•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പരിവര്‍ത്തനത്തിന്റെ പരിമളം പരത്തിയ യുഗപുരുഷന്‍

കുമാരനാശാന്‍ ഓര്‍മയായിട്ട് ജനുവരി 16 ന് നൂറു വര്‍ഷം

 

പാരതന്ത്ര്യത്തില്‍നിന്നു സ്വാതന്ത്ര്യത്തിലേക്കുള്ള ധീരപ്രയാണമായാണ് ആശാനെന്ന മനുഷ്യന്റെയും കവിയുടെയും ജീവിതത്തെ സാനുമാഷ് (എം.കെ. സാനു) സൂത്രരൂപത്തില്‍ വരച്ചിടുന്നത്. സ്വാതന്ത്ര്യത്തെ ഉപാസിച്ചിരുന്ന ആശാന്‍ കൃത്രിമമായ ചട്ടക്കൂടുകളില്‍ തളയ്ക്കപ്പെട്ട മലയാളകവിതയെ നിറവും തുടിപ്പുമേറിയ ജീവിതത്തിലേക്ക് ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. എഴുത്തച്ഛനുശേഷം മലയാളസാഹിത്യത്തിലെ മുടിചൂടാമന്നനായ ഏ.ആര്‍. രാജരാജവര്‍മ്മ വീണപൂവിന്റെ കര്‍ത്താവിനെ സ്വാഗതം ചെയ്തപ്പോള്‍ കുമാരനാശാന്‍ സ്വാതന്ത്ര്യതൃഷ്ണാപ്രേരിതമായിരുന്ന സമുദായസേവനത്തിലൂടെ സഹൃദയലോകത്തിനു സ്വീകാര്യനായി. ആവേശം കൊള്ളിക്കാന്‍, പ്രതിഷേധിക്കാന്‍, അഭ്യര്‍ഥിക്കാന്‍, താക്കീതു നല്‍കാന്‍, ഉപദേശിക്കാന്‍, ഉദ്‌ബോധിപ്പിക്കാന്‍ സന്നദ്ധമായ ആശാന്‍കവിതകള്‍ ദീര്‍ഘകാലത്തെ സമുദായസേവനത്തിനിടയിലുണ്ടായ വിവിധാനുഭവങ്ങളുടെ ആകത്തുകയാണ്.

മനുഷ്യാവകാശങ്ങള്‍ പലതും നിഷേധിക്കപ്പെട്ട, അസ്വാതന്ത്ര്യവും അവമതിയും പൊതുശാപമായിരുന്ന ഒരുകാലത്ത്, സമുദായത്തിലെ താഴേക്കിടയില്‍പ്പെട്ട ഒരു കുടുംബത്തില്‍ പറയത്തക്ക ധനപുഷ്ടിയൊന്നുമില്ലാത്ത ഒരു ചെറുതരം വര്‍ത്തകന്റെ ഒന്‍പതുമക്കളിലൊരാളായി 1873 ല്‍ ജനനം. 14-ാം വയസ്സില്‍ പഠിച്ച സ്‌കൂളില്‍ അധ്യാപകവൃത്തി. വക്കത്തെ വേലായുധന്‍നടയില്‍ ശാന്തിക്കാരനും അവിടത്തെ കുടിപ്പള്ളിക്കൂടത്തില്‍ ആശാനുമായി കഴിഞ്ഞുകൂടി. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് സംസ്‌കൃതപാണ്ഡിത്യം നേടി.
ഒരു വ്യക്തിയും കവിയുമെന്ന നിലയില്‍ ജീവിതത്തെ അടിമുടി  സ്വാധീനപ്പെടുത്തിയ ഏറ്റവും മഹത്തായ സംഭവവും അനുഭവവും അദ്ദേഹത്തിന്റെ 'ശ്രീനാരായണ ദര്‍ശനം' ഒന്നുമാത്രമാണ്. ആശാന്റെ ഭൗതികവും ആത്മീയവുമായ സമസ്തസമുത്കര്‍ഷത്തിനും നാരായവേര് ശ്രീനാരായണനായിരുന്നു. അനന്യസുലഭമായ പ്രതിഭാശക്തിയും അചഞ്ചലമായ ആത്മവിശ്വാസവും അസാമാന്യമായ കര്‍മവൈഭവവും ക്രാന്തദര്‍ശിയുമായ ഗുരുസാമീപ്യത്തില്‍ ഉലയിലൂതിക്കാച്ചിയ പൊന്നിനോളം തിളക്കമാര്‍ന്നു കാണപ്പെട്ടു. കവിസഹജമായ ഭാവചാപല്യങ്ങള്‍ക്കും ഐന്ദ്രിയസുഖാസക്തിക്കും കടിഞ്ഞാണിട്ട് വികാരവിചാരങ്ങളെ സമുന്നതമണ്ഡലത്തില്‍ വ്യാപരിപ്പിക്കുവാന്‍ സര്‍വഥാ പ്രേരകമായിരുന്നു ആ വിശുദ്ധാന്തരീക്ഷം.
സംസ്‌കൃതത്തിലെ ന്യായവേദാന്ത - ദിശാസ്ത്രങ്ങളില്‍ അഗാധമായ പാണ്ഡിത്യം നേടുന്നതിനും ബാംഗ്ലൂരില്‍ ഡോക്ടര്‍ പല്‍പ്പുവിന്റെ ഗൃഹാന്തരീക്ഷത്തില്‍ വച്ചാരംഭിച്ച ഇംഗ്ലീഷ്പഠനത്തെ നിരന്തരവും അക്ഷീണവുമായ പ്രയത്‌നംകൊണ്ടു പരിപോഷിപ്പിച്ച് ഭാഷയ്ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞു. കാല്പനികപ്രസ്ഥാനത്തിന്റെ നെടുംതൂണുകളായ കീറ്റ്‌സ്, ഷെല്ലി, ബ്രൗണിങ് തുടങ്ങിയവരുടെ കാവ്യാനുഭൂതിയില്‍നിന്ന് ഉദയം ചെയ്ത നൂതനകാവ്യസങ്കല്പം മലയാളകാവ്യശാഖയില്‍ പരിവര്‍ത്തനത്തിന്റെ പരിമളം പടര്‍ത്തി.
ഹൈന്ദവതത്ത്വശാസ്ത്രങ്ങളോടൊപ്പം ബുദ്ധദര്‍ശനങ്ങളും ആഴത്തില്‍ വേരോടിയ ആശാന്റെ ചിന്താലോകം ആ യുഗപുരുഷന്റെ ക്രാന്തദര്‍ശിത്വത്തെയും ജീവിതസന്ദേശത്തെയും കാവ്യഭാവനയിലൂടെ പുനരാഖ്യാനം ചെയ്തതുവഴി, ഹിന്ദുമതത്തില്‍ ഇഴുകിപ്പിടിച്ചിരുന്ന സമസ്തമാലിന്യങ്ങളും ശുദ്ധീകരിച്ച് ഹൈന്ദവസമുദായപരിഷ്‌കരണം നിര്‍വഹിക്കാനാണ് ആശാന്‍ ഉദ്യമിച്ചത്.
ഭക്തിയും വിഭക്തിയുംമാത്രമല്ല സ്‌നേഹമാഹാത്മ്യവും സ്വാതന്ത്ര്യബോധവും ആശാന്റെ കവിതകളുടെ മുഖമുദ്രകളാണ്. ആശാന്റെ കാല്പനികകാവ്യങ്ങളെല്ലാം സ്‌നേഹഭാവാസ്പദങ്ങളായ ജീവിതാഖ്യാനങ്ങളാണ്. ഇടുങ്ങിയ ജാതിമതചിന്തകളുടെ, വരണ്ട ആശയങ്ങളുടെ തടവറയില്‍ മുരടിച്ച സാഹിത്യരംഗത്ത് ഒരു കവിയെന്ന നിലയില്‍ അനുഭവപ്പെട്ട അസ്വാതന്ത്ര്യം തൂലികത്തുമ്പിലൂടെ കവിഹൃദയത്തില്‍നിന്ന് വിശിഷ്ടഗാഥയായി പടര്‍ന്നൊഴുകി.
''കാലം വൈകിപ്പോയി, കേവലമാചാര
നൂലുകളെല്ലാം പഴകിപ്പോയി,  
കെട്ടിനിര്‍ത്തുവാന്‍ കഴിയാത്ത ദുര്‍ബല-
പ്പെട്ട ചരടില്‍ ജനത നില്‍ക്കാം
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍...
1924 ല്‍ പ്രസിദ്ധീകരിച്ച കരുണയാണ് ആശാന്റെ അന്തിമകൃതി. ജനുവരി 16 ന് ഒരു പരിപാടിയില്‍ പങ്കെടുത്ത് കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കുള്ള യാത്രയ്ക്കിടയില്‍ അദ്ദേഹം സഞ്ചരിച്ച റെഡിമര്‍ എന്ന ബോട്ട് പല്ലനയാറ്റില്‍ മുങ്ങി 51-ാം വയസ്സില്‍ ലോകത്തോടു വിടപറയുമ്പോള്‍ ആശാനവശേഷിപ്പിച്ചത് പോരാട്ടവീര്യത്തിന്റെ കൊടുങ്കാറ്റും 'ദേഹം വെടിഞ്ഞാല്‍ തീരുന്നല്ലീ പ്രണയ ജടിലം ദേഹീ തനു ദേഹബന്ധം' എന്ന വരികളില്‍ ഊറിക്കൂടിയ പ്രണയം ശരീരത്തിലല്ല ആത്മാംശത്തിന്റെ ഭാഗമാണെന്ന സന്ദേശവും ആയിരുന്നു. മലയാളകവിതയില്‍ നവീനതയ്‌ക്കൊപ്പം കാല്പനികതയുടെ വസന്തം തീര്‍ത്ത വിപ്ലവവീര്യത്തിന്റെ ദീപ്തസ്മരണകള്‍ നഷ്ടഘടികാര സൂചികളിലേറി, നൂറ്റാണ്ടിന്റെ ബാഷ്പപുഷ്പമായി നിലകൊള്ളവേ അശ്രുപൂജകള്‍, കവിതകളായി ആ പാദാരവിന്ദങ്ങളില്‍ നമുക്കു സമര്‍പ്പിക്കണം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)