•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ചരിത്രപ്രസിദ്ധമായ പാലാ കത്തീദ്രലും കൃപയുടെ ദനഹാത്തിരുനാളും

മീനച്ചിലാറിന്റെ തീരത്ത് പത്തു നൂറ്റാണ്ടുകളുടെ പാരമ്പര്യവും സാക്ഷ്യവുമായി എ.ഡി. 1002 ല്‍ ഈശോയുടെ ശിഷ്യനും ഭാരത അപ്പസ്‌തോലനുമായ മാര്‍ തോമാശ്ലീഹായുടെ നാമത്തില്‍ സ്ഥാപിതമായ പാലാ കത്തീദ്രലില്‍ ഏറെ പ്രാധാന്യത്തോടും പ്രൗഢിയോടും തന്മ നഷ്ടപ്പെടുത്താതെ  ദനഹാ (രാക്കുളി) തിരുനാള്‍ ആഘോഷിക്കുകയാണ്. 1788 ല്‍ പരിശുദ്ധപിതാവ് ഏഴാം പീയൂസ് മാര്‍പാപ്പാ ''വലിയപള്ളി'' സ്ഥാനം അനുവദിച്ചുനല്കിയ പാലാപ്പള്ളിക്ക് 1950 ജനുവരി 25 ന് പാലാ രൂപത സ്ഥാപിതമായപ്പോള്‍ ''കത്തീദ്രല്‍'' പദവിയും ലഭിച്ചു.

പാലാ വലിയപള്ളി  ഒരു ആരാധനാലയം എന്നതിനപ്പുറം പാലായുടെ ആധ്യാത്മികവും ഭൗതികവും സാംസ്‌കാരികവുമായ വളര്‍ച്ചയുടെയും ഉന്നതിയുടെയും പ്രശസ്തിയുടെയും ശക്തികേന്ദ്രമായിരുന്നു. മീനച്ചില്‍ക്കാരുടെ, പ്രത്യേകിച്ച് പാലാക്കാരുടെ അടിയുറച്ച കത്തോലിക്കാവിശ്വാസത്തിന്റെയും ഇതരമതവിഭാഗങ്ങളുമായുള്ള സുദൃഢമായ ബന്ധത്തിന്റെയും അവിശ്രാന്തമായ കഠിനാധ്വാനത്തിന്റെയും അടിത്തറയായി ഈ ആത്മീയകേന്ദ്രം നിലകൊള്ളുന്നു.
പാലായില്‍ വേരുകളുള്ളവരെല്ലാം ലോകത്തിലെവിടെയായാലും ഓടിയെത്തി ഒത്തൊരുമയോടെ ദൈവാനുഗ്രഹങ്ങള്‍ക്കു നന്ദിയര്‍പ്പിക്കാനും അനുഗ്രഹം പ്രാപിക്കാനുമായി നോക്കിക്കാത്തിരിക്കുന്ന ദിനങ്ങളാണ് പുതുവത്സരത്തിലെ രാക്കുളിനാളുകള്‍. ഭക്തിനിര്‍ഭരവും ആഘോഷപൂര്‍ണവുമായ തിരുനാള്‍പ്രദക്ഷിണവും പ്രസിദ്ധമായ മലയുന്തും ചടുലമായ ശിശുവധ ആവിഷ്‌കാരവും പരമ്പരാഗതമായ രാക്കുളിയും ഇവരുടെ കൂടിവരവിന് ആവേശവും ഊഷ്മളതയും നല്കുന്നു. ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഏഴുവരെ തീയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. ജനുവരി 4,5,6 തീയതികളിലാണ് പ്രധാന തിരുനാള്‍.
'ദനഹാ' എന്ന നാമത്തിന് ഉദയം, പ്രകാശം, പ്രത്യക്ഷീകരണം എന്നൊക്കെ അര്‍ഥമുണ്ട്. രാജാക്കന്മാരുടെ ജീവിതത്തിലെ ജനനം, കിരീടധാരണം, ഔദ്യോഗികസന്ദര്‍ശനംപോലുള്ള സംഭവങ്ങളെ സൂചിപ്പിക്കാന്‍ ഈ വാക്ക് ഉപയോഗിച്ചിരുന്നു. ദനഹാത്തിരുനാള്‍ എപ്പിഫനി, രാക്കുളി, പിണ്ടികുത്തിത്തിരുനാള്‍ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. തിരുനാളിന്റെ തലേദിവസം രാത്രിയില്‍ കത്തിച്ച ദീപവുമേന്തി പ്രദക്ഷിണമായി അടുത്തുള്ള പുഴയില്‍ കുളിക്കുന്ന ഒരു പതിവ് നമ്മുടെ പഴമക്കാര്‍ക്കുണ്ടായിരുന്നു. ആയതിനാല്‍, ഈ തിരുനാള്‍ 'രാക്കുളി' എന്നും അറിയപ്പെട്ടു.
യോര്‍ദാന്‍നദിയില്‍വച്ച് സ്‌നാപകയോഹന്നാനില്‍നിന്ന് ഈശോ മാമ്മോദീസാ സ്വീകരിക്കുന്നതും തദവസരത്തിലുള്ള പരിശുദ്ധാത്മാവിന്റെ ആവാസവും പിതാവായ ദൈവത്തിന്റെ 'ഇവന്‍ എന്റെ പ്രിയപുത്രനാകുന്നു, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു' എന്നുള്ള ഈശോയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമാണ് ദനഹാത്തിരുനാളില്‍ പൗരസ്ത്യസഭകള്‍ അനുസ്മരിക്കുന്നത്. കിഴക്കുനിന്നുവന്ന ജ്ഞാനികള്‍, അദ്ഭുതനക്ഷത്രത്താല്‍ അനുഗൃഹീതരായി ബത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍വന്ന് ഉണ്ണീശോയെ സന്ദര്‍ശിച്ച്, ആരാധിച്ച്, കാഴ്ചകള്‍ സമര്‍പ്പിക്കുന്നതുമായ സംഭവമാണ് പാശ്ചാത്യര്‍ അനുസ്മരിക്കുന്നത്. തനതായ ഈ രണ്ടു പാരമ്പര്യങ്ങളിലുമുള്ള ഈശോയുടെ ദൈവത്വം വെളിപ്പെടുത്തുന്നതിന്റെ അനുസ്മരണവും ആചരണവും ആഘോഷവും പാലായിലെ ദനഹാത്തിരുനാളിലുണ്ട്.
സ്വര്‍ഗവും ഭൂമിയും തമ്മില്‍ വിച്ഛേദിക്കപ്പെട്ട ബന്ധം മാമ്മോദീസായിലൂടെ ഈശോയില്‍ പുനഃസ്ഥാപിക്കപ്പെടുകയാണ്. രക്ഷാകരയുഗത്തിന്റെയും ദൈവിക ഇടപെടലിന്റെയും മഹനീയവും ശ്രേഷ്ഠവുമായ ചരിത്രസംഭവമാണ് ഈശോയുടെ ജ്ഞാനസ്‌നാനം. പുല്‍ക്കൂട്ടിലെ ശിശുവിന്റെ ദൈവത്വം വെളിപ്പെടുത്തുകകൂടിയാണ് ഈശോയുടെ മാമ്മോദീസാ. മനുഷ്യകുലത്തിന്റെ പാപങ്ങള്‍ക്കുവേണ്ടി മരണം സ്വീകരിക്കാനുള്ള സന്നദ്ധതയാണ് ഈശോയുടെ മാമ്മോദീസാ. ഈശോ തന്റെ പ്രഭാഷണത്തില്‍ തന്റെ മരണത്തെ സൂചിപ്പിക്കാന്‍ 'മാമ്മോദീസാ' എന്ന പദം ഉപയോഗിക്കുന്നു. ഈശോ തന്റെ മാമ്മോദീസായെ, കുരിശിലെ തന്റെ മരണത്തെ മുന്‍കൂട്ടി കണ്ടു. അതുപോലെ, സ്വര്‍ഗത്തില്‍നിന്നുള്ള സ്വരം, ഉത്ഥാനത്തിന്റെ മുന്നാസ്വാദകപ്രഖ്യാപനവുമായിരുന്നു. ഇതിനിടയിലാണ് ഈശോയുടെ പരസ്യജീവിതം (മര്‍ക്കോ. 10:38, ലൂക്കാ 12:50). മരണത്തെ മുന്‍കൂട്ടി കാണുന്ന ഇടംതന്നെയാണ്, നാം അവനോടൊപ്പം ഉയിര്‍പ്പിക്കപ്പെടാനുള്ള ഇടവും. 
ക്രൈസ്തവമാമ്മോദീസാ ഈശോയുടെ യോര്‍ദാനിലെ മാമ്മോദീസായുടെ സംഭവത്തിലേക്കു പോകാനുള്ള ക്ഷണമാണ്.
ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനം മാമ്മോദീസായാണ്. ആത്മീയജീവിതത്തിലേക്കു പ്രവേശിക്കാനും മറ്റു കൂദാശകളെ സമീപിക്കാനുമുള്ള വാതിലാണത്. സഭാപിതാവായ ഗ്രിഗറി നസിയാന്‍സിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്: ''ജ്ഞാനസ്‌നാനം ദൈവത്തിന്റെ ദാനങ്ങളില്‍ ഏറ്റവും മനോഹരവും മഹത്തരവുമായ കൂദാശകളില്‍ ഒന്നാണ്. നാം അതിനെ ദാനം, കൃപാവരം, അഭിഷേകം, ജ്ഞാനോദ്ദീപനം, അമര്‍ത്ത്യതയുടെ വസ്ത്രം, പുനര്‍ജീവിതത്തിന്റെ സ്‌നാനം, മുദ്ര എന്നിങ്ങനെ ഏറ്റവും വിലപ്പെട്ട നാമംകൊണ്ടു വിളിക്കുന്നു. ദാനമെന്നു പറയാന്‍  കാരണം സ്വന്തമായി ഒന്നും കൊണ്ടുവരാത്തവര്‍ക്കാണു ജ്ഞാനസ്‌നാനം നല്കപ്പെടുന്നത്. കൃപാവരം എന്നു പറയാന്‍ കാരണം, പാപിക്ക് ഈ കൂദാശ നല്കപ്പെടുന്നു. ജ്ഞാനത്തിന്റെ സ്‌നാനം എന്നു വിളിക്കുന്നത് പാപം ജലത്തില്‍ സംസ്‌കരിക്കപ്പെട്ട പുതിയ മനുഷ്യനായിത്തീരുന്നതുകൊണ്ടാണ്. അഭിഷേകം എന്നു വിളിക്കുന്നത് രാജാവും പുരോഹിതനും പ്രവാചകനുമായ ഈശോയുടെ ത്രിവിധ ദൗത്യത്തില്‍ അര്‍ഥി അഭിഷേകം ചെയ്യപ്പെടുന്നതുകൊണ്ടുമാണ്. അമര്‍ത്ത്യതയുടെ വസ്ത്രമാണത്. കാരണം, അതു നമ്മുടെ  ലജ്ജയെ മറയ്ക്കുന്നു. മുദ്രയാകാന്‍ കാരണം അതു നമ്മുടെ സംരക്ഷണവും കര്‍ത്തൃത്വത്തിന്റെ അടയാളവുമാണ്.''
മാമ്മോദീസാ ഈശോയിലുള്ള പുതിയ ജീവിതമാണ്. സീറോമലബാര്‍ സഭയുടെ ആരാധനക്രമവത്സരത്തിലെ 'ദനഹാക്കാലം' എന്ന പ്രത്യേക ആരാധനക്രമകാലം  മാമ്മോദീസായിലൂടെ ലഭിക്കുന്ന ക്രൈസ്തവ അസ്തിത്വവും വ്യക്തിത്വവും ഈശോയ്ക്കു സാക്ഷ്യം നല്‍കേണ്ട ജീവിതമാണ് എന്നു സഭാതനയരെ ഓര്‍മിപ്പിക്കുകയാണ്. അതോടൊപ്പം, ധീരവും വിശുദ്ധവുമായ വിശ്വാസജീവിതംനയിച്ച സ്‌നാപകയോഹന്നാന്‍, രക്തസാക്ഷികള്‍, ശ്ലീഹന്മാര്‍, സുവിശേഷകന്മാര്‍, സഭാപിതാക്കന്മാര്‍, മല്പാന്മാര്‍ എന്നിവരുടെ ഓര്‍മദിനങ്ങള്‍ നമ്മെ കൂടുതല്‍ ഉത്തമക്രൈസ്തവജീവിതം നയിക്കാന്‍ പ്രചോദിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നു.
മാമ്മോദീസായിലൂടെ ലഭിച്ച  ക്രൈസ്തവ അസ്തിത്വത്തെയും വ്യക്തിത്വത്തെയും നന്ദിയോടെ സ്മരിച്ച് പ്രശോഭിതവും ധീരവും ഉത്തമവുമായ വിശ്വാസജീവിതത്തിന് അനുഗ്രഹമാകാന്‍ ഈ ദനഹ (രാക്കുളി) തിരുനാളിലേക്ക് ഏവരെയും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)