സ്‌കൂള്‍ ഒരു സേവനമേഖലയാണെങ്കില്‍ അവിടത്തെ പ്രധാനസേവകര്‍ അധ്യാപകര്‍തന്നെയാണ്. അനധ്യാപകരായ ചുരുക്കം ചിലരുടെ സേവനവും ലഭ്യമാണെന്നുമാത്രം. എന്നാല്‍, കുറച്ചുകാലമായി പുതിയൊരു സേവനമുഖംകൂടി വിദ്യാലയങ്ങളില്‍ തുറന്നുകിട്ടുന്നുണ്ട്. അത് സ്‌കൂള്‍ കൗണ്‍സെലിങ്ങാണ്. ഫുള്‍ടൈമോ പാര്‍ട്ട്‌ടൈമോ ആയി ഒന്നോ അതിലധികമോ കൗണ്‍സെലര്‍മാര്‍ വിദ്യാലയങ്ങളില്‍ സേവനം ചെയ്യുന്നു. പ്രധാനമായും വിദ്യാര്‍ഥികള്‍ക്കു കൗണ്‍സെലിങ് സഹായം നല്‍കുക എന്നതാണ് അവരുടെ ചുമതല.
സ്‌പോണ്‍സര്‍ഷിപ്പുവഴിയോ കരാറടിസ്ഥാനത്തിലോ ഒക്കെയാണ് മിക്ക സ്‌കൂളുകളിലും കൗണ്‍സെലര്‍മാരെ നിയമിക്കുന്നത്. മിക്കവാറും പൊതുവിദ്യാലയങ്ങളില്‍ വല്ലപ്പോഴുമൊക്കെ വന്നുപോകുന്ന അതിഥിസേവകരെന്ന നിലയ്‌ക്കേ സ്‌കൂള്‍ കൗണ്‍സെലര്‍മാരെ കാണാനുള്ളൂ. സ്വകാര്യവിദ്യാലയങ്ങളില്‍ കുറേക്കൂടി വിപുലമായ സേവനത്തിനുള്ള കളമൊരുങ്ങാറുണ്ട്.
ഈ നൂറ്റാണ്ടില്‍ വളരെ അത്യാവശ്യമുള്ള ഒരു സേവനരംഗമായി സ്‌കൂള്‍ കൗണ്‍സെലിങ് മാറിയിട്ടുണ്ട്. ഓരോ വര്‍ഷംകഴിയുംതോറും ആവശ്യകത വര്‍ധിച്ചുവരികയും ചെയ്യുന്നു. സമൂഹത്തിന്റെയും വ്യക്തികളുടെയും മാനസികാരോഗ്യത്തിന്റെ തോതു കുറഞ്ഞുവരുന്നതിന്റെ അടയാളമായി ഇതിനെ കാണുന്നവരുണ്ട്. അതേസമയം, മെച്ചപ്പെട്ട മാനസികാവസ്ഥ സംജാതമാക്കുന്നതിനുള്ള പിന്തുണാസംവിധാനമായി ഇതിനെ വീക്ഷിക്കുന്നവരുമുണ്ട്. അണുകുടുംബങ്ങളുടെ രൂപീകരണം, തിരക്കേറിയ ജീവിതശൈലി, മൂല്യക്രമങ്ങളില്‍ വന്ന പരിണാമം തുടങ്ങി പല കാരണങ്ങളാലും കൗണ്‍സെലിങ്ങിന്റെ പ്രസക്തി ഏറിയിരിക്കുന്നു.
'എന്നെ ആരും കേള്‍ക്കുന്നില്ല, കേട്ടാലും മനസ്സിലാക്കുന്നില്ല' എന്ന നിശ്ശബ്ദവിലാപം ഇന്നെമ്പാടുമുണ്ട്. എല്‍കെജി വിദ്യാര്‍ഥിക്കുപോലും ഈ സങ്കടമുണ്ട്. സ്വാഭാവികമായി കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടവര്‍ക്ക് അതിനു കഴിയാതാവുന്നിടത്ത് സ്‌കൂള്‍ കൗണ്‍സെലര്‍ പകരക്കാരിയായി എത്തുന്നു; കൗണ്‍സെലിങ്ങിന്റെ പ്രഥമപടിയായ ശ്രവണത്തിനു സന്നദ്ധയാകുന്നു. പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കാനും അതിലൂടെ ചില പരിഹാരങ്ങളിലേക്കു നയിക്കാനും കൗണ്‍സെലര്‍ക്കു സാധിക്കുന്നു.
സ്‌കൂളിലെ കൗണ്‍സെലിങ്മുറിയെ സംശയത്തോടെ വീക്ഷിച്ചിരുന്ന കാലം മാറിവരുന്നു. എനിക്കു കൗണ്‍സെലിങ്ങിനു പോകണമെന്നു പറഞ്ഞ് ഉത്സാഹത്തോടെ എത്തുന്ന കുട്ടികള്‍ ഇന്നു ധാരാളമാണ്. എന്നാല്‍, സ്‌കൂള്‍ കൗണ്‍സെലിങ് ഫലപ്രാപ്തിയിലെത്തണമെങ്കില്‍ വിദ്യാര്‍ഥികള്‍ക്കു പുറമേ രക്ഷിതാക്കളെയും അധ്യാപകരെയും ഈ പ്രക്രിയയില്‍ ഉള്‍ച്ചേര്‍ത്തേ മതിയാവൂ. കുട്ടികളില്‍ ആരംഭിക്കുന്ന കൗണ്‍സെലിങ്ങിന്റെ സഹായഹസ്തം കുടുംബങ്ങളിലേക്കുകൂടി നീളേണ്ടതുണ്ട്. രക്ഷിതാക്കളുടെ സാന്നിധ്യവും സഹകരണവും അതിനാവശ്യമാണ്. അതിനു തയ്യാറാവുന്ന രക്ഷിതാക്കളുണ്ട്; മറിച്ചുമുണ്ട്. സൗജന്യവും ശാസ്ത്രീയവുമായ കൗണ്‍സെലിങ്‌സൗകര്യങ്ങള്‍ സ്‌കൂളുകളിലുണ്ട്. അജ്ഞതയോ ഭയമോ ദുരഭിമാനമോനിമിത്തം അതിനോടു വിമുഖത കാട്ടുന്ന മാതാപിതാക്കള്‍ കുട്ടികളോടും തങ്ങളോടുതന്നെയും നീതികേടാണു ചെയ്യുന്നത്. തന്റെയും കുടുംബാംഗങ്ങളുടെയും അഭ്യുദയത്തിന് കൗണ്‍സെലിങ് സഹായിക്കുമെന്ന വിശ്വാസത്തോടെ അതിനു സമയം കണ്ടെത്തേണ്ടത് അനിവാര്യമാണ്. സ്‌കൂള്‍കൗണ്‍സെലിങ്ങിലൂടെ എത്രയോ കുട്ടികളുടെയും കുടുംബങ്ങളുടെയും ജീവിതങ്ങള്‍ ഉന്മേഷഭരിതമായിത്തീര്‍ന്നിട്ടുണ്ട്!
വര്‍ഷംതോറും സ്‌കൂളുകളില്‍ രക്ഷിതാക്കള്‍ക്കായി ബോധവത്കരണക്ലാസുകള്‍ നടക്കാറുണ്ട്. ഒരു ചടങ്ങായി അതു നടത്തുന്നതിനെക്കാള്‍ അഭികാമ്യം, സ്‌കൂള്‍കൗണ്‍സെലറുടെ നേതൃത്വത്തില്‍ രക്ഷാകര്‍ത്തൃസെമിനാറുകള്‍ നടത്തുന്നതാണ്. മുഴുവന്‍ പേരന്റ്‌സിനെയും ഒന്നിച്ചു വിളിച്ചുകൂട്ടി നടത്തുന്ന മഹോത്സവമായി ഇതു മാറരുത്. ലോവര്‍പ്രൈമറി കുട്ടികളുടെ രക്ഷിതാക്കളോടൊപ്പം പത്താംക്ലാസുകാരുടെ മാതാപിതാക്കളുംകൂടി ഇരുന്നുകേള്‍ക്കേണ്ട പ്രസംഗപരിപാടി നടത്തിയതുകൊണ്ടു വലിയ പ്രയോജനമില്ല. ഓരോ ഗണത്തില്‍പ്പെട്ട രക്ഷിതാക്കള്‍ക്കുമായി പ്രത്യേകം സംഘടിപ്പിക്കുന്ന സെഷനുകള്‍ ഉണ്ടാവണം. കൗണ്‍സെലര്‍ക്ക് സ്‌കൂളിലുണ്ടാകുന്ന അനുഭവങ്ങളുടെ വെളിച്ചത്തില്‍ അവരോടു സംവദിക്കാന്‍ കഴിയണം. കൂടുതല്‍ പിന്തുണ ആവശ്യമുള്ള രക്ഷിതാക്കളെമാത്രമായി ഒരുമിച്ചുകൂട്ടുന്നതും ഉപകാരപ്രദമാണ്. ശിശുക്കളുടെ രക്ഷിതാക്കള്‍ക്കും ബാലകരുടെ രക്ഷിതാക്കള്‍ക്കും കൗമാരക്കാരുടെ രക്ഷിതാക്കള്‍ക്കും വെവ്വേറെ സെഷനുകളാണു കിട്ടേണ്ടത്. പുറമേനിന്നെത്തുന്ന ഏതെങ്കിലും അതിഥിതാരത്തെക്കാള്‍ കൂടുതല്‍ ഫലമുളവാക്കാന്‍ കഴിയുന്നത് സ്‌കൂളിന്റെ ഭാഗമായി നില്‍ക്കുന്ന കൗണ്‍സെലര്‍ക്കാണ് എന്നതില്‍ സംശയമില്ല.
അടുത്ത കൂട്ടര്‍ അധ്യാപകരാണ്. കുട്ടികളോടൊപ്പം എപ്പോഴുമുള്ളവര്‍ അവരാണ്. അവരുടെ പിന്തുണയും സഹകരണവും സ്‌കൂള്‍ കൗണ്‍സെലിങ്ങിന്റെ വിജയത്തിനത്യാവശ്യമാണ്. പുതിയ കാലത്ത് കൗണ്‍സെലിങ്ങിന്റെ പ്രസക്തിയും പ്രാധാന്യവും അധ്യാപകരെ ബോധ്യപ്പെടുത്തുക എന്നതാണ് ആദ്യപടി. ഇക്കാര്യത്തില്‍ ശുഭകരമായ മാറ്റം എല്ലാ വിദ്യാലയങ്ങളിലും ദൃശ്യമാണ്. അടുത്തതായി ചെയ്യേണ്ടത് അധ്യാപകരും കൗണ്‍സെലറും പരസ്പരധാരണയോടെ പ്രവര്‍ത്തിക്കുകയാണ്. കുട്ടികളെക്കുറിച്ച് ആവശ്യമായ ധാരണകള്‍ പരസ്പരം കൈമാറുന്നതിന് ഇരുകൂട്ടരും സന്നദ്ധരാകണം. എല്ലാം എല്ലാവരെയും അറിയിക്കുകയല്ല, കൗണ്‍സലിങ്ങിന്റെയും അധ്യാപനത്തിന്റെയും നൈതികതയും ശാസ്ത്രീയതയും പാലിച്ചുകൊണ്ട് അവശ്യംവേണ്ട സംഗതികള്‍മാത്രം പങ്കുവയ്ക്കുന്നത് ഉപകാരപ്രദമാണ്. ഇതുവഴി, ടീച്ചറുടെയും കൗണ്‍സെലറുടെയും സേവനം കുറച്ചുകൂടി ഫലദായകമാകും. ഇരുകൂട്ടര്‍ക്കും തങ്ങളുടെ ചുമതലാനിര്‍വഹണത്തില്‍ പരസ്പരം സഹായിക്കാനുമാവും.
മാസത്തിലൊരിക്കല്‍ കൗണ്‍സെലറുമൊത്തുള്ള ഒരു അധ്യാപകസമ്മേളനം ഉപകാരപ്രദമാണ്. അധ്യാപകര്‍ക്കജ്ഞാതമായ ഒത്തിരിക്കാര്യങ്ങള്‍ കൗണ്‍സെലര്‍ അറിയുന്നുണ്ട്. അതിന്റെ വെളിച്ചത്തില്‍ സ്‌കൂളില്‍ വരുത്തേണ്ട മാറ്റങ്ങളോ അധ്യാപകരില്‍നിന്നുണ്ടാകേണ്ട പ്രത്യേക പിന്തുണയോ ഒക്കെ ഉരുത്തിരിഞ്ഞുവരാനും അവ പ്രയോഗപഥത്തിലെത്തിക്കാനും ഇത്തരം ഒന്നിച്ചിരിപ്പുകള്‍ സഹായിക്കും. മറ്റൊരു പ്രധാനസംഗതി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും എന്നതുപോലെ അധ്യാപകര്‍ക്കും കൗണ്‍സെലിങ് ആവശ്യമായി വരാമെന്നതാണ്. സംഘമായോ വ്യക്തിപരമായോ നല്‍കുന്ന ഇത്തരം കൗണ്‍സെലിങ്‌സഹായം അധ്യാപകരുടെ വ്യക്തിജീവിതത്തെയും അധ്യാപനത്തെയും വിദ്യാര്‍ഥിസമൂഹത്തെയും ശോഭായമാനമാക്കും. ഓര്‍ത്തിരിക്കാന്‍ ഇത്രമാത്രം: സ്‌കൂള്‍ കൗണ്‍സെലിങ് ഒരു ഒറ്റയാള്‍പോരാട്ടമല്ല, അതൊരു സംഘാതപ്രവര്‍ത്തനമാണ്. അങ്ങനെയാവുമ്പോള്‍ അത് എളുപ്പത്തില്‍ ഫലം ചൂടും.