•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ലോകത്തെ നിശ്ചലമാക്കിയ അദൃശ്യനായ കൊലയാളി

ലോകരാജ്യങ്ങളില്‍ ജനസംഖ്യയില്‍ ഒന്നാമതും വലുപ്പത്തില്‍ നാലാമതും നില്ക്കുന്ന ചൈനയിലെ വുഹാന്‍ നഗരത്തില്‍ കഴിഞ്ഞവര്‍ഷം അവസാനത്തോടെ പ്രത്യക്ഷപ്പെട്ട 'സാര്‍സ് കൊറോണ വൈറസ് 2' സൃഷ്ടിച്ച കോവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെ നിശ്ചലമാക്കിയിട്ട് അഞ്ചുമാസം പൂര്‍ത്തിയായി. ഈ ലേഖനം തയ്യാറാക്കുമ്പോള്‍ 199 രാജ്യങ്ങളിലായി ആകെ രോഗികളുടെ എണ്ണം 66,30,070, മരണപ്പെട്ടവരുടെ എണ്ണം 3,89,579. പ്രതിരോധമരുന്നുകളൊന്നും ഇല്ലാത്തതിനാല്‍ രോഗികളുടെ എണ്ണവും മരണസംഖ്യയും അനുദിനം വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. അനതിവിദൂരഭാവിയില്‍ ഒരു പ്രതിവിധിക്കു സാധ്യതയില്ലാത്തതിനാല്‍ ദശലക്ഷക്കണക്കിനാളുകള്‍ മരണപ്പെട്ടേക്കാമെന്ന ഭയവുമുണ്ട്.
അത്യാധുനിക മൈക്രോസ്‌കോപ്പുകളിലൂടെ മാത്രം ദൃശ്യമാകുന്ന ഒരു വിഷാണുവിനു മുമ്പില്‍ വികസിതരാജ്യങ്ങള്‍പോലും അടിപതറുന്ന സ്ഥിതിവിശേഷം പരമദയനീയമെന്നേ പറയേണ്ടൂ. കൊറോണ എന്തെന്നും 'കോവിഡ്' എന്തെന്നും വിവേചിച്ചറിയാന്‍പോലുമുള്ള സമയം ഈ വിഷാണു മനുഷ്യനു നല്കിയില്ലെന്നുള്ളതും വിചിത്രമായിരിക്കുന്നു. ആരംഭത്തില്‍ തീരുമാനങ്ങളെടുക്കാന്‍ ചൈനീസ് ഭരണനേതൃത്വം കാട്ടിയ അലംഭാവം ഇതരരാജ്യങ്ങളിലേക്കു രോഗം പടരാന്‍ കാരണമായി എന്നതു യാഥാര്‍ത്ഥ്യമാണ്. തുടക്കത്തില്‍ വന്ന കാലതാമസത്തിനുപുറമേ, അറിവില്ലായ്മയും അശ്രദ്ധയും കൂടിച്ചേര്‍ന്നപ്പോള്‍ രോഗം നിയന്ത്രിക്കാനാവാത്ത പകര്‍ച്ചവ്യാധിയായി മാറിയിരുന്നു.
കൊറോണ വൈറസ് മൂന്നു തരം
മനുഷ്യശരീരത്തിലെ ജീവകോശങ്ങളെ നശിപ്പിക്കുന്ന കൊറോണവൈറസുകള്‍ മൂന്നു വിഭാഗങ്ങളാണെന്നു കണെ്ടത്തിയിട്ടുണ്ട്. 2002ല്‍ പ്രത്യക്ഷപ്പെടുകയും രണ്ടു വര്‍ഷത്തിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്ത 'സാര്‍സ്-1' ( SARS severe Acute Respiratory Syndrome 1 ), 2012ല്‍ കണ്ടെത്തിയ  'മെര്‍സ്' ( MERS-Middle East Respiratory Syndrome ) , ഇപ്പോള്‍ രൂപംകൊണ്ട സാര്‍സ് -2 എന്നിവ. ഇവയില്‍ ആദ്യത്തേത് മനുഷ്യരില്‍ പ്രവേശിച്ചെങ്കിലും ശ്വാസകോശങ്ങളെ നേരിട്ടു ബാധിച്ചതിനാല്‍ അധികം ആളുകളിലേക്കു പകരാനുള്ള സാധ്യത കുറവായിരുന്നു. ചൈനയിലെ ജവാംഗ് ഡോംഗ് പ്രവിശ്യയില്‍ പടര്‍ന്നുപിടിച്ച ഈ വൈറസ് വഴി രോഗികളായ 8,000 ആളുകളില്‍ 774 പേര്‍ മാത്രമേ മരണപ്പെട്ടുള്ളൂ. രോഗവാഹകരായ വവ്വാലുകളില്‍ നിന്നു മരപ്പട്ടികളിലൂടെയാണു വൈറസ് മനുഷ്യരിലെത്തിയതെന്നാണു ഗവേഷകര്‍ അഭിപ്രായപ്പെട്ടത്.
ഗള്‍ഫുനാടുകളില്‍ ജന്മമെടുത്ത 'മെര്‍സ്' എന്ന രണ്ടാമത്തെ ഇനം, 27 രാജ്യങ്ങളിലേക്കു വ്യാപിച്ചെങ്കിലും മൂന്നു വര്‍ഷത്തിനുശേഷം അപ്രത്യക്ഷമായി. സൗദിഅറേബ്യയിലും ജോര്‍ദ്ദാനിലുമായിരുന്നു ആദ്യരോഗികള്‍. അവിടെനിന്നുള്ള രാജ്യാന്തരയാത്രികരിലൂടെ രോഗം വിവിധ രാജ്യങ്ങളിലെത്തി. 2014 ല്‍ യുഎസിലും, 2015 ല്‍ കൊറിയന്‍ ഉപദ്വീപിലും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗബാധിതരായ 2519 പേരില്‍ 866 പേര്‍ക്കേ ജീവന്‍ നഷ്ടമായുള്ളൂ.
മേല്‍പ്പറഞ്ഞ രണ്ടു വൈറസുകളില്‍നിന്നും വിഭിന്നമായി 2019 അവസാനത്തോടെ ചൈനയില്‍ രൂപംകൊണ്ട സാര്‍സ് 2, പ്രത്യേക ഘടനാവിശേഷമുള്ള വൈറസുകളാണെന്നു തെളിഞ്ഞിട്ടുണ്ട്. പുതിയ വൈറസുകള്‍ ഞൊടിയിടകൊണ്ടു ജനിതകമാറ്റത്തിനു വിധേയമാകുന്നതാണു ഗവേഷകരെ വിഷമവൃത്തത്തിലാക്കുന്നത്. ഒരു പ്രതിരോധമരുന്നു കണെ്ടത്തുമ്പോഴേക്കും വൈറസുകള്‍ക്കു ഘടനാമാറ്റം വന്നുകഴിഞ്ഞിരിക്കും. വവ്വാലുകളില്‍നിന്നു മറ്റു മൃഗങ്ങളിലേക്കും പിന്നീടു മനുഷ്യരിലും പ്രവേശിച്ചുവെന്നു കരുതപ്പെടുന്ന ഈ വൈറസുകള്‍ ഈനാംപേച്ചികള്‍ (Pangolin) വഴിയാണു മനുഷ്യരിലെത്തിയതെന്നാണു കണെ്ടത്തിയത്. ഒട്ടകഇറച്ചിയും ഒട്ടകപ്പാലും കഴിച്ചവരിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനനഗരമായ വുഹാനിലെ ഹുനാനന്‍ വന്യജീവികമ്പോളത്തിലെ മാംസവില്പനക്കാരിയായ ഒരു സ്ത്രീയുടെ ശരീരത്തിലാണ് സാര്‍സ്-2 വൈറസുകള്‍ ആദ്യം കയറിപ്പറ്റിയത്. നിബിഡവനങ്ങളില്‍നിന്നു വേട്ടയാടിപ്പിടിക്കുന്ന വന്യമൃഗങ്ങളെ ജീവനോടെയോ അല്ലാതെയോ ചന്തയിലെത്തിച്ചു കച്ചവടം ചെയ്യും. ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളിലേതുപോലുള്ള കടുത്ത നിയന്ത്രണങ്ങള്‍ ചൈനയില്‍ ഇല്ലാത്തത് മൃഗവേട്ടക്കാര്‍ക്കു സഹായകവുമാണ്. ഒരു കോടിയിലേറെ ജനസംഖ്യയുള്ള വുഹാന്‍നഗരത്തിലെ ഹുനാനന്‍ വന്യജീവിചന്ത ലോകപ്രശസ്തമാണ്. പാറ്റയും പല്ലിയും തേളും മുതല്‍ ഭൂമുഖത്തുള്ള ഏതു ജീവിയും കമ്പോളത്തില്‍ സുലഭം. വവ്വാലും ഈനാംപേച്ചിയും മുള്ളന്‍പന്നിയും പൂച്ചയും പട്ടിയും പാമ്പും ഉള്‍പ്പെടെയുള്ള മൃഗങ്ങളെ വാങ്ങാന്‍ കിട്ടും. മൃഗങ്ങളുടെ തുകല്‍കൊണ്ടു നിര്‍മ്മിച്ച വസ്ത്രങ്ങളും ചെരിപ്പും ചൈനക്കാരുടെ നിത്യോപയോഗസാധനങ്ങളാണ്. വവ്വാലുകളുടെ ഭക്ഷ്യാവശിഷ്ടങ്ങളും ഉച്ഛിഷ്ടവും ഭക്ഷിക്കുന്ന ഈനാംപേച്ചിയുടെ മാംസവും അവരുടെ ഇഷ്ടഭോജ്യമാണ്. വൈറസുകള്‍ വില്പനക്കാരിയില്‍നിന്നു മാസം വാങ്ങാനെത്തിയവരിലേക്കും പിന്നീട് മറ്റുള്ളവരിലേക്കും ശരവേഗത്തില്‍ പടരുകയായിരുന്നു.
അന്നനാളത്തിന്റെ തുടക്കത്തിലുള്ള മൃദുകോശങ്ങളെയാണ് സാര്‍സ്-2 വൈറസുകള്‍ ആദ്യം നശിപ്പിക്കുക. കടുത്ത രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുംമുമ്പുതന്നെ വൈറസുകള്‍ മറ്റൊരാളില്‍ പ്രവേശിച്ചുകഴിഞ്ഞിരിക്കാമെന്നതാണു സാര്‍സ്-2 ന്റെ പ്രത്യേകത. ശക്തമായ ചുമയും തുമ്മലുംവഴി പുറത്തേക്കു തെറിച്ചുവീഴുന്ന ഉമിനീരും കഫവും വൈറസുകളെക്കൊണ്ടു നിറഞ്ഞിരിക്കും. രോഗിയായ ഒരാള്‍ ശക്തിയായി തുമ്മുമ്പോള്‍ പുറന്തള്ളുന്ന വൈറസുകളുടെ ബാഹുല്യംകണ്ട് ജപ്പാനിലെ ഗവേഷകര്‍ ഞെട്ടിയെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഒരു ക്ലാസ്സുമുറിയുടെ വലുപ്പമുള്ള ഒരു സ്ഥലം സ്ഫടികംകൊണ്ടു മറച്ച് അതിനുള്ളിലിരുത്തിയ രോഗി തുമ്മിയപ്പോള്‍ പുറത്തേക്കുവന്ന പരശതം വൈറസുകള്‍ 20 മിനിറ്റുകള്‍ക്കുള്ളില്‍ മുറി നിറയുന്ന ചിത്രമാണ് മൈക്രോസ്‌കോപ്പുകളിലൂടെ ഗവേഷകര്‍ കണ്ടത്! വൈറസുകള്‍ പറ്റിപ്പിടിക്കുന്ന പ്രതലങ്ങളില്‍ സ്പര്‍ശിക്കുകയോ രോഗിയുടെ സമീപത്തുനില്ക്കുകയോ ചെയ്യുമ്പോള്‍ രോഗം പകരാന്‍ ഇടയാക്കുന്നു. ശ്വാസനാളത്തിന്റെ ഉദ്ഭവസ്ഥാനത്തു കോശങ്ങളോടു ചേര്‍ന്നിരിക്കുന്നതിനാല്‍ രോഗിയോടു സംസാരിക്കുമ്പോള്‍പോലും രോഗപകര്‍ച്ച ഉണ്ടാകുമെന്നതിനാലാണ് രോഗലക്ഷണമുള്ളവരെ ഏകാന്തവാസത്തില്‍ (Quarantine) പാര്‍പ്പിക്കുന്നത്.
കൊറോണ വൈറസുകളുടെ വലുപ്പം 125 നാനോമീറ്റര്‍ (.125 മൈക്രോമീറ്റര്‍) എന്നാണ് ഗവേഷകര്‍ കണക്കാക്കിയിട്ടുള്ളത്. (ഒരു തലമുടിയിഴയുടെ വണ്ണത്തിന്റെ ആയിരത്തില്‍ ഒന്നു ചെറുത് എന്നു വിശദീകരിക്കുകയാണു മനസ്സിലാക്കാന്‍ എളുപ്പം)
'കൊറോണ' എന്ന വാക്കിന് 'കിരീടം' എന്ന അര്‍ത്ഥമാണ് ഡിക്ഷനറിയില്‍ കൊടുത്തിരിക്കുന്നത്. സൂര്യചന്ദ്രന്മാരുടെ ചുറ്റും കാണുന്ന പ്രകാശവലയം എന്നും അര്‍ത്ഥമുണ്ട്. 'കിരീടധാരണം' (coronation) എന്ന വാക്ക് 'കൊറോണ'യില്‍നിന്നുദ്ഭവിച്ചതാണ്. ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ 'ജപമാല' എന്നും ഈ വാക്കിനര്‍ത്ഥമുണ്ട്. ജപമാലയിലെ മണികളുടെ ഗോളാകൃതിയിലുള്ള രൂപഘടനയാകാം ഇതിനു കാരണം. ഗോളാകൃതിയിലുള്ള പുറംതോടിനു ചുറ്റും മുള്ളുകള്‍പോലെ തോന്നിക്കുന്ന ആവരണവും പ്രത്യകതകളാണ്. 'കൊറോണ' എന്ന നാമധേയമുള്ള ഒരു വിശുദ്ധയും തിരുസഭയിലുണ്ട്. രണ്ടാം നൂറ്റാണ്ടില്‍ സിറിയയില്‍ ജീവിച്ചിരുന്ന വി. കൊറോണയുടെ ഭര്‍ത്താവ് വിക്ടറും വിശുദ്ധനാണ്. മാതൃകാദമ്പതികളായി ജീവിച്ച ഇവരുടെ തിരുനാള്‍ മേയ് മാസം 14-ാം തീയതിയാണ് തിരുസഭ ആഘോഷിക്കുന്നത്.
ചൈന സ്വീകരിച്ച നടപടികള്‍
2019 അവസാനത്തോടെ കടുത്ത പനിയും ശക്തമായ ചുമയുമായി ആശുപത്രിയിലെത്തിയ അനേകംപേരില്‍ നടത്തിയ വിശദമായ പരിശോധനകളിലാണു രോഗവാഹകര്‍ കൊറോണ വൈറസുകളാണെന്നു തിരിച്ചറിയുന്നത്. പരിശോധനാസൗകര്യമുള്ള മികച്ച ആശുപത്രികള്‍ വുഹാനില്‍ വിരളമായിരുന്നുതാനും. ജനുവരി 9-ാം തീയതി ആദ്യമരണം റിപ്പോര്‍ട്ടു ചെയ്യുമ്പോഴേക്കും ഹുബൈ പ്രോവിന്‍സിന്റെ ഇതരനഗരങ്ങളിലേക്കും രോഗം പകര്‍ന്നുകഴിഞ്ഞിരുന്നു. അത്യന്തം മാരകമായ കൊറോണ വൈറസുകളെക്കുറിച്ചും ജനങ്ങള്‍ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ചും വിശദീകരിക്കുന്ന ലഘുലേഖകള്‍ പിറ്റേന്നുതന്നെ പുറത്തിറക്കി. കോവിഡ്-19 മഹാമാരിയുടെ ഉദ്ഭവസ്ഥലമായ വുഹാന്‍ നഗരം പൂര്‍ണമായും അടച്ചുകൊണ്ടുള്ള പ്രസിഡന്റ് ഷീ ചിന്‍പിംഗിന്റെ ഉത്തരവുണ്ടായത് ജനുവരി 22 നായിരുന്നു. പിന്നാലെ ഹുബൈപ്രോവിന്‍സിലെ മുഴുവന്‍ നഗരങ്ങളും ക്വാറന്റൈനിലായിരിക്കുമെന്നു പ്രഖ്യാപിച്ചു. ജനുവരി 23 മുതല്‍ മാര്‍ച്ച് 23 വരെയുള്ള രണ്ടു മാസത്തേക്കും ക്വാറന്റൈന്‍ ദീര്‍ഘിപ്പിച്ച ഏപ്രില്‍ 8-ാം തീയതി വരെയും പ്രവിശ്യയില്‍നിന്നു പുറത്തേക്കോ വെളിയില്‍നിന്നു പ്രവിശ്യക്കുള്ളിലേക്കോ പ്രവേശനം നിഷേധിച്ചു. സര്‍ക്കാര്‍ നല്കിയ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ച് ജനങ്ങളെല്ലാം വീടുകള്‍ക്കുള്ളില്‍ കഴിയുകയായിരുന്നു. മാസ്‌കുകള്‍ ധരിക്കാനും വ്യക്തിശുചിത്വം പാലിക്കാനും സാമൂഹികാകലം നിലനിറുത്താനും എല്ലാവരും ശ്രദ്ധിച്ചു. വീടും പരിസരങ്ങളും വൃത്തിയാക്കാനും ലോക്ഡൗണ്‍ ദിനങ്ങള്‍ ചെലവഴിച്ചു. ഏപ്രില്‍ 19-നുശേഷം ഇന്നുവരെ രണ്ടു മരണങ്ങളേ ചൈനയില്‍നിന്നു റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളൂവെന്നതും ശ്രദ്ധേയമാണ്.
ജനുവരിമാസത്തിലെ ആദ്യആഴ്ചകളില്‍ത്തന്നെ ചൈനയുടെ അയല്‍രാജ്യങ്ങളായ ഇരുകൊറിയകളിലേക്കും ജപ്പാനിലേക്കും തായ്‌ലണ്ടിലേക്കും രോഗം പകര്‍ന്നിരുന്നുവെങ്കിലും സമയോചിതമായ നടപടികളിലൂടെ ഫലപ്രദമായി നിയന്ത്രിക്കാനായി. വുഹാന്‍ എയര്‍പോര്‍ട്ടില്‍നിന്നു ദിവസേനയുള്ള 50 ലേറെ അന്തര്‍ദ്ദേശീയവിമാനങ്ങളില്‍ യാത്ര ചെയ്തവരാണ് യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഇതരരാജ്യങ്ങളിലേക്കും രോഗമെത്തിച്ചത്. കാണാപ്പുറങ്ങളിലിരുന്നു ദശലക്ഷങ്ങളെ കൊന്നൊടുക്കുന്ന വൈറസുകളെ ഇല്ലായ്മ ചെയ്യുന്നതിനു ഭരണകര്‍ത്താക്കളും ഗവേഷകരും നടത്തുന്ന പ്രയത്‌നങ്ങള്‍ വിജയിക്കട്ടെയെന്നു പ്രത്യാശിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)