കൊവിഡ്-19 വാക്‌സിനേഷനെയും ചെറുപ്പക്കാരിലെ വര്‍ധിച്ചുവരുന്ന ഹാര്‍ട്ടറ്റാക്കിനെയും ബന്ധപ്പെടുത്തി ഏറെ ദുരൂഹതകള്‍ പ്രചരിക്കുന്ന കാലഘട്ടമാണിത്. ഈ അസ്പഷ്ടതകള്‍ക്കുള്ള മറുപടിയായിട്ടാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) ബൃഹത്തായ പഠനം നടത്തി കഴിഞ്ഞ നവംബര്‍ 16 ന് ഫലം പ്രസിദ്ധീകരിച്ചത്. പഠനം തെളിയിച്ച ഏറ്റവും പ്രസക്തമായ കാര്യം, കൊവിഡ് വാക്‌സിനേഷനും പെട്ടെന്നുള്ള മരണവുമായി യാതൊരു ബന്ധവുമില്ല എന്നതാണ്. എന്നാല്‍, കൊവിഡ് രോഗബാധയ്ക്കുശേഷം സമുചിതമായ വിശ്രമമെടുക്കാതെ പെട്ടെന്നു കഠിനമായ ജോലിയിലേക്കും വ്യായാമത്തിലേക്കും പോയവരില്‍ മരണനിരക്ക് കൂടുതലായിക്കണ്ടു.
ഇന്ന്, സമ്പൂര്‍ണമായ ആരോഗ്യസമ്പാദനത്തിന് ഭക്ഷണവും വ്യായാമവും എങ്ങനെ സമന്വയിക്കണം എന്നറിയാത്തവര്‍ ഏറെയാണ്. ശരീരത്തെ എങ്ങനെയെങ്കിലും 'വലിച്ചു പറിച്ച്' ശരീരവടിവും ഊര്‍ജസ്വലതയും ആര്‍ജിച്ചെടുക്കാന്‍ ഉദ്യമിക്കുന്നവര്‍ ധാരാളം. സമീകൃതാഹാരമെന്തെന്നും വ്യായാമം ചെയ്യുന്നതിലെ ശാസ്ത്രീയത എന്തെന്നും അറിയണം. ഈ തത്ത്വമറിയാതെ എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാനും ശരീരവടിവ് ആകര്‍ഷകമാക്കാനും യത്‌നിക്കുന്നവര്‍ പെട്ടെന്ന് ഹാര്‍ട്ടറ്റാക്കിലേക്കും മരണത്തിലേക്കും പതിക്കുന്നതായി നാം കാണുന്നു.
ശരീരവടിവും ശേഷിയും സംരക്ഷിക്കാനും ദുര്‍മേദസ്സ് ഒഴിവാക്കാനും ഭക്ഷണം കുറച്ചുകഴിച്ച് അനങ്ങാതിരിക്കുകയല്ല; 'നല്ല' ഭക്ഷണം നന്നായി കഴിച്ച് അതു ദഹിക്കാന്‍ കൃത്യമായി വ്യായാമം ചെയ്യുകയാണു വേണ്ടത്. അതാവണം ആരോഗ്യത്തിന്റെ രസതന്ത്രം. സ്ഥിരമായ വ്യായാമപദ്ധതി ആരംഭിക്കുന്നതിനുമുമ്പ് വൈദ്യപരിശോധന ചെയ്യുന്നത് അഭികാമ്യമാണ്. ഹൃദ്രോഗം, സ്‌ട്രോക്ക്, രക്താതിമര്‍ദം, പ്രമേഹം, സന്ധിരോഗങ്ങള്‍, അര്‍ബുദം, മനോരോഗങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദേശപ്രകാരംമാത്രമേ വ്യായാമം തുടങ്ങാവൂ.
എന്നാല്‍, വ്യായാമത്തിന്റെ ലക്ഷ്മണരേഖ തെറ്റുന്ന അവസരങ്ങളുമുണ്ട്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ നിര്‍ദേശപ്രകാരം ഒരാള്‍ ആഴ്ചയില്‍ 150 മിനിറ്റ് മിതമായ എയ്‌റോബിക് വ്യായാമമുറകളോ 75 മിനിറ്റ് തീവ്രമായ വ്യായാമമോ ചെയ്യാം. വേണമെങ്കില്‍ ഇവ കൂട്ടിക്കലര്‍ത്തുകയും ചെയ്യാം. എന്നാല്‍, സമയപരിധി കാക്കുന്നത് ഉചിതം. ഇതും കൃത്യമായി ചെയ്താല്‍ ധാരാളം പ്രയോജനങ്ങളുമുണ്ട്. വര്‍ദ്ധിച്ച ഹൃദയാരോഗ്യം, കൂടിയ ശാരീരികശേഷി, നല്ല ഉറക്കം, നിയന്ത്രണവിധേയമാകുന്ന സ്‌ട്രെസ്സ്, ഇമ്മ്യൂണ്‍വ്യവസ്ഥയുടെ ശക്തമായ നിര്‍വഹണം തുടങ്ങിയവയെല്ലാം കൃത്യവും സ്ഥിരവുമായ വ്യായാമമുറകളുടെ പ്രയോജനങ്ങളാണ്.
എന്നാല്‍, വ്യായാമത്തിന്റെ സമയപരിധിയും തീവ്രതയും തെറ്റിയാല്‍ ഗുണത്തേക്കാളുപരി ദോഷങ്ങള്‍തന്നെ ഉണ്ടാകും. ആഴ്ചയില്‍ 300 മിനിറ്റില്‍ കൂടിയാല്‍, അതും അമിതായാസം ചെയ്താല്‍ ഒ.റ്റി.എസ്. (ീ്‌ലൃൃേമശിശിഴ ്യെിറൃീാല) അല്ലെങ്കില്‍ 'ബേണ്‍ ഔട്ട്' എന്ന പ്രതിഭാസമുണ്ടാകുന്നു. ഈ അവസ്ഥ ആരോഗ്യത്തിനു ഭീഷണിയാകുന്ന പല പ്രത്യാഘാതങ്ങളും ക്ഷണിച്ചുവരുത്തും. ഒ.റ്റി.എസ്. മുഖേന അത്യാപത്കരമായ രോഗാതുരതകളിലേക്ക് ഒരുവന്‍ പതിക്കുകയാണ്. വ്യായാമത്തിന്റെ തീവ്രതയും അതേത്തുടര്‍ന്നുള്ള വിശ്രമവും (റിക്കവറി) തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് ഒ.റ്റി.എസ്സിന്റെ പ്രധാന കാരണം.
ഒ.റ്റി.എസിന്റെ പ്രത്യാഘാതങ്ങള്‍
- സ്‌ട്രെസ് ഹോര്‍മോണുകളായ കോര്‍ട്ടിസോളും എപ്പിനെഫ്രിനും വര്‍ധിക്കുന്നു. അതോടെ മനോനില തെറ്റുന്നു. വിഷാദരോഗമുണ്ടാകുന്നു, ഉറക്കം നഷ്ടപ്പെടുന്നു.
- വിശപ്പുകുറവും ഭാരക്കുറവുമുണ്ടാകുന്നു.
- റാബ്‌ഡോമയോലൈസിസ് - തീവ്രവ്യായാമംമൂലം പേശികളില്‍ മുറിവും അപചയവും ഉണ്ടാകുന്നു, അതുമൂലമുണ്ടാകുന്ന മയോഗ്ലാബിന്‍ വൃക്ക പരാജയമുണ്ടാക്കുന്നു.
- തളര്‍ച്ചയും ശേഷിക്കുറവും അനുഭവപ്പെടുന്നു.
- ഉറക്കക്കുറവുണ്ടാകുന്നു.
- നെഞ്ചിടിപ്പും രക്തസമ്മര്‍ദവും വര്‍ദ്ധിക്കുന്നു.
- ദഹനപ്രശ്‌നങ്ങള്‍, മലബന്ധം, വിശപ്പുകുറവ്
- ലൈംഗികതാത്പര്യം കുറയുന്നു.
- പ്രതിരോധശക്തി കുറയുന്നു.
സാധാണരീതിയില്‍ അമിതവ്യായാമം ചെയ്യുന്ന 60 ശതമാനത്തോളം ചെറുപ്പക്കാരില്‍ ഒ.റ്റി.എസ് കാണാറുണ്ട്. സ്വന്തം ആരോഗ്യനിലവാരം എത്രമാത്രം സുരക്ഷിതമാണെന്ന തിരിച്ചറിവില്ലാതെയാണ് മിക്ക ചെറുപ്പക്കാരും വ്യായാമപദ്ധതികളിലേര്‍പ്പെടുന്നത്. 150 മിനിറ്റോളം ആഴ്ചയില്‍ വ്യായാമം ചെയ്യുന്നത് സുരക്ഷിതമാണെന്നിരിക്കേ, 450 മിനിറ്റില്‍ കൂടിയാല്‍ കൊറോണറിധമനികളില്‍ കാത്സ്യം അടിഞ്ഞുകൂടാനുള്ള സാധ്യത വര്‍ധിക്കുന്നു. ഈ കാത്സ്യനിക്ഷേപം വലുതായി പ്ലാക്കായി ഹൃദയധമനികളിലെ രക്തസഞ്ചാരം ദുഷ്‌കരമാക്കുന്നു.
അമേരിക്കയിലെ മയോക്ലിനിക്കില്‍ 3175 ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി 25 വര്‍ഷക്കാലത്തോളം, വിവിധ തീവ്രതയിലുള്ള വ്യായാമപദ്ധതികളുടെ പ്രത്യാഘാതം പരിശോധിക്കുന്ന പഠനം നടത്തി. ഇടയ്ക്ക് ഓരോ കാലയളവില്‍ അവരെ സി.റ്റി. സ്‌കാന്‍ പരിശോധനയ്ക്കു വിധേയമാക്കി. ആഴ്ചയില്‍ 150 മിനിറ്റില്‍ കുറവ് മിതമായ വ്യായാമം ചെയ്യുന്നവരുമായി താരതമ്യപ്പെടുത്തിയപ്പോള്‍, 450 മിനിറ്റില്‍ കൂടുതല്‍ തീവ്രമായ വ്യായാമമുറകളിലേര്‍പ്പെട്ട വെളുത്ത വര്‍ഗക്കാരില്‍ ഹൃദയധമനികളിലെ കാത്സ്യം 86 ശതമാനത്തില്‍ കൂടുതലായി കണ്ടു. അതുപോലെ, അമിതവ്യായാമം ചെയ്തവരില്‍ കൃത്യമല്ലാത്ത വേഗത്തിലുള്ള ഹൃദയസ്പന്ദനവും, ഹൃദയപേശിക്കുള്ള പരിക്കും വര്‍ധിച്ച തോതില്‍ കണ്ടു. പ്രമേഹം, രക്താതിമര്‍ദം, പുകവലി തുടങ്ങിയ ആപത്ഘടകങ്ങളില്ലാത്തവരിലും ഈ പ്രതിഭാസം കണ്ടു. അപ്പോള്‍ ആഴ്ചയില്‍ 450 മിനിറ്റില്‍ കൂടുതല്‍ കഠിനവ്യായാമപദ്ധതികളിലേര്‍പ്പെടുന്നവര്‍ക്കു പെട്ടെന്നുള്ള ഹാര്‍ട്ടറ്റാക്കും ഹൃദയസ്തംഭനവും സംഭവിക്കാനുള്ള സാധ്യത വളരെക്കൂടുതലാണെന്നു തെളിയുന്നു. നിങ്ങളുടെ ശരീരത്തെ പറ്റാവുന്നതിലുമധികം ശക്തിയോടെ വലിച്ചിഴച്ചുകൊണ്ടുപോകുമ്പോള്‍ ഹൃദയം താങ്ങില്ലെന്നു സാരം.
ഇനി വ്യായാമവുമായി ബന്ധപ്പെടാതെ ചെറുപ്പക്കാരില്‍ ഹാര്‍ട്ടറ്റാക്കിനുള്ള സാധ്യത പൊതുവേ ഏറുന്നതെന്തുകൊണ്ട്?
സാധാരണ മുതിര്‍ന്നവരില്‍ കാണുന്ന പൊതുവായ ആപത്ഘടകങ്ങള്‍ ചെറുപ്പക്കാരില്‍ കാണുന്നുണ്ടെങ്കിലും പ്രത്യേകമായി അവരെ ഹൃദയാഘാതത്തിലേക്കു തള്ളിവിടുന്ന പല നൂതനപ്രശ്‌നങ്ങളുമുണ്ട്. 40 വയസ്സില്‍ താഴെ അറ്റാക്കു വരുന്നവരുടെ കണക്കു പരിശോധിച്ചാല്‍ 25 ശതമാനത്തിലധികം പേരും 20 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്. പ്രമേഹം, അമിതരക്തസമ്മര്‍ദം, അമിതവണ്ണം, വര്‍ധിച്ച കൊളസ്‌ട്രോള്‍ തുടങ്ങിയ സാധാരണ എല്ലാവരിലും കാണുന്ന ആപത്ഘടകങ്ങള്‍ക്കുപരിയായി ചെറുപ്പക്കാരില്‍ പല ശീലങ്ങളും വിനയാകുന്നു. പുകവലി, പാരമ്പര്യപ്രവണത, കുടുംബങ്ങളില്‍ കാണുന്ന വര്‍ധിച്ച കൊഴുപ്പുഘടകങ്ങള്‍, വ്യായാമക്കുറവ്, വര്‍ധിച്ച മദ്യസേവ, ലഹരിവസ്തുക്കള്‍, (ആംഫെറ്റാമൈനുകള്‍, കൊക്കൈന്‍, മെത്താംഫെറ്റാമൈന്‍), മൊബൈല്‍ ഫോണുമായി ദീര്‍ഘനേരം അലസമായി ചടഞ്ഞിരിക്കുന്ന പ്രകൃതം, ഒടുങ്ങാത്ത സ്‌ട്രെസ്, അപഥ്യമായ ഭക്ഷണശൈലികള്‍ തുടങ്ങിയവ യുവാക്കളില്‍ ഹൃദയാഘാതത്തിനു ഹേതുവാകുന്നു.
അമേരിക്കയിലെ യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ചെറുപ്പക്കാരായ പുരുഷന്മാരെയും സ്ത്രീകളെയും ഉള്‍പ്പെടുത്തി നടത്തിയ പഠനഫലം ഇക്കഴിഞ്ഞ മേയ്മാസം ജാമ (ഖമാമ) ജേര്‍ണലില്‍ പ്രസിദ്ധീകൃതമായി. 2264 പേരെ ഉള്‍പ്പെടുത്തി നടത്തിയ ഗവേഷണത്തില്‍ ഹൃദയാഘാതത്തിലേക്കു നയിച്ച അപകടസാധ്യതകള്‍ യുവാക്കളിലും യുവതികളിലും വ്യത്യസ്തമായി കണ്ടു. യുവതികളിലുണ്ടായ അറ്റാക്കില്‍ 84 ശതമാനത്തിനും കാരണമായി കണ്ടത് പ്രമേഹം, വിഷാദരോഗം, പുകവലി, കുറഞ്ഞ കുടുംബവരുമാനം, പാരമ്പര്യം, വര്‍ധിച്ച കൊളസ്‌ട്രോള്‍, രക്താതിമര്‍ദം എന്നിവയാണ്. ആര്‍ത്തവവിരാമത്തിനുമുമ്പ് സാധാരണമായി സ്ത്രീകള്‍ക്കു ഹൃദയാഘാതമുണ്ടാകില്ല എന്നാണ് പരമ്പരാഗതമായ ശാസ്ത്രം. കാരണം, സ്ത്രീകളിലെ സ്‌ത്രൈണഹോര്‍മോണുകളായ ഈസ്ട്രജനും മറ്റും നല്ല സാന്ദ്രത കൂടിയ എച്ച്.ഡി.എല്‍. കൊളസ്‌ട്രോളിനെ വര്‍ധിപ്പിച്ചുകൊണ്ട് ഹൃദ്രോഗസാധ്യതയില്‍നിന്നു പരിരക്ഷിക്കുന്നു. ഈ പരിരക്ഷ ഗര്‍ഭധാരണത്തിനും കുട്ടികളെ വളര്‍ത്തുന്നതിനുമൊക്കെയായി പ്രകൃതി അവര്‍ക്കു കനിഞ്ഞുനല്‍കിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ സാധാരണമായി ഋതുവിരാമത്തിനുമുമ്പ് സ്ത്രീകള്‍ക്കു ഹാര്‍ട്ടറ്റാക്കുണ്ടാകാറില്ല. എന്നാല്‍, പ്രമേഹം, അമിതരക്തസമ്മര്‍ദം, പുകവലി, ഗര്‍ഭനിരോധനഗുളികകളുടെ ഉപയോഗം തുടങ്ങിയവ ഈ പരിരക്ഷ നല്‍കുന്നതിനു തടസ്സമുണ്ടാക്കുന്നു. യേല്‍ യൂണിവേഴ്‌സിറ്റിയിലെ പഠനത്തില്‍ ഹൃദയഘാതത്തിനു കാരണമായി യുവതികളില്‍ പ്രമേഹവും വിഷാദരോഗവുമാണ് കണ്ടത്; അതുപോലെ യുവാക്കളില്‍ പുകവലിയും പാരമ്പര്യജന്യമായ പ്രവണതകളും.
കാലം ചെല്ലുന്നതോടെ പരമ്പരാഗതമായ പല വൈദ്യസിദ്ധാന്തങ്ങളും തിരുത്തിയെഴുതപ്പെടുകയാണ്. ഹൃദയാഘാതവും അതേത്തുടര്‍ന്നുള്ള മരണവും സംഭവിക്കുന്ന ഏതാണ്ട് അമ്പതു ശതമാനം പേരിലും നേരത്തേ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നില്ല. അതുപോലെ, അറ്റാക്കുണ്ടാകുന്ന 40-50 ശതമാനത്തോളം പേരിലും സാധാരണ കാണാറുള്ള അപായഘടകങ്ങള്‍ ഉണ്ടാകാറില്ല. സാധാരണ നാം പറയാറുള്ള 'ഫിസിക്കല്‍ ഫിറ്റ്‌നസ്' എന്ന പ്രതിഭാസവും ഹൃദയാരോഗ്യവുമായി പറയത്തക്ക ബന്ധമില്ലെന്നോര്‍ക്കണം. അതായത്, ശാരീരിമായി 'ഫിറ്റ്' ആയ ഒരാള്‍ക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത ഒട്ടുമില്ല എന്ന ധാരണ തെറ്റാണ്. ചെറുപ്പക്കാരായ പുരുഷന്മാരിലും സ്ത്രീകളിലും മറ്റ് ആപത്ഘടകങ്ങള്‍ ഇല്ലെങ്കിലും അജ്ഞാതകാരണങ്ങളാല്‍ കൊഴുപ്പുനിക്ഷേപം (പ്ലാക്ക്) ഉണ്ടാകുന്നു. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന പുതിയ ട്രിഗറുകളെ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകത പ്രസക്തമാകുന്നു. കൊറോണറികളില്‍ ഗുരുതരമായ ബ്ലോക്കില്ലാതെ അറ്റാക്കുണ്ടാകുന്ന അവസ്ഥയെ 'മിനോക്ക' എന്നു വിളിക്കുന്നു. 5-6 ശതമാനം പേരില്‍ ഇപ്രകാരം ഹൃദയാഘാതമുണ്ടാകുന്നു. ചെറുപ്പക്കാരില്‍ ഇതിനുള്ള കാരണങ്ങള്‍ പലതാണ് - താത്കാലികമായ ചെറിയ ബ്ലോക്കുകളും രക്തക്കട്ടകളും ഉണ്ടാകുന്നു, മൈക്രോവാസ്‌കുലര്‍ രോഗം, തീവ്രമായ സ്‌ട്രെസ് കൊണ്ടു ധമനികള്‍ ചുരുങ്ങുകയും അവ വിണ്ടുകീറുകയും (ഡൈസെക്ഷന്‍) ചെയ്യുന്ന അവസ്ഥ. ഇത്തരം രോഗികളില്‍ ആന്‍ജിയോഗ്രാഫി ചെയ്താല്‍ അമ്പതു ശതമാനത്തില്‍ കുറഞ്ഞ അപ്രധാന ബ്ലോക്കുകള്‍മാത്രം കാണപ്പെടുന്നു. ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഹൃദ്രോഗമുണ്ടാകുന്നതില്‍ ജീനുകളുടെ സ്വാധീനം ഇന്നു പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ജീനുകളുടെ ശക്തി ഏറിക്കണ്ടരില്‍ ഹൃദ്രോഗസാധ്യത 91 ശതമാനം ഉയര്‍ന്നു കണ്ടു. ജീനുകളുടെ സ്വാധീനത്തോടൊപ്പം ആപത്ഘടകങ്ങളും ഏറിയാല്‍ സംഗതി ഗുരുതരം. തോക്കു നിറയ്ക്കുന്നതു ജീനുകളാണ്, കാഞ്ചി വലിക്കുന്നത് അപകടഘടകങ്ങളും. ഹൃദയത്തിന്റെ വില്ലനായ കൊളസ്‌ട്രോള്‍ അറ്റാക്കുണ്ടാകുന്ന 40-50 ശതമാനം പേരിലും വര്‍ധിച്ചുകാണുന്നില്ലെന്നോര്‍ക്കണം. ഹൃദയാഘാതമുണ്ടാകുന്നത് ശാരീരിക മാനസിക-ജനിതകഘടകങ്ങളുടെ ഉദ്ദീപനപ്രക്രിയയിലെ അവസാന അധ്യായമായിട്ടാണ്.