ചെവിയോര്‍ത്താല്‍ ഇപ്പോഴും കേള്‍ക്കാവുന്നതേയുള്ളൂ അന്നത്തെ കതിനാമുഴക്കങ്ങള്‍! പത്തമ്പതുകൊല്ലം മുമ്പത്തെ കഥയാണ്. ഇന്നു കാണുന്ന വലിയപള്ളിയൊക്കെ ഉരുവാകുംമുമ്പത്തെ കാലം. ഏതെങ്കിലും വര്‍ഷം ''രാക്കുളി'' മുടങ്ങിയാല്‍ എന്തോ തെറ്റു ചെയ്തതുപോലാണ്. ഒരു കുറ്റബോധം. അതോ നഷ്ടബോധമോ? കാരണവന്മാര്‍ അന്തിയുറങ്ങുന്ന പള്ളിയാണ്. പോയേതീരൂ.
കണ്ണാടിയുറുമ്പുകുന്നിറങ്ങുമ്പോഴേ കേള്‍ക്കാം, ചെണ്ടക്കാര്‍ തീര്‍ക്കുന്ന താളപ്പെരുക്കങ്ങളുടെയും ബാന്റുകാര്‍ സൃഷ്ടിക്കുന്ന മന്ദ്രമധുരമായ ഈണങ്ങളുടെയും മാറ്റൊലികള്‍. അവ ആരോഹണങ്ങളും അവരോഹണങ്ങളുമായി അന്തരീക്ഷത്തിലൂടെ ഇടകലര്‍ന്ന് ഒഴുകിയെത്തും. അന്നത്തെ വായുവിന് ഓറഞ്ചിന്റെയും ഉഴുന്നാടയുടെയും ഈന്തപ്പഴത്തിന്റെയും സമ്മിശ്രഗന്ധമാണ്. പള്ളിമുറ്റമെത്തിയാല്‍ അതിലേക്കു വെടിമരുന്നിന്റെ പുകമണവുംകൂടി അലിഞ്ഞുചേരുന്നു.
അപ്പന്റെ അല്ലെങ്കില്‍ അമ്മയുടെ കൈപിടിച്ച് ഒരുപക്ഷേ, പ്രദക്ഷിണത്തിന്റെ പാതിവഴിയിലാവും ചെന്നെത്തുക. പള്ളിനടമുകളില്‍നിന്നുള്ള അന്നത്തെ പെരുന്നാള്‍കാഴ്ചകള്‍ ഇന്നും മനസ്സില്‍ പച്ചകെടാതെ നില്ക്കുന്നു. വെള്ളിമേഘങ്ങള്‍ നിറഞ്ഞ നീലാകാശത്തിനു കീഴില്‍, തിളയ്ക്കുന്ന തീവെയിലില്‍ ഇരമ്പുന്ന പതിനായിരങ്ങള്‍! കൊട്ടിത്തകര്‍ക്കുന്ന ചെണ്ടയുടെയും ബാന്റിന്റെയും പ്രചണ്ഡമായ ശബ്ദഘോഷത്തില്‍ പള്ളിയുടെ വെള്ളച്ചുമരുകള്‍ വെട്ടിവിറയ്ക്കുന്നതുപോലെ തോന്നും. ചെണ്ടക്കാരുടെ കഴുത്തില്‍, കറുത്ത മണികള്‍ കോര്‍ത്ത, മണ്ഡലനോമ്പിന്റെ മാലകള്‍ ഇളകിയാടുന്നു. ആവേശം ക്ലാരനറ്റുകാരുടെ കവിളുകളെ ഒരു മണ്‍കുടമാക്കി ഉയര്‍ത്തുന്നു. ഇളങ്കാറ്റിലിളകുന്ന കണ്ണഞ്ചിക്കും അലുക്കുകളുമായി ഉയര്‍ന്നുതാഴുന്ന പൊന്‍ വെള്ളിക്കുരിശുകള്‍... വര്‍ണാഞ്ചിതമായ പട്ടുകുടകള്‍...
മലയുന്തിന്റെ മഹിമാവിലാണു രാക്കുളിത്തിരുനാളിന്റെ മതിപ്പുവില ഉയരുന്നത്. കിഴതടിയൂര്‍ക്കാരുടെ കരുത്താര്‍ന്ന കരങ്ങളില്‍ പൊങ്ങിക്കിടന്നു മുന്നോട്ടും പിന്നോട്ടും നീന്തിത്തുടിക്കുന്ന 'മല!' അതു കാണേണ്ട കാഴ്ചതന്നെ! ഏറ്റവും മുമ്പിലെ വാ പിളര്‍ന്നു നില്ക്കുന്ന കടുവയാണ് മലയുടെ മുഖ്യ ആകര്‍ഷണകേന്ദ്രം. കടുവയുടെ വായില്‍ കോര്‍ത്ത ചരടില്‍ ഇളകിയാടുന്ന മേല്ക്കട്ടി. മേല്ക്കട്ടിയുടെ തുഞ്ചിയിലുണ്ട് വഴികാട്ടിയായ നക്ഷത്രം. അതിനു പിന്നില്‍ സ്വര്‍ഗപിതാവിനെ നടുവിലാക്കി ചുറ്റും നിരന്നിരിക്കുന്ന മാലാഖക്കുഞ്ഞുങ്ങള്‍. തൊട്ടുതാഴെയുണ്ട് മംഗളവാര്‍ത്തയുമായി ഗബ്രിയേല്‍. മലയുന്തിന്റെ കൊട്ടിക്കലാശത്തിലും അടിവാരത്തെ തിരുക്കുടുംബം ആടുമാടുകളോടൊപ്പം അചഞ്ചലരായി നിലകൊണ്ടു. വൈകിട്ട് വീട്ടിലെ പെണ്ണുങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കുമൊപ്പം, കള്ളപ്പത്തിന്റെയും കറിയുടെയും മുന്നിലിരിക്കുമ്പോള്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്: ഇക്കൊല്ലത്തെ മലയുന്ത് എങ്ങനെയിരുന്നു?
ഇന്നത്തെ രാക്കുളിയുടെ ഗരിമ എത്രത്തോളമെന്നറിയില്ല. അന്ന് ഒരു പ്രദേശത്തെയാകെ പാലാപ്പള്ളി അതിന്റെ തിരുമുറ്റത്തേക്കു മാടിവിളിച്ചു. കുരിശിന്‍തൊട്ടിയിലെ വിശാലമായ പച്ചപ്പുല്‍ത്തകിടി ഒരു തുറന്ന കമ്പോളമായി നാനാജാതിമതസ്ഥരെയും വരവേല്ക്കാന്‍ കൈവിരിച്ചുനിന്നു. ഒരാഴ്ച മുമ്പേ സോപ്പുചീപ്പു കണ്ണാടികളുമായി വച്ചുവാണിഭക്കാര്‍ പള്ളിമുറ്റം കൈയടക്കും.ബാലികമാര്‍ക്കും പെണ്‍കൊടികള്‍ക്കും കൈവളയിട്ടും കലപിലവച്ചും കൈകൊട്ടിയും പകലിരവുകള്‍ അവര്‍ മത്സരിച്ചുനിന്നു. കരഗതമായ കളിവണ്ടി കൈവെള്ളയിലുരുട്ടി കളിക്കൂട്ടു തേടുന്ന കുട്ടികള്‍. കൈവശപ്പെടുത്താന്‍ അത്രയൊന്നും എളുപ്പമല്ലാത്ത സമ്പന്നമായ കളിത്തോക്കുകളിലാണ് ചിലരുടെ കണ്ണുകള്‍. വീട്ടമ്മമാര്‍ സോപ്പിനും ചീപ്പിനും കണ്ണാടിക്കുമായി തിരക്കുകൂട്ടി. പശപ്പൊട്ടിന്റെയും ചാന്തുപൊട്ടിന്റെയും വ്യാമുഗ്ദ്ധമായൊരു ഗന്ധം അവിടമാകെ അലയടിച്ചുനിന്നിരുന്നു. അവ ചിലപ്പോഴെല്ലാം കുന്തിരിക്കപ്പുകയും വെടിപ്പുകയുമായിച്ചേര്‍ന്ന് പുതിയ ഗന്ധങ്ങള്‍ സൃഷ്ടിച്ചു.
രാക്കുളിത്തിരുനാളിലെ ഒരു സവിശേഷക്കാഴ്ചയായിരുന്നു, പള്ളിനടകളുടെ ഇരുവശത്തുമായി താഴേക്കു പ്രത്യക്ഷപ്പെട്ടിരുന്ന കൊല്ലപ്പണിക്കാരുടെ നീണ്ടനിര. പിച്ചാത്തിയും അരിവാളും വെട്ടുകത്തിയുമായി അവര്‍ സന്തോഷത്തോടും സ്വാതന്ത്ര്യത്തോടുംകൂടി അവിടെ വാണു. ആവശ്യക്കാര്‍ക്കു മുമ്പിലൂം അല്ലാതെയും അവര്‍ അരിവാളുകള്‍ അനവരതം രാകിക്കൂട്ടി. അവര്‍ക്കിടയിലെ തെളിച്ചിട്ട ഒറ്റയടിപ്പാതയിലൂടെ ആളുകള്‍ തിരക്കിട്ടു; വൈദികരും തിരുനാള്‍ കമ്മിറ്റിക്കാരും ഓടിക്കയറി. പോയകാലത്തിന്റെ വ്യസനങ്ങളും വരുംകാലത്തിന്റെ പ്രതീക്ഷകളുമായി 'ഉഴുന്നാടച്ചേടത്തിമാര്‍' ശ്രദ്ധയോടെ നടയിറങ്ങി. വെളിച്ചമെല്ലാമണച്ച് ആലപ്പി തിയേറ്റേഴ്‌സിന്റെയും കൊല്ലം അസ്സീസിയുടെയും മറ്റും ചരിത്രനാടകങ്ങള്‍ അരങ്ങേറുമ്പോള്‍, അതില്‍നിന്നെല്ലാമൊഴിഞ്ഞ് നീലരാവിന്റെ നിഴലില്‍, മെഴുതിരിവെട്ടത്തില്‍ അവര്‍ വിഷാദിച്ചിരുന്നു. ആറ്റിറമ്പിലെ സ്റ്റേജില്‍ കുഞ്ഞിപ്പൈതങ്ങളുടെ കൂട്ടക്കരച്ചിലുമായി ശിശുവധപ്രദര്‍ശനം ഉദ്വേഗജനകമായി അരങ്ങേറുമ്പോഴും മാലപ്പടക്കങ്ങള്‍ ഉച്ചസ്ഥായിയില്‍ ഉയര്‍ന്നുപൊട്ടുമ്പോഴും അവര്‍ അങ്ങനെതന്നെ എന്തെല്ലാമോ ഓര്‍ത്തിരുന്നു.
ഇതൊക്കെയാണെങ്കിലും പൊതുവെ പ്രസന്നരായിരുന്നു ബലൂണ്‍കച്ചവടക്കാര്‍. പല തരത്തിലും നിറത്തിലുമുള്ള ബലൂണുകളുടെയും കാറ്റാടികളുടെയും ഈറക്കുഴല്‍പീപ്പികളുടെയും വന്‍ചുമടുമായി അവര്‍ പള്ളിമുറ്റത്തെ വര്‍ണാഭമാക്കി.
പോക്കറ്റിന്റെ കനമനുസരിച്ച്, വെറും പച്ചവെള്ളത്തിലും സോഡയിലും നാരങ്ങാവെള്ളത്തിലും മോരിലും സ്‌ക്വാഷിലും സര്‍ബത്തിലും ദാഹം തീര്‍ത്ത് തീര്‍ഥാടകര്‍ ഉച്ചവെയിലിലും അന്തമില്ലാതെ അലഞ്ഞു. ഇതിനെല്ലാമിടയിലൂം തഴപ്പായില്‍ തടുത്തുകൂട്ടിയ ഈന്തപ്പഴക്കൂനമേല്‍ വലിയ ഈച്ചകള്‍ വട്ടമിട്ടു പറന്നുകൊണ്ടേയിരുന്നു.
പള്ളിമുറ്റത്തുനിന്നു നോക്കിയാല്‍ അക്കരെ, വിശാലമായ ആറ്റുംമണമ്മേല്‍ ചട്ടികളുടെയും വട്ടികളുടെയും പായകളുടെയും പനമ്പുകളുടെയും മറ്റും നീണ്ടനിര കാണാം. ഓരോന്നും ആവശ്യാനുസരണം വിലപേശി വാങ്ങി കൈയിലും കക്ഷത്തിലും തലയിലുമായി ഒതുക്കിപ്പിടിച്ചും അടുക്കിപ്പിടിച്ചും നടന്നുമറയുന്ന ചേട്ടന്മാരും ചേടത്തിമാരും. ഇനിയൊരു പെരുന്നാളിനു വരുമോ ഇല്ലയോ എന്നൊരു വിഷാദച്ഛവി ചിലരുടെയെങ്കിലും മുഖത്തുണ്ടായിരുന്നുവോ?
എന്തായാലും, പകല്‍ച്ചൂടൊതുങ്ങിയ സന്ധ്യയില്‍, പെരുന്നാളിനു സമാപനം കുറിച്ചുകൊണ്ട്, പ്രദക്ഷിണവഴിയിലെ ആയിരക്കണക്കായ പുരുഷാരം ദൈവാലയത്തെ ചുറ്റും പൊതിഞ്ഞ് ഉച്ചത്തില്‍ ശബ്ദമുഖരിതമാവുമ്പോള്‍ ഹൃദയം പെരുമ്പറ കൊട്ടും. മനസ്സ് ഏതോ ഭൂതകാലത്തിലലയും. എല്ലാറ്റിനുമൊടുവില്‍ എന്തെങ്കിലുമൊന്നു വാങ്ങി സാവധാനം വീട്ടിലേക്കു മടക്കയാത്ര. വീട്ടിലെത്തിയാലും അന്നത്തെ കൊട്ടിന്റെയും പാട്ടിന്റെയും താളങ്ങളും ഈണങ്ങളും ശബ്ദമില്ലാത്ത മാറ്റൊലികളായി മനസ്സില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.