•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കര്‍ഷകനു കാട്ടുനീതിയോ?

കേരളത്തിലെ കാര്‍ഷികമേഖല അനുദിനം ഇല്ലായ്മയിലേക്കു നിപതിച്ചുകൊണ്ടിരിക്കുകയാണ്. വലിയൊരു വിഭാഗം ജനതയുടെ ഉപജീവനമാര്‍ഗവും കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും നിലനില്പിന്റെ ആധാരവുമായ ഭക്ഷ്യവസ്തുക്കള്‍, വ്യവസായാവശ്യത്തിനുള്ള കാര്‍ഷിക അസംസ്‌കൃതവസ്തുക്കള്‍ എന്നിവ നാം ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലാണ്. ഒരുകാലത്ത് കാര്‍ഷികോത്പന്നങ്ങളില്‍ സ്വയംപര്യാപ്തത നേടിയിരുന്ന നാം ഇന്നു കാര്‍ഷികോത്പന്നങ്ങള്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നു. ഇറക്കുമതിവഴിയായി നമ്മുടെ സംസ്ഥാനത്തിന്റെ മൊത്തവരുമാനത്തിന്റെ ഗണ്യമായ ഭാഗത്തെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഒഴുക്കിക്കളയുന്നു. ഇറക്കുമതിസംസ്ഥാനങ്ങള്‍ക്കു  വികസനപ്രവര്‍ത്തനങ്ങള്‍ക്കും ദൈനംദിനചെലവുകള്‍ക്കും പണം കണ്ടെത്തുക ബുദ്ധിമുട്ടാണ്.
കാര്‍ഷികമേഖലയുടെ തകര്‍ച്ചയുടെ കാരണവും പരിഹാരവും കണ്ടെത്താന്‍ നമ്മുടെ നയരൂപീകരണകേന്ദ്രമായ നിയമസഭ ഇനിയും വൈകിയാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന ധനവിനിയോഗപ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുമെന്നു മനസ്സിലാക്കണം. കേരളത്തില്‍നിന്നാല്‍ തങ്ങളുടെ സാമ്പത്തികഭാവി ഇരുളടഞ്ഞുപോകുമെന്നതുകൊണ്ടാണ് യുവാക്കള്‍ വിദേശത്തേക്കു കുടിയേറുന്നത്. ഇതു തുടര്‍ന്നാല്‍ കേരളംതന്നെ ഭാവിയില്‍ ഇല്ലാതാകും. അതുകൊണ്ട് കേരളത്തിലെ കാര്‍ഷികവ്യവസായമേഖലയുടെ സമഗ്രവളര്‍ച്ചയ്ക്കായി കത്തോലിക്കാകോണ്‍ഗ്രസ് എന്ന സംഘടന ചില മേഖലകളില്‍ പ്രായോഗികമായ ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു. വികലമായ പരിസ്ഥിതിനയം, ഭൂവുടമസ്ഥതാചട്ടങ്ങള്‍, വിലനയം, ഇറക്കുമതി-കയറ്റുമതി ചട്ടങ്ങള്‍, വനനയം, വന്യജീവി പരിപാലനനയം എന്നിവയില്‍ കാര്യമായ മാറ്റം ആവശ്യമായി വന്നിരിക്കുന്നു.
1. കാര്‍ഷികാനുബന്ധവ്യവസായങ്ങള്‍ വളരുകയും കാര്‍ഷികം, മത്സ്യബന്ധനം, വളര്‍ത്തുമൃഗപരിപാലനം എന്നിവയിലൂടെ ലഭിക്കുന്ന അസംസ്‌കൃതവസ്തുക്കള്‍ മൂല്യവര്‍ധിതവസ്തുക്കളാക്കി കയറ്റുമതി ചെയ്യാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യുന്നെങ്കില്‍ മാത്രമേ അടിസ്ഥാനകര്‍ഷകനു വില ലഭിക്കുകയുള്ളൂ. അതുകൊണ്ട്, കാര്‍ഷികവ്യവസായസ്ഥാപനങ്ങള്‍ക്കു ബാഹ്യമായ ഇടപെടലുകളില്‍നിന്നു പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കണം.
2.  കൃഷിഭൂമിയിലെ കാര്‍ഷികവും അനുബന്ധവുമായ പ്രവര്‍ത്തനങ്ങളിലെ ഉദ്യോഗസ്ഥര്‍, വനപരിപാലകര്‍, വന്യമൃഗങ്ങള്‍,  തൊഴിലാളി നേതാക്കള്‍ എന്നിവരുടെ ഇടപെടലുകള്‍ ഉത്പാദനക്ഷമത കുറയ്ക്കുന്നു.
3. നെല്‍ക്കൃഷി നിലനില്‍ക്കണമെങ്കില്‍ പുഴയിലെ മണല്‍ ശാസ്ത്രീയമായ അളവില്‍ നീക്കംചെയ്ത് വെള്ളത്തിനു സുഗമമായ വിധത്തില്‍ ഒഴുകാന്‍ സംവിധാനം നടപ്പിലാക്കുക. പുഴയിലും ചെറിയ നീര്‍ച്ചാലിലും അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്തില്ലെങ്കില്‍ താഴ്ന്ന പ്രദേശങ്ങളിലെ പാടശേഖരങ്ങള്‍ നശിച്ചുപോകും.
4. വനംവകുപ്പുദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തൊഴിലാളി യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ ഒരു കര്‍ഷകന്റെ നേരേ കേസെടുക്കുകയും കേസ് കള്ളക്കേസാണെന്നു തെളിയുകയും ചെയ്താല്‍ കേസെടുത്ത ഉദ്യോഗസ്ഥനെ പിരിച്ചുവിടുകയും അദ്ദേഹത്തിന്റെ സ്വത്ത് ജപ്തി ചെയ്ത് കര്‍ഷകനു നഷ്ടപരിഹാരം നല്‍കുകയും ചെയ്യുക. ഇതു വ്യവസായ, കച്ചവട, വിദ്യാഭ്യാസമേഖലകളിലും നടപ്പാക്കുക. അല്ലെങ്കില്‍ കള്ളക്കേസെടുത്ത് ഭീഷണിപ്പെടുത്തുന്ന ഉദ്യോഗസ്ഥദുഷ്പ്രഭുത്വം നിലനില്‍ക്കും.
5. ബാഹ്യ ഇടപെടലുകളില്‍നിന്നു മുക്തമായ കൃഷി, വ്യവസായ, വിദ്യാഭ്യാസമേഖലയാണ് വ്യക്തികളുടെ കഴിവുകള്‍ വളരാനുള്ള സാധ്യത നല്‍കുന്നത്.
6.  കാര്‍ഷികോത്പന്നങ്ങള്‍ സംഭരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കര്‍ഷകനു വില നല്‍കുക.
7. കാര്‍ഷികസ്ഥാപനങ്ങള്‍ തുടങ്ങാനും കയറ്റുമതി നടത്താനും ഫ്രീ ഇക്കോണമിക് സോണ്‍ ആരംഭിക്കുക. അവിടെ നികുതി പൂര്‍ണമായും ഒഴിവാക്കുക.
8. കേരളത്തിലെ കാര്‍ഷികമേഖല പന്നി, കാട്ടാന, കരടി, മയില്‍, കുരങ്ങ് മുതലായവയുടെ നിരന്തരാക്രമണത്തിനു വിധേയമാണ്. മാത്രമല്ല, ഇവയുടെ ആക്രമണംമൂലം മനുഷ്യജീവന്‍ നഷ്ടമാകുകയും ചെയ്യുന്നു. കേരളത്തിലെ കൃഷിസ്ഥലങ്ങളിലെ 25 ശതമാനവും വനാതിര്‍ത്തിയോടു ചേര്‍ന്നതാണ്. അതുകൊണ്ട്, വന്യമൃഗങ്ങളില്‍നിന്നു സംരക്ഷണം നല്‍കിയില്ലെങ്കില്‍ കൃഷി നിലനിര്‍ത്തുക കര്‍ഷകര്‍ക്ക് അസാധ്യമാകും. 
അതിനാല്‍, 
മ. വന്യമൃഗങ്ങളില്‍നിന്ന് അക്രമം നേരിടുകയും മരിക്കുകയും ചെയ്യുന്നവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക.
യ. കാര്‍ഷികമേഖലയില്‍ ശല്യമുണ്ടാക്കുകയും നിരന്തരം കൃഷി നശിപ്പിക്കുകയും ചെയ്യുന്ന പന്നി, മയില്‍ മുതലായവയെ വെടിവച്ചു കൊല്ലാനുള്ള അധികാരം കര്‍ഷകനു നല്‍കുക.
ര. സര്‍ക്കാര്‍തന്നെ കൂടുതല്‍ ജനനനിരക്കുള്ള വന്യജീവികളുടെ എണ്ണത്തെ നിയന്ത്രിക്കുക. മനുഷ്യന്റെ ജനനനിരക്കു കുറയ്ക്കാന്‍വേണ്ടി മുറവിളി കൂട്ടുന്നവര്‍ മൃഗങ്ങളുടെ ജനനനിരക്കു കുറയ്ക്കാന്‍ ആവശ്യപ്പെടുമ്പോള്‍ മുറവിളി കൂട്ടുന്നത് കപടപരിസ്ഥിതി പ്രേമമാണെന്നു മനസ്സിലാക്കുക.
റ. ആന, കടുവ, പുലി, കരടി, കാട്ടുപോത്ത് മുതലായവയെ മയക്കുവെടിവച്ച് ഉള്‍ക്കാട്ടില്‍വിടാനുള്ള സംവിധാനമേര്‍പ്പെടുത്തുക. നിലവിലുള്ള ഇന്ത്യന്‍ഭരണസംവിധാനമനുസരിച്ച് ഒരു വ്യക്തിയുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടായാല്‍ നടപടിയെടുക്കാനുള്ള അധികാരം ജില്ലാകളക്ടര്‍ക്കാണ്. ജില്ലാ കളക്ടര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ കോടതി ഇടപെടാതിരിക്കാനുള്ള നിയമനിര്‍മാണം നടത്തുക.
ല. വനംവകുപ്പ് കാട്ടിനകത്ത് തേക്ക്, യൂക്കാലി മുതലായവയുടെ കൃഷി നടത്തുന്നത് അവസാനിപ്പിക്കുക. ഇതുമൂലം നഷ്ടപ്പെട്ട വനത്തിന്റെ ജൈവവൈവിധ്യം എത്രയെന്നു കണക്കാക്കി ജനങ്ങളെ ബോധ്യപ്പെടുത്തുക.
ള. തേക്ക്, യൂക്കാലി പ്ലാന്റേഷന്‍സ് വെട്ടിമാറ്റുക.
ഴ. ഉള്‍ക്കാട്ടില്‍ മാവ്, പ്ലാവ് മുതലായ ഫലവര്‍ഗങ്ങള്‍ ഉണ്ടാകുന്ന മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും അങ്ങനെ മൃഗങ്ങളെ കാട്ടില്‍ നിലനിര്‍ത്താനുള്ള സംവിധാനം സൃഷ്ടിക്കുകയും ചെയ്യുക.
വ. വനാതിര്‍ത്തിക്കു ചുറ്റും വേലി കെട്ടിത്തിരിക്കുക. അതു ചെലവു കുടുതലാണെങ്കില്‍ വനാതിര്‍ത്തിയില്‍ ട്രഞ്ച് കുഴിച്ച് വന്യമൃഗങ്ങളുടെ സഞ്ചാരം വനാതിര്‍ത്തിയില്‍ ഒതുക്കുക.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)