ബിസിനസ്‌ലോകത്ത് റണ്‍വേ എന്നൊരു ആശയമുണ്ട്. കമ്പനിക്കോ സ്ഥാപനത്തിനോ കൈവശമുള്ളതും ഇടയ്ക്കു ലഭിക്കാവുന്നതുമായ പണം തീരാന്‍ വേണ്ട സമയമാണത്. സ്റ്റാര്‍ട്ടപ്പുകളും മറ്റും വളര്‍ന്നുവന്ന സാഹചര്യത്തിലാണ് ഒരു സ്ഥാപനത്തിനു ലഭ്യമായ പണം തീരുന്നതിനുള്ള സമയം ഒരു പഠനവിഷയമായത്. ഗവണ്‍മെന്റുകളെ സംബന്ധിച്ച് അങ്ങനെയൊരവസ്ഥ ആരുടെയും ഭാവനയില്‍പ്പോലും ഇല്ല. പക്ഷേ, ഇപ്പോള്‍ കേരളസര്‍ക്കാരിന്റെ അവസ്ഥ അതിനടുത്തു വരുന്നതാണ്. എത്ര ദിവസത്തേക്ക് ഇനി ട്രഷറി തുറന്നുവയ്ക്കാനാകും എന്ന ചിന്ത ധനമന്ത്രിയെയും മറ്റ് ഉത്തരവാദിത്വപ്പെട്ടവരെയും അലട്ടുന്നുണ്ടാകാം. പലയിനം ബില്ലുകള്‍ക്കും ട്രഷറിവിലക്കും നിയന്ത്രണവും വന്നത് അതുകൊണ്ടാണല്ലോ.
വളച്ചുകെട്ടാതെ പറയാം, കേരളസര്‍ക്കാരിന്റെ ഖജനാവ് ശൂന്യമാണ്. ഗവണ്‍മെന്റു പ്രതീക്ഷിച്ച വരവു കിട്ടില്ല. ചെലവു പ്രതീക്ഷയിലും കൂടി. അതിനാല്‍ പല ചെലവും വെട്ടിക്കുറയ്ക്കും. മറ്റു ചിലവയുടെ പണം കുടിശ്ശികയാകും.
ഇതിനു കാരണം കേന്ദ്രമാണെന്നു സംസ്ഥാനസര്‍ക്കാര്‍ പറയുന്നു. കേന്ദ്രം സംസ്ഥാനവിഹിതം വെട്ടിക്കുറച്ചു, നല്‍കാനുള്ളതു പിടിച്ചുവച്ചു, വായ്പാപരിധി വെട്ടിക്കുറച്ചു എന്നിങ്ങനെ പോകുന്നു ആരോപണങ്ങള്‍. തങ്ങള്‍ ഒന്നും കുറച്ചില്ല, നല്‍കാനുള്ളതു നല്‍കി, ഇനി നല്‍കാനുള്ളത് കണക്കു നല്‍കിയാല്‍ നല്‍കും എന്നൊക്കെ കേന്ദ്രം പറയുന്നു. സംസ്ഥാനത്തിന്റെ ധൂര്‍ത്തും കാര്യക്ഷമതയില്ലായ്മയുമാണു പ്രശ്‌നകാരണമെന്നു കേന്ദ്രം ആരോപിക്കുന്നു.
ഇതിനിടെ അല്ലറചില്ലറ തുകകളുടെ കണക്കുകള്‍ ഉദ്ധരിച്ചു പരസ്പരം പോരടിക്കുകയും ചെയ്യുന്നു.
വരവില്‍ ഒതുങ്ങാത്ത ചെലവ്
യാഥാര്‍ഥ്യം എന്താണ്? അഥവാ എവിടെയാണു കുഴപ്പം? കേരളത്തിന്റെ വരവില്‍ ഒതുങ്ങുന്നതല്ല കേരളത്തിന്റെ ചെലവ്. അതാണ് ആദ്യം അംഗീകരിക്കേണ്ടത്. റവന്യൂവില്‍ത്തന്നെ ആ കുറവുണ്ട്. റവന്യൂ വരുമാനത്തേക്കാള്‍ വളരെ കൂടുതലാണു നമ്മുടെ റവന്യൂ ചെലവ്.
2020-21 മുതലുള്ള ബജറ്റുകള്‍ നോക്കുക.
2020-21
റവന്യൂ ചെലവ് 1,23,446.33 കോടി രൂപ.
റവന്യൂ കമ്മി 20,063.51 കോടി രൂപ
കമ്മി സംസ്ഥാന ജിഡിപിയുടെ ശതമാനം:2.6 ശതമാനം.
2021-22
റവന്യൂ ചെലവ് 1,46,179.51 കോടി രൂപ.
റവന്യൂ കമ്മി 20,799.96 കോടി രൂപ
കമ്മി സംസ്ഥാന ജിഡിപിയുടെ ശതമാനം:2.29 ശതമാനം.
2022-23
റവന്യൂ ചെലവ് 1,49,183.68 കോടി രൂപ.
റവന്യൂ കമ്മി 19,915.53 കോടി രൂപ
കമ്മി സംസ്ഥാന ജിഡിപിയുടെ ശതമാനം:1.96 ശതമാനം.
2023-24
റവന്യൂ ചെലവ് 1,59,360.91 കോടി രൂപ.
റവന്യൂ കമ്മി 23,942.24 കോടി രൂപ
കമ്മി സംസ്ഥാന ജിഡിപിയുടെ ശതമാനം:2.11 ശതമാനം.
2023-24 ലേത് ബജറ്റ്പ്രതീക്ഷയും 2022-23 ലേതു പുതുക്കിയ പ്രതീക്ഷയും മാത്രമാണ്. കണക്കു വരുമ്പോള്‍ മാറ്റം വരാം.
കടമെടുപ്പ് എന്തിന്?
സംസ്ഥാന ജിഡിപിയുടെ രണ്ടു ശതമാനത്തിലധികം വരുന്ന തുക റവന്യൂകമ്മി ഉണ്ട് എന്നതാണു യാഥാര്‍ഥ്യം. അതായത്, സര്‍ക്കാരിനു കിട്ടുന്ന റവന്യൂവരുമാനത്തേക്കാള്‍ ഇത്രയും അധികം വേണം റവന്യൂചെലവിന്. അതിനു വഴി കാണുന്നില്ല. അതുകൊണ്ട് എന്തു ചെയ്യുന്നു? ആ കമ്മി നികത്താനും കടം എടുക്കുന്നു.
എല്ലാ സര്‍ക്കാരുകളും കടമെടുക്കുന്നുണ്ട്. കടമെടുക്കുന്നതു ഭാവിയില്‍ വരുമാനമുണ്ടാക്കാവുന്ന കാര്യങ്ങള്‍ക്കു മുതല്‍മുടക്കാനായിട്ടു വേണം എന്നതാണു സര്‍വസമ്മതമായ തത്ത്വം. ദൈനംദിന ചെലവുകള്‍ക്കു വേണ്ടിയാകരുത് കടം. അതായത്, റവന്യൂ ചെലവിനായി കടമെടുക്കരുത്, മൂലധന ചെലവിനായിമാത്രമേ കടമെടുക്കാവൂ എന്ന്. കടമെടുത്തു പുതിയ റോഡോ തുറമുഖമോ ഫാക്ടറിയോ ജലസേചനപദ്ധതിയോ ഒക്കെ തുടങ്ങാം. മറിച്ച്, ശമ്പളത്തിനും യാത്രപ്പടിക്കും ഭരണകാര്യങ്ങള്‍ക്കുംവേണ്ടി കടമെടുക്കരുത്.
മൂലധനച്ചെലവിനായി കടമെടുത്താല്‍ ആ നിക്ഷേപത്തില്‍നിന്നുള്ള അധികവരുമാനം ഭാവിയില്‍ കടം വീട്ടാന്‍ സഹായിക്കും. റോഡും തുറമുഖവും ജലസേചനപദ്ധതിയും ഫാക്ടറിയുമൊക്കെ വരുമാനം ഉണ്ടാക്കുന്നവയാണ്. സാമൂഹികോന്നമനത്തിനായുള്ള ചെലവുകള്‍ (ഉദാഹരണം: സ്‌കൂള്‍വിദ്യാഭ്യാസം, പൊതുജനാരോഗ്യം) മികവുറ്റ മനുഷ്യവിഭവശേഷി വളര്‍ത്തിയെടുത്ത് പരോക്ഷമായി വരുമാനം വര്‍ധിപ്പിക്കും. അതിനെടുക്കുന്ന കടം നല്ലതാണെന്നു പറയുന്നത് അതുകൊണ്ടാണ്.
നിത്യനിദാനച്ചെലവുകള്‍ക്കായി കടമെടുപ്പ്
അതേസമയം, ശമ്പളത്തിനും ഭരണച്ചെലവിനും മുടക്കുന്ന പണം ഭാവിയില്‍ ഒന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. എടുത്ത കടവും പലിശയും നല്‍കാന്‍ വേറേ കടം എടുക്കേണ്ടിവരുകയും ചെയ്യും. അതുകൊണ്ടാണ് അതു നല്ല കാര്യമല്ലെന്നു പറയുന്നത്.
കേരളം കടമെടുക്കുന്നതില്‍ ഗണ്യമായ ഭാഗം റവന്യൂ ചെലവിനാണ്. ഓരോ വര്‍ഷത്തെയും പുതിയ കടബാധ്യതയും (ധനകമ്മി) റവന്യൂകമ്മിയും തമ്മിലുള്ള അനുപാതം (പട്ടിക ഒന്ന്) പരിശോധിച്ചാല്‍ ഇതിലെ അപായം മനസ്സിലാക്കാം.
പട്ടിക ഒന്ന്
വര്‍ഷം 2020-21 2021-22 2022-23 2023 - 24
ധനകമ്മി 35,243.69 37,306.47 36,763.95 39662.22
റവന്യൂകമ്മി20,063.51 20,799.96 19,915.53 23,942.24
അനുപാതം 56.99% 55.25% 54.17% 60.37%
മൊത്തം കമ്മിയുടെ 60 ശതമാനവും റവന്യൂകമ്മി എന്ന നിലയിലേക്കു കേരളം എത്തുകയാണ്. അതായത്, എടുക്കുന്ന കടത്തില്‍ 40 ശതമാനമേ ഭാവിയിലേക്കു വേണ്ട നിക്ഷേപമാകുന്നുള്ളൂ. ബാക്കി നിത്യനിദാനച്ചെലവുകള്‍ക്കാണ്.
കാട്ടിലെ തടി, തേവരുടെ ആന, പിടിയെടാ പിടി
എന്തുകൊണ്ട് ഇങ്ങനെയായി? കാട്ടിലെ തടി, തേവരുടെ ആന, പിടിയെടാ പിടി എന്ന മട്ടിലാണു ഭരണം. സര്‍ക്കാരിനെ കാര്യക്ഷമമാക്കാന്‍ ആരും ശ്രമിക്കുന്നില്ല. ചെലവുചുരുക്കല്‍ അജണ്ടയില്‍ ഇല്ല. ഉള്ളത് എങ്ങനെയൊക്കെ നമുക്കു വേണ്ടപ്പെട്ടവരെ പരമാവധി തിരുകിക്കയറ്റാം എന്ന ആലോചനമാത്രം. പൊതുമേഖലാസ്ഥാപനങ്ങള്‍ പണം തിന്നു മുടിക്കുന്ന വെള്ളാനകളായിത്തുടരുന്നു.
നിലനില്പിനുവേണ്ടി പ്രതിമാസം നൂറുകണക്കിനു കോടി രൂപ ബജറ്റില്‍നിന്നു നല്‍കേണ്ടിവരുന്ന കെഎസ്ആര്‍ടിസിയില്‍ അര്‍ഥപൂര്‍ണമായ ഒരു പരിഷ്‌കാരംപോലും ആരും നിര്‍ദേശിക്കുന്നതുമില്ല. യൂണിയന്‍കാരുടെ ഭരണം തടയാനും കഴിയുന്നില്ല. കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി തുടങ്ങിയവയിലും കാര്യങ്ങള്‍ ഇങ്ങനെതന്നെ. പ്രസക്തമായ ഒരു ജനക്ഷേമകാര്യവും ചെയ്യുന്നില്ലാത്ത ഡസന്‍കണക്കിനു കോര്‍പറേഷനുകളും ബോര്‍ഡുകളും സര്‍ക്കാര്‍ചെലവില്‍ സുഖമായി കഴിയുന്നു.
1982-83 ല്‍ 26.79 കോടി രൂപ മിച്ചം ഉണ്ടായതിനു ശേഷം ഒരിക്കല്‍പ്പോലും ബജറ്റില്‍ റവന്യൂമിച്ചം ഉണ്ടായിട്ടില്ല. അതുകൊണ്ട് എന്തു സംഭവിക്കുന്നു?
കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ റവന്യു കമ്മിയും ധനകമ്മിയും വര്‍ധിച്ചു വരുന്ന തോതു നോക്കിയാല്‍ അതു മനസ്സിലാകും.
വര്‍ഷം റവന്യു കമ്മി ധനകമ്മി
(കോടി രൂപയില്‍)
1983-84 58.18 299.31
1993-94 371.31 935.16
2003-04 3680.30 5339.05
2013-14 11,308.56 18,641.73
2023 -24 23,942.24 39,662.22
പെരുകുന്ന കടം
ധനകമ്മി എന്നാല്‍ കടം. സംസ്ഥാന സര്‍ക്കാരിന്റെ കടബാധ്യത വര്‍ധിച്ചുവരുന്നു എന്നര്‍ഥം. 2001-ല്‍ 25,754 കോടി രൂപയായിരുന്നു കേരളസര്‍ക്കാരിന്റെ സഞ്ചിതകടം. ഇതു 2011ല്‍ 82,486 കോടിയും 2021ല്‍ 3,62,659 കോടിയും ആയി. 2024 മാര്‍ച്ച് 31ന് 4,18,727 കോടി ആകുമെന്നു കണക്കാക്കുന്നു. ഇതു സംസ്ഥാന ജിഡിപി യുടെ 36 ശതമാനം വരും.
കടം വര്‍ധിക്കുമ്പോള്‍ അതിനു നല്‍കേണ്ട പലിശയും കൂടും. റവന്യൂവരുമാനത്തിന്റെ 20 ശതമാനം പലിശയായി ചെലവാക്കേണ്ട നിലയിലാണു കേരളം. ആന്ധ്രപ്രദേശിനു 11.12 ഉം കര്‍ണാടകത്തിന് 15.03 ഉം തമിഴ് നാടിന് 17.41 ഉം മഹാരാഷ്ട്രയ്ക്ക് 10.89 ഉം ശതമാനം ആയിരിക്കുമ്പോഴാണ് ഇത്.
ഇതു തുടര്‍ന്നുപോകാന്‍ പറ്റുന്ന നിലയല്ല. മൊത്തം റവന്യുചെലവിന്റെ 60 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ എന്നീ മൂന്ന് ഇനങ്ങള്‍ക്കുമാത്രം വേണം. ഈ വര്‍ഷം ആകെ റവന്യുചെലവായ 1,59,360.91 കോടി രൂപയില്‍ 94,528.78 കോടി ഈ മൂന്നിനങ്ങളില്‍ ചെലവാകും.
ഇതൊക്കെ എല്ലാവരും ചൂണ്ടിക്കാട്ടാറുണ്ട്. ധനകാര്യ ഉത്തരവാദനിയമം പാസാക്കിയപ്പോള്‍ റവന്യുകമ്മി ഇല്ലാതാക്കാന്‍ കാലക്രമം നിശ്ചയിച്ചതുമാണ്. 2008 ല്‍ ആഗോളമാന്ദ്യവും 2020ല്‍ കോവിഡ് മഹാമാരിയും വന്നപ്പോള്‍ എല്ലാ ക്രമവും മാറ്റി. കമ്മി കുതിച്ചുകയറി. ഇപ്പോള്‍ നില എന്താണ്?
കുടിശ്ശിക, കുടിശ്ശിക
കോണ്‍ട്രാക്ടര്‍മാര്‍ക്കു നല്‍കേണ്ട കുടിശ്ശിക 15,000 കോടി രൂപ വരും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, പെന്‍ഷന്‍, ശമ്പളപരിഷ്‌കാരം എന്നിവയില്‍ കുടിശ്ശിക 25,000 കോടി രൂപ. ക്ഷേമ പെന്‍ഷന്‍ നാലു മാസത്തേതു കുടിശ്ശികയായപ്പോള്‍ ബാധ്യത 3200 കോടി രൂപ. ജല്‍ ജീവന്‍ കരാറുകാര്‍ക്കു നല്‍കേണ്ടത് 1400 കോടി രൂപ. കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിക്കു കുടിശ്ശിക 300 കോടി രൂപ, സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിക്കു കുടിശ്ശിക 200 കോടി രൂപ. സപ്‌ളൈകോയ്ക്കു സബ്‌സിഡിയിലും നെല്ലുസംഭരണത്തിലും നല്‍കേണ്ട കുടിശ്ശിക ആയിരക്കണക്കിനു കോടി രൂപ വരും.
അരലക്ഷം കോടിയിലേറെ രൂപയുടെ കുടിശ്ശിക. ധനകാര്യവര്‍ഷത്തിന്റെ മൂന്നിലൊന്നു ബാക്കി നില്‍ക്കുന്നു. കടമെടുപ്പ് അടക്കം വരുമാനം കൂട്ടാന്‍ മാര്‍ഗങ്ങള്‍ മുന്നില്‍ കാണുന്നില്ല. ഈ വര്‍ഷത്തേക്ക് അനുവദിച്ച കടമെടുപ്പിന്റെ പരിധി തീരുകയാണ്. ബാക്കി മാസങ്ങളില്‍ എന്തു ചെയ്യും? ആര്‍ക്കും പിടിയില്ല.
രാഷ്ട്രീയപ്പോര്
കേന്ദ്രത്തിന്റെ ചില വിലക്കുകളും കേരളത്തിന്റെ ചില ശാഠ്യങ്ങളും ഇരുകൂട്ടരുടെയും രാഷ്ട്രീയപ്പോരും സംസ്ഥാനത്തിന്റെ വായ്പാപരിധി ഇക്കൊല്ലം വളരെ താഴ്ത്താന്‍ കാരണമായി. സംസ്ഥാന ജിഡിപിയുടെ മൂന്നു ശതമാനമാണു വായ്പ എടുക്കാവുന്നത്. വൈദ്യുതിമേഖലയില്‍ നിര്‍ദിഷ്ടപരിഷ്‌കാരങ്ങള്‍ നടപ്പാക്കിയാല്‍ വേറെ അരശതമാനംകൂടി അനുവദിക്കും. അതനുസരിച്ച് 25,646 കോടി രൂപ കടപ്പത്രങ്ങള്‍വഴി സമാഹരിക്കാന്‍ പദ്ധതിയിട്ട് ബജറ്റ് തയ്യാറാക്കി.
അപ്പോഴാണ് ഉടക്ക്. കിഫ്ബിയും (Kerala Infrastructure Investment Fund Board) കെഎസ്എസ്പിഎലും (Kerala Social Security Pension Ltd.) വിഷയമായി.
1999 ല്‍ നിലവില്‍ വന്ന കിഫ്ബിയെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പണം നല്‍കാനുള്ള സ്ഥാപനമാക്കി പിണറായിസര്‍ക്കാര്‍ മാറ്റിയിരുന്നു. കിഫ്ബി രാജ്യത്തും വിദേശത്തും കടപ്പത്രങ്ങള്‍ ഇറക്കി പണം കണ്ടെത്തുന്നു. അതു റോഡും പാലവും സ്‌കൂളും ആശുപത്രിയും മറ്റും പണിയാന്‍ ഉപയോഗിക്കും. കിഫ്ബിക്കു പണം തിരിച്ചുകൊടുക്കാനായി മോട്ടോര്‍ വാഹനനികുതിയുടെയും ഇന്ധനസെസിന്റെയും നിശ്ചിതഭാഗം സര്‍ക്കാര്‍ നീക്കിവയ്ക്കുന്നു.
സാമൂഹികക്ഷേമപെന്‍ഷനുകള്‍ക്കു പണം കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് കെഎസ്എസ്പിഎല്‍. സ്വന്തമായി വരുമാനമുള്ള ക്ഷേമനിധികളിലും മറ്റുംനിന്നു വായ്പയെടുത്തു ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാനാണു 2018-ല്‍ കെഎസ്എസ്പിഎല്‍ ഉണ്ടാക്കിയത്.
ബജറ്റില്‍ ചേര്‍ക്കാതെ
ഇവ എടുക്കുന്ന വായ്പകള്‍ ബജറ്റ് കണക്കില്‍ പെടുത്താറില്ല. സംസ്ഥാനത്തിന്റെ നേരിട്ടുള്ള കടമല്ല അവ എന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ വാദം. കേന്ദ്രവും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും (സിഎജി) അതു സമ്മതിക്കുന്നില്ല. അവര്‍ ചൂണ്ടിക്കാട്ടുന്നതു ബാധ്യതയാണ്. ഈ കടത്തിനു സര്‍ക്കാരിന്റെ ഗാരന്റി ഉണ്ട്. അതായത്, കിഫ്ബി അടച്ചില്ലെങ്കില്‍ സര്‍ക്കാര്‍ അടയ്ക്കണം. കടം തിരിച്ചടയ്ക്കാന്‍ നികുതിവരുമാനം നീക്കി വച്ചിട്ടുമുണ്ട്. ബാധ്യത സര്‍ക്കാരിനുതന്നെ എന്നു വ്യക്തം. അതിനാല്‍, സംസ്ഥാന കടമായി ഇതു വകമാറ്റാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. അപ്പോള്‍ ബജറ്റ് കണക്കുകള്‍ എല്ലാം തിരുത്തേണ്ടിവരാം.
ഈ വര്‍ഷത്തേക്ക് ഇതു വന്നപ്പോള്‍ കാര്യം ഗുരുതരമായി. കിഫ്ബിയുടെ നിലവിലെ കടബാധ്യത ഇക്കൊല്ലം എടുക്കാവുന്ന കടത്തില്‍നിന്ന് ആദ്യമേ കുറച്ചു. 39,662 കോടി രൂപയുടെ ധനകമ്മി നികത്താന്‍ അതനുസരിച്ച് 20,521 കോടിയുടെ കടമേ എടുക്കാന്‍ പറ്റൂ എന്നായി. പ്രതീക്ഷിച്ചതിലും 5000 കോടി കുറവ്. ഡിസംബറോടെ അനുവദനീയവായ്പകള്‍ എല്ലാം എടുത്തുതീര്‍ന്നു. ജനുവരി-മാര്‍ച്ചിലേക്കുള്ള വിഹിതത്തില്‍നിന്നുകൂടി ഇതിനകം വായ്പ എടുത്തു.
കൂടുതല്‍ വായ്പ എടുക്കാന്‍ അനുവദിക്കണം എന്നത് സംസ്ഥാനം എന്നും ആവശ്യപ്പെടുന്നതാണ്. കേന്ദ്രം അത് അനുവദിക്കുന്നില്ല. കൂടുതല്‍ കടമെടുത്താല്‍ അടുത്ത വര്‍ഷം കൂടുതല്‍ പലിശയും ഗഡുവും അടയ്ക്കണം. അപ്പോള്‍ കമ്മി കൂടും. കമ്മി കൂട്ടാതെ ഭരണം നടത്താന്‍ ധൂര്‍ത്തും കെടുകാര്യസ്ഥതയും മാറ്റുകമാത്രമേ വഴിയുള്ളൂ. അതു ചെയ്യാതെ കടമെടുക്കണം, കടമെടുക്കണം എന്ന പല്ലവിയുമായി നടന്നാല്‍ പ്രശ്‌നങ്ങള്‍ മാറില്ല.
ശ്വാസം മുട്ടിക്കുന്നോ?
കേരളസര്‍ക്കാരും മന്ത്രിമാരും കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു എന്നു പറഞ്ഞ് പലതരം കണക്കുകള്‍ അവതരിപ്പിക്കുന്നുണ്ട്. കേന്ദ്രം പലതരത്തില്‍ വിഷമിപ്പിക്കുണ്ടെന്നതു ശരിയാണ്. അത് ഇനിയും തുടരും. അതു രാഷ്ട്രീയം. എന്നാല്‍, കണക്കു കൊടുക്കാത്തതും അക്കൗണ്ടന്റ് ജനറല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതുംമൂലം പണം കിട്ടാത്തതിന് ആരെ പറയാന്‍?
മറ്റു ചില ആവലാതികള്‍ ശുദ്ധഭോഷ്‌കാണ്. ഉദാഹരണമാണു നികുതിവിഹിതം. 15-ാം ധനകാര്യകമ്മീഷന്‍ നികുതിവിഹിതം നിശ്ചയിച്ചപ്പോള്‍ കേരളത്തിനു വിഹിതം 1.925 ശതമാനമായി കുറഞ്ഞു. നേരത്തേ 2.5 ശതമാനമായിരുന്നു. അതിനുമുമ്പ് 2.34%, 2.67%, 3.06% എന്നിങ്ങനെയാണ് ഓരോ കമ്മീഷനും വിഹിതം നിശ്ചയിച്ചത്.
നിശ്ചിതശതമാനം വിഹിതം അവകാശമല്ല. എത്ര വേണമെന്ന്, അഞ്ചു വര്‍ഷം കൂടുമ്പോള്‍, ധനകാര്യവിദഗ്ധര്‍ അടങ്ങിയ ധനകാര്യ കമ്മീഷനാണു നിശ്ചയിക്കുന്നത്. അതിലെവിടെ രാഷ്ട്രീയം?
റവന്യൂകമ്മി നികത്താനുള്ള ഗ്രാന്റ് ഏതാനും വര്‍ഷത്തേക്കാണ് അനുവദിച്ചത്. എല്ലാ കാലത്തേക്കുമല്ല. റവന്യൂകമ്മി ഇല്ലാതെ ഭരിക്കേണ്ടതു സംസ്ഥാനമാണ്.
ജിഎസ്ടി നഷ്ടപരിഹാരവും നിശ്ചിത കാലത്തേക്കായിരുന്നു. കാലാവധി കേരളം അംഗീകരിച്ചതുമാണ്. പിന്നീട് അതു നിഷേധിച്ചു എന്നു പറയുന്നതില്‍ കാര്യമില്ല.