•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അയോധ്യാവിധി നിയമവാഴ്ച വെറും സങ്കല്പമോ?

1992 ഡിസംബര്‍ ആറിന് അയോധ്യയിലെ  ബാബറി മസ്ജിദ് തകര്‍ത്ത കേസുമായി ബന്ധപ്പെട്ട്  കഴിഞ്ഞയാഴ്ച ഉണ്ടായ സിബിഐ പ്രത്യേക കോടതിയുടെ വിധി സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ യാതൊരുവിധ അദ്ഭുതവും സൃഷ്ടിക്കുന്നില്ല. വിധി മറിച്ചായിരുന്നെങ്കില്‍ മാത്രമേ അത് അതിശയകരം എന്നു  പറയേണ്ടിവരുമായിരുന്നുള്ളൂ. കാരണം, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉണ്ടായ രാജ്യത്തെ  നീതിപീഠങ്ങളുടെ വിധികള്‍ പരിശോധിച്ചാല്‍ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായ ഒരു പരാമര്‍ശവും കോടതികളുടെ ഭാഗത്തുനിന്ന് ഉണ്ടായതായി കാണാന്‍ കഴിയില്ല. 
പ്രതീക്ഷിച്ചതുപോലെതന്നെ സംഘപരിവാര്‍  സംഘടനകള്‍ അത്യുത്സാഹത്തോടെ വിധിയെ സ്വാഗതംചെയ്തപ്പോള്‍ ലിബറല്‍ മതേതര ചിന്തകള്‍ പുലര്‍ത്തുന്ന രാജ്യത്തെ രാഷ്ട്രീയ, നിയമ, സാംസ്‌കാരികമേഖലകളില്‍നിന്ന് കടുത്ത വിമര്‍ശനമാണുയര്‍ന്നത്. വിധി ജുഡീഷ്യറിയുടെ വിശ്വാസ്യത  വീണ്ടും തകര്‍ത്തു എന്നും  ഭരണഘടന വിഭാവനം ചെയ്യുന്ന  തുല്യതയുടെ നിഷേധമാണെന്നും വിമര്‍ശനമുയര്‍ന്നു. 
അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് 28 വര്‍ഷത്തോളം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കുറ്റാന്വേഷണ ഏജന്‍സിയായ  സിബിഐ നടത്തിയ അന്വേഷണപരമ്പരകള്‍ക്കാണ് ഈ വിധിയോടെ പരിസമാപ്തി കുറിച്ചിരിക്കുന്നത്. വിധിക്കെതിരേ ഹൈക്കോടതിയില്‍ സിബിഐ  അപ്പീലിനു പോകുമോ ഇല്ലയോ എന്നത്  കാത്തിരുന്നു കാണേണ്ടിവരും. വിധിക്കെതിരേ അപ്പീല്‍ പോകുമെന്നാണ്  ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിയും മറ്റു സംഘടനകളും  പറഞ്ഞിരിക്കുന്നത്.  
ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ 1,026 ആളുകള്‍ ഉള്‍പ്പെട്ടിരുന്ന സാക്ഷിപ്പട്ടികയില്‍നിന്ന് 351 ആളുകള്‍  സിബിഐ കോടതിയില്‍ നേരിട്ടു ഹാജരായി മൊഴി നല്‍കി എന്നത് കേസില്‍ സിബിഐ നടത്തിയ അന്വേഷണത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നു.   ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ക്രിമിനല്‍ ഗൂഢാലോചന,  കലാപം ഇളക്കിവിടല്‍, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പകയും ശത്രുതയും ജനിപ്പിക്കല്‍,  നിയമവിരുദ്ധമായി സംഘംചേരല്‍ എന്നീ  കുറ്റങ്ങളാണ്  എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി,  ഉമാ ഭാരതി, കല്യാണ്‍ സിംഗ് എന്നിവരടക്കമുള്ള 32 പേര്‍ക്കെതിരേ സിബിഐ ഉന്നയിച്ചിരുന്നത്.  എന്നാല്‍, ബാബറി മസ്ജിദ് പൊളിച്ചത് മുന്‍കൂട്ടിയുള്ള ഗൂഢാലോചനയുടെ ഫലമാണെന്നു തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടതായും മസ്ജിദ് തകര്‍ത്തത് പൊടുന്നനേയും ആകസ്മികവുമായിരുന്നു എന്നാണ് പ്രത്യേക കോടതി ജഡ്ജി എസ്.കെ. യാദവ് വിധിന്യായത്തില്‍ പറയുന്നത്. സിബിഐയുടെ കണ്ടെത്തലില്‍ നിന്നു വ്യത്യസ്തമായി അശോക് സിംഗാളിനെപ്പോലെയുള്ള നേതാക്കള്‍ ആള്‍ക്കൂട്ടത്തെ ബാബറി മസ്ജിദ് പൊളിക്കുന്നതില്‍നിന്നു തടയുവാന്‍ ശ്രമിച്ചു എന്ന നിരീക്ഷണവും ജഡ്ജി നടത്തിയിട്ടുണ്ട്.    
ബാബറി മസ്ജിദ്  തകര്‍ത്തതില്‍  ഗൂഢാലോചനയ്ക്കു തെളിവില്ല എന്നാണ് ഇപ്പോള്‍  പ്രത്യേകകോടതി വിധിച്ചതെങ്കില്‍  അതിനു  കടകവിരുദ്ധമായ നിരീക്ഷണങ്ങളാണ് ജസ്റ്റിസ് മന്‍മോഹന്‍ സിങ്  ലിബര്‍ഹാന്‍ കമ്മീഷന്‍  നടത്തിയിരിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ത്തതിലെ ഗൂഢാലോചന അന്വേഷിക്കുവാന്‍  ചുമതലപ്പെടുത്തിയ  പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജി ആയിരുന്നു ജസ്റ്റിസ് ലിബര്‍ഹാന്‍. സംഘപരിവാര്‍ നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയരഹിതമായിത്തന്നെ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. പെട്ടെന്നുള്ളതോ  ജനത്തിന്റെ വികാരപ്രകടനം അണപൊട്ടിയതോമൂലം ഉണ്ടായ യാദൃച്ഛികമായ സംഭവമല്ല; മറിച്ച്, ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണ് ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പിന്നിലുള്ളത് എന്നാണ്  ജസ്റ്റിസ് ലിബര്‍ഹാന്‍ കണ്ടെത്തിയത്.   മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്, ബാല്‍ താക്കറെ,  എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ് എന്നിവരുള്‍പ്പെടെ 68 പേര്‍  കുറ്റക്കാരാണ്  എന്നാണ് ജസ്റ്റിസ് ലിബര്‍ഹാന്‍ കണ്ടെത്തിയത്.  അന്ന് ബിജെപി ഭരിച്ചിരുന്ന  ഉത്തര്‍പ്രദേശിലെ കല്യാണ്‍സിംഗ് സര്‍ക്കാരിന്റെ പൂര്‍ണ്ണസഹകരണത്തോടുകൂടിയായിരുന്നു പള്ളിപൊളിക്കല്‍ നടപടിയെന്നും, പോലീസും പ്രാദേശികഭരണകൂടവും ആര്‍എസ്എസിന്  പൂര്‍ണ്ണപിന്തുണ നല്‍കിയെന്നും ജസ്റ്റിസ്  ലിബര്‍ഹാന്‍ തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തികച്ചും പരിഹാസ്യം എന്നാണ്  പ്രത്യേക കോടതിവിധിയോട് ജസ്റ്റിസ് ലിബര്‍ഹാന്‍ പ്രതികരിച്ചത്. കൂടാതെ, എല്‍കെ അദ്വാനിക്കും  മറ്റു പ്രതികള്‍ക്കുമെതിരായ  ക്രിമിനല്‍ ഗൂഢാലോചനക്കേസ് പുനഃസ്ഥാപിച്ച് വിചാരണ നടത്താന്‍ 2017 ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.  ഗൂഢാലോചനക്കേസില്‍ പ്രതികള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു സുപ്രീം കോടതിയുടെ ഈ നിര്‍ദ്ദേശം. 
പ്രത്യേക കോടതിവിധിയോടെ അയോധ്യയുമായി ബന്ധപ്പെട്ട  കോടതിവ്യവഹാരങ്ങള്‍ക്ക് ഏകദേശം അന്ത്യം കുറിച്ചിരിക്കുകയാണ്. ഏകദേശം  നാലു പതിറ്റാണ്ടോളം ഇന്ത്യയുടെ രാഷ്ട്രീയരംഗത്തെ ഇളക്കിമറിച്ച  അയോധ്യ അധ്യായം താത്കാലികമായെങ്കിലും അവസാനിച്ചു എന്നു പറയാം. അയോധ്യ എന്ന വാക്കിന് യുദ്ധം ഇല്ലാത്തത് എന്നാണ് അര്‍ത്ഥമെങ്കിലും  വലിയ പോരാട്ടങ്ങള്‍ക്ക് അയോധ്യ വഴിവെച്ചു എന്നത് ഒരു യാഥാര്‍ഥ്യമായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. ഇന്ത്യയുടെ രാഷ്ട്രീയം അയോധ്യയ്ക്കു  മുന്‍പും പിന്‍പും എന്ന കാലഘട്ടങ്ങളായിത്തന്നെ തിരിക്കപ്പെടുന്നു എന്ന്  ഇന്ത്യയുടെ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന ഏതൊരാള്‍ക്കും  അടിവരയിട്ടു പറയുവാന്‍ കഴിയും. 1984 ല്‍ രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഇന്ന് ഇന്ത്യയുടെ രാഷ്ട്രീയമണ്ഡലത്തിലെ ഭൂരിപക്ഷ പാര്‍ട്ടിയായി മാറിയെങ്കില്‍  അതിന്റെ പിന്നിലുള്ളത് അയോധ്യാ പ്രക്ഷോഭംതന്നെയാണ്.  1980 കളുടെ അവസാനം അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിനുവേണ്ടി  എല്‍.കെ. അദ്വാനി നടത്തിയ രഥയാത്ര  മാറ്റിമറിച്ചത്  ഇന്ത്യയുടെ രാഷ്ട്രീയഭൂപടം തന്നെയാണ്.  തമ്മിലടിച്ചുനിന്ന ജാതിസത്വങ്ങള്‍ക്കു മുകളില്‍ മതാധിഷ്ഠിത ദേശീയതയെ ഉറപ്പിച്ചത് അയോധ്യയാണ്. അതോടൊപ്പംതന്നെ അയോധ്യയിലെ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടും ഇപ്പോള്‍  ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ടകേസിലും പുറത്തുവരുന്ന കോടതിവിധികള്‍ മറ്റൊരു സൂചന കൂടിയാണ് നല്‍കുന്നത്: ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ക്കൊപ്പം ചിന്തിക്കേണ്ടിവരുന്ന കോടതികളുടെ ദയനീയ ചിത്രം കൂടിയാണ് ഇവിടെ വരച്ചുകാട്ടുന്നത്. ഭൂരിപക്ഷസര്‍വ്വാധിപത്യം രാജ്യത്തെ സമസ്തമേഖലകളെയും കീഴടക്കുമ്പോള്‍ നിയമവാഴ്ച എന്നത് വെറും സങ്കല്പംമാത്രമായി മാറുകയാണ്. ജനാധിപത്യത്തിന്റെ ഭദ്രതയ്ക്ക് ഇത് ഒരിക്കലും ഉചിതമല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍കൂടിയാണ് ഈ വിധിന്യായങ്ങള്‍.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)