ലോകവ്യാപാരസംഘടനയുടെ അബുദാബി മന്ത്രിതലസമ്മേളനം (എം സി 13) ഒരു കാര്യത്തിലും സമവായം ഉണ്ടാക്കാതെ അവസാനിച്ചു. ആഗോളീകരണത്തിനു വിലയിടിയുന്ന കാലത്ത് ലോകവ്യാപാരവളര്‍ച്ചയില്‍ അനിശ്ചിതത്വം കടന്നുവരികയാണ്.
എല്ലാവര്‍ക്കും സ്വന്തം താത്പര്യംമാത്രം. കൂട്ടായ്മകള്‍ ഫലപ്രദമാകുന്നില്ല. സ്വാര്‍ഥതകളുടെ ഏറ്റുമുട്ടലില്‍ പ്രയാസത്തിലാകുന്നത് ഇന്ത്യപോലുള്ള രാജ്യങ്ങള്‍.
ലോകവ്യാപാരസംഘടന(ഡബ്‌ള്യുടിഒ)യുടെ 13-ാം മന്ത്രിതലസമ്മേളനം (എംസി 13) ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഒന്നുവരെ അബുദാബിയില്‍ നടന്നു. ആ സമ്മേളനം നല്‍കുന്ന പാഠമാണു മുകളില്‍ പറഞ്ഞത്. ഒന്നിച്ചു നിന്നു പൊരുതാന്‍ ഉറച്ചുചെല്ലുന്നവര്‍തന്നെ കുറുമാറി മറുപക്ഷം ചേരുന്നു.
എംസി 13 ഒരു പരാജയമായിരുന്നു എന്നതാണു വസ്തുത. വിവാദപരമായ ഒരു കാര്യത്തിലും തീരുമാനം ഉണ്ടായില്ല. സമ്മേളനാനന്തരപ്രസ്താവനയില്‍ എടുത്തുപറയാവുന്ന ഒന്നുമില്ല. അതേസമയം, രാജ്യതാത്പര്യം സംരക്ഷിച്ചു വ്യാപാരം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യപോലുള്ള രാജ്യങ്ങള്‍ ഒറ്റപ്പെട്ടുപോകുകയാണ്. സമ്പന്നരാജ്യങ്ങള്‍ ഇന്ത്യയുടെ നിലപാടിനെ എതിര്‍ക്കുന്നു. വികസ്വരരാജ്യങ്ങള്‍ ഇന്ത്യയുടെകൂടെ നില്‍ക്കുന്നുമില്ല.
സമ്മേളനം തുടങ്ങുമ്പോള്‍ ഇന്ത്യ അഭിമുഖീകരിച്ചിരുന്ന വെല്ലുവിളികള്‍ സമ്മേളനം കഴിയുമ്പോഴും അതേപടി തുടരുകയാണ്. എന്നുമാത്രമല്ല, പല വിഷയങ്ങളിലും ഇന്ത്യയ്ക്കു കിട്ടുന്ന പിന്തുണ കുറയുന്നു എന്നു വ്യക്തമായി. എപ്പോഴും നമ്മുടെകൂടെ നില്‍ക്കുമെന്നു കരുതിയിരുന്ന ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ മിത്രരാജ്യങ്ങള്‍പോലും നിര്‍ണായകവിഷയങ്ങളില്‍ എതിര്‍പക്ഷം ചേരുന്നതു കാണേണ്ടിവന്നു. വികസ്വരരാജ്യങ്ങളുടെ നേതൃത്വമോ വക്താവുസ്ഥാനമോ നമുക്കില്ല എന്നു കാണിക്കുന്നതായി അബുദാബിസമ്മേളനം.
അബുദാബിസമ്മേളനം തുടങ്ങുമ്പോള്‍ തര്‍ക്കത്തിലായിരുന്ന പ്രധാനവിഷയങ്ങള്‍ നോക്കാം.
കൃഷി, ഭക്ഷ്യസുരക്ഷ
140 കോടി ജനങ്ങളുള്ള ഇന്ത്യയ്ക്ക് ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം. കൃഷിക്കാര്‍ക്കു നിലനില്പിനുതക്ക വരുമാനം നല്‍കണം. നിലവിലെ സബ്‌സിഡികളും മിനിമം വില പ്രഖ്യാപിച്ചുളള ഭക്ഷ്യധാന്യസംഭരണവും തുടര്‍ന്നാലേ ഇതു സാധിക്കൂ. സമ്പന്നരാജ്യങ്ങളും (യുഎസ്, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ഓസ്‌ട്രേലിയ) ബ്രസീലും ഇതിനെതിരാണ്. സംഭരണവും കയറ്റുമതിനിയന്ത്രണവും സ്വതന്ത്രവ്യാപാരത്തിനു തടസ്സമെന്നാണ് അവരുടെ വാദം.
ഭക്ഷ്യധാന്യസംഭരണവും കര്‍ഷകര്‍ക്കു സബ്‌സിഡി നല്കുന്നതും തുടരാന്‍ അനുവാദം കിട്ടാന്‍ ഇന്ത്യ ആഗ്രഹിച്ചു. പക്ഷേ, ഇത്തവണ വികസ്വരരാജ്യങ്ങള്‍പോലും ഇന്ത്യയെ പിന്താങ്ങിയില്ല. ലോകവിപണിയില്‍ ഭക്ഷ്യവില കൂടിയപ്പോള്‍ ഇന്ത്യ ധാന്യക്കയറ്റുമതി വിലക്കിയത് ഇന്ത്യയോടു ചേരുന്നതില്‍നിന്നു പല രാജ്യങ്ങളെയും പിന്തിരിപ്പിച്ചു. മാത്രമല്ല, ഇന്ത്യ പൊതുവിതരണത്തിനു സംഭരിച്ച ധാന്യങ്ങളാണു കയറ്റുമതി ചെയ്തത് എന്ന വിമര്‍ശനവും കേള്‍ക്കേണ്ടിവന്നു. ഈ തെറ്റായ വിമര്‍ശനം നടത്തിയ തായ്‌ലന്‍ഡ് പ്രതിനിധിയുടെ ജോലി തെറിപ്പിക്കാന്‍ ഇന്ത്യയുടെ പ്രതിഷേധത്തിനു കഴിഞ്ഞു.
ഇന്ത്യ ആഗ്രഹിച്ചതുപോലെ ഒരു തീരുമാനം ഉണ്ടായില്ല. ഭക്ഷ്യസംഭരണം അംഗീകരിക്കുകയും ഭക്ഷ്യസബ്‌സിഡി നിര്‍ണയരീതി പരിഷ്‌കരിക്കുകയും വേണമെന്ന് ഇന്ത്യ ആഗ്രഹിച്ചു. അതുണ്ടായില്ല. വികസിതരാജ്യങ്ങള്‍ ആഗ്രഹിച്ചതുപോലെയും നടന്നില്ല. നിലവിലെ സ്ഥിതി തുടരും. പക്ഷേ, ഇന്ത്യയ്ക്കു വികസ്വരരാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന നേതൃപദവി ഇല്ലാതായി എന്ന വലിയ തിരിച്ചടി നേരിട്ടു.
മത്സ്യബന്ധനം
തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍വരെയുള്ള സ്വതന്ത്രസാമ്പത്തിക മേഖലയില്‍ (ഇഇസെഡ്) മത്സ്യബന്ധനം നടത്തുന്നവര്‍ക്കു നല്‍കുന്ന സംരക്ഷണത്തെയും സബ്‌സിഡിയെയും യൂറോപ്യന്‍ യൂണിയനും നോര്‍വേയും മറ്റും എതിര്‍ക്കുന്നു. അവരൊക്കെ എല്ലാ സമുദ്രങ്ങളിലും തങ്ങളുടെ ഭീമന്‍ യാനങ്ങളില്‍ പോയി ഇഷ്ടംപോലെ മത്സ്യബന്ധനം നടത്തുന്നു. എന്നാല്‍, സ്വന്തം തീരക്കടലിലും സാമ്പത്തികമേഖലയിലും മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്നവര്‍ക്കു നല്‍കുന്ന സബ്‌സിഡികളെ അവര്‍ എതിര്‍ക്കുന്നു.
അബുദാബിസമ്മേളനത്തിലും ഈ വിഷയം ഒത്തുതീര്‍പ്പാകാതെ നില്‍ക്കുന്നു. യൂറോപ്യന്‍രാജ്യങ്ങള്‍ നല്‍കുന്ന സബ്‌സിഡികള്‍ തുടരാവുന്ന വിധത്തിലും വികസ്വരരാജ്യങ്ങളുടെ സ്‌കീമുകള്‍ മുടക്കുന്ന രീതിയിലുമുള്ള നിര്‍ദേശങ്ങളാണു ചര്‍ച്ചയ്ക്കുവന്നത്. സ്വാഭാവികമായും വികസ്വരരാജ്യങ്ങള്‍ അവ തള്ളി. എങ്കിലും പസഫിക്‌സമുദ്രത്തിലെ ചില ചെറിയ രാജ്യങ്ങളെ വശത്താക്കാന്‍ യൂറോപ്യന്‍രാജ്യങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. വരുംകാലത്ത് ഇതു വികസ്വരരാജ്യങ്ങളുടെ കൂട്ടായ്മയെ ബാധിക്കും.
ഇ കൊമേഴ്‌സ് നികുതി
രാജ്യാന്തര ഇ കൊമേഴ്‌സിനു കസ്റ്റംസ് ഡ്യൂട്ടി ഒഴിവു നല്‍കിയത് ഈ സമ്മേളനംവരെയാണ്. ഒഴിവ് നീട്ടണമെന്നു വികസിതരാജ്യങ്ങളും വമ്പന്‍ ടെക് കമ്പനികളും ആവശ്യപ്പെട്ടു. ഇന്ത്യയും മറ്റു വികസ്വരരാജ്യങ്ങളും ഡ്യൂട്ടി ചുമത്താനുള്ള അധികാരം തിരിച്ചുകിട്ടാന്‍ ശ്രമിച്ചു. ഇന്ത്യയ്ക്ക് 50 കോടി ഡോളറും (4000 കോടിയില്‍പ്പരം രൂപ) വികസ്വരരാജ്യങ്ങള്‍ക്ക് 1000 കോടി ഡോളറും പ്രതിവര്‍ഷം നഷ്ടം വരുത്തുന്നതാണ് ഡ്യൂട്ടി ഒഴിവ്.
ഈ വിഷയത്തിലും ധാരണ ഉണ്ടായില്ല. പകരം ഒഴിവ് രണ്ടു വര്‍ഷത്തേക്കു നീട്ടി. അടുത്ത മന്ത്രിതലസമ്മേളനം അല്ലെങ്കില്‍ 2026 മാര്‍ച്ച് 31 വരെയാണു നീട്ടിയത്. ഇ കൊമേഴ്‌സിന്റെ ഡ്യൂട്ടി നീട്ടുന്നതിന്റെ ഗുണഭോക്താക്കള്‍ വലിയ ടെക് കമ്പനികളും നെറ്റ്ഫ്‌ലിക്‌സ്‌പോലുള്ള സേവനദാതാക്കളുമാണ്.
നിക്ഷേപങ്ങള്‍
ചൈനയുടെയും മറ്റും ഉത്സാഹത്തില്‍ കൊണ്ടുവന്ന ഒരു വിഷയമാണിത്. വ്യാപാരസംഘടനയുടെ പരിധിയില്‍ വരുന്നതല്ല നിക്ഷേപവിഷയം എന്ന നിലപാടാണ് ഗാട്ട് കാലം (1946-1996) മുതല്‍ ഇന്ത്യ എടുത്തിട്ടുള്ളത്. യുഎസ് ഇതുവരെ ചൈനീസ് നിലപാടിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ, 130 ലേറെ രാജ്യങ്ങള്‍ നിക്ഷേപവിഷയം എടുക്കുന്നതിനെ അനുകൂലിച്ചു. അതിനാല്‍, ചര്‍ച്ചാമേശയില്‍ അതും വന്നു. അഹിതരാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപം നിയന്ത്രിക്കുന്നതിനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഈ നീക്കത്തിനെതിരേ കൂട്ടായ്മ രൂപപ്പെടുത്താനാണ് ഇന്ത്യ ശ്രമിച്ചത്.
തീരുമാനങ്ങള്‍ സമവായത്തിലൂടെമാത്രം എന്ന പ്രാഥമികതത്ത്വം മറികടന്നാണു നിക്ഷേപവിഷയം മുന്നോട്ടുവന്നത്. അജണ്ടയില്‍ പെടാത്ത കാര്യങ്ങള്‍ പിന്‍വാതിലിലൂടെ കൊണ്ടുവരുന്നതിന് ഡബ്‌ള്യുടിഒ സെക്രട്ടേറിയറ്റ് സഹായിക്കുന്നതായും സംശയമുണ്ട്. പൊതുതീരുമാനം അല്ലാതെ കുറേ രാജ്യങ്ങളുടെ ആശയം എന്ന രീതിയില്‍ ഇത് അവതരിപ്പിക്കാന്‍ ശ്രമിച്ചത് അങ്ങനെയാണ്. അതു പരാജയപ്പെട്ടു. പക്ഷേ, കൂടെനില്‍ക്കുമെന്ന് ഉറപ്പായി പ്രതീക്ഷിച്ച ദക്ഷിണാഫ്രിക്ക അവസാനനിമിഷം ചൈനീസ് നിലപാടിനെ പിന്തുണച്ചത് ഇന്ത്യയ്ക്കു ക്ഷീണമായി.
വാണിജ്യേതരവിഷയങ്ങള്‍ സേവനമേഖല, പരിസ്ഥിതി, ചെറുകിട വ്യവസായസംരക്ഷണം, വ്യവസായനയം തുടങ്ങിയ കാര്യങ്ങള്‍ ലോകവ്യാപാരസംഘടന ചര്‍ച്ചചെയ്യണമെന്ന യൂറോപ്യന്‍ സമ്മര്‍ദത്തെ ഇത്തവണകൂടി അതിജീവിക്കാനായി. പക്ഷേ, അനിശ്ചിതമായി നീട്ടിവയ്ക്കാന്‍ കഴിയില്ലെന്നു ചര്‍ച്ചകളുടെ ഗതി സൂചിപ്പിക്കുന്നു. കാമറൂണില്‍ 2026 ല്‍ നടക്കുന്ന മന്ത്രിതലചര്‍ച്ചയില്‍ കൂടുതല്‍ രാജ്യങ്ങള്‍ ചില്ലറ പ്രലോഭനങ്ങള്‍ക്കു വഴിപ്പെട്ടു വികസിത രാജ്യങ്ങളുടെ കൂടെനിന്നാല്‍ അദ്ഭുതപ്പെടണ്ടേതില്ല.
തര്‍ക്കപരിഹാരം
സംഘടനയിലെ ധാരണകള്‍ക്കു വിപരീതമായ നീക്കങ്ങളെ തടയാനും താത്പര്യങ്ങള്‍ സംരക്ഷിക്കാനുമുള്ള തര്‍ക്കപരിഹാര സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കാരണം, അപ്പീല്‍ സംവിധാനത്തില്‍ അംഗങ്ങളെ നിയോഗിക്കുന്നില്ല. നിയമനത്തിന് അമേരിക്കയാണു തടസ്സം. ഈ വിഷയത്തിലും യാതൊരു പുരോഗതിയും ഉണ്ടായില്ല. അതായത്, ലോകവ്യാപാരനിയമങ്ങള്‍ ലംഘിക്കുന്നത് തടസ്സമില്ലാതെ തുടരും.
മൂന്നു ദശാബ്ദം പിന്നിടാന്‍ ഒരുങ്ങുന്ന ലോകവ്യാപാരസംഘടനയുടെ അബുദാബിസമ്മേളനം ഒരു കാര്യം വ്യക്തമാക്കി. എല്ലാവരും അംഗീകരിക്കുന്ന കാര്യങ്ങളേ തീരുമാനിക്കൂ എന്ന ധാരണയുമായി ഇനി അധികകാലം മുന്നോട്ടുപോകാന്‍ പറ്റിയെന്നുവരില്ല. അങ്ങനെവരുമ്പോള്‍, ഭൂരിപക്ഷം കാര്യങ്ങള്‍ തീരുമാനിക്കുകയും ന്യൂനപക്ഷശബ്ദം അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന അവസ്ഥ വരും. അതു ക്രമേണ സംഘടന ദുര്‍ബലമാകുന്നതിലേക്കോ ശിഥിലീകരണത്തിലേക്കോ നയിച്ചാലും അദ്ഭുതപ്പെടേണ്ട.