നൂറ്റാണ്ടുകളുടെ പാരമ്പര്യവുമായി മീനച്ചിലാറിന്റെ തീരത്തു തലയുയര്‍ത്തിനില്ക്കുന്ന പാലാ വലിയപള്ളി, മീനച്ചില്‍ക്രിസ്ത്യാനികളുടെ മതാത്മകജീവിതത്തിന്റെ പ്രതിരൂപമാണ്. തലമുറകള്‍ കൈമാറി, നമുക്കു ലഭിച്ചിരിക്കുന്ന വിവരങ്ങളില്‍ കുറെയൊക്കെ അതിശയോക്തിയും ഭാവനാവിലാസവും കലര്‍ന്നിരിക്കാമെങ്കിലും പള്ളിയെ സംബന്ധിച്ചു ചില തറവാട്ടുകാരണവന്മാര്‍ എഴുതിവച്ചിരിക്കുന്ന ഡയറിക്കുറിപ്പുകളും, നമ്മുടെ പരമ്പരാഗതവിശ്വാസവും തമ്മില്‍ ഐകരൂപ്യം കാണുന്നതുകൊണ്ട് അവയൊക്കെ യാഥാര്‍ഥ്യത്തിലധിഷ്ഠിതമാണ് എന്നുതന്നെ കരുതാവുന്നതാണ്.
സെന്റ് തോമസും കേരളസഭയും
വിശുദ്ധ തോമാശ്ലീഹാ എ.ഡി. 52 ല്‍ ഭാരതത്തില്‍ വന്നുവെന്നും അനേകരെ ക്രിസ്തുമതാനുയായികളാക്കിയെന്നുമാണു പരമ്പരാഗതമായി വിശ്വസിച്ചുവരുന്നത്. കേരളത്തിലെ സുറിയാനിക്രിസ്ത്യാനികള്‍ എക്കാലവും അറിയപ്പെട്ടിരുന്നതു മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ എന്ന പേരിലാണ്. തോമ്മാശ്ലീഹാ ഇന്ത്യയുടെ തെക്കുകിഴക്കേ തീരത്തുവച്ചു രക്തസാക്ഷിത്വം വരിച്ചുവെന്നും അദ്ദേഹത്തിന്റെ കബറിടം മൈലാപ്പൂരിലാണെന്നും എല്ലാവരും ഒന്നുപോലെ വിശ്വസിക്കുന്നു. പിന്നീട് പോര്‍ച്ചുഗീസുകാര്‍ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം എദേസ്സായിലേക്കു മാറ്റുകയാണുണ്ടായത്. 1953 ല്‍ കാര്‍ഡിനല്‍ ടിസറന്റ് തിരുമേനി, ഒര്‍ത്തോണോ ദൈവാലയത്തില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധന്റെ തിരുശ്ശേഷിപ്പില്‍ ഒരു ഭാഗം കേരളത്തിലേക്കു കൊണ്ടുവരികയും കൊടുങ്ങല്ലൂരിലെ മാര്‍ത്തോമ്മാഷ്രൈനിലും പാലാപ്പള്ളിയിലുമായി സ്ഥാപിക്കുകയും ചെയ്തു.
പള്ളിസ്ഥാപനവും നാലു വീട്ടുകാരും
പുരാതനങ്ങളായ പല പള്ളികളുടെയും ചരിത്രം പരിശോധിക്കുമ്പോള്‍, അവയുടെ സ്ഥാപനത്തിന്റെ കാര്യത്തില്‍ ഏതെങ്കിലും നാലു വീട്ടുകാരെപ്പറ്റി പ്രത്യേകം പരാമര്‍ശിച്ചുകാണുന്നുണ്ട്. അക്കാലത്ത് പള്ളിസ്ഥാപനത്തിന് കുറഞ്ഞത് നാലു വീട്ടുകാരെങ്കിലും ഉണ്ടായിരിക്കണമെന്ന് ഒരു അലിഖിതനിയമംതന്നെ നടപ്പിലിരുന്നതായി ഇതില്‍നിന്നു കരുതാവുന്നതാണ്. പാലാപ്പള്ളിയുടെ സ്ഥാപനത്തില്‍ പ്രത്യേകപങ്കുവഹിച്ചതായി വിശ്വസിച്ചുപോരുന്ന നാലു കുടുംബങ്ങള്‍ ഇവയാണ്: വയലക്കൊമ്പ്, തറയില്‍, കൂട്ടുങ്കല്‍, എറകോന്നി.
പള്ളിസ്ഥാപനം
പാലായിലും പരിസരങ്ങളിലുമുള്ള ക്രൈസ്തവര്‍ക്ക് അരുവിത്തുറയായിരുന്നു അന്ന് ഇടവകപ്പള്ളി. യാത്രാസൗകര്യങ്ങളുടെ അഭാവത്താലും വന്യമൃഗങ്ങളുടെയും മോഷ്ടാക്കളുടെയും ശല്യം കാരണത്താലും വിശ്വാസികള്‍ക്കെല്ലാം പതിവായി പള്ളിയില്‍ പോകാനോ കൂദാശകളില്‍ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. വര്‍ഷകാലത്ത് അരുവിത്തുറപ്പള്ളിയില്‍ ചെന്നെത്താന്‍ ബുദ്ധിമുട്ടുണ്ടായിരുന്നതുകൊണ്ട് കൂദാശസ്വീകരണത്തിനായി ചിലപ്പോള്‍ കുറവിലങ്ങാട്ടും പോകുമായിരുന്നു. സുഹൃത്തുക്കളായിരുന്ന വയലക്കൊമ്പുമാപ്പിളയും തറയില്‍ മാപ്പിളയും തമ്മില്‍ ആലോചിച്ചു നിശ്ചയിച്ചതനുസരിച്ച് ഭരണാധികാരിയുടെ പക്കല്‍ സ്വാധീനമുണ്ടായിരുന്ന വയലക്കൊമ്പുമാപ്പിള മീനച്ചില്‍ കര്‍ത്തായെ സമീപിച്ച് പാലായില്‍ ഒരു പള്ളി വയ്ക്കാനുള്ള അനുവാദം വാങ്ങിച്ചെടുത്തു. പള്ളി സ്ഥാപിച്ചു നടത്തിക്കൊണ്ടുപോകാന്‍ കഴിവുള്ള നാലു വീട്ടുകാരെങ്കിലും ഉണ്ടെങ്കിലേ പള്ളിപണി ആരംഭിക്കാവൂ എന്നു കര്‍ത്താ നിഷ്‌കര്‍ഷിച്ചു. ഇരുവരും എറകോന്നിമാപ്പിളയുമായി സംസാരിച്ചു. അദ്ദേഹവും എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു. തറയില്‍ മാപ്പിള, തന്റെ പിതൃവ്യപുത്രന്മാരില്‍ ഒരാളെ കടുത്തുരുത്തിയില്‍നിന്നു വരുത്തി നാലു വീട്ടുകാരെ തികച്ചു. പള്ളിപണി ആരംഭിക്കാന്‍ പിന്നെയും തടസ്സങ്ങള്‍ ഉണ്ടായി. വയലക്കൊമ്പു മാപ്പിളയ്ക്കു മീനച്ചിലില്‍ത്തന്നെ ഒരു കുരിശുനാട്ടി പള്ളി വയ്ക്കാനായിരുന്നു ആഗ്രഹം. മറ്റു വീട്ടുകാരുടെ നിസ്സഹകരണംമൂലം അവിടെ പണി ആരംഭിച്ചില്ല. തറയില്‍മാപ്പിള മീനച്ചിലാറിന്റെ വടക്കേക്കരയില്‍ പള്ളിവയ്ക്കണമെന്നു വാദിച്ചു. ഇപ്രകാരം, സ്ഥാനത്തെ സംബന്ധിച്ചു തര്‍ക്കമുണ്ടായപ്പോള്‍ ഒരു മധ്യസ്ഥനെന്ന നിലയില്‍ മീനച്ചില്‍കര്‍ത്താ ഇക്കാര്യത്തില്‍ ഇടപെടുകയും തറയില്‍നിന്നു തെക്കുകിഴക്കായും വയലക്കൊമ്പില്‍നിന്നു വടക്കുപടിഞ്ഞാറായും അളന്നാല്‍ വരുന്ന മധ്യസ്ഥാനത്തു പള്ളിവയ്‌ക്കേണ്ടതാണെന്നും ആ സ്ഥലം ആരുടേതായാലും ഒഴിപ്പിച്ചുനല്കാമെന്നും തീര്‍പ്പുകല്പിക്കുകയും ചെയ്തു. അതനുസരിച്ച് കര്‍ത്തായുടെ മേല്‍നോട്ടത്തില്‍ അളന്നുനോക്കിയപ്പോള്‍, മീനച്ചിലാറിന്റെ തെക്കേക്കരയില്‍ ഇപ്പോള്‍ പള്ളിയിരിക്കുന്ന സ്ഥാനം മധ്യസ്ഥാനമായി കണ്ടെത്തി. ഇഞ്ചപ്പടര്‍പ്പും പാറക്കെട്ടും മുളങ്കൂട്ടവും വെട്ടുകല്ലും നിറഞ്ഞ പ്രസ്തുത സ്ഥലം വെട്ടിത്തെളിച്ചു നിരപ്പാക്കിയെടുക്കുന്ന ജോലി വളരെ ദുഷ്‌കരമായിരുന്നു. എങ്കിലും, സ്ഥലം ശരിയാക്കി ക്രിസ്തുവര്‍ഷം 1002 ജൂലൈമാസം മൂന്നാം തീയതി സെന്റ് തോമസിന്റെ നാമത്തിലുള്ളപള്ളിക്കു തറക്കല്ലിട്ടു പണിയാരംഭിച്ചു. അക്കാലത്തു മലങ്കരയെ ഭരിച്ചുകൊണ്ടിരുന്ന 988 ല്‍ വാഴ്ചയേറ്റ മാര്‍ യോഹന്നാന്‍ മെത്രാപ്പോലീത്തായുടെ അനുവാദവും ആശീര്‍വാദവും പള്ളിപണിക്കു ലഭിക്കുകയുണ്ടായി.
എതിര്‍പ്പുകള്‍
പള്ളി പണിയുന്നതില്‍ സമീപവാസികളായ പാലാത്തു ചെട്ടികള്‍ തുടങ്ങി ചില പ്രമാണിമാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അവര്‍ രാത്രികാലങ്ങളില്‍ സംഘംചേര്‍ന്നു പണിതീര്‍ത്ത ഭാഗത്തെ കല്ലുകള്‍ പെറുക്കിയെടുത്തു കരകവിഞ്ഞൊഴുകിക്കൊണ്ടിരിക്കുന്ന മീനച്ചിലാറ്റില്‍ കളഞ്ഞിരുന്നു. സങ്കടനിവൃത്തിക്കായി നാടുവാഴിയായ മീനച്ചില്‍കര്‍ത്തായെ വീണ്ടും സമീപിച്ചു. അതനുസരിച്ചു കര്‍ത്താ നേരിട്ടു സ്ഥലത്തുവന്ന് എതിര്‍പ്പുകാരുടെ നേതാവായ പാലാത്തുചെട്ടിയെ വിളിച്ചുവരുത്തി ശാസിക്കുകയുണ്ടായി. അനന്തരം, പള്ളിയുടെ അടുത്ത് കര്‍ത്തായ്ക്കു താമസിക്കാനായി ഒരു ശ്രാമ്പി (വരാന്തയില്ലാത്ത രണ്ടുനിലയിലുള്ള താത്കാലികകെട്ടിടം) പണി കഴിപ്പിക്കുകയും പള്ളിപണി തീരുന്നതുവരെ കര്‍ത്താ അവിടെ വന്നിരുന്ന് ഇരുന്നുകൊണ്ട് പണി നിര്‍ബാധം തുടരാന്‍ സഹായിക്കുകയും ചെയ്തു. രാത്രികാലങ്ങളില്‍ കുഴപ്പമുണ്ടാകാതിരിക്കാന്‍വേണ്ടി പ്രത്യേകം കാവല്‍ക്കാരെയും ഏര്‍പ്പെടുത്തി. ക്രിസ്തുവര്‍ഷം 1003 ഏപ്രില്‍മാസത്തിലെ ഉയിര്‍പ്പുതിരുനാള്‍ദിവസം പള്ളിയുടെ പണി പൂര്‍ത്തിയാക്കി വെഞ്ചരിപ്പുകര്‍മം നടത്തിയെന്നാണു പാരമ്പര്യവിശ്വാസം.
വളര്‍ച്ചയുടെ കാലഘട്ടം
പള്ളി സ്ഥാപിച്ച നാലു വീട്ടുകാര്‍ അനേകം ശാഖകളായി പിരിയുകയും, പ്രത്യേകം വീടുകളും കുടുംബപ്പേരുകളും ഉണ്ടാക്കി മാറിത്താമസിക്കുകയും ചെയ്തു. മീനച്ചിലാറിന്റെ സാമീപ്യവും പാലായിലെ വളക്കൂറുള്ള മണ്ണും പള്ളിയുടെ സാന്നിധ്യവും യാത്രാസൗകര്യങ്ങളും പലരെയും പാലായിലേക്ക് ആകര്‍ഷിച്ചു. തിരുവിതാംകൂറിലും കൊച്ചിയിലും ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട ലഹളകളും സാമൂഹികസംഘര്‍ഷങ്ങളും കാരണം പലരും സ്വന്തം നാടുവിട്ട് പാലായുടെ പരിസരങ്ങളില്‍ വന്നു താമസിക്കാന്‍ തുടങ്ങി. കുലത്തൊഴിലായ കൃഷിയിലും വ്യാപാരത്തിലും പാലായിലെ ക്രിസ്ത്യാനികള്‍ അടിക്കടി അഭിവൃദ്ധി പ്രാപിച്ചു.
അവരുടെ അധ്വാനശീലവും ദേശസ്‌നേഹവും നാടുവാഴികളെ ഏറെ സന്തുഷ്ടരാക്കി. വിശ്വാസികളുടെ എണ്ണത്തിലും തങ്ങളുടെ സാമ്പത്തികനിലയിലുമുണ്ടായ അഭിവൃദ്ധിക്കനുസരണമായി പാലായിലെ ക്രിസ്ത്യാനികള്‍ തങ്ങളുടെ മാതൃദൈവാലയം പൊളിച്ചുപണിയുകയും വിസ്തൃതമാക്കുകയും ചെയ്തുകൊണ്ടിരുന്നു.
പാലാ അങ്ങാടിയുടെ സ്ഥാപനം
മീനച്ചില്‍ കര്‍ത്താക്കന്മാര്‍ക്കു ക്രിസ്ത്യാനികളോടുള്ള പ്രത്യേക താത്പര്യം പരിഗണിച്ച്, അവരുടെ കച്ചവടസൗകര്യങ്ങള്‍ക്കായി, എ.ഡി. 1736 ല്‍ പാലാ അങ്ങാടി സ്ഥാപിച്ചു. മീനച്ചിലാറിനു വടക്കേക്കരയില്‍, ചെട്ടിക്കുന്നിനു കിഴക്ക് കാടായിക്കിടന്നിരുന്ന അമ്പലപ്പുറത്ത്, ആശാരിപടിക്കല്‍ മുതലായ സ്ഥലങ്ങള്‍ വെട്ടിത്തെളിച്ചു പീടികത്തറകള്‍ക്കായി പതിച്ചുകൊടുത്തു.
നാലുവീട്ടുകാരുടെ പ്രത്യേക അവകാശങ്ങള്‍
പള്ളിസ്ഥാപനകാലംമുതല്‌ക്കേ, സ്ഥാപകകുടുംബക്കാരായ നാലുവീട്ടുകാര്‍ക്ക്, പള്ളിസംബന്ധമായ കാര്യങ്ങളില്‍, ചില പ്രത്യേക അവകാശങ്ങളും അധികാരങ്ങളും ഉണ്ടായിരുന്നു. പള്ളിയുടെ മുതല്‍സംബന്ധമായ കാര്യങ്ങളെല്ലാം ഈ നാലു വീട്ടുകാര്‍ ചേര്‍ന്നാണ് കൈകാര്യം ചെയ്തിരുന്നത്. 750 കൊല്ലക്കാലത്തേക്ക് ഈ നടപടിക്കു ഭംഗം സംഭവിച്ചിരുന്നില്ല. ഇത്ര ദീര്‍ഘകാലം ഒരേ കുടുംബക്കാര്‍തന്നെ ഭരണം നടത്തിയിട്ടുള്ള പള്ളികള്‍, മലങ്കരയില്‍ വേറേ ഉണ്ടായിരുന്നോ എന്നു സംശയമാണ്.
പുതിയ ഭരണക്രമം
17, 18 നൂറ്റാണ്ടുകളില്‍ പാലായിലേക്ക് ഒരു വലിയ കുടിയേറ്റംതന്നെയുണ്ടായി. ഈ കുടിയേറ്റക്കാരില്‍ പലരും ആഢ്യത്വത്തിലും പള്ളിയോടുള്ള ആഭിമുഖ്യത്തിലും മറ്റാരുടെയും പിന്നിലായിരുന്നില്ലെങ്കിലും, സ്ഥാപകകുടുംബക്കാര്‍ക്ക് അവരുടെ സേവനങ്ങളെ അംഗീകരിക്കാന്‍ വൈമുഖ്യമായിരുന്നു. ഇടവകഭരണത്തില്‍ തങ്ങള്‍ക്കും പങ്കാളിത്തം വേണമെന്നും, സ്ഥാപകകുടുംബങ്ങളുടെ പ്രത്യേക അവകാശങ്ങള്‍ നിര്‍ത്തല്‍ ചെയ്യണമെന്നും അവര്‍ വാദിച്ചെങ്കിലും നാലുവീട്ടുകാരുടെ സംഘടിതമായ എതിര്‍പ്പുകാരണം അതു നടപ്പിലായില്ല. തത്ഫലമായി, ഇടവകാംഗങ്ങള്‍ക്കിടയില്‍ ചില തര്‍ക്കങ്ങളും വടംവലികളും ഉടലെടുത്തു. ഈ തര്‍ക്കങ്ങളില്‍ ചില വികാരിമാരും ഇടവകവൈദികരുംകൂടി പങ്കുചേര്‍ന്നതോടെ അതു കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു.
1765 ല്‍ പള്ളിവികാരിയായിരുന്നകട്ടക്കയത്തില്‍
അബ്രാഹം കത്തനാരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമത്തിന്റെ ഫലമായി പുതുതായി പള്ളിയോഗം രൂപീകരിക്കുന്നതിനും പുതിയ കൈക്കാരന്മാരെ തിരഞ്ഞെടുക്കുന്നതിനുംവേണ്ടി കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്തായായ 'സല്‍വഡോര്‍ റീസില്‍'നിന്നു കല്പന ലഭിക്കുകയുണ്ടായി. അതനുസരിച്ചു പള്ളിയോഗം രൂപീകരിച്ച് പുതിയ കൈക്കാരന്മാരെ തിരഞ്ഞെടുത്തെങ്കിലും നാലു വീട്ടുകാരുടെ എതിര്‍പ്പുകാരണം പുതിയ കൈക്കാരന്മാര്‍ക്കു പള്ളിഭരണത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. തന്നെയുമല്ല, അന്നത്തെ വികാരിയായിരുന്ന അബ്രാഹം കത്തനാര്‍ക്ക് കുമരകത്തേക്കു സ്ഥലംമാറി പോകേണ്ടതായും വന്നു.
അതേത്തുടര്‍ന്ന്, ഇടവകാംഗങ്ങള്‍ക്കിടയില്‍ ശക്തമായ അഭിപ്രായവ്യത്യസം ഉടലെടുക്കുകയും അധികാരസ്ഥാനങ്ങളിലേക്കു തുടര്‍ച്ചയായി പരാതികള്‍ പോകുകയും ചെയ്തു. പരാതികളെപ്പറ്റി പഠിച്ചു റിപ്പോര്‍ട്ടുചെയ്യാന്‍വേണ്ടി ഗോവര്‍ണദോര്‍ ജോണ്‍ ഡി ഫോര്‍ത്തോയാല്‍ നിയുക്തരായ കമ്മീഷനംഗങ്ങള്‍ നാലുപേരും ചേര്‍ന്ന് ഏകകണ്ഠമായി അഭിപ്രായപ്പെട്ടത് നാലു വീട്ടുകാരുടെ ഭരണം അവസാനിപ്പിക്കണമെന്നായിരുന്നു.
തത്ഫലമായി, 1830 ല്‍ കട്ടക്കയത്തില്‍ യൗസേപ്പുമല്പാന്‍ വികാരിയായിരുന്ന കാലത്ത്, 16 വീട്ടുകാര്‍ ഉള്‍പ്പെട്ട
ഒരു പുതിയ പള്ളിയോഗം ഏര്‍പ്പെടുത്തുകയും, കൈക്കാരന്മാരെ പുതിയ പള്ളിയോഗം തിരഞ്ഞെടുക്കേണ്ടതാണെന്നു വ്യവസ്ഥചെയ്യുകയും ചെയ്തുകൊണ്ട് ജോണ്‍ ഡി. ഫോര്‍ത്തോ പെയ്‌സോത്തു ഗോവര്‍ണദോര്‍ കല്പനപുറപ്പെടുവിച്ചു. നാലു വീട്ടുകാരില്‍ ചിലര്‍ വീണ്ടും പ്രതിഷേധത്തിന് ഒരുങ്ങിയെങ്കിലും അന്നത്തെ മേമ്പൂട്ടുകാരനായിരുന്ന തയ്യില്‍ കൊച്ചുതൊമ്മന്‍ മാപ്പിള സ്വമേധയാ, പള്ളിവികാരിക്കു താക്കോല്‍ കൈമാറിയതുകൊണ്ട് കുഴപ്പങ്ങള്‍ ഒന്നും ഉണ്ടായില്ല. മേല്പറഞ്ഞ 16 യോഗപ്രതിനിധികളില്‍, സ്ഥാപകകുടുംബങ്ങളുടെ പ്രതിനിധികളായി 8 പേരും മറ്റു കുടുംബങ്ങളുടെ പ്രതിനിധികളായി 8 പേരും ഉണ്ടായിരുന്നു. 1830 ലെ പള്ളിയോഗത്തിന്റെ അംഗങ്ങള്‍ താഴെപ്പറയുന്ന കുടുംബങ്ങളുടെ പ്രതിനിധികളായിരുന്നു: 1. തയ്യില്‍ 2. പൊരുന്നോലി
3. പുത്തന്‍പുര 4. മൂലയില്‍
5. കീഴേടം 6. വയലന്‍ 7. വെള്ളാപ്പാടന്‍ 8. കൊട്ടുകാപ്പള്ളി 9. കുടക്കച്ചിറ 10. കട്ടക്കയം
11. പനയ്ക്കന്‍ 12. മണിമല
13.വയലക്കൊമ്പന്‍ 14.പുളിക്കന്‍ 15. എറകോന്നി 16. തുരുത്തിപ്പള്ളി. മേല്പറഞ്ഞ 16 വീട്ടുകാരില്‍ അതത് ശാഖകളിലെ ഏറ്റവും പ്രായംകൂടിയ ആള്‍ യോഗപ്രതിനിധിയായിരിക്കുമെന്നും നിശ്ചയിച്ചു. 1933 ല്‍ 16 വീട്ടുകാരെകൂടി ഉള്‍പ്പെടുത്തി യോഗാംഗങ്ങളുടെ എണ്ണം 32 ആക്കി. 1948 മുതല്‍ 32 വീട്ടുകാരുടെ ഭരണവും അവസാനിപ്പിച്ച് ഇടവകയിലെ കുടുംബനാഥന്മാര്‍ ചേര്‍ന്ന് ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കുന്ന യോഗാംഗങ്ങളുടെ ഭരണം നിലവില്‍വന്നു. 1950 ല്‍ പാലാരൂപത സ്ഥാപിതമായതോടെ, രൂപതാനിയമാവലിയനുസരിച്ച് 30 യോഗാംഗങ്ങളും 4 കൈക്കാരന്മാരുമുള്ള ഭരണരീതി നിലവില്‍വന്നു.
ഇപ്പോഴുള്ള പഴയപള്ളി
16 ാം നൂറ്റാണ്ടില്‍, പോര്‍ട്ടുഗീസുകാരുടെ ആഗമനശേഷം, നേരത്തേയുണ്ടായിരുന്ന പള്ളി പൊളിച്ച് പോര്‍ച്ചുഗീസ് ശില്പമാതൃകയില്‍, കനത്ത ഭിത്തികളോടുകൂടി മനോഹരമായി പുതുക്കിപ്പണിയുകയുണ്ടായി. 17-ാം നൂറ്റാണ്ടില്‍ ഈ പള്ളി തീവച്ചു നശിപ്പിക്കുകയുണ്ടായി. തുടര്‍ന്നു പുനര്‍നിര്‍മാണം നടത്തിയെങ്കിലും 18-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തറയില്‍ വംശജനായ ശ്രാമ്പിക്കല്‍ ഇട്ടന്‍ മാപ്പിളയുടെ നേതൃത്വത്തില്‍, പോര്‍ച്ചുഗീസ്ശില്പമാതൃകയില്‍ പണിതീര്‍ത്ത ദൈവാലയമാണ് ഇപ്പോഴത്തെ പഴയപള്ളി. നല്ല വലുപ്പമുള്ള കല്ലുകള്‍കൊണ്ടും വരാല്‍പശയും കടുക്കാവെള്ളവും ചേര്‍ത്ത് പ്രത്യേകരീതിയില്‍ കൂട്ടിയെടുത്ത കുമ്മായച്ചാന്തുപയോഗിച്ചുമാണ് ഈ പള്ളിയുടെ പണികള്‍ നടത്തിയത്. എത്ര വിദഗ്ധനായ കല്പണിക്കാരനുപോലും ഈ പണിയില്‍നിന്ന് ഒരു കല്ലുപോലും പൊടിയാതെ ഇളക്കിയെടുക്കാന്‍ പറ്റാത്തവിധം അത്ര ഉറപ്പോടെയാണ് ഇതിന്റെ പണി നിര്‍വഹിച്ചിരിക്കുന്നത്. മനോഹരമായ ഈ പള്ളിപണിയുടെ ചുമതലയും മേല്‍നോട്ടവും വഹിച്ചത് ഇട്ടന്‍മാപ്പിളതന്നെയായിരുന്നു. പള്ളിക്കു പണം തികയാതെ വന്നപ്പോള്‍ സ്വന്തം പണവുംകൂടി അദ്ദേഹം പള്ളിപണിക്കുവേണ്ടി ചെലവഴിച്ചു. എങ്കിലും പള്ളിപണി പൂര്‍ത്തിയായി കാണാന്‍കഴിയാതെ, നിര്‍ധനനും രോഗിയുമായിത്തീര്‍ന്ന അദ്ദേഹം പള്ളിയങ്കണത്തില്‍വച്ചുതന്നെ മരണമടയുകയാണുണ്ടായത്.
തയ്യില്‍ വലിയതൊമ്മന്‍ മാപ്പിളയുടെ ചുമതലയിലാണ് ഇതിന്റെ ബാക്കിപണികള്‍ നടന്നത്.
പഴയപള്ളിയുടെ അള്‍ത്താര
പഴയപള്ളിയില്‍ ഇപ്പോള്‍ കാണുന്ന മനോഹരമായ അള്‍ത്താര, 1853 ല്‍ കട്ടക്കയത്തില്‍ യൗസേപ്പുമല്പാന്‍ വികാരിയായിരുന്നപ്പോള്‍ തടിയില്‍ പണികഴിപ്പിച്ചു തങ്കം പൂശിയതാണ്. അള്‍ത്താരയിലെ ഓരോ ചിത്രവും മല്പാനച്ചന്റെ നിര്‍ദേശമനുസരിച്ചു തീര്‍ത്തിട്ടുള്ളതാണ്.
'സുളുദോര്‍' എന്നു പേരായ സമര്‍ഥനായ ഒരു മേസ്തിരിയുടെ മേല്‍നോട്ടത്തിലാണു പണിനടന്നത്. നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തെ സ്വര്‍ല്ലോകരാജ്ഞിയായി മുടി ധരിപ്പിക്കുന്ന രംഗം വളരെ മനോഹരമായി ഇവിടെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. പ്രധാന അള്‍ത്താരയുടെ പിറകിലുള്ള ഭിത്തി മുഴുവന്‍ പച്ചിലച്ചാറുകള്‍കൊണ്ടു ചായം കൂട്ടി, പെയിന്റ് ചെയ്തിരിക്കുന്ന മനോഹരമായ ചിത്രങ്ങള്‍കൊണ്ട് അലംകൃതമാണ്. ചെറിയ ത്രോണോസുകള്‍ രണ്ടും ബഹു. കട്ടക്കയത്തില്‍ ചെറിയാച്ചന്‍ വികാരിയായിരിക്കുമ്പോള്‍, മാനുവല്‍ ഫെര്‍ണാണ്ടസ് എന്ന മേസ്തിരിയുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ചു തങ്കം പൂശുകയുണ്ടായി.
പൊന്നിന്‍കുരിശ്
പാലാപള്ളിയിലെ പൊന്നിന്‍കുരിശും ഇടത്തരം വെള്ളിക്കുരിശും മല്പാനച്ചന്റെ നിര്‍ദേശപ്രകാരം
പണികഴിപ്പിച്ചതാണ്. നമ്മുടെ നാട്ടില്‍ ആദ്യമായിത്തീര്‍ത്ത പൊന്നിന്‍ കുരിശു പാലാപ്പള്ളിയുടേതായിരുന്നു. അള്‍ത്താരയും പൊന്നിന്‍കുരിശും പണികഴിപ്പിക്കുന്നതില്‍ യൗസേപ്പുമല്പാനോടു സഹകരിച്ചുപ്രവര്‍ത്തിച്ചിരുന്നത് മേനാമ്പറമ്പില്‍ ഇട്ടിച്ചെറിയതു മാപ്പിളയായിരുന്നു.
1863 ല്‍ തെരുവില്‍
മത്തായി മുതല്‍പേരുടെ മേല്‍നോട്ടത്തില്‍ പൊന്നിന്‍കുരിശുപണിയാന്‍
വേണ്ട സ്വര്‍ണപ്പണ്ടങ്ങള്‍ ഉരുക്കിയതായി പള്ളിറിക്കാര്‍ഡുകളില്‍ കാണുന്നതുകൊണ്ട് അക്കാലത്താണ് പൊന്നിന്‍ കുരിശു പണികഴിപ്പിച്ചത് എന്ന് അനുമാനിക്കാം.
ചെറിയപളളിയുടെ നിര്‍മാണം
കട്ടക്കയത്തില്‍ കൊച്ചുചാണ്ടിമല്പാന്റെയും കൈക്കാരനായിരുന്ന തയ്യില്‍ കൊച്ചുതൊമ്മന്‍ മാപ്പിളയുടെയും നിര്‍ദേശപ്രകാരമാണ് പള്ളിയുടെ കിഴക്കുവശത്തുണ്ടായിരുന്ന കുന്നിന്‍പ്രദേശം നിരപ്പാക്കി മൂന്നുരാജാക്കന്മാരുടെ പേരിലുള്ള ചെറിയ പള്ളി സ്ഥാപിച്ചത്. 1818 ഒക്ടോബര്‍ 13 ന് ചെറിയപള്ളിക്കു തറക്കല്ലിട്ടു പണിയാരംഭിച്ചു. പൂജരാജാക്കളോടുള്ള വര്‍ദ്ധിച്ചുവരുന്ന ഭക്തിയും, രാക്കുളിത്തിരുനാളിന്റെ പ്രദക്ഷിണം കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള ആഗ്രഹവുംകൊണ്ടാണു ചെറിയപള്ളി പണികഴിപ്പിച്ചത്. മല്പാനച്ചന്‍തന്നെ മുളവാരിയും പനമ്പും ഉപയോഗിച്ച് ഇപ്പോള്‍ കാണുന്ന മലയുടെ ആകൃതിയില്‍ ഒരു 'മല' ഉണ്ടാക്കി ചായം പൂശി ഭംഗിയാക്കി, 1819 ജനുവരി 6-ാം തീയതിലെ രാക്കുളിത്തിരുനാളിന് ഈ മല ചെറിയപള്ളിയില്‍നിന്ന് ആഘോഷമായി എഴുന്നള്ളിച്ചുകൊണ്ടുവരികയും, ഇപ്പോള്‍ കാണുന്നവിധത്തിലുള്ള മലയും സംവഹിച്ചുകൊണ്ടുള്ള
പ്രദക്ഷിണത്തിനു നാന്ദികുറിക്കുകയും ചെയ്തു.
പിന്നീട്, കട്ടക്കയത്തില്‍ യൗസേപ്പുമല്പാന്‍ വികാരിയായി വന്നപ്പോള്‍ തടികൊണ്ടുതന്നെ ഒരു 'മല' ഉണ്ടാക്കുകയുണ്ടായി. അതാണ് ഇപ്പോള്‍ കാണുന്ന 'മല'. അതിനകത്തെ ആട്ടിടയന്മാരുടെയും മൃഗങ്ങളുടെയും പ്രതിമകള്‍ നല്ല ഒരു ശില്പികൂടിയായ
മല്പാനച്ചന്‍ സ്വന്തമായി നിര്‍മിച്ചു ചായംകൊടുത്തു മനോഹരമാക്കിയിട്ടുള്ളതാണ്.
1888 ല്‍ കട്ടക്കയത്തില്‍ ചെറിയാച്ചന്‍ വികാരിയായിരിക്കുമ്പോള്‍ വടക്കയില്‍ വര്‍ക്കിക്കത്തനാരുടെ മേല്‍നോട്ടത്തില്‍ ചെറിയ പള്ളി പൊളിച്ച് മനോഹരമായി പണി കഴിപ്പിക്കുകയുണ്ടായി. 1977 ജൂലൈമാസത്തില്‍, പുതിയ കത്തീദ്രല്‍ പണിക്കുവേണ്ടി അന്നത്തെ വികാരി ഫാ. മാത്യു മഠത്തിക്കുന്നേല്‍ ഈ പള്ളി പൊളിച്ചുമാറ്റുകയുണ്ടായി.
വാദ്യപ്പുരകള്‍
പഴയപള്ളിയുടെ മുന്‍വശത്ത് ഇരുവശങ്ങളിലുമായിയുള്ള വാദ്യപ്പുരകള്‍ എന്നു പണികഴിപ്പിച്ചെന്നു നിശ്ചയമില്ല. രാക്കുളിത്തിരുനാളിനോടനുബന്ധിച്ചു പള്ളിമുറ്റത്തു നടത്തിയിരുന്ന മജിസ്‌ട്രേറ്റുകോടതി ഈ വാദ്യപ്പുരകളിലാണു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. പേരുകൊണ്ടു സൂചിപ്പിക്കുന്നതുപോലെ വാദ്യോപകരണ വിദഗ്ധര്‍ക്കും ചെണ്ടമേളക്കാര്‍ക്കും തിരുനാള്‍ദിവസങ്ങളില്‍ മേളം നടത്താനും വിശ്രമിക്കാനുമാണ് ഇതു പ്രധാനമായും ഉപയോഗിച്ചിരുന്നത്. പഴയകാലത്തു ഹിന്ദുക്കളായ കളരിയാശാന്മാര്‍ ഇവിടെവച്ചു കുട്ടികള്‍ക്കു വേദപാഠക്ലാസ്സുകള്‍ നടത്തിയിരുന്നു. ബഹു. മാളിയേക്കലച്ചന്‍ വികാരിയായിരിക്കുമ്പോള്‍ വടക്കുവശത്തെ വാദ്യപ്പുരയുടെ മേല്‍ക്കൂര പൊളിച്ചുമാറ്റി ഒരു സ്റ്റേജായി ഇതു സൂക്ഷിച്ചുവരുന്നു.