•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ജീവിതസമരത്തില്‍ത്തന്നെ സസ്യങ്ങളും

സ്യങ്ങള്‍ പരസ്പരം സംസാരിക്കുന്നുണ്ട്. ചില പ്രതികരണങ്ങള്‍ നടത്താന്‍ അവയ്ക്കു കഴിയുന്നുണ്ട്.
ചെടികളോടു സംസാരിക്കുന്ന ചിലരെയെങ്കിലും നാം കണ്ടിട്ടുണ്ടാവാം. എന്നാല്‍, ചെടികള്‍ തിരിച്ചു സംസാരിക്കുമെന്നു നമ്മളാരും കരുതുന്നില്ല. അവയ്ക്കു സുഖമില്ല എന്നു പറയാന്‍ അവയുടെ ഇലകള്‍ വാടുകയോ കൊഴിയുകയോ ചെയ്യുന്നു. തങ്ങള്‍ക്കു സുഖമാണെന്നു പറയാന്‍ അവ ഇലകള്‍ ഉയര്‍ത്തി ആരോഗ്യത്തോടെ നില്‍ക്കുന്നു, കാറ്റത്ത് അനങ്ങുന്നു. സസ്യങ്ങള്‍ക്ക് ഇതില്‍ കൂടുതലായി ആശയവിനിമയം നടത്താന്‍ കഴിയുമെന്ന് നമ്മളാരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, അതു ശരിയല്ല. തങ്ങളെ സ്ഥിരമായി ഉപദ്രവിക്കുന്ന ജീവികളെ ചെടികള്‍ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യും. ഇന്ത്യന്‍ സസ്യശാസ്ത്രജ്ഞന്‍ ജഗദീഷ് ചന്ദ്രബോസ് സസ്യങ്ങളുടെ ഇത്തരം ഇഷ്ടാനിഷ്ടതരംഗങ്ങളെപ്പറ്റി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂട്ടുകാരനു ചെടികളുടെ ഇലകള്‍ പിച്ചുന്ന സ്വഭാവം ഉണ്ടാരുന്നു. വിസിറ്റിങ് റൂമില്‍ വച്ചിരിക്കുന്ന ചെടിയില്‍നിന്ന് കൂട്ടുകാരന്റെ സാമീപ്യത്തില്‍  പല ദിവസങ്ങളിലും ഒരേതരത്തിലുള്ള തരംഗങ്ങള്‍ പുറപ്പെടുന്നത് അദ്ദേഹം കണ്ടെത്തി. ചെടി ഒരു ഇല പൊഴിക്കുന്നതില്‍പോലും അര്‍ഥം ഉണ്ടാവും.
മനുഷ്യന്റെ പൂര്‍വികന്‍ കുരങ്ങാണെന്നാണ് നമ്മള്‍ പഠിച്ചുവച്ചിരിക്കുന്നത്. അത് അധ്യാപനത്തിലെ ഒരു വൈകല്യംമാത്രമാണ്. മനുഷ്യന്റെയും കുരങ്ങന്റെയും പൂര്‍വികന്‍ ഒരിക്കലും ഒന്നല്ല; മറിച്ച്, മനുഷ്യന്റെയും കുരങ്ങന്റെയും വംശം ഉരുത്തിരിയാന്‍ കാരണമായ പൊതുപൂര്‍വികന്‍ ഒന്നാണ്. പരിണാമം നടന്നുണ്ടായ വ്യത്യസ്ത ശൃംഖലകളില്‍ ഉണ്ടായ മാറ്റമാണ് നാമടങ്ങുന്ന ഹോമോസാപിയന്‍സില്‍ എത്തിനില്‍ക്കുന്നത്.
അതേപോലെ,  ജീവജാലങ്ങളുടെ പൊതുപൂര്‍വികനായ എ-പ്രോട്ടോബാക്ടീരിയയെ മൈറ്റോകോണ്‍ഡ്രിയയുടെ പൂര്‍വികനായി കണക്കാക്കുന്നു. മനുഷ്യന്‍ അടങ്ങുന്ന സര്‍വജീവികളുടെയും സസ്യങ്ങളുടെയും കലകളില്‍ മൈറ്റോകോണ്‍ഡ്രിയ ഉണ്ട്. കോശശ്വസനം എന്നറിയപ്പെടുന്ന ഊര്‍ജോത്പാദനം, കോശങ്ങളുടെ അതിജീവനം തുടങ്ങിയവപോലുള്ള സെല്ലുലാര്‍ പ്രക്രിയകള്‍ക്കു കാരണം മൈറ്റോകോണ്‍ഡ്രിയയാണ്.
മൈറ്റോകോണ്‍ഡ്രിയ സസ്യ-ജന്തുജാലങ്ങളുടെ ശരീരത്തിനു വെളിയില്‍ ജീവിക്കില്ല. പരിണാമപരമായ മാറ്റങ്ങള്‍ അവയെ മറ്റു ജീവികളില്‍ പരസ്പരസഹായത്തില്‍ ജീവിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഒരു അവയവസമാന ധര്‍മത്തിലാക്കി. അവ ജീവിക്കുന്ന  ജീവജാലങ്ങള്‍ ഇല്ലെങ്കില്‍ അവയും ഇല്ല. അതായത്, നാം ഉള്‍പ്പെടെയുള്ള ഓരോ ജീവിയും ഓരോ ജീവപ്രപഞ്ചമാണ്. 
ഒരേയിനം അടിസ്ഥാനഘടകങ്ങളില്‍, അവയുടെ പ്രതിപ്രവര്‍ത്തനങ്ങളില്‍ നിലനില്‍ക്കുന്ന രണ്ടു ജൈവവ്യവസ്ഥകള്‍മാത്രമാണ് സസ്യ-ജന്തുജാലങ്ങള്‍. രണ്ടും ജീവിക്കുന്നത് നിലനില്പിനും വംശവര്‍ധനവിനും. രണ്ടു വഴികളില്‍ ഇവയുടെ പരിണാമം നടന്നുപോകുന്നു. ഒന്ന് മറ്റൊന്നിനെക്കാള്‍ ഉത്കൃഷ്ടം എന്നതുതന്നെ വീക്ഷണത്തിലെ ഹൈപോതെറ്റിക്കല്‍ അവസ്ഥയാണ്.
സസ്യങ്ങള്‍ പരസ്പരം സുഹൃത്തുക്കളുമായും ശത്രുക്കളുമായും ലോകത്തിലെ അവരുടെ ചെറിയ ഭാഗങ്ങളില്‍ കണ്ടുമുട്ടുന്ന എല്ലാവരുമായും ആശയവിനിമയം നടത്തുന്നുവെന്നു ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സസ്യങ്ങള്‍ വാതുറന്നു സംസാരിക്കുന്നില്ല. പക്ഷേ, അവയ്ക്കും ഒരു ഭാഷ നിശ്ചയമായുമുണ്ട്. കമ്യൂണിക്കേഷന്‍ എന്നത് ഏതു രൂപത്തിലും ഭാവത്തിലും ചിഹ്നമോ ഗൂഢഭാഷയോ ലിഖിതമോ അലിഖിതമോ പൂര്‍ണമോ അപൂര്‍ണമോ ആയും ആവാം. ലക്ഷ്യം ആശയം കൈമാറുക എന്നതു മാത്രമാണ്. അങ്ങനെ ഫലപ്രദമായ ആശയക്കൈമാറ്റം നടന്നാല്‍ അതു ഭാഷയായി. നളദമയന്തിക്കഥയില്‍ ഹംസത്തെ ദൂതുവിട്ടതുപോലെ സസ്യങ്ങള്‍ അവയില്‍ വളരുന്ന, ആഹരിക്കുന്ന, സമീപിക്കുന്ന ജീവികള്‍ വഴിയും, പ്രാണികള്‍, സൂക്ഷ്മജീവികള്‍, തരംഗങ്ങള്‍, രാസസംയുക്തങ്ങള്‍, ഇലകള്‍, വേരുകള്‍ വഴി വായുവിലും മണ്ണിലുമെല്ലാംകൂടി മറ്റു സസ്യങ്ങളുമായി ആശയവിനിമയം നടത്തുന്നു. 
സസ്യങ്ങളുടെ വേരുപടലങ്ങള്‍ ന്യൂറോണുകള്‍ക്കു തുല്യമായി പ്രവര്‍ത്തിക്കുന്നു. വളരെ ബൃഹത്തായ ഒരു വാര്‍ത്താവിനിമയസംവിധാനം മണ്ണില്‍ക്കൂടി അവ നടത്തുന്നു. ചെറിയ അളവില്‍ പ്രത്യേക രാസവസ്തുക്കള്‍ മണ്ണിലേക്കു സ്രവിച്ചുകൊണ്ട് സസ്യങ്ങള്‍ അവയുടെ വേരുകളിലൂടെ ആശയവിനിമയം നടത്തുന്നു. ശാസ്ത്രജ്ഞര്‍ ഇതിനെ റൈസോസ്ഫിയര്‍ എന്നു വിളിക്കുന്നു. റൂട്ട് എക്സുഡേറ്റുകള്‍ എന്നു വിളിക്കപ്പെടുന്ന ഈ രാസവസ്തുക്കള്‍ വേരുപടലങ്ങള്‍ മുഖേന മറ്റെല്ലാ ജീവജാലങ്ങളിലേക്കും സിഗ്‌നലുകള്‍ അയയ്ക്കുന്നു. നമ്മുടെ വ്യത്യസ്ത ലിപികളും ഭാഷകളുംപോലെ വൈവിധ്യമാര്‍ന്ന കാര്യങ്ങള്‍ ആശയവിനിമയം നടത്തുന്നതിനോ നിറവേറ്റുന്നതിനോ ഒരു ലക്ഷത്തിലധികം വ്യത്യസ്ത രാസസിഗ്‌നലുകള്‍ ഉത്പാദിപ്പിക്കാന്‍ സസ്യങ്ങള്‍ക്കു കഴിയും. വ്യത്യസ്തതരം സിഗ്‌നലുകളെക്കുറിച്ചും അവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അവ എന്തുചെയ്യുന്നുവെന്നും ശാസ്ത്രജ്ഞര്‍ പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു.
സസ്യങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുന്നതില്‍ രസകരമായ ഒരു കാര്യം അവര്‍ അവരുടെ അതേ ഇനത്തിലുള്ള സസ്യങ്ങളെ തിരിച്ചറിഞ്ഞു സംസാരിക്കുന്നു എന്നതിലാണ്. ഇത് എങ്ങനെ ചെയ്യുന്നുവെന്ന് ഇതുവരെ മനസ്സിലാക്കാന്‍ ശാസ്ത്രലോകത്തിനു കഴിഞ്ഞിട്ടില്ല. അടുത്തുനില്‍ക്കുന്ന ഒരു ചെടി മറ്റൊരിനമാണെന്നു തിരിച്ചറിയുമ്പോള്‍ അവ വളരെ ശക്തമായി പ്രതികരിക്കുന്നു. നീളമുള്ളതും ആക്രമണോത്സുകവുമായി വേരുകള്‍ വളരുകയും അതു കൂടുതല്‍ ദൂരത്തേക്കു വ്യാപിക്കുകയും ചെയ്യും.  വേരുപടലം ചുറ്റും നിറയ്ക്കാനും മറ്റേ ചെടിയെ പുറത്താക്കാനും ഈ ചെടി ശ്രമിക്കും. നമ്മുടെ പൂന്തോട്ടങ്ങളിലും കൃഷിയിടങ്ങളിലും കളകള്‍ ഇങ്ങനെ ചെയ്യുന്നതു കാണാന്‍ സാധിക്കും. പക്ഷേ, ഇത് മനഃപൂര്‍വമാണെന്നു നമ്മള്‍ ഒരിക്കലും ചിന്തിക്കാറില്ല.
നേരേമറിച്ച്, ഒരു ചെടി ഒരു മിത്രത്തെ തിരിച്ചറിയുമ്പോള്‍ രണ്ടു സസ്യങ്ങളും കൂടുതല്‍ ആഴം കുറഞ്ഞ വേരുകള്‍ ചുറ്റും വളര്‍ത്തുന്നു. ഇത് സഹോദരസസ്യത്തിനു തുല്യമായ ഇടം ഉപയോഗിക്കാനും പരസ്പരം താങ്ങാനും അനുവദിക്കുകയും ചെയ്യുന്നു, അവ കൂടുതല്‍ നീളമുള്ളതും പരസ്പരം ബന്ധപ്പെട്ടതുമായ ശാഖകളും ഇലകളും പരസ്പരം ഉപദ്രവിക്കാതെ വളര്‍ത്തുന്നു. സസ്യങ്ങള്‍ പൂര്‍ണമായും ഇഴചേര്‍ന്നു വര്‍ഷങ്ങളോളം ഒരേ വലുപ്പത്തില്‍ തുടരുന്നു. എന്നാല്‍, ബന്ധമില്ലാത്ത സസ്യങ്ങളുടെ വിവിധ ഇന വിത്തുകള്‍ ഉപയോഗിച്ചു കൃഷി ചെയ്താല്‍ ഈ സാഹോദര്യം ഉണ്ടാവാറില്ല. ഒരു ചെടി കാലക്രമേണ മറ്റുള്ളവയില്‍ ആധിപത്യം പുലര്‍ത്തുന്നു, നമ്മള്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ഒന്നു മറ്റൊന്നിനെ നശിപ്പിക്കുന്നു. ജീവന്‍ മനുഷ്യന്റെ കുത്തകയല്ലാത്തതുപോലെ ഭാഷയും മനുഷ്യന്റെ കുത്തകയല്ല. പ്രപഞ്ചരഹസ്യങ്ങള്‍ മനുഷ്യനു മുന്നില്‍ എന്നും അജ്ഞാതമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)