ചികിത്സ ഒരു കലയാണ്. അവിടെ ശാസ്ത്രീയപരിജ്ഞാനത്തെക്കാള്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിച്ചറിയുന്ന അന്തര്‍ജ്ഞാനവും വിവേകവും പരിചയസമ്പത്തും ഒക്കെക്കൂടിയുള്ള സമ്മിശ്രമായ ഒരു ശുശ്രൂഷയാണ് പലപ്പോഴും ഫലമണിയുന്നത്.
98 വയസ്സിന്റെ ചെറുപ്പത്തോടെ എം.എസ്. ജോര്‍ജ് കഴിഞ്ഞ ഓണത്തിനുമുമ്പാണ് എന്നെ കാണാന്‍ വന്നത്. മൂന്നു മാസം കൂടുമ്പോള്‍ നടത്തുന്ന ചെക്കപ്പിന്റെ ഭാഗം. ഇ.സി.ജി.യും രക്തപരിശോധനയും എക്കോ കാര്‍ഡിയോഗ്രാഫിയും എടുത്തു. എല്ലാം തൃപ്തികരം. ഇ.സി.ജി.യില്‍ പ്രശ്‌നമുണ്ടാക്കുന്ന വ്യതിയാനങ്ങളില്ല. രക്തപരിശോധനയില്‍ പഞ്ചസാരയും വൃക്കരോഗത്തിന്റെ സൂചകമായ ക്രിയാറ്റിനും അല്പം കൂടിനില്ക്കുന്നു. കൊളസ്‌ട്രോള്‍ സാധാരണ അളവില്‍ത്തന്നെ. എക്കോ കാര്‍ഡിയോഗ്രാഫി പരിശോധനയില്‍ ഹൃദയഅറകളുടെ പൊതുവായ സങ്കോചശേഷി തൃപ്തികരം. നേരത്തേ ഹാര്‍ട്ടറ്റാക്കുണ്ടായ ഭാഗത്ത് ഹൃദയഭിത്തി സങ്കോചിക്കുന്നതില്‍ മടികാട്ടുന്നു. അതു പരിഹരിച്ചുകൊണ്ടു മറ്റു ഭിത്തികള്‍ കൂടുതലായി സങ്കോചപ്രക്രിയ നടത്തി രക്തപര്യയനം സുഗമമായി നിര്‍വഹിക്കുന്നു. ബി.പി.യും പള്‍സുമെല്ലാം പരിധികളില്‍ത്തന്നെ. വീട്ടിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും പറ്റുന്നിടത്തോളം മറ്റുള്ളവരോടൊപ്പം പങ്കുചേരുന്നു. എന്റെ നിര്‍ദേശപ്രകാരം എട്ടു മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുകയും വീട്ടിലും പരിസരത്തും ദിവസേന പരസഹായം കൂടാതെ നടക്കുകയും ചെയ്യുന്നു.
ജോര്‍ജുചേട്ടന് കൊച്ചിയിലെ നേവല്‍ ബേസിലായിരുന്നു ജോലി. ഓഫീസ് സൂപ്രണ്ട്. നാല്പതു വര്‍ഷക്കാലം ആ തൊഴില്‍ ചെയ്തു. റിട്ടയര്‍ ചെയ്തശേഷം കുറച്ചുകാലം ഒരു പ്രൈവറ്റ്കമ്പനിയില്‍ മാനേജരായി ജോലി ചെയ്തു. അതിനുശേഷം വീട്ടില്‍ വിശ്രമജീവിതം. ഭാര്യയ്ക്കു കാന്‍സര്‍വന്നത് അദ്ദേഹത്തെ തളര്‍ത്തിക്കളഞ്ഞു. മക്കള്‍ നാലുപേര്‍. ഒരു മകനും മൂന്നു പെണ്‍മക്കളും. ഇപ്പോള്‍ മകനോടൊപ്പം സസന്തോഷം ജീവിക്കുന്നു.
*********************
സ്വന്തം വിധിയെ മനുഷ്യന്‍ എപ്രകാരം നിര്‍ണയിക്കുമെന്നും തന്നെ കീഴ്‌പ്പെടുത്തുന്ന മരണഭീതിയുളവാക്കുന്ന രോഗാതുരതയെ ഏതറ്റംവരെ ചികിത്സാവിധേയമാക്കാന്‍ അനുവദിക്കുന്നുവെന്നും അതില്‍ ഭിഷഗ്വരന്റെ തീരുമാനങ്ങളും കടന്നുകയറ്റങ്ങളും എത്ര സഹിഷ്ണുതയോടെ നെഞ്ചിലേറ്റുമെന്നും ഒരു അപസര്‍പ്പകകഥപോലെ പ്രതിപാദിക്കപ്പെട്ട ദിനങ്ങള്‍. രോഗിയുടെ ബൗദ്ധികനിലവാരത്തിനും പ്രായോഗികചിന്തകള്‍ക്കുംമുമ്പില്‍ ശാസ്ത്രബോധത്തിന്റെ പ്രക്ഷാളനങ്ങള്‍ നിശ്ശബ്ദതയിലാണ്ടുപോയ നിമിഷങ്ങള്‍.
2015 ഏപ്രില്‍ മാസം 11-ാം തീയതിയാണ് എം.എസ്. ജോര്‍ജിനെ ഞാന്‍ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹത്തിനു വയസ്സ് 90. ഉച്ചയൂണിനുശേഷം അകാരണമായി അനുഭവപ്പെട്ട നെഞ്ചുവേദനയെത്തുടര്‍ന്ന് മകനോടൊപ്പം ലൂര്‍ദ് ആശുപത്രിയിലെ കാഷ്വാലിറ്റയില്‍ എത്തുകയായിരുന്നു. ഇ.സി.ജി. എടുത്തപ്പോള്‍ മാസീവ് ഹാര്‍ട്ടറ്റാക്ക്.
നെഞ്ചിലെ വേദനയ്ക്കു ശമനമില്ല. മകനെ വിളിച്ച് അറ്റാക്കിന്റെ ഗുരുതരാവസ്ഥയെപ്പറ്റി വിശദമായി പറഞ്ഞു. എത്രയുംവേഗം പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടതാണ്, പക്ഷേ, പ്രായം ഒരു വലിയ വിലങ്ങുതടിയായി നില്‍ക്കുന്നു. ആ കാര്യം മനസ്സില്‍വച്ചുകൊണ്ടുതന്നെ ഞാന്‍ മകനോടു പറഞ്ഞു: ആന്‍ജിയോപ്ലാസ്റ്റിയും തുടര്‍ചികിത്സകളുമെല്ലാം 75 വയസ്സിനു താഴെയുള്ളവരില്‍ ചെയ്യുന്ന ലാഘവത്തോടെ നടത്താന്‍ പറ്റിയെന്നു വരില്ല. പ്രത്യേകിച്ച്, രോഗിയുടെ വൃക്കയുടെ പ്രവര്‍ത്തനത്തിന്റെ സൂചകമായ ക്രിയാറ്റിനും കൂടിനില്ക്കുന്നു. മകന്‍ എന്നോടു പറഞ്ഞു: അപ്പനോടു വിശദമായി ഡോക്ടര്‍ സംസാരിക്കണം. ഈവക കാര്യങ്ങളില്‍ അപ്പനാണ് ഇപ്പോഴും തീരുമാനങ്ങളെടുക്കുന്നത്. ഞാന്‍ ജോര്‍ജുചേട്ടന്റെ അടുത്തുചെന്ന് എല്ലാം വിശദമായി പറഞ്ഞു. ആന്‍ജിയോപ്ലാസ്റ്റി ഈ പ്രായത്തില്‍ ചെയ്യുന്നതിന്റെ വരുംവരായ്കകളെപ്പറ്റി വിശദീകരിച്ചു. അദ്ദേഹം എല്ലാം ശാന്തമായി ശ്രവിച്ചശേഷം എന്റെ കരം ഗ്രഹിച്ചുകൊണ്ടു പറഞ്ഞു: ''ഡോക്ടര്‍, അങ്ങനെയുള്ള ചികിത്സകളൊന്നും വേണ്ട, വയസ്സിത്രയായി, ഇനി ഡോക്ടറിന്റെ മരുന്നുകൊണ്ടുള്ള ചികിത്സ മതി.''
മറ്റൊരു വാഗ്വാദത്തിനോ തര്‍ക്കത്തിനോ പോവാതെ പുതിയൊരു തിരിച്ചറിവോടെ രോഗിയുടെ ദൃഢമായ തീരുമാനം മനസ്സാ വരിച്ചുകൊണ്ട് ഞാന്‍ ഔഷധചികിത്സകളെല്ലാം ഉടനടി ആരംഭിച്ചു. വൈദ്യശാസ്ത്രത്തില്‍ സുലഭമായ എല്ലാ മരുന്നുകളും അവശ്യാനുസരണം പ്രയോഗിച്ചുതുടങ്ങി. ഹാര്‍ട്ടറ്റാക്കിന്റെ തീവ്രതയുടെ സൂചകമായ ട്രോപോങ്ങിന്റെ അളവ് 40,000 കടന്നു. സാധാരണ അളവ് 19 നാനോ ഗ്രാമില്‍ കുറഞ്ഞിരിക്കണം. എക്കോ കാര്‍ഡിയോഗ്രാഫി ചെയ്തപ്പോള്‍ അറ്റാക്കുവന്ന ഹൃദയഭാഗം ഒട്ടും സങ്കോചനക്ഷമമല്ലെന്നു മനസ്സിലായി. ഹൃദയത്തിന്റെ പൊതുവായ സങ്കോചശേഷിയും സാരമായി കുറഞ്ഞിരിക്കുന്നു.
അറ്റാക്കിന്റെ സങ്കീര്‍ണതകളെ സൂചിപ്പിക്കുന്ന എല്ലാവിധ മോനിട്ടറിങ്ങും അതിനുചിതമായ ചികിത്സകളും തുടര്‍ന്നുകൊണ്ടിരുന്നു. പെട്ടെന്ന്, മാരകമായ 'വെന്‍ട്രിക്കുലര്‍ റ്റാഫിക്കാര്‍ഡിയ' വേഗംകൂടി മിനിട്ടില്‍ ഇരുന്നൂറില്‍ കൂടുതലായി. രോഗിയുടെ ബോധം മറയുന്നു, തുടര്‍ന്നു പല പ്രാവശ്യം ഷോക്കുകള്‍ കൊടുത്തു. ഷോക്കിനോടു ഹൃദയം പ്രതികരിച്ചു, ഹൃദയമിടിപ്പ് സാധാരണഗതിയിലായി. രോഗിക്കു ബോധം തിരിച്ചുവന്നു. ഈ പ്രതിഭാസം വീണ്ടും ആവര്‍ത്തിക്കാം. ഞാന്‍ മകനോടു പറഞ്ഞു: ആദ്യത്തെ 72 മണിക്കൂറുകള്‍ അഗ്നിപരീക്ഷണംതന്നെ, എന്തിനും തയ്യാറായിരിക്കണം. എന്നാല്‍, രോഗിയുടെ ആത്മവിശ്വാസവും മകന്റെ പ്രോത്സാഹനവും തുടര്‍ന്നുള്ള ചികിത്സ സമഗ്രമാക്കാന്‍ എനിക്കു ശക്തി നല്‍കി.
72 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രോഗിയുടെ ആരോഗ്യനില ഏതാണ്ടു ശാന്തമായി. എങ്കിലും അഞ്ചു ദിവസങ്ങള്‍ക്കുശേഷമാണ് ജോര്‍ജുചേട്ടനെ വാര്‍ഡിലേക്കു മാറ്റിയത്. വാര്‍ഡില്‍ രോഗി സാവധാനം ഊര്‍ജസ്വലനായി. പതിനൊന്നു ദിവസങ്ങള്‍ക്കുശേഷം ഞാന്‍ എം.എസ്. ജോര്‍ജിനെ ഡിസ്ചാര്‍ജു ചെയ്തു. 2021 ജൂലൈ മാസം അദ്ദേഹത്തിനു കൊവിഡു ബാധിച്ചു. ഞാന്‍ പേടിച്ചു, ഹൃദ്രോഗമുള്ളവര്‍ക്കു കൊവിഡുബാധയുണ്ടായാല്‍ സങ്കീര്‍ണതകള്‍ കൂടുതലാണ്. കൃത്യമായ മരുന്നുകള്‍കൊണ്ടും ശുശ്രൂഷകൊണ്ടും ആ രോഗബാധ വലിയ പ്രശ്‌നങ്ങളില്ലാതെ അദ്ദേഹം അതിജീവിച്ചു. പിന്നെ ഇക്കഴിഞ്ഞ ജൂലൈ 29 ന് മിനിസ്‌ട്രോക്കും അതോടനുബന്ധിച്ചുള്ള സന്നിയും ഉണ്ടായി. വലിയ പരാധീനതകള്‍ കൂടാതെ അദേഹം അദ്ഭുതകരമായി അതിനെയും അതിജീവിച്ചു. ഇടയ്ക്ക് ഹൃദയപരാജയത്തിന്റെ ലക്ഷണങ്ങളായ ശ്വാസതടസ്സവും നീര്‍ക്കെട്ടും ഉണ്ടാകാറുണ്ട്. എല്ലാം കൃത്യമായ ചെക്കപ്പുകളിലൂടെയും ഔഷധസേവയിലൂടെയും ജോര്‍ജുചേട്ടന്‍ നിയന്ത്രിച്ച് ധീരമായി മുന്നോട്ടുപോകുന്നു.
*********************
വയോധികരുടെ ചികിത്സ വൈദ്യശാസ്ത്രത്തിലെ ഏറെ സങ്കീര്‍ണമായ ഒരധ്യായമാണ്. കാരണം, ചെറുപ്പക്കാര്‍ക്കോ മധ്യവയസ്‌കര്‍ക്കോ നിര്‍ദേശിച്ചിട്ടുള്ള പല ചികിത്സാവിധികളും എണ്‍പതോ തൊണ്ണൂറോ വയസ്സിനു മേലുള്ളവരില്‍ പ്രസക്തമായി വരില്ല. മാത്രമല്ല, വൈദ്യചികിത്സാമാര്‍ഗനിര്‍ദേശരൂപരേഖകള്‍ നിര്‍വചിക്കാനായി നടത്തപ്പെട്ടിട്ടുള്ള സിംഹഭാഗം പഠനങ്ങളും 75 വയസ്സിനു താഴെയുള്ളവരിലാണ് പ്രധാനമായി നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, 90 കഴിഞ്ഞ ഒരു രോഗിയുടെ ഹാര്‍ട്ടറ്റാക്കിന്റെ ചികിത്സ സംവിധാനം ചെയ്യുമ്പോള്‍ പൊതുവായ പല മാനുഷികഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്.
വയോധികരെ ഉള്‍പ്പെടുത്തിയിട്ടുള്ള പല ബൃഹത്തായ പഠനങ്ങളും 90 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഒരു നിയോഗംപോലെ ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതിനെ പിന്താങ്ങുന്നില്ല. ആന്‍ജിയോപ്ലാസ്റ്റിയോടനുബന്ധിച്ച രക്തസ്രാവവും വൃക്കപരാജയവും തുടര്‍ന്ന് സ്റ്റെന്റുകള്‍ സ്ഥാപിക്കുമ്പോള്‍ സ്ഥിരമായി വേണ്ടിവരുന്ന രക്തം നേര്‍പ്പിക്കുന്ന മരുന്നുകളുടെ ഉപയോഗവും അതേത്തുടര്‍ന്നുള്ള സങ്കീര്‍ണതകളും രോഗിക്കു കാതലായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം.
വയോധികര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റിയോ ശസ്ത്രക്രിയയോ ചെയ്യുന്നതിനുമുമ്പായി ഏറ്റവും പ്രധാനമായി അവരുടെ 'ഫ്രെയ്‌ലിറ്റി ഇന്‍ഡക്‌സ്' വിലയിരുത്തണം. പൊതുവായ ശാരീരികബലഹീനതയും തളര്‍ച്ചയും ക്ഷീണവുമൊക്കെ ഉള്‍ക്കൊള്ളുന്നതാണ് ഫ്രെയ്‌ലിറ്റി ഇന്‍ഡക്‌സ്. ഇതു കൂടിനിന്നാല്‍ ചെയ്യുന്ന ചികിത്സയുടെ ഫലങ്ങളെ പ്രതികൂലമായി ബാധിക്കും. 80 വയസ്സു കഴിഞ്ഞവരില്‍ ഫ്രെയ്‌ലിറ്റി ഇന്‍ഡക്‌സ് 80 ശതമാനത്തില്‍ കൂടുതലാണ്. 90 കഴിഞ്ഞവരില്‍ അത് 90 ശതമാനത്തില്‍ കൂടുതലും. 70 വയസ്സുള്ള ഒരുവന് 90 കാരന്റെ ഫ്രെയ്‌ലിറ്റി ഇന്‍ഡക്‌സ് ആണെങ്കില്‍ ആയുര്‍ദൈര്‍ഘ്യവും സാരമായി കുറയും. ഈ ഫ്രെയ്‌ലിറ്റി ഇന്‍ഡക്‌സ് കൃത്യമായി പഠനവിധേയമാക്കാതെയാണ് പല ഡോക്ടര്‍മാരും ചികിത്സ സംവിധാനം ചെയ്യുന്നത്.
ഫ്രെയ്‌ലിറ്റി ഇന്‍ഡക്‌സില്‍ ഉണ്ടാകേണ്ട ഘടകങ്ങള്‍
- സാര്‍ക്കൊപെനിയ (പൊതുവായ ശരീരപേശികളുടെ അളവും പുഷ്ടിയും ശക്തിയും ശോഷിക്കുന്ന അവസ്ഥ)
- അന്തഃസംഘര്‍ഷങ്ങളെ അതിജീവിക്കാനുള്ള കഴിവുകുറവ്
- കുറയുന്ന ശരീരത്തിന്റെ പൊതുവായ പ്രവര്‍ത്തനശേഷി
- കാതലായ ഭാരക്കുറവ്
- പതറിപ്പോകുന്ന നടപ്പിന്റെ രീതിയും വേഗവും
- കുറഞ്ഞ പോഷണനിലവാരം
- ബൗദ്ധികശോഷണവും മറവിരോഗവും
- ക്രോണോളജിക്കല്‍ - ഫിസിയോളജിക്കല്‍ പ്രായപരിധിയുടെ വ്യതിരിക്തത
- ആപത്ഘടകങ്ങളുടെ അതിപ്രസരം (രക്താദിമര്‍ദം, പ്രമേഹം, വര്‍ദ്ധിച്ച കൊളസ്‌ട്രോള്‍, പുകവലി, സ്‌ട്രെസ്, മദ്യപാനം, വൃക്കരോഗം, സന്ധിരോഗങ്ങള്‍, വ്യായാമക്കുറവ്.)
മേല്പറഞ്ഞ ഘടകങ്ങളെല്ലാം വയോധികരില്‍ ചികിത്സ സംവിധാനം ചെയ്യുമ്പോള്‍ പരിഗണനാവിധേയമാകണം. സര്‍വ്വോപരി, രോഗിയുടെ ഇഷ്ടാനിഷ്ടങ്ങളും ചികിത്സാരീതി തിരഞ്ഞെടുക്കുന്നതില്‍ നല്ലൊരു പങ്കു വഹിക്കുന്നു. ചികിത്സകനിലുള്ള പൂര്‍ണമായ വിശ്വാസവും ചികിത്സാവിധിയോടുള്ള ആത്മാര്‍ഥമായ സഹകരണവും രോഗമുക്തിക്കു മൂലക്കല്ലാകുന്നു. എന്തൊക്കെ സംഭവിക്കുമെന്നു പറഞ്ഞാലും ആന്‍ജിയോപ്ലാസ്റ്റിയും ശസ്ത്രക്രിയയും വേണ്ടെന്നു പറയുന്ന രോഗികളുണ്ട്. ഭയവും സാമ്പത്തികപരാധീനതയുമൊക്കെ ചിലപ്പോള്‍ കാരണമാകാം. അക്കൂട്ടരെ നിര്‍ബന്ധിച്ചോ പേടിപ്പിച്ചോ ചികിത്സ അടിച്ചേല്പിക്കുന്നത് ആരോഗ്യകരമല്ല. ശരീരത്തിന്റെ ഊര്‍ജസ്രോതസ്സുകളില്‍ ലീനമായിക്കിടക്കുന്ന ആന്തരികശക്തികളാണ് രോഗങ്ങളെ തടയുന്നതും ശമിപ്പിക്കുന്നതുമെന്നു തിരിച്ചറിയണം. അവ പതറുമ്പോഴാണ് രോഗങ്ങളുണ്ടാകുന്നതും തീവ്രമാകുന്നതും. ഈ ശക്തികള്‍ക്കുള്ള ഉത്തേജനംമാത്രമാണ് വിവിധ ചികിത്സാവിധികള്‍.