അനന്തസാധ്യതകളെയും അവസരങ്ങളെയും പുല്‍കാന്‍ വെമ്പിനില്‍ക്കുകയാണ് 2024. ആഘോഷങ്ങളും പദ്ധതികളും മാര്‍ഗരേഖകളുമെല്ലാം ഏതൊരു പുതുവര്‍ഷത്തിന്റെയും പടിവാതില്‍ അലങ്കരിക്കാറുണ്ട്. ഇന്നലെകള്‍ക്ക് ഇന്നിനോടു സംവദിക്കാന്‍ ഏറെയുണ്ടെന്നു തിരിച്ചറിയുമ്പോഴാണ് മനുഷ്യാസ്തിത്വത്തിനു സമഗ്രത സംജാതമാകുന്നത്. യഥാര്‍ഥത്തില്‍ പഴമയുടെ തുടര്‍ച്ചയോ പ്രതിഫലനമോ പ്രതികരണമോ മാത്രമല്ലേ ഓരോ പുതുവര്‍ഷവും? മനുഷ്യന്‍ അവനിലെ മാറ്റംകൊണ്ട് എന്തെങ്കിലും പുതുമ പകരുമ്പോള്‍ മാത്രമാണ് ഏതൊരു വര്‍ഷം പുതുവര്‍ഷമാകുന്നത്.
കാലഗണന
മൊട്ടിട്ടു, പൂവിട്ടു കൊഴിഞ്ഞുവീഴുന്ന ഓരോ ദലവും കാലഗതിയിലെ ഒറ്റപ്പെട്ട യാഥാര്‍ഥ്യങ്ങളല്ല; ഒരു പാരസ്പര്യത്തിന്റെ ജൈവബിന്ദുകൂടിയാണ്. ചാക്രികമായ ചലനംതന്നെ ജീവസംസ്‌കാരത്തിന്റെ ഭാഗമാണ്. ജനുവരിമുതല്‍ ഡിസംബര്‍വരെ നീളുന്ന ഒരു കാലഘട്ടം മനുഷ്യജീവിതത്തിന്റെ ഭാഗമായി മാറുമ്പോഴാണ് അതിനു പ്രാധാന്യം കൈവരുന്നത്. കാലഗണന നടത്തുന്ന മനുഷ്യന്‍ കാലഘട്ടത്തെ വായിച്ചറിയേണ്ടവന്‍കൂടിയാണ്. കൊഴിഞ്ഞുവീണ 2023 ഒരു നല്ല പാഠപുസ്തകമായിരുന്നു. ഊഷ്മളതയോടെ 2024 നെ സ്വാഗതം ചെയ്യുന്ന ഓരോ വ്യക്തിയും 2023 നെ ഗൃഹപാഠമാക്കുന്നില്ലെങ്കില്‍ അതു നിരര്‍ഥകമാണ്.
മാറ്റങ്ങളുടെ സ്വാധീനം
അതിവേഗത്തിന്റെയും അതിവ്യതിയാനങ്ങളുടെയും ഒരു ലോകമാണു നമ്മുടേത്. നിര്‍മിതബുദ്ധികളും സാങ്കേതികവികാസങ്ങളും വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്ന ഒരു കാലം. ആശങ്ക വര്‍ധിപ്പിക്കുന്ന അജ്ഞാത അറിവുകള്‍ മനുഷ്യന്റെ ആകുലത വര്‍ധിപ്പിക്കുകയും അവനെ അസ്വസ്ഥനാക്കുകയും ചെയ്യുന്നുണ്ട് എന്നുള്ളതു വാസ്തവമാണ്. മാറ്റങ്ങള്‍ അനിവാര്യമാണ്; മനുഷ്യനും മാറേണ്ടവന്‍തന്നെ. എന്നാല്‍, എവിടെ? എപ്പോള്‍? എങ്ങനെ? ഇവിടെയാണു നമ്മള്‍ പതറിപ്പോകുന്നത്. മാറ്റങ്ങള്‍ക്കു വിധേയപ്പെടുമ്പോള്‍ അതിനുള്ള പക്വത ആര്‍ജിച്ചിട്ടുണ്ടോ എന്ന കാര്യം വിസ്മരിക്കരുത്. ത്യാജ്യഗ്രാഹ്യവിവേചനമാണ് അനിവാര്യം.
നിശ്ശബ്ദനിരീശ്വരത്വത്തിന്റെ അനുരണനങ്ങളും ധാര്‍മികപുനര്‍നിര്‍വചനങ്ങളും കുടുംബപശ്ചാത്തലങ്ങളുടെ അന്തഃസത്താവ്യതിയാനങ്ങളും വ്യക്തിമണ്ഡലങ്ങളും പൊതുമണ്ഡലങ്ങളും തമ്മിലുള്ള അതിരുകളില്ലാതാക്കുന്ന നവമാധ്യമ സംസ്‌കാരവും ആനുകാലികപ്രതിസന്ധികളെ വിവേകപൂര്‍വം കൈകാര്യം ചെയ്യാന്‍ പറ്റാതെ പരാജയപ്പെടുന്ന പ്രവണതകളും തീവ്രവാദതാണ്ഡവങ്ങളും ഇന്നത്തെ സമൂഹത്തിന്റെ പ്രത്യേകതകളാണ്. ഇവിടെയാണ് ഒരു പുതുജീവിതശൈലി രൂപപ്പെടുത്തിക്കൊണ്ടു കാലഘട്ടത്തെ വരവേല്‍ക്കാന്‍ ഒരു വ്യക്തി ബോധപൂര്‍വം തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്.
മാനവപുരോഗതിയുടെ സമവാക്യം
മാനവപുരോഗതിയുടെ സമവാക്യം സാങ്കേതികപുരോഗതിയല്ല., അത് പാരസ്പര്യത്തിന്റെ ഇഴയടുപ്പമാണെന്നു നാം വിവേചിച്ചറിയണം. നിര്‍മിതബുദ്ധിയും അതിന്റെ വികാസങ്ങളുമെല്ലാം മനുഷ്യനെ നഗ്നനാക്കി നിര്‍ത്തുന്ന ഒരു കാലഘട്ടത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ഫ്രാന്‍സിസ് പാപ്പാ നല്‍കുന്നുണ്ട്. അതായത്, താന്‍ നടത്തിയ കണ്ടുപിടിത്തങ്ങള്‍ക്കുമുമ്പില്‍ ഇതികര്‍ത്തവ്യതാമൂഢനായി താന്‍തന്നെ നിലകൊള്ളുന്ന നിസ്സഹായാവസ്ഥ.
യന്ത്രനിയന്ത്രിതനായി അധഃപതിക്കാനുള്ളതല്ല മനുഷ്യജീവിതം. മാനവസുസ്ഥിതിക്കു വേണ്ടി വിവേകപൂര്‍വം അതിനെ ഉപയോഗപ്പെടുത്താനുള്ള ശാസ്ത്രജ്ഞാനവും നീതിബോധവുമാണ് ഉണ്ടാകേണ്ടത്. ക്രിയാത്മകവും പ്രയോജനപ്രദവുമായ രീതിയില്‍ സമയം ക്രമീകരിച്ചുകൊണ്ടു മുന്നേറാനുള്ള തീരുമാനം പുരോഗതിയുടെ അടിസ്ഥാനഘടകമാണ്. സോഷ്യല്‍ മീഡിയയും മൊബൈലും മറ്റും നിരവധി പ്രയോജനങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും മനുഷ്യന്റെ ചിന്താശക്തിയെയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും നിഷേധാത്മകമായി ബാധിക്കുന്നുണ്ടെന്നതു ശാസ്ത്രീയമായി തെളിഞ്ഞിട്ടുള്ള വസ്തുതയാണ്. പൊതുബോധവും ചിന്താശേഷിയുമുള്ള മനുഷ്യന്‍ വിവേകശൂന്യനായി കുത്തിയിരുന്നു ചത്തുപോകേണ്ടവനല്ല.
ഒറ്റപ്പെടലിന്റെ ലോകം
ആശയവിനിമയങ്ങള്‍ക്കു നിരവധി മാര്‍ഗങ്ങള്‍ ഉണ്ടായിട്ടും അവനവന്റെ ലോകത്തിലേക്കുമാത്രം ചുരുങ്ങുന്ന വിരോധാഭാസമാണ് ഇന്നു സമൂഹത്തില്‍ കാണുന്നത്. കാവ്യാത്മകമായി പ്രപഞ്ചത്തില്‍ വ്യാപരിക്കേണ്ട മനുഷ്യന്‍ ലഹരിക്കും മയക്കുമരുന്നുകള്‍ക്കും മാരകരോഗങ്ങള്‍ക്കും വഴിപ്പെടുന്നതു ചിന്തിക്കേണ്ടതുതന്നെയാണ്. സമൂഹജീവിയായ മനുഷ്യന്‍ വ്യക്തിതലത്തിലും കുടുംബ സാമൂഹികതലങ്ങളിലും ബന്ധങ്ങള്‍ വളര്‍ത്തിക്കൊണ്ടു ജീവിതത്തിനു മാറ്റുകൂട്ടേണ്ടവനാണ്. പൊതുബോധം, പൊതുനന്മ എന്നിവയെ ലക്ഷ്യംവച്ചുകൊണ്ട് സ്വാര്‍ഥവിചാരങ്ങളും സെക്‌റ്റേറിയന്‍ ചിന്താഗതിയും നമുക്കു പാടേ ഉപേക്ഷിക്കാം.
കരുതലിനു കാത്തിരിക്കുന്ന ഭൂമി
പൊതുഭവനമായ ഭൂമിയെ വിരിച്ച കരങ്ങളുമായി കരുതേണ്ട ഒരു കാലമാണിത്. കാരണം, അതിലെ ആവാസവ്യവസ്ഥിതി അത്യന്തം ചൂഷണവിധേയവും രോഗാതുരവുമാണ്. രൂപവും ഭാവവും മാറി വരുന്ന വൈറസുകളും മറ്റും അതിനു ദൃഷ്ടാന്തങ്ങളാണ്. അനുരഞ്ജനത്തിന്റെയും അര്‍പ്പണത്തിന്റെയും അവബോധങ്ങളും കണ്ണിയിണക്കങ്ങളും അത്യന്താപേക്ഷിതമായി വന്നിരിക്കുകയാണ്.
ഇന്നു നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ആഗോളതാപനംതന്നെയാണ്. അത്യുഷ്ണവും അതിന്റെ ഫലമായുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. സഹകരണത്തിലൂടെ കൈവരിക്കാവുന്ന സംഘാതമായ നേട്ടത്തെക്കുറിച്ചാണ് ഈയടുത്ത് ദുബായില്‍ വച്ചുനടന്ന കോപ്പ് 28 പറഞ്ഞുവച്ചത്. ലൗദാത്തെ ദേവും എന്ന ഫ്രാന്‍സിസ് മാര്‍പാപ്പായുടെ പ്രബോധനം ഈ പുതുവര്‍ഷത്തില്‍ വ്യക്തമായ ഒരു ദിശാബോധവും മാര്‍ഗരേഖയുമാണ്. പരസ്പരബന്ധം എന്ന ഒറ്റമൂലി സ്വീകരിക്കുകയാണ് ഇവിടെ വേണ്ടത്. പ്രപഞ്ചവുമായി അനുരഞ്ജനപ്പെട്ട ഒരു ജീവിതയാത്രയാവണം ഈ പുതുവര്‍ഷത്തെ നയിക്കേണ്ടത്.
ആര്‍ത്തിയും ധൂര്‍ത്തും
ആര്‍ത്തിയും ധൂര്‍ത്തും എന്നത്തെക്കാളും ഇന്ന് ഏറിവന്നിട്ടുണ്ട്. ആവശ്യങ്ങളും അത്യാവശ്യങ്ങളും തിരിച്ചറിയുന്ന വിവേചനൗചിത്യം ഉണ്ടാകേണ്ടിയിരിക്കുന്നു. ഭവനനിര്‍മാണങ്ങളും മറ്റു നിര്‍മാണപ്രവര്‍ത്തനങ്ങളും ആഡംബരത്തിന്റെയും പ്രൗഢിയുടെയും കെട്ടുകാഴ്ചകളായി മാറ്റാതെ പ്രകൃതിസൗഹൃദപരവും കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതുമായ ശാസ്ത്രീയപഠനങ്ങളുടെ തലങ്ങളാക്കി മാറ്റുക. പണിതുകൂട്ടുന്ന ബംഗ്ലാവുകളും കോട്ടകൊത്തളങ്ങളും താമസിക്കാന്‍ ആളുകളില്ലാതെ ഈ പ്രകൃതിക്കും പ്രപഞ്ചത്തിനും അമിതഭാരവും അനാവശ്യവുമായിത്തീരുന്നുവെന്നുള്ളത് കണക്കിലെടുക്കേണ്ടതുതന്നെയാണ്.
ഇന്നത്തെ സാമൂഹികചുറ്റുവട്ടങ്ങളില്‍ ചുട്ടുപൊള്ളുന്ന ഭൂമിയും കനലില്‍വച്ച ഇരുമ്പു പോലെ അകവും പുറവും പൊള്ളുന്ന മനുഷ്യനും ഒരു കൂട്ടുത്തരവാദിത്വത്തിന്റെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അറ്റുപോയ മനുഷ്യത്വവും വറ്റിപ്പോയ കാരുണ്യവും വീണ്ടെടുക്കലിനായി വിലപിക്കുന്നുണ്ട്. പീഡനങ്ങളും യുദ്ധവും ഭീകരതയും നിഷ്‌കരുണം ചവിട്ടിമെതിക്കപ്പെടുന്ന കുഞ്ഞുങ്ങളും സ്ത്രീധനത്തിന്റെ പേരിലും സ്ത്രീത്വത്തിന്റെ പേരിലും ഇല്ലാതാക്കപ്പെടുന്ന സ്ത്രീകളും അവഗണനകളും ദ്രോഹങ്ങളും ഏറ്റുവാങ്ങുന്ന വയോജനങ്ങളും കത്തിയെരിയുന്ന മണിപ്പൂരും ഗാസയുമെല്ലാം സാമൂഹികനീതി അര്‍ഹിക്കുന്നവര്‍തന്നെയാണ്.
അന്നം വിളയിക്കുന്ന കര്‍ഷകനോടുള്ള കോര്‍പ്പറേറ്റ് സമീപനങ്ങളും നീതിക്കുവേണ്ടി നിലവിളിക്കുന്ന മറിയക്കുട്ടിമാരും ഈ സമൂഹത്തിന്റെ ഭാഗമാണെന്നതു വിസ്മരിക്കരുത്. പീഡിപ്പിച്ചു കൊല ചെയ്തവനും നിരപരാധിയായി അഴിഞ്ഞാടുന്ന നമ്മുടെ സാമൂഹികപശ്ചാത്തലം ഭയാനകംതന്നെ. പ്രതികരിക്കാനും പ്രത്യുത്തരിക്കാനും മുതിരുന്നവരുടെ കയ്യും കാലും നാവും ഇല്ലാതാക്കുന്ന കാട്ടാളത്തവും ഇന്നു വിരളമല്ല.
യുവചേതന
തീവ്രചിന്തകള്‍കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ഭീകരാന്തരീക്ഷം മാനവപുരോഗതിയുടെ പൊതുസമാധാനത്തിലേക്കു വഴിമാറ്റി വിടണം. സങ്കുചിതചിന്തകളും താന്‍പോരിമകളും ആധിപത്യപ്രവണതകളും ജനാധിപത്യത്തിനു വഴിമാറണം. ഭാവാത്മകതയും ക്രിയാത്മകതയും നമ്മുടെ യുവമാനവശേഷിയെ നാടിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് ഉപയുക്തമാക്കാനുള്ള ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കണം. അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്കു ജനാധിപത്യത്തിന്റെ നീതി കൈവരുന്ന ഒരു സ്ഥിതിവിശേഷം സംജാതമാവണം. അപ്രസക്തമായ ചര്‍ച്ചകളും സംവാദങ്ങളും നിര്‍ത്തലാക്കിക്കൊണ്ട്, മനുഷ്യജീവിതത്തിന്റെ അടിസ്ഥാനസൗകര്യവികസനങ്ങളും അടിയന്തരശ്രദ്ധ ഉണ്ടാകേണ്ട തലങ്ങളും ചര്‍ച്ച ചെയ്യപ്പെടുകയും കാലോചിതമായ തീരുമാനങ്ങളും കര്‍മപദ്ധതികളും കൈക്കൊള്ളുകയും വേണം.
ഒരുമിച്ചുള്ള യാത്ര
ഏതു പ്രത്യാഘാതവും വന്നുപതിക്കുന്നത് നിരാലംബരും നിസ്സഹായരും ദരിദ്രരുമായ ഇവിടത്തെ ഭൂരിഭാഗത്തിന്റെമേല്‍ ആണെന്നുള്ളത് ഗൗരവത്തോടെ ചിന്തിക്കേണ്ട യാഥാര്‍ഥ്യമാണ്. മനുഷ്യജീവനെ മാനിക്കാത്തതും ധാര്‍മികവിരുദ്ധവുമായ നടപടികളില്‍നിന്നു പിന്മാറാനുള്ള ആര്‍ജവം ലോകരാഷ്ട്രങ്ങളും പുരോഗമനസിദ്ധാന്തങ്ങളും മാനദണ്ഡങ്ങളായി സ്വീകരിക്കണം.
ഒരുമിച്ചുള്ള യാത്ര! അതാണു കരണീയം. ഏതു പ്രതിസന്ധിയെയും നേരിടാന്‍പോന്ന വിധത്തില്‍ മനസ്സും ശരീരവും പാകപ്പെടുത്തി, പ്രകൃതിയോടും സഹജീവികളോടും ഐക്യത്തിലാവുന്ന ഒരു കൂട്ടായ്മയുടെ കണ്ണിയിണക്കവും കരുതലും സഹിതഭാവവുമാകട്ടെ ഈ വര്‍ഷത്തിന്റെ പുതുമകള്‍.