്തെപ്രതി മറച്ചുവയ്ക്കുന്ന മാതാപിതാക്കളും ധാരാളമുണ്ട്. മാതാപിതാക്കളോട് അത്തരം കാര്യങ്ങള്‍ പറയാന്‍ കുട്ടികള്‍ക്ക് അടുപ്പം തോന്നുന്നില്ല എന്നതു വേദനാജനകമാണ്. ഈ ഒരു അടുപ്പക്കുറവിന്റെ കാരണം മാതാപിതാക്കള്‍ പുനര്‍വിചിന്തനത്തിലൂടെ മനസ്സിലാക്കിയേ തീരൂ.
ഹൈപ്പര്‍ സെക്ഷ്വാലിറ്റിയെ എങ്ങനെ നിയന്ത്രിക്കാം?
ഈ ലേഖനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന മിഷേല്‍ എന്ന പെണ്‍കുട്ടിയുടെ കാര്യത്തില്‍ അവളുടെ പ്രശ്‌നത്തെക്കുറിച്ച് അവള്‍ക്കുതന്നെ ബോധ്യമുണ്ടായിരുന്നു. ഈ ബോധ്യം അവളുടെ പ്രശ്‌നത്തെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സഹായകമായി. ചില സാഹചര്യത്തില്‍ ഈ പ്രശ്‌നത്തെ നിയന്ത്രിക്കാന്‍ വിദഗ്ധചികിത്സ തേടേണ്ടതായിവരും.
ലൈംഗികഹോര്‍മോണുകളെ നിയന്ത്രിക്കാനുതകുന്ന മരുന്നുകള്‍ വളരെ ഫലപ്രദമാണെന്ന് ആധുനികവൈദ്യശാസ്ത്രം വിധിയെഴുതുന്നു. ഒപ്പംതന്നെ, കൗണ്‍സലിങ്ങും അനിവാര്യമാണ്. മിഷേലിന്റെ ചെറുപ്പകാലത്തിലെ ഭയപ്പെടുത്തുന്ന ഓര്‍മകളെ മനഃശാസ്ത്രതെറാപ്പികളിലൂടെ കുറച്ചപ്പോള്‍ പ്രശ്‌നം വലിയ അളവില്‍ പരിഹരിക്കപ്പെട്ടു. ഇന്നവള്‍ എല്ലാ അടിമത്തത്തില്‍നിന്നും മോചിതയായി ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്. അവളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു മാതാപിതാക്കള്‍ നല്‍കിയ സഹകരണം വളരെ വലുതായിരുന്നു.