•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ലോകചെസില്‍ ഇന്ത്യന്‍കുതിപ്പ്

ടുത്ത ലോക ചെസ്ചാമ്പ്യനാകാനുള്ള പോരാട്ടത്തില്‍, നിലവിലെ ലോകചാമ്പ്യന്‍, ചൈനയുടെ ഡിങ്‌ലിറനെ നേരിടുന്നത് ഒരു ഇന്ത്യക്കാരന്‍ ആയിരിക്കുമോ? വിശ്വനാഥന്‍ ആനന്ദിന്റെ യഥാര്‍ഥ പിന്‍ഗാമിയാകാന്‍ യുവതാരങ്ങളുടെ ഒരു നിരതന്നെ തയ്യാറെടുക്കുന്നു. ഡിങ് ലിറന്റെ എതിരാളിയെ കണ്ടെത്താന്‍ ഏപ്രില്‍ രണ്ടുമുതല്‍ ഇരുപത്തിയഞ്ചുവരെ ടൊറന്റോയില്‍ നടക്കുന്ന കാന്‍ഡിഡേറ്റ്‌സ് ചെസില്‍ മത്സരിക്കുന്ന എട്ടുപേരില്‍ മൂന്നുപേര്‍ ഇന്ത്യക്കാരാണ്. ആര്‍. പ്രഗ്‌നാനന്ദ, വിദിത് ഗുജറാത്തി, ഡി. ഗുകേഷ് എന്നിവര്‍. ഇതില്‍ ഗുകേഷും പ്രഗ്‌നാനന്ദയും കൗമാരക്കാരാണ്. യഥാക്രമം പതിനേഴും പതിനെട്ടും വയസ്സ്. ഗുജറാത്തിക്ക് 29 വയസ്സും.

1991 നുശേഷം ആദ്യമാണ് ഒന്നിലധികം ഇന്ത്യക്കാര്‍ കാന്‍ഡിഡേറ്റ്‌സ് ചെസില്‍ പങ്കെടുക്കുന്നത്. മൂന്ന് ഇന്ത്യക്കാര്‍ മത്സരിക്കുന്നത് ആദ്യവും. അതിലുപരി, ഇതോടൊപ്പം നടക്കുന്ന വനിതാ കാന്‍ഡിഡേറ്റ്‌സ് ചെസില്‍ ആര്‍. വൈശാലിയും കൊനേരു ഹമ്പിയും മത്സരിക്കുന്നു. വൈശാലി രമേശ് ബാബു, പ്രഗ്‌നാനന്ദയുടെ സഹോദരിയാണ്. ആദ്യമായാണ് പുരുഷ, വനിതാ കാന്‍ഡിഡേറ്റ്‌സ് ചെസ് ഒരേ സ്ഥലത്തു നടക്കുന്നത്. കാന്‍ഡിഡേറ്റ്‌സ് ചെസില്‍ ആദ്യമായാണ് സഹോദരങ്ങള്‍ മത്സരിക്കുന്നത്.
പ്രഗ്‌നാനന്ദയ്ക്കു പിന്നാലെ വൈശാലി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടിയിട്ട് ഒരു മാസം കഴിഞ്ഞതേയുള്ളൂ. വനിതാവിഭാഗത്തില്‍നിന്ന് ഇന്ത്യയുടെ മൂന്നാമത്തെ ഗ്രാന്‍ഡ് മാസ്റ്ററാണ്  വൈശാലി, ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടുന്ന എണ്‍പത്തിനാലാമത്തെ ഇന്ത്യന്‍ ചെസ്താരവും. കൊനേരു ഹംപിയും ദ്രോണാവല്ലി ഹരികയുമാണ് ഈ നേട്ടം കൈവരിച്ച മറ്റു രണ്ട് ഇന്ത്യന്‍ വനിതകള്‍. പുരുഷ, വനിതാ വിഭാഗങ്ങള്‍ കണക്കാക്കുമ്പോള്‍ അഞ്ച് ഇന്ത്യന്‍താരങ്ങളാണ് കാന്‍ഡിഡേറ്റ്‌സ് ചെസില്‍ മത്സരിക്കുക. ഇന്ത്യന്‍ചെസ് എത്രത്തോളം മുന്നേറിയെന്നതിന്റെ വ്യക്തമായ തെളിവ്.
ഒരു കാലത്ത് റഷ്യയുടെ കുത്തകയായിരുന്നു ലോകചെസ്. പിന്നീട് അമേരിക്കയും ചൈനയുമൊക്കെ വെല്ലുവിളി ഉയര്‍ത്തി. വിശ്വനാഥന്‍ ആനന്ദിലൂടെ 1990 കളിലാണ്  ഇന്ത്യന്‍ കുതിപ്പു തുടങ്ങിയത്. ലോകകിരീടം ചൂടിക്കൊണ്ട് ആനന്ദ് 'വിശ്വനാഥ'നായി. വലിയൊരു കുതിപ്പിനാണ് ആനന്ദ് വഴിമരുന്നിട്ടത്. ആ കുതിപ്പില്‍ മലയാളികളും പങ്കാളികളായി. ജി.എന്‍. ഗോപാലും എന്‍. നാരായണനും നിഹാല്‍ സരിനും ഗ്രാന്‍ഡ് മാസ്റ്റര്‍ന്മാരായി.
ലോക ചെസ്ചാമ്പ്യനായി ഡിങ് ലിറെന്‍ നില്‍ക്കുമ്പോഴും ലോക ഒന്നാം നമ്പര്‍ ചെസ് താരം മാഗ്‌നസ് കാള്‍സന്‍തന്നെ. ലോകചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്താന്‍ ശ്രമിക്കാതിരുന്ന കാള്‍സന്‍ അടുത്തിടെ ലോകബ്ലിറ്റ്‌സ്, ലോക റാപ്പിഡ് കിരീടങ്ങള്‍ കരസ്ഥമാക്കിയിരുന്നു. ഏഴാംതവണ ലോകബ്‌ളിറ്റ്‌സ് ചാമ്പ്യനായ മാഗ്‌നസ് കാള്‍സന്‍ ആകെ നേടിയത് പതിനേഴ് ലോക ചാമ്പ്യന്‍ഷിപ്പുകളാണ്. ലോക ക്ലാസിക് കിരീടം വീണ്ടെടുക്കാനും കാള്‍സന്‍ ശ്രമിക്കുന്നില്ല. കാള്‍സന്റെ അസാന്നിധ്യം പ്രകടമാണ്. ഫിഡെയുടെ 'ഇലോ' റേറ്റിങ്ങില്‍ കാള്‍സനും ഫാബിയാനോ കരുയാേനായും മാത്രമാണ് 2800 നു മുകളില്‍ ഉള്ളത്. യഥാക്രമം 2830, 2804 പോയിന്റ്.
 ഡിങ് ലിറന്റെ എതിരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്‌സ് ചെസില്‍ എട്ടുപേരാണ് മത്സരിക്കുന്നത്. ഫാബിയാനോ മത്സരരംഗത്തുണ്ട്. ഇയാന്‍ നപ്പോമ്‌നിയാച്ചി, നിജത് അബസോവ്, ഹിക്കാരു നകാമുറ, അലിറേസ ഫിറോസ്ജ എന്നിവരാണ് ഇന്ത്യന്‍താരങ്ങള്‍ക്കു പുറമേ മത്സരിക്കുക. വനിതകളുടെ ടൂര്‍ണമെന്റിലും എട്ടുപേരാണ്. ചൈനയുടെതന്നെ ജു വെന്‍ജന്‍ ആണ് നിലവിലെ ലോകവനിതാചാമ്പ്യന്‍. 
വിശ്വനാഥന്‍ ആനന്ദ് 2000 ത്തില്‍ ടെഹ്‌റാനില്‍ ഫിഡെ ലോകചെസ് ചാമ്പ്യന്‍ഷിപ്പു നേടിയതിനുമുമ്പ് ജൂണിയര്‍ കിരീടം ചൂടിയിരുന്നു. ഇന്ന് വിവിധ ജൂനിയര്‍ തലങ്ങളില്‍ എത്രയോ ലോകകിരീടങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ നേടിയിരിക്കുന്നു. പക്ഷേ, മൂന്നു പതിറ്റാണ്ടിലേറെയായി വിശ്വനാഥന്‍ ആനന്ദ് മാത്രം മത്സരിച്ചൊരു വേദിയിലാണ് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഒരുപോലെ കടന്നുവരുന്നത്. ഒപ്പം വനിതാവിഭാഗത്തില്‍ രണ്ടുപേരും. ഇന്ത്യന്‍ ചെസ് കഴിഞ്ഞ മൂന്നു വ്യാഴവട്ടത്തില്‍ കൈവരിച്ച കുതിപ്പിന്റെ തെളിവാണിത്. 
ഏറ്റവും പുതിയ ലോകറാങ്കിങ്ങില്‍, ലോകചാമ്പ്യന്‍ ഡിങ് ലിറെന്‍ നാലാം സ്ഥാനത്താണ് (2780 പോയിന്റ്). കാള്‍സനും റാബിയാനോയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്ത് ഹിക്കാരുവുമുണ്ട് (2788 പോയിന്റ്). പക്ഷേ, ചെസില്‍ അട്ടിമറി സാധ്യതയേറെയാണ്. ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ഗുജറാത്തിയും പ്രഗ്‌നാനന്ദയും ഗുകേഷും മികച്ച പോരാളികളാണ്. ഇവരില്‍ ഒരാള്‍ ഡിറെന്റെ ചാലഞ്ചര്‍ ആയാല്‍ മത്സരം ലോകം മുഴുവന്‍ ശ്രദ്ധിക്കും. കാരണം, അതൊരു ചൈന-ഇന്ത്യ പോരാട്ടമാകും. ആയുധമില്ലാത്ത യുദ്ധം. 
ശീതസമരം കൊടുമ്പിരിക്കാണ്ടിരിക്കുന്ന സമയത്ത് സോവിയറ്റ് യൂണിയന്റെ ലോകചാമ്പ്യന്‍ ബോറിസ് സ്പാസ്‌ക്കിയെ പരാജയപ്പെടുത്തി അമേരിക്കയുടെ ബോബി ഫിഷര്‍ ലോകകിരീടംചൂടിയപ്പോള്‍ സോവിയറ്റ് യൂണിയനുമേല്‍ അമേരിക്ക നേടിയ വിജയമായി അതു മാറി. അതിന്റെ ആവര്‍ത്തനമായി ചെസ് ബോര്‍ഡില്‍ ഒരു ഇന്ത്യ-ചൈന മത്സരത്തിന്റെ സാധ്യതയില്ലാതില്ല; അത് അത്ര എളുപ്പമാകില്ലെങ്കിലും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)