നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാന്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടും അവ കണ്ണില്‍നിന്നു മായുമ്പോള്‍ നിയമങ്ങള്‍ തെറ്റിച്ചുപായുന്നവര്‍ ഇപ്പോഴും ഏറെയാണ്. ഇതില്‍ അശ്രദ്ധകൊണ്ടു ജീവന്‍ പൊലിഞ്ഞ ഒട്ടേറെ സംഭവങ്ങളുമുണ്ട്. കിടപ്പുരോഗികളായ മാതാപിതാക്കള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ ജോലിസ്ഥലത്തുനിന്നു വന്നശേഷം തിരികെപ്പോയ യുവാവ് ബൈക്കപകടത്തില്‍ അടുത്തിടെ മരിച്ചത് ഒരു നാടിനെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ സംഭവമാണ്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു വീഴുന്നതിനിടെ യുവാവിന്റെ ഹെല്‍മെറ്റ് തെറിച്ചുപോകുകയും റോഡില്‍ ഇടിച്ചു തലപൊട്ടി മാരകമുറിവോടെ മരണപ്പെടുകയുമായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ സമാനസാഹചര്യത്തില്‍ ഒരു ഗൃഹനാഥനും മരണപ്പെട്ടു. ഈ രണ്ടു കേസിലും അപകടം നടന്ന സമയത്ത് ഹെല്‍മെറ്റ് തലയില്‍നിന്നു തെറിച്ചുപോയതാണ് അത്യാഹിതമുണ്ടാക്കിയത്.
ഇരുചക്രവാഹനയാത്രക്കാര്‍ ഭൂരിപക്ഷവും ഹെല്‍മെറ്റ് ധരിക്കുന്നുണ്ടെങ്കിലും താടിഭാഗത്ത് ഹെല്‍മെറ്റിന്റെ സ്ട്രാപ്പിടാന്‍ പലരും മിനക്കെടാറില്ല എന്നതാണു സത്യം. അപകടം സംഭവിച്ചു മറിഞ്ഞുവീണാല്‍ സ്ട്രാപ്പ് ഇടാത്ത ഹെല്‍മെറ്റ് തലയില്‍നിന്നു തെറിച്ചുപോകുന്നു. ഇരുചക്രവാഹനാപകടങ്ങളില്‍ പിന്നിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്കും ഗുരുതരപരുക്കേല്‍ക്കുന്ന സാഹചര്യമുണ്ട്. കാരണം, ഓടിക്കുന്നയാളുടെ ഇരുകൈകള്‍ക്കും ഹാന്‍ഡിലില്‍ പിടിത്തമുണ്ട്. എന്നാല്‍, പിന്നിലിരിക്കുന്നവര്‍ക്ക് അത്തരമൊരു പിടിത്തമില്ലാത്തതിനാല്‍ അപകടമുണ്ടായാല്‍ ആദ്യം തെറിച്ചുപോകാനും തലയടിച്ചുവീഴാനും സാധ്യത ഏറെയാണ്. അതുകൊണ്ട്, മുമ്പിലിരിക്കുന്നവരുടെ അതേ ജാഗ്രതയോടെ പിന്നിലിരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കേണ്ടതാണ്.
സിനിമകളില്‍ ഹെല്‍മെറ്റ് ധരിക്കാതെ വിദ്യാര്‍ഥികള്‍ യാത്രചെയ്യുന്ന സീനുകള്‍ കുട്ടികളെ സ്വാധീനിക്കുന്നതായി മോട്ടോര്‍ വാഹനവകുപ്പധികൃതര്‍ പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ഇറങ്ങി വന്‍ഹിറ്റായ സിനിമയുടെ പേരുപയോഗിച്ചു ബോധവത്കരണത്തിനായി മോട്ടോര്‍വാഹനവകുപ്പധികൃതര്‍ ട്രോള്‍വരെ പുറത്തിറക്കി. ഹെല്‍മെറ്റില്ലാതെ രണ്ടു സ്‌കൂട്ടറുകളില്‍ യാത്ര ചെയ്യുന്നവരുടെ ചിത്രം ചേര്‍ത്ത് 'ഹെല്‍മെറ്റ് ഇടുലു' എന്ന പേരുമായാണ് ട്രോള്‍ ഇറങ്ങിയത്. മറ്റൊരു കാര്യം, ലൈസന്‍സ് എടുക്കുന്നതിനുമുമ്പേ കുട്ടികള്‍ക്കു വാഹനം ഓടിക്കാന്‍ നല്‍കുന്നതാണ്. ഗുരുതരകുറ്റമാണെന്നറിയാമായിട്ടും ചിലയിടങ്ങളിലെങ്കിലും മാതാപിതാക്കള്‍ കണ്ണടയ്ക്കുന്ന സാഹചര്യമുണ്ട്. തങ്ങളുടെ കുട്ടികളിലുള്ള വിശ്വാസമായിരിക്കും ചിലരെ ഇതിനു പ്രേരിപ്പിക്കുന്നത്. പക്ഷേ, എന്തെങ്കിലും അപകടമുണ്ടായാല്‍ വന്‍കുറ്റത്തിനാണ് മാതാപിതാക്കള്‍ വഴിയൊരുക്കുന്നത് എന്ന ചിന്ത ഏവരിലും വേണം. നാട്ടുവഴികളിലൂടെ കുഞ്ഞുകുട്ടികളെ മടിയിലിരുത്തി അവരെ സ്റ്റിയറിങ്ങില്‍ പിടിപ്പിച്ചു പോകുന്നവര്‍ ഇപ്പോഴും ഉണ്ടെന്നതാണു സത്യം. ലൈസന്‍സില്ലാത്ത വിദ്യാര്‍ഥികള്‍ ഇരുചക്രവാഹനം ഓടിച്ച് അപകടത്തില്‍പെട്ട സംഭവങ്ങള്‍ പലതു നടന്നുകഴിഞ്ഞു. അറിഞ്ഞുകൊണ്ട് അപകടങ്ങളെ വിളിച്ചുവരുത്തണോ?
ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഹെല്‍മെറ്റ് അപകടം ഒഴിവാക്കാനുള്ള ഒരു ഉപാധിയായാണ് പലരും കാണുന്നത്. ഹെല്‍മെറ്റ് ധരിച്ച് എത്ര വേഗത്തില്‍ ഓടിച്ചാലും അപകടം ഉണ്ടാകില്ലെന്ന ധാരണയാണ് പലര്‍ക്കും. ഹെല്‍മെറ്റ് അപകടം കുറയ്ക്കാനുള്ളതല്ല, അപകടത്തില്‍ തലയുടെ ആഘാതം കുറയ്ക്കാനുള്ള സുരക്ഷാ കവചംമാത്രമാണ്. ശരിയായ രീതിയില്‍ ധരിച്ചെങ്കില്‍മാത്രമേ ഹെല്‍മെറ്റ് പ്രയോജനം ചെയ്യൂ. വസ്ത്രങ്ങള്‍ അളവുനോക്കി തിരഞ്ഞെടുക്കുന്നതുപോലെതന്നെ ഹെല്‍മെറ്റ് കൃത്യമായ അളവനുസരിച്ചുള്ളതും നിലവാരമുള്ളതുമായിരിക്കണം. പുതിയ ഇരുചക്രവാഹനം വാങ്ങുമ്പോള്‍ ഹെല്‍മെറ്റു നല്‍കാറുണ്ടെങ്കിലും ഇതു കൃത്യമായ അളവില്‍ പലര്‍ക്കും ലഭിക്കുന്നില്ല എന്നതാണു വസ്തുത. അധികം മുറുക്കമോ അധികം അയവോ ഇല്ലാതെ കൃത്യമായി തലയില്‍ ധരിക്കാന്‍ സാധിക്കുന്ന ഹെല്‍മെറ്റു വേണം വാങ്ങാന്‍. താടിയുടെ ഭാഗത്തിനുകൂടി സംരക്ഷണം ലഭിക്കുന്ന ഹെല്‍മെറ്റാണ് കൂടുതല്‍ നല്ലത്. വഴിയരികില്‍ ലഭിക്കുന്ന നിലവാരം കുറഞ്ഞ ഹെല്‍മെറ്റ് വാങ്ങാതെ ഹെല്‍മെറ്റ് കടകളില്‍നിന്നു മികച്ച നിലവാരമുള്ളതു വാങ്ങുക.
ഹെല്‍മെറ്റിന്റെ ചിന്‍സ്ട്രാപ്പ് ഇടുന്നതാണ് ഏറ്റവും പ്രധാന കാര്യം. പലരും ഹെല്‍മെറ്റില്‍ ചിന്‍സ്ട്രാപ്പ് സ്ഥിരമായി കണക്ട് ചെയ്ത് ഇട്ടിരിക്കുകയാണ്. ഇതു ശരിയല്ല. ഹെല്‍മെറ്റിന്റെ ചിന്‍സ്ട്രാപ്പ് മുറുക്കുമ്പോള്‍ ചൂണ്ടുവിരലും നടുവിരലും കടക്കാവുന്ന അകലമേ പാടുള്ളൂ. ഈ അളവില്‍ മുറുക്കിയാല്‍ അധികം മുറുകുകയുമില്ല; അപകടമുണ്ടായാല്‍ തെറിച്ചുപോവുകയുമില്ല. ഇരുചക്രവാഹനത്തില്‍ കയറിയാലുടന്‍ ചിന്‍സ്ട്രാപ്പ് മുറുക്കിയശേഷമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാവൂ. കാലപ്പഴക്കം ചെന്ന ഹെല്‍മെറ്റുകള്‍ മാറുകയും വേണം. ചിലര്‍ വാഹനം വിറ്റു പുതിയത് എടുത്താല്‍പോലും ഹെല്‍മെറ്റ് മാറാറില്ല. തെര്‍മോകോളും സോഫ്റ്റായ ഭാഗവും നഷ്ടപ്പെട്ട ഹെല്‍മെറ്റ് ഒഴിവാക്കണം. ഹെല്‍മെറ്റിന്റെ ഗ്ലാസില്‍ പോറല്‍വീണതും മാറണം. ഗ്ലാസ് തന്നെയായും മാറാന്‍ ലഭിക്കും. പോറലുള്ളതും പഴകിയതുമായ ഗ്ലാസുകള്‍ രാത്രികാലത്തും മഴയുള്ളപ്പോഴും കാഴ്ചമറയ്ക്കും.
കുട്ടികള്‍ വാഹനമോടിച്ചുള്ള അപകടങ്ങള്‍ ഇന്നു വര്‍ധിച്ചുവരുകയാണ്. താത്കാലികമായി അടുത്തുള്ള കടവരെ പോയിവരാനും മറ്റും കുട്ടികളെ വാഹനം ഓടിക്കുന്നതിനു പ്രോത്സാഹിപ്പിക്കാറുണ്ട് ചില മാതാപിതാക്കള്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചു പിടിക്കപ്പെട്ടാല്‍ കുട്ടികള്‍മാത്രമല്ല കുറ്റക്കാര്‍ മാതാപിതാക്കളുംകൂടിയാണ്. 25,000 രൂപ പിഴയ്ക്കുപുറമേ ശിക്ഷയും അനുഭവിക്കേണ്ടിവരും. കുട്ടികള്‍ക്കു ജുവനൈല്‍ ആക്ട് പ്രകാരമുള്ള ശിക്ഷയും ലഭിക്കും. കുട്ടികള്‍ ഓടിച്ച് വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഭാഗത്തുനിന്നു യാതൊരു പരിരക്ഷയും ലഭിക്കില്ല. കിടപ്പാടംവരെ നഷ്ടപ്പെടുന്ന വിധത്തിലുള്ള നഷ്ടപരിഹാരത്തുക ചിലപ്പോള്‍ നല്‍കേണ്ടിവരും. ഇതിനാല്‍, ഉത്തരവാദിത്വമുള്ള മാതാപിതാക്കള്‍ എന്ന നിലയില്‍ കുട്ടികളെ ഒരുതരത്തിലും ഇത്തരം നിയമലംഘനപ്രവൃത്തികള്‍ക്കു പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.