•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നൂറു ദിനവും കടന്ന് ദുരിതപര്‍വം യുദ്ധം!

ചില സാഹചര്യങ്ങളില്‍ അത് അനിവാര്യതയാണെന്നു നമുക്കു വിശേഷിപ്പിക്കാമെങ്കിലും അതു ബാക്കിയാക്കുന്ന ദുരന്തങ്ങള്‍ക്കു ന്യായീകരണമില്ലതന്നെ. ഇരുവശങ്ങളിലും നില്‍ക്കുന്നവര്‍ക്കു കാരണങ്ങളും ന്യായീകരണങ്ങളും എത്രയൊക്കെയുണ്ടെന്നുവരികിലും നിരപരാധികളുടെ ജീവനും ജീവിതവും സ്വപ്നങ്ങളും പ്രതീക്ഷകളും കുരുന്നുബാല്യങ്ങളും ഒക്കെത്തന്നെയാണു ബലികൊടുക്കേണ്ടി വരുന്നത്. ഒപ്പം, പ്രകൃതിയുടെ സന്തുലിതാവസ്ഥകൂടി തകിടംമറിയുകയാണ്.
2023 ഒക്‌ടോബര്‍ 7 ന് ഇസ്രയേലില്‍ നടന്ന ഹമാസ് ഭീകരാക്രമണത്തെത്തുടര്‍ന്ന് ആരംഭിച്ച യുദ്ധം നൂറു ദിനങ്ങള്‍ പിന്നിടുമ്പോഴും യുദ്ധവിരാമത്തിന്റെ നേര്‍ത്തൊരു പ്രകാശരേഖ പോലും ഇരുളാഴങ്ങളില്‍ തെളിയുന്നില്ല എന്നതുതന്നെയാണ് നമ്മെ ആശങ്കാകുലരാക്കുന്നത്. 'യുദ്ധം തുടങ്ങിവച്ചത് ഞങ്ങളല്ല, എന്നാല്‍, അവസാനിപ്പിക്കുന്നത് ഞങ്ങള്‍തന്നെയാവും, പശ്ചിമേഷ്യയെ ഞങ്ങള്‍ മാറ്റിമറിക്കുകതന്നെ ചെയ്യും' എന്ന ബെന്യാമിന്‍ നെതന്യാഹുവിന്റെ ഉറച്ച സ്വരവും, ഇസ്രയേലിന്റെ മുന്‍ചരിത്രവും ലോകത്തെ ഒട്ടൊന്നുമല്ല അസ്വസ്ഥമാക്കുന്നത്.
ദുരന്താവസ്ഥ
ഗാസയിലെ മരണസംഖ്യ പതിനായിരം ഹമാസ് ഭീകരര്‍ അടക്കം ഇരുപത്തിനാലായിരത്തിനു മുകളില്‍. ഇതില്‍ പിഞ്ചുകുഞ്ഞുങ്ങളും പെടുന്നു. പരിക്കേറ്റവര്‍ എഴുപതിനായിരത്തിലധികം. ഭവനരഹിതരായവര്‍ പത്തുലക്ഷം. കൊല്ലപ്പെട്ട ഇസ്രയേല്‍സൈനികര്‍ 522. ഭീകരര്‍ സ്ത്രീകളെയും കുട്ടികളെയും മറയാക്കി പള്ളികളും ആശുപത്രികളും സ്‌കൂളുകളും ഒളിവിടങ്ങളാക്കിയതാണ് നിരപരാധികളുടെ മരണസംഖ്യ ഉയര്‍ത്തിയത്.
ഗാസ ഇപ്പോള്‍
വടക്കന്‍ ഗാസയും തെക്കന്‍ ഗാസയും പൂര്‍ണമായിത്തന്നെ കീഴ്‌പ്പെടുത്തിയ ഇസ്രയേല്‍സൈന്യം മധ്യ-തെക്കന്‍ ഗാസയില്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഹമാസിന്റെ രണ്ടു ബ്രിഗേഡിയര്‍ കമാന്‍ഡര്‍മാരും പത്തൊമ്പതു ബറ്റാലിയന്‍ കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടു. ഗാസയില്‍ ഇതേവരെ മുപ്പതിനായിരം ഇടങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. എന്നാല്‍, ഒക്‌ടോബര്‍ ഏഴിനു നടത്തിയ ഭീകരാക്രമണത്തിനുശേഷം ഹമാസ് നടത്തിയ പതിനൊന്നായിരം മിസൈല്‍ ആക്രമണങ്ങളില്‍ ഒന്നുപോലും ലക്ഷ്യം കണ്ടില്ല.
തുടര്‍ച്ചയായ ബോംബ്‌വര്‍ഷത്തിനൊപ്പം കുന്നുകൂടിയ ജഡങ്ങളില്‍നിന്നുള്ള അസഹ്യമായ ദുര്‍ഗന്ധവും പകര്‍ച്ചവ്യാധികളും പട്ടിണിയും ഗാസയെ നരകമാക്കിയിരിക്കുന്നു. ഭൂരിഭാഗം സന്നദ്ധസംഘടനകളും ഗാസ വിട്ടൊഴിഞ്ഞുകഴിഞ്ഞു. ഫലത്തില്‍ ഇവിടം വാസയോഗ്യമല്ലാത്ത ഒരിടമായിക്കഴിഞ്ഞു എന്നു നിരീക്ഷകര്‍ പറയുന്നു.
ഭീകരത ഇപ്പോള്‍
ആധുനികകാലത്തിന്റെ മാറ്റങ്ങള്‍ കൈനീട്ടി വാങ്ങിയ അറബ് രാജ്യങ്ങള്‍ കാലങ്ങള്‍കൊണ്ടു തങ്ങള്‍ പടുത്തുയര്‍ത്തിയ സാമ്പത്തിക-സമാധാന-സാമൂഹികമേഖലകള്‍ തകരാന്‍ ആഗ്രഹിക്കാത്തതിനാല്‍ ഇപ്പോഴും പലസ്തീനു നേര്‍ക്കു വാതില്‍ കൊട്ടിയടച്ചിരിക്കുന്നു. വന്‍ അറബ് സാമ്പത്തികശക്തിയായ സൗദി അറേബ്യയില്‍ വേള്‍ഡ് റെസ്‌ലിംഗ് ചാമ്പ്യന്‍ഷിപ്പടക്കം നിരവധി കായികമാമാങ്കങ്ങള്‍ ഈ വേളയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു എന്നതില്‍നിന്നുതന്നെ അവരുടെ നിസംഗത മനസ്സിലാക്കാം. യുദ്ധാരംഭദിനങ്ങളില്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി നൂറു കണക്കിനു റോക്കറ്റുകള്‍ വര്‍ഷിച്ചിരുന്ന ഹമാസ് ഒരു മാസത്തിനിടയില്‍ ഒറ്റ റോക്കറ്റ് ആക്രമണംപോലും നടത്തിയിട്ടില്ല എന്നതില്‍നിന്നും അവരുടെ ആയുധശൃംഖല തകര്‍ക്കപ്പെട്ടു എന്നു വ്യക്തം. ഭൂഗര്‍ഭതുരങ്കങ്ങളിലെ ആയുധസംഭരണശാലകളും ഒളിയിടങ്ങളും തകര്‍ക്കപ്പെട്ടുകഴിഞ്ഞു.
ലെബനനില്‍ ഹിസ്ബുള്ള കാണിച്ച ആക്രമണോത്സുകതയ്ക്കു  മറുപടി എന്നവണ്ണം 750 നുമേല്‍ ലെബനീസ് ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ഇസ്രയേല്‍ ആക്രമണത്തിനു വിധേയമായത്. ലെബനോന്‍ അതിര്‍ത്തിയില്‍നിന്ന് അവര്‍ക്ക് ഇരുപതു കിലോമീറ്റര്‍ പിന്‍വലിയേണ്ടിയും വന്നു. 
ചെങ്കടല്‍ കപ്പലുകളുടെ ശവപ്പറമ്പാക്കാന്‍ കച്ചകെട്ടിയ ഹൂതികള്‍ക്കാകട്ടെ, 'പ്രോസ്‌പെരറ്റി ഗാര്‍ഡിയന്‍' സഖ്യം നടത്തിയ കനത്ത രണ്ട് ആക്രമണത്തോടെ അല്പം ഒതുക്കമായിട്ടുണ്ട്.
ഇറാന്റെ കൈപ്പിഴ
ആധുനികആയുധങ്ങള്‍ നല്‍കി ചെങ്കടല്‍ ആക്രമണബുദ്ധി ഹൂതികള്‍ക്ക് ഉപദേശിച്ചുകൊടുത്ത ഇറാനാകട്ടെ, അവരുദ്ദേശിച്ച വര്‍ഗീയമുഖം ലഭ്യമായില്ല എന്നുമാത്രമല്ല, ചെങ്കടലിലെ ആധിപത്യത്തിനു കണ്ണുനട്ടിരിക്കുന്ന ഇറാന്റെ ലക്ഷ്യം വ്യക്തമായി അറിയാവുന്ന മറ്റു രാജ്യങ്ങള്‍ നിസംഗത പാലിക്കുകയും ചെയ്തത് കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകളഞ്ഞു. ഹൂതികളുടെ കപ്പലാക്രമണത്തെ ഗാസയുദ്ധവുമായി കൂട്ടിയിണക്കേണ്ടതില്ല എന്നും അന്താരാഷ്ട്രസ്വതന്ത്രവ്യാപാരത്തെ ബാധിക്കുന്ന കാര്യമായിമാത്രം പരിഗണിച്ചാല്‍ മതിയെന്നുമുള്ള ലോകരാജ്യങ്ങളുടെ നയം അവര്‍ക്കു തിരിച്ചടിയായി. അതേസമയം, അമേരിക്കയെയും ബ്രിട്ടനെയും ചെങ്കടലില്‍ നേര്‍യുദ്ധത്തിനിറങ്ങാന്‍ നിര്‍ബന്ധിതരാക്കി എന്നത് ഇസ്രയേലിന്റെ നേട്ടമായി.
ഇറാനില്‍ ഹിജാബ് വിവാദമടക്കം പ്രാകൃത ഇസ്ലാമികതയ്‌ക്കെതിരേ അനേക ജീവനുകള്‍ ബലികഴിച്ചു നടത്തുന്ന ആഭ്യന്തരകലാപങ്ങള്‍ ഇറാന്‍ ജനതയുടെ പിന്തുണ അമേരിക്കയ്ക്കും ഇസ്രയേലിനും ലഭ്യമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇറാനിലെ ഏറ്റവും സുരക്ഷിതമേഖലയില്‍ നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയ വന്‍ ബോംബുസ്‌ഫോടനവും ഇറാനെതിരേയുള്ള താക്കീതായീ നിരീക്ഷകര്‍ കാണുന്നു.
മുഖം മിനുക്കാന്‍ ജോ ബൈഡന്‍
അമേരിക്കയില്‍ തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയതോടെ പ്രസിഡന്റ് ബൈഡന് ഇതൊരു മുഖംമിനുക്കല്‍വേളകൂടിയാണ്. ജനപ്രീതിയില്‍ ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ ഏറെ പിന്നിലാണ് ജോ ബൈഡന്‍ ഇപ്പോള്‍. അതുകൊണ്ടുതന്നെയാണ് ഹൂതികള്‍ വിക്ഷേപിക്കുന്ന ആയുധങ്ങള്‍ തകര്‍ക്കുക എന്ന പ്രതിരോധതന്ത്രത്തില്‍നിന്നു മാറി ലോകപോലീസ് എന്ന തലത്തിലേക്ക് ഉയര്‍ന്നുകൊണ്ട് ഹൂതിക്യാമ്പുകള്‍ക്കുനേര്‍ക്ക് അവര്‍ ആക്രമണം കടുപ്പിച്ചത്.
ലോകസമ്പദ്ക്രമം
ചെങ്കടല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് കപ്പല്‍ഗതാഗതത്തില്‍ സംഭവിച്ച വ്യതിയാനം ലോകത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പല പ്രമുഖ കമ്പനികളുടെയും റാക്ക് കാലിയാക്കിത്തുടങ്ങി. ചരക്കുനീക്കത്തിന്റെ ചെലവുവര്‍ധന സ്വാഭാവികമായും വിലക്കയറ്റത്തിനു വഴിതെളിച്ചു. പ്രമുഖ കാര്‍കമ്പനിയായ ടെസ്‌ല ഒരു ഫാക്ടറിയുടെ പ്രവര്‍ത്തനംതന്നെ നിര്‍ത്തിവച്ചു. ചരക്കുനീക്കം വേഗത്തിലാക്കാന്‍ പല കമ്പനികളും വ്യോമമേഖലയെ ആശ്രയിച്ചതും വിലവര്‍ധനയ്ക്കു കാരണമായി. ഇതൊക്കെ അമേരിക്കയെയോ ബ്രിട്ടനെയോമാത്രമല്ല, ലോകസാമ്പത്തികക്രമത്തെത്തന്നെ ഉലയ്ക്കുന്ന കാര്യമാണ്.
ചൈനയുടെ ഇടപെടല്‍
അന്താരാഷ്ട്രനീതിന്യായക്കോടതിയില്‍ ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത കേസും, ഐക്യരാഷ്ട്രസഭയില്‍ തുടരെ ആവര്‍ത്തിക്കുന്ന വെടിനിര്‍ത്തല്‍ പ്രമേയങ്ങളും അവഗണിച്ച് തങ്ങളുടെ പ്രഖ്യാപിതലക്ഷ്യത്തിലേക്ക് ഇസ്രയേല്‍ ഇരച്ചുകയറുമ്പോള്‍ ചൈനയുടെ നേതൃത്വത്തില്‍ ഒരു സമാധാനചര്‍ച്ചയ്ക്കു ശ്രമം നടക്കുന്നു. ദ്വിരാഷ്ട്രസിദ്ധാന്തം 1967 ലെ അതിര്‍ത്തികള്‍ മാനിച്ചുകൊണ്ടു നടപ്പിലാക്കുകയും ഈസ്റ്റ് ജറുസലെം തലസ്ഥാനമാക്കി പലസ്തീനു സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുക എന്നതാണു പ്രമേയം.
ഇന്ത്യയടക്കം ഇസ്രയേലിനെ പിന്തുണയ്ക്കുന്ന മറ്റു രാജ്യങ്ങളും ഇതിനെ അനുകൂലിക്കുന്നു. എന്നാല്‍, ഇസ്രയേല്‍ അത്ര അനുകൂലനിലപാടല്ല. അറബ് രാജ്യങ്ങളൊന്നാകെ ചുറ്റിവളഞ്ഞ് ആക്രമിച്ച, ലോകരാജ്യങ്ങള്‍ ഉപരോധങ്ങളാല്‍ വീര്‍പ്പുമുട്ടിച്ച ഒരു കൊടിയ വറുതിക്കാലത്തില്‍നിന്ന് വന്‍ സാമ്പത്തിക-സാങ്കേതികസൈനികശക്തിയിലേക്കുളള വളര്‍ച്ചയുടെ വഴികള്‍ അവരെ ഭയരഹിതരാക്കി. കൂടാതെ, ജനപ്രീതിയില്‍ ഇടിവു നേരിടുന്ന നെതന്യാഹുവിന് ഇതു രാഷ്ട്രീയനിലനില്പിന്റെ പോരാട്ടമാണ്.
ആധുനികലോകക്രമവും പ്രാകൃതജീവിതക്രമവും തമ്മിലുള്ള പോരാട്ടമാണ് ഫലത്തില്‍ നടക്കുന്നത് എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഹമാസ് - ഹൂതികള്‍പോലുള്ള ഭീകരതയെ തച്ചുതകര്‍ക്കുക എന്നതുമാത്രമാണ് പരിഹാരം എന്നിരിക്കലും ദാരുണമായി മരിച്ചുവീഴുന്ന നിഷ്‌കളങ്കമുഖങ്ങള്‍ എപ്പോഴും ഉള്ളുലയ്ക്കുന്നതുതന്നെ. ഒരു തുറന്ന യുദ്ധമാകുമ്പോള്‍ പക്ഷേ, കൊടുക്കേണ്ട വിലയും അതുതന്നെ.
അമേരിക്കയും ബ്രിട്ടനും പരസ്യമായി രംഗത്തുവന്നതോടെ അവരും യുദ്ധത്തില്‍ പങ്കാളികളായേക്കാം എന്ന തോന്നല്‍ ഉളവായിട്ടുണ്ട്. ഇതു  യുദ്ധത്തെ ഒരു വലിയ കാന്‍വാസിലേക്കു പകര്‍ത്താനുള്ള സാധ്യതകള്‍ പ്രവചനാതീതമായി ചൂണ്ടിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)