ഒരിക്കല്‍ ഒരു ബന്ധുവീട്ടില്‍ പോയപ്പോള്‍ അവിടെക്കണ്ട രണ്ടുമൂന്നു കുസൃതികളോടു ചില കടങ്കഥകള്‍ ചോദിച്ചു: കാള കിടക്കും കയറോടും, ഞെട്ടില്ലാ വട്ടയില, ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാ നില്‍ക്കും കുതിര - അങ്ങനെ ചോദിച്ചതിനൊന്നും സമാധാനമില്ലാതായപ്പോള്‍ ഞാന്‍ ഒന്നുരണ്ടു കുസൃതിച്ചോദ്യം ചോദിച്ചു. അവരുടെ മുഖം വിടര്‍ന്നു. കണ്ണുകള്‍ തിളങ്ങി. കാലം മാറിയപ്പോള്‍ കുട്ടികള്‍ കഥയുള്ള കടങ്കഥയില്‍നിന്ന് അതിന്റെ അവാന്തരവിഭാഗമായിവന്ന കുസൃതിച്ചോദ്യങ്ങളിലേക്കു വഴിതിരിഞ്ഞു.
അതുപോലെ, കുറച്ചു കൊല്ലങ്ങള്‍ക്കുമുമ്പ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ മലയാളവിഭാഗത്തില്‍ അതിഥി അധ്യാപകനായിരുന്ന കാലത്ത്, ഞാന്‍ താമസിക്കുന്നതിനു തൊട്ടടുത്തുള്ള കുടുംബത്തിലെ ഒരു കുഞ്ഞു മോളോട് ഒരു കടങ്കഥ പറയുമോ എന്നു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ഞാന്‍ സംസ്‌കൃതമാ പഠിക്കുന്നത്, എനിക്ക് കടങ്കഥ അറിയില്ല. ശരിക്കും അമ്പരന്നുപോയി. കടങ്കഥ പറയാത്ത, കേള്‍ക്കാത്ത കുട്ടികളുണ്ടാവുമോ? അഞ്ചിലോ ആറിലോ പഠിക്കുന്ന കുഞ്ഞാണ്. ഒരുപക്ഷേ, അറിയാഞ്ഞിട്ടായിരിക്കില്ല, കടങ്കഥ മലയാളത്തില്‍മാത്രമുള്ള ഒരു പ്രതിഭാസമാണ്, അതൊരു മാന്യത കുറഞ്ഞ ഒന്നാണ് എന്ന ബോധംകൊണ്ടുമാവാം, അവള്‍ കടങ്കഥയെ കൈയൊഴിഞ്ഞത്.
വാസ്തവത്തില്‍, വാക്കുകള്‍കൊണ്ടുള്ള ഈ നാടോടിക്കളി ഒരു കാലത്ത് കുട്ടിക്കൂട്ടങ്ങളുടെ ഹരമായിരുന്നു. വീട്ടിലും വിദ്യാലയത്തിലുംവച്ച് ഒഴിവുവേളകളെ ഉന്മേഷഭരിതമാക്കിയ നാട്ടുവാങ്മയങ്ങളാണ് കടങ്കഥകള്‍. ഏതു ഭാഷയിലും ഏതു സംസ്‌കാരത്തിലും പാരമ്പര്യത്തിന്റെ ഈടുവയ്പുകളായി കടങ്കഥകള്‍ നിലനില്‍ക്കുന്നുണ്ട്.
രണ്ടുപേര്‍ ചേര്‍ന്നോ, രണ്ടു വിഭാഗങ്ങളായിനിന്നോ കടങ്കഥ കളിക്കാം. ഉത്തരം പറയേണ്ടവര്‍ തോല്‍ക്കുമ്പോള്‍ കടത്തിലാവുന്നതുകൊണ്ടായിരിക്കാം കടങ്കഥ എന്ന പേരുവന്നത്. മുള ഉത്തരമായി വരുന്ന ഒരു കടങ്കഥ ഇങ്ങനെയാണ്: നീണ്ടുനീണ്ടു പോകുന്ന രാജാവേ, നിന്നുനിന്നു കടം പറയാതെ. പ്രഹേളിക, സമസ്യ, പിടികിട്ടാത്ത അവസ്ഥ തുടങ്ങിയവയെ സൂചിപ്പിക്കാനാണ് സാഹിത്യത്തില്‍ ഈ പദം ഉപയോഗിക്കുന്നത്. അംബികാസുതന്‍ മാങ്ങാടിന്റെ 'മരക്കാപ്പിലെ തെയ്യങ്ങള്‍' എന്ന നോവലിലെ പ്രധാന കഥാപാത്രമായ ഉമ്പിച്ചി, തന്റെ ജീവിതം ഒരു കടങ്കഥയാണെന്നു പറയുന്നുണ്ട്.
നാടോടിക്കടങ്കഥ പലതരത്തിലുണ്ട്. വാചകരൂപത്തിലുള്ളതാണ് ഏറെയും. ഉദാ: വെള്ളിക്കിണ്ണത്തില്‍ ഞാവല്‍പഴം - കണ്ണ്. ദീര്‍ഘവാചകരൂപത്തിലുള്ള കടങ്കഥകളുമുണ്ട്. ഉദാ: അരിപ്പുള്ളി നായരും തേങ്ങാപ്പുള്ളിനായരും മുളപ്പുള്ളിനായരുടെ വീട്ടില്‍ വിരുന്നുവന്നു, കോല്‍പ്പുള്ളിനായര്‍ കുത്തിപ്പുറത്താക്കി - പുട്ടുചുടല്‍. ചോദ്യരൂപത്തിലുള്ള കടങ്കഥകളും കൂട്ടത്തിലുണ്ട്. ഉദാ: മുള്ളുണ്ട് മുരിക്കല്ല, കയ്പുണ്ട് കാഞ്ഞിരമല്ല, മൂന്നക്ഷരമുള്ള ഞാനാര് - കയ്പയ്ക്ക. കഥാരൂപത്തിലുള്ള കടങ്കഥ സവിശേഷമാണ്. ഉദാ: രണ്ടച്ഛനും രണ്ടു മക്കളും മീന്‍ പിടിക്കാന്‍ പോയി, അവര്‍ക്കു മൂന്നു മീനിനെ കിട്ടി, വീട്ടില്‍ കൊണ്ടുവന്നു മുറ്റത്തിട്ടപ്പോള്‍ മുത്തശ്ശി പറഞ്ഞു: നന്നായി, ഓരോരുത്തര്‍ക്കും ഓരോ മീനുണ്ടല്ലോ. അതുകേട്ട് തൊട്ടടുത്തിരിക്കുന്ന പൂച്ച അന്ധാളിച്ചു. പൂച്ചയ്ക്ക് കണക്ക് മനസ്സിലാക്കിക്കൊടുക്കുമോ? ഉത്തരം: മീന്‍ പിടിക്കാന്‍ പോയത് നാലു പേരല്ല മൂന്നു പേരാണ്. ബന്ധം മേലോട്ടു പറഞ്ഞാല്‍ അച്ഛന്‍ , അച്ഛാച്ചന്‍ - രണ്ടച്ഛന്‍ , താഴോട്ടു പറഞ്ഞാല്‍ മകന്‍, മകന്റെ മകന്‍ - രണ്ടു മക്കള്‍. കടങ്കഥയുടെ ഉത്തരഭാഗം നോക്കിയാലും ഒറ്റവാക്കിലുള്ളത്, വാചകരൂപത്തിലുള്ളത് എന്നിങ്ങനെ വൈവിധ്യം കാണാം.
വേറൊരു തരം കടങ്കഥയും നിലവിലുണ്ട്. പരസ്പരബന്ധമില്ലാത്ത മൂന്നോ നാലോ വാക്കുകള്‍ ഒരാള്‍ പറയും. ഉത്തരം പറയേണ്ടയാള്‍ അതുപയോഗിച്ച് അര്‍ഥപൂര്‍ണ്ണമായ വാക്യം ഉണ്ടാക്കുന്ന ഭാഷാകേളിയാണിത്. ഉത്തരകേരളത്തിലെ മറത്തുകളിയില്‍ രണ്ടു പണിക്കന്‍മാര്‍ തമ്മിലുള്ള വാദപ്രതിവാദത്തിനിടയില്‍ കടങ്കഥയും പ്രയോഗിക്കുന്നുണ്ട്. പല ദേശങ്ങളില്‍ പലതരം അനുഷ്ഠാനത്തിന്റെ ഭാഗമായി കടങ്കഥ ഉപയോഗപ്പെടുത്തുന്നു.
കുട്ടികള്‍ കടങ്കഥ കളിക്കുന്നതുകൊണ്ട് എന്താണു പ്രയോജനം?
പ്രത്യേക രീതിയിലുള്ള യുക്തിചിന്തയിലേക്കു കുഞ്ഞുങ്ങളെ പ്രാപ്തമാക്കാന്‍ കടങ്കഥയ്ക്കു സാധ്യമാവുന്നുവെന്നത് പ്രധാനമാണ്. മാനസികശേഷിയിേലക്കു വളരെ സ്വാഭാവികമായി - കളിരീതിയിലൂടെ കുഞ്ഞുങ്ങള്‍ എത്തിച്ചേരാന്‍ ഈ വാമൊഴിവഴക്കവും ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. ഏതൊരു കടങ്കഥയ്ക്കും മൂന്ന് അംശങ്ങള്‍ ഉണ്ട്. സൂചകം, സൂചിതം, നിഷേധം. ഉദാ: മുറ്റത്തെ ചെപ്പിന് അടപ്പില്ല എന്ന കടങ്കഥയില്‍ ചോദ്യഭാഗത്തുള്ള മുറ്റത്തെ ചെപ്പാണ് സൂചകം. ഉത്തരമായ കിണറാണ് സൂചിതം. അടപ്പില്ല എന്ന നിഷേധമാണ് ഉത്തരത്തിലേക്കു നയിക്കുന്നത്. ചില കടങ്കഥയില്‍ ഈ നിഷേധം വാക്കിലല്ലാതെ പരോക്ഷമായിട്ടായിരിക്കുമെന്നുമാത്രം. ചുറ്റുപാടില്‍നിന്ന് കുട്ടി കണ്ടെത്തുന്ന വസ്തു/ വസ്തുതയെ (കിണര്‍) പ്രച്ഛന്നരൂപത്തില്‍, ആലങ്കാരികമായി അവതരിപ്പിക്കുകയാണ് ആദ്യം ചെയ്യുക. ചോദ്യമായി ലഭിക്കുന്ന സൂചകത്തിലൂടെ, നിഷേധത്തിന്റെ സഹായത്തോടെ തിരിച്ചു സഞ്ചരിക്കുകയാണ് ഉത്തരം കൊടുക്കുന്നയാള്‍. ഇങ്ങനെ സൂക്ഷ്മമായും യുക്തിപരമായുമുള്ള നിരന്തരപ്രക്രിയയിലൂടെ കുട്ടികളുടെ ബുദ്ധിയെ പര്യാപ്തമാക്കാന്‍ കടങ്കഥയ്ക്കു കഴിയുന്നു.
കാവ്യാനുശീലനത്തിന്റെ ആദ്യപാഠങ്ങള്‍ കുട്ടികള്‍ക്ക് അവരറിയാതെ ലഭിക്കുന്ന പ്രധാന ഉപാധികൂടിയാണ് കടങ്കഥ. നാട്ടുകവിതകളാണ് പല കടങ്കഥകളും. ഉദാ: ആടിയാടി നിന്നതും ഞാന്‍, അഴകനെ പെറ്റതും ഞാന്‍, അഴകനിതാ അറയിലും മുറിയിലും ഞാനിതാ ചേറ്റിലും ചെളിയിലും (നെല്ലും നെല്‍ക്കതിരും) താളവും പ്രാസവുമുള്ള എത്രയെത്ര കടങ്കഥകളാണ് അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികളുടെ ഉള്ളിലേക്കു പ്രവേശിക്കുന്നത്. ഒരു കടങ്കഥ നോക്കൂ: ഞാന്‍ പെറ്റനാള്‍ /മീന്‍ പെറ്റപോലെ,/ വാലറ്റനാള്‍ /ഞാന്‍ പെറ്റപോലെ (തവളയും വാല്‍മാക്രിയും). ഭാവനയുടെയും സങ്കല്പത്തിന്റെയും ആകാശസഞ്ചാരം സാധ്യമാക്കിയ കടങ്കഥകള്‍ക്ക് കൈയും കണക്കുമില്ല. ഉദാ: ആനകേറാമല, ആളുകേറാമല ആയിരം കാന്താരി പൂത്തിറങ്ങി. ഉത്തരം: നക്ഷത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ആകാശം.
പ്രകൃതിനിരീക്ഷണമാണ് കുട്ടികള്‍ക്കു കടങ്കഥ നല്‍കുന്ന പ്രധാന ശേഷി. ചുറ്റുപാടുകളെക്കുറിച്ചു സൂക്ഷ്മമായി അറിയുന്നവര്‍ക്കേ ഈ വിനോദത്തില്‍ തിളങ്ങിനില്‍ക്കാനാവുകയുള്ളൂ. മണ്ണിനുള്ളില്‍പൊന്നമ്മ (മഞ്ഞള്‍) കാട്ടിലൊരമ്മ പൊന്നണിഞ്ഞുനില്‍ക്കുന്നു (കണിക്കൊന്ന), കറുത്ത പാറയ്ക്ക് വെളുത്ത വേരോടി (ആനയും ആനക്കൊമ്പും) തുടങ്ങിയ കടങ്കഥകളെല്ലാം വളരെ ജൈവികമായി പ്രകൃതിബോധം പകരുന്നവയാണ്.
ഭാവനാശേഷിയും ഭാഷാശേഷിയും തീര്‍ത്തും സ്വാഭാവികമായി കുഞ്ഞുങ്ങള്‍ക്കു ലഭിക്കാന്‍ ലാളിത്യവും സാരള്യവുമുള്ള കടങ്കഥകള്‍ ഉത്തമമാണ്. ദൃശ്യബോധവും നിരീക്ഷണപാടവവും അനുഭവജന്യമായ അറിവിന്റെ ആനുഭൂതികസൗഭാഗ്യവും കടങ്കഥകളിലൂടെ സ്വായത്തമാവുന്നു.
കാലം മാറുമ്പോള്‍ കഥമാത്രമല്ല കടങ്കഥയും മാറുന്നു. അന്താക്ഷരിയായും സിനിമാവേഡ് കളിയായും കുസൃതിച്ചോദ്യങ്ങളായും ബഹുരൂപിയായി കടങ്കഥ പരിണമിക്കുന്നു. ആശയത്തില്‍മാത്രമല്ല രൂപത്തിലും ഈ മാറ്റം ദൃശ്യമാണ്. തൊട്ടുകൂട്ടുന്ന സാധനം എന്ന കുസൃതിച്ചോദ്യം അച്ചാര്‍ എന്നതില്‍നിന്നു കാല്‍ക്കുലേറ്റര്‍ എന്ന ഉത്തരത്തിലേക്ക് എത്തിക്കുന്നു. സിനിമയെപ്പറ്റിയുള്ള പുതിയ കടങ്കഥ ഇപ്രകാരമാണ്: വെള്ളിവെളിച്ചത്തില്‍ പിറന്നു, കാണുന്നതോ കൂരാക്കൂരിരുട്ടില്‍. ക്ലോക്കിനെപ്പറ്റിയുള്ള കടങ്കഥ ഇങ്ങനെ: നീണ്ട കാല് വേഗംവേഗം കൊച്ചു കാല് മെല്ലെമെല്ലെ. ഇതുപോലെ പുതിയ ലോകാനുഭവം പഴയ കടങ്കഥാമട്ടില്‍ ആവിഷ്‌കരിച്ചതില്‍നിന്നു വ്യത്യസ്തമാണ്, കുസൃതിച്ചോദ്യങ്ങള്‍. തലയില്‍ കാലുവച്ചു നടക്കുന്ന ജീവി (പേന്‍) എന്നതില്‍ തുടങ്ങി ആരും ഇഷ്ടപ്പെടാത്ത ദേശം (ഉപദേശം), വിശപ്പുള്ള രാജ്യം (ഹംഗറി) പെണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പൂ (ഷാംപൂ) എന്നിങ്ങനെ തീരെ ഉപരിപ്ലവമായ തലത്തിലേക്കു പോകുന്നുണ്ട്. അവയ്ക്കു ജനകീയമായ ചൂടും ചൂരും കുറവാണ്. പാരമ്പര്യത്തില്‍ തേച്ചു തേച്ചുമിനുക്കിയതിന്റെ വിനിമയശേഷിയും അതില്‍ കാണില്ല. കാലത്തിന്റെ വ്യത്യാസമാവാം. അപ്പോഴും താളാത്മകവും കാവ്യാത്മകവുമായ നാടോടിക്കടങ്കഥകള്‍ ചെറിയ ക്ലാസിലെ കുട്ടികളുടെ സാംസ്‌കാരികവും ബുദ്ധിപരവുമായ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നു തിരിച്ചറിയേണ്ടതുണ്ട്.