•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അവരവരുടെ സുരക്ഷയ്ക്ക് ആരാണ് ഉത്തരവാദികള്‍?

മ്മുടെ സുരക്ഷ മറ്റൊരാളുടെ ഉത്തരവാദിത്വമല്ല. സ്വയം സംരക്ഷിക്കാന്‍ കൂട്ടാക്കാത്ത പൗരനെയോ സഞ്ചാരിയെയോ സംരക്ഷിക്കുന്നത് അതതു മേഖല നടത്തിപ്പുകാരുടെയോ സുരക്ഷാ ഉദ്യോഗസ്ഥരുടെയോ ഗവണ്‍മെന്റിന്റെയോ ജോലിമാത്രമാകുന്നത് എന്തുകൊണ്ട്? സുരക്ഷയെന്നത് ഒരു കൂട്ടുത്തരവാദിത്വമാണ്. അത് ആരുടെയും മേഖലയല്ല. ജോലിസ്ഥലമായാലും വിനോദസഞ്ചാരമായാലും പൊതുഗതാഗതമായാലും ഓരോ വ്യക്തിയും സ്വന്തം സുരക്ഷയ്ക്കും ചുറ്റുമുള്ളവരുടെ സുരക്ഷയ്ക്കും ആത്യന്തികമായി സ്വന്തം സന്തോഷത്തിനും ഉത്തരവാദികളാണ്.
സന്തോഷത്തിനു സുരക്ഷാതിരഞ്ഞെടുപ്പുമായി നേരിട്ടു ബന്ധമുണ്ട്. ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോമാത്രമല്ല, ഒരു സമൂഹത്തിന്റെ മൊത്തം സന്തോഷം കളയാന്‍ നിസ്സാരമായ സുരക്ഷാവീഴ്ചമൂലം സാധിക്കും. നിങ്ങളുടെ മുന്നിലുള്ള സാഹചര്യം സുരക്ഷിതമാണോ അല്ലയോ എന്നു തിരിച്ചറിയുന്ന തിരഞ്ഞെടുപ്പാണു യഥാര്‍ഥത്തിലുള്ള സുരക്ഷ. പിന്നീടുമാത്രമേ  സംവിധാനത്തിന്റെ മറ്റുള്ള പാകപ്പിഴകള്‍ക്കു സ്ഥാനമുള്ളൂ. 
വേണ്ടത്ര സുരക്ഷാമാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും, തങ്ങളെ സുരക്ഷിതരാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍  അറിഞ്ഞിരിക്കുകയും അതില്‍ സ്ഥിരമായ ശ്രദ്ധ നിലനിര്‍ത്തുകയും ചെയ്യുന്നില്ലെങ്കില്‍ ഗുരുതരമായ അപകടങ്ങളും അപകടകരമായ സംഭവങ്ങളും എവിടെയും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന ബോധ്യവും ഉണ്ടായിരിക്കണം. സുരക്ഷാകാര്യങ്ങളില്‍ കൂടുതല്‍ മാറ്റമുണ്ടാക്കാന്‍ നമ്മളോരോരുത്തരും നമ്മുടെ സുരക്ഷയ്‌ക്കൊപ്പം മറ്റുള്ളവരുടെ സുരക്ഷയുടെ ഉത്തരവാദിത്വവുംകൂടി ഏറ്റെടുക്കണം. കാരണം, ഒരാളുടെ തെറ്റായ തീരുമാനമോ അല്ലെങ്കില്‍ ചലനംപോലുമോ ആകാശ - ജലയാനങ്ങളില്‍ അവര്‍ക്കും മറ്റുള്ളവര്‍ക്കും അപകടം സൃഷ്ടിക്കാം. അത്തരം അവസ്ഥകളില്‍ പ്രധാന സുരക്ഷാപ്രക്രിയകള്‍ക്കു മനുഷ്യമനസ്സുകളുടെ സമന്വയം ആവശ്യമാണ്. സുരക്ഷിതത്വത്തിനായുള്ള വ്യക്തിപരമായ ഉത്തരവാദിത്വമെന്നതു പ്രാധാനമായും അവരവര്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുകയും നമ്മുടെ സഹവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സുരക്ഷയെ കരുതുകയും ചെയ്യുകയെന്നതാണ്.
ഏതൊരു അപകടവും അവിചാരിതമോ  അശ്രദ്ധമൂലമോ ആകാം. മുന്‍കരുതലോടെ, സംഭവിക്കാവുന്ന അപകടം മുന്നില്‍ക്കണ്ടുള്ള ഡിഫെന്‍സീവ് മെതേഡ് നിങ്ങളെയും മറ്റുള്ളവരെയും  സുരക്ഷിതമാക്കും. ഡ്രൈവിങ് വേളയില്‍, യാത്രാവേളകളില്‍, ഉത്സവപ്പറമ്പുകളില്‍, മാളുകളില്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ തുടങ്ങി ഏതൊരു പുതിയ സാഹചര്യത്തിലും ഇത്തരത്തില്‍ ചിന്തിക്കുക. വിദൂരസാധ്യതയുള്ള അപകടങ്ങള്‍പോലും തിരിച്ചറിയാനും പ്രതിരോധിക്കാനും പരിശീലിക്കുക.
സ്വകാര്യസുരക്ഷയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതിനര്‍ഥം നിങ്ങള്‍ സുരക്ഷാനടപടിക്രമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയെന്നാണ്. പൊതുവിടം സുരക്ഷിതമായി സൂക്ഷിക്കാന്‍ സ്വയം ശ്രദ്ധിച്ചാല്‍ അത്  എല്ലാവര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കും. ഉത്തരവാദിത്വം അശ്രദ്ധയെ തടയുന്നു. തന്മൂലം അപകടങ്ങളെ പരിമിതപ്പെടുത്തും.
കൂടാതെ, അടിയന്തരസാഹചര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണം, ആരെ അനുസരിക്കണം, ശ്രദ്ധിക്കണം, ഏതൊക്കെ സൂചനകള്‍ ശ്രദ്ധിക്കണം, എവിടെനിന്നു സഹായം തേടണം എന്നൊക്കെ അറിഞ്ഞിരിക്കണം. തീപ്പിടിത്തം, വെള്ളപ്പൊക്കം, ഭൂകമ്പം, ചുഴലിക്കാറ്റ്, പേമാരി, സുനാമി, ലഹള, രാസമാലിന്യദുരന്തം, മണ്ണിടിച്ചില്‍, ജോലിസ്ഥലത്തോ ഭവനങ്ങളിലോ ഉണ്ടാകുന്ന അപകടങ്ങള്‍  തുടങ്ങിയ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്തു ചെയ്യണമെന്നതുള്‍പ്പെടെയുള്ള എമര്‍ജന്‍സി പ്രോട്ടോക്കോളുകള്‍ സ്‌കൂളുകളില്‍  പഠിപ്പിക്കുകയെന്നത് അടിയന്തരപരിഗണന  നല്‍കേണ്ട വിഷയമാണ്.
ഒരു മാളില്‍ പോയാല്‍, പത്തില്‍ കൂടുതല്‍ നിലകളുള്ള കെട്ടിടത്തില്‍ പോയാല്‍ അതിലെ എമര്‍ജന്‍സി എക്‌സിറ്റ് ശ്രദ്ധിക്കുന്നവര്‍ എത്രപേര്‍ കാണും? വിമാനത്തില്‍ എയര്‍ഹോസ്റ്റസ്/പൈലറ്റ് തരുന്ന സുരക്ഷാസൂചനകള്‍ ശ്രദ്ധിക്കുന്ന, അത് ഉണ്ടോ എന്നു പരിശോധിക്കുന്ന എത്ര യാത്രക്കാര്‍ കാണും? അപകടമുണ്ടായാല്‍ മുന്നേ ഓടുന്നവന്റെ പിന്നാലെ എന്ന പ്രോട്ടോക്കോള്‍മാത്രം എല്ലാവര്‍ക്കും അറിയാം. അവര്‍ ഓടുന്നത് പടുകുഴിയിലേക്കാണെങ്കില്‍ പിന്നാലെ വരുന്നവരും അതിലേക്കുതന്നെ. അവിടെയാണ് അപകടം തിരിച്ചറിഞ്ഞു പെരുമാറാനാവശ്യമായ യെസ്, നോ ചോദ്യങ്ങള്‍ സ്വയം ചോദിച്ച് ഉത്തരം കണ്ടെത്താന്‍, കൃത്യമായ തീരുമാനം എടുക്കാന്‍ വേണ്ട പ്രാഥമിക അറിവിന്റെ ആവശ്യകത. 
ജീവന്‍ രക്ഷിക്കാന്‍ ഉപകരിക്കുന്ന എമര്‍ജന്‍സി ട്രാവല്‍ കിറ്റ്, ടൂള്‍ കിറ്റ്, മെഡിസിന്‍ തുടങ്ങിയവയുടെയൊക്കെ ഉപയോഗം ഇപ്പോഴും പലര്‍ക്കും അറിയില്ല. ഏതൊക്കെ സാഹചര്യത്തില്‍ എന്തൊക്കെ സെക്യൂരിറ്റി ഉപകരണങ്ങള്‍ ഉണ്ടാവണം, ഒരു വാഹനത്തില്‍ കയറാവുന്ന ആളിന്റെ എണ്ണം, ഭാരം, സുരക്ഷാ ഉപകരണങ്ങള്‍, അവയുടെ കൃത്യമായ ഉപയോഗം, ടെറയിന്‍ അനുസരിച്ചുള്ള ജീവന്‍ അടിസ്ഥാന രക്ഷാപരിശീലനം തുടങ്ങിയവ എല്ലാവരിലും എത്താനുള്ള പരിശീലനം 
സ്‌കൂള്‍ തലത്തില്‍ തുടങ്ങണം. കതിരില്‍ വളംവയ്ക്കുന്നത് തീര്‍ച്ചയായും വിഫലമാണ്. 
സുരക്ഷിതമല്ലാത്ത അവസ്ഥകള്‍ തിരിച്ചറിയാനും അത് ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കാനും പഠിക്കണം. അതിലൂടെ ഉദ്യോഗസ്ഥര്‍ക്കു സാഹചര്യം പരിഹരിക്കാനും ഒരു സംഭവം തടയുന്നതിനു തിരുത്തലുകള്‍ വരുത്താനും കഴിയും. കാലാവസ്ഥയെക്കുറിച്ച് നന്നായി മനസ്സിലാക്കിയിട്ട് യാത്രകള്‍ നടത്തുക, സ്ഥലത്തെ സുരക്ഷാഗൈഡുകള്‍ അറിഞ്ഞ് അപകടസാധ്യത മുന്‍കൂട്ടിക്കണ്ടു മുന്‍കരുതല്‍ പാലിക്കുക. സംഭവങ്ങള്‍ തടയാന്‍ കമ്പനികള്‍ അഥവാ അധികാരികള്‍ സുരക്ഷാനിയമങ്ങളും  മാനദണ്ഡങ്ങളൂം നിഷ്‌കര്‍ഷിക്കുന്നു. അവ മുമ്പത്തെ അപകടത്തില്‍നിന്നും ഉള്‍ക്കൊണ്ട്  ഉണ്ടാകുന്നവയായിരിക്കും. അപകടങ്ങള്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിക്കേണ്ടതിന്റെയും സൂചനകള്‍ നല്‍കേണ്ടതിന്റെയും ആവശ്യകത അതിനാലാണ്.
കരയില്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ രൂപമോ ഘടനയോ അപകടസാധ്യതകളോ അല്ല വെള്ളത്തിലും ആകാശത്തിലും സഞ്ചരിക്കുന്ന  വാഹനത്തിനുള്ളത്. കരയിലെ വാഹനാപകടങ്ങള്‍പോലും പലതും അശ്രദ്ധയാല്‍ സംഭവിക്കുന്നതാണ്. ഡ്രൈവിങ് എന്നതും ഒരു കലയാണ്. അതില്‍ സ്‌കില്‍ ഇല്ലാത്തവര്‍ നിരത്തിലിറങ്ങിയാല്‍ അവര്‍ക്കുമാത്രമല്ല മറ്റുള്ളവര്‍ക്കും അപകടം സൃഷ്ടിക്കും. അതിലും ഇരട്ടി സാധ്യതയാണ്  ജലത്തില്‍. നിര്‍മിതിയിലെ, രൂപത്തിലെ സാങ്കേതികത്തകരാറുകള്‍മുതല്‍ ഭാരവും ജലത്തിലെ ഓളങ്ങളുംവരെ അപകടം സൃഷ്ടിക്കാം. വേലിയേറ്റ - വേലിയിറക്കസമയങ്ങള്‍മൂലമോ ജലനിരപ്പിന്റെയോ കാറ്റിന്റെയോ പെട്ടെന്നുള്ള മാറ്റങ്ങള്‍ മൂലമോ ഉള്ള തരംഗങ്ങള്‍, വാട്ടര്‍ ഡൈനാമിക് പാലിക്കാതെ നിര്‍മിച്ചതോ, അത്തരം സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആയ യാനങ്ങളെ മുക്കാന്‍ പര്യാപ്തമാണ്. കേരളത്തില്‍ ഒരു അപകടത്തിന്റെ ആയുസ്സും ഓര്‍മയും മറ്റൊന്ന് വരുംവരെമാത്രം നിലനില്‍ക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)