•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

എന്റെയുള്ളില്‍ കത്തിയത് സത്യത്തിന്റെ വെളിച്ചമാണ്

കുരിശിലേക്കു നോക്കിയ അതേ ഏകാഗ്രതയോടും തീക്ഷ്ണതയോടും സ്‌നേഹത്തോടുംകൂടിയാണ് ആ സന്ന്യാസിനി ഈ മണ്ണിലേക്കു നോക്കിയത്. വിണ്ടുകീറിയ പാദങ്ങള്‍മുതല്‍ മൂര്‍ദ്ധാവുവരെയുള്ള ഉന്മാദത്തോളം എത്തുന്ന യാതനകളുടെ മുറിപ്പാടുകളില്‍, സ്വയം നഷ്ടപ്പെട്ട ജനത്തെ കണ്ടപ്പോള്‍ പിന്നെ അവള്‍ക്കു വെറുതെ ഇരിക്കാനായില്ല. മനുഷ്യപക്ഷത്തു നിലയുറപ്പിക്കാനുള്ള കുലീനമായ തീരുമാനത്തിനു മുന്നില്‍ സ്വന്തം ജീവിതം നല്‍കേണ്ടിവന്നു സിസ്റ്റര്‍ റാണി മരിയയ്ക്ക്. ഇന്‍ഡോറിന്റെ ഈ റാണിയാകട്ടെ, കഠിനനുകങ്ങള്‍കൊണ്ടു ഞെരിഞ്ഞമര്‍ന്ന ഒരു ജനതയെ ആത്മവിശ്വാസമുള്ളവരാക്കാന്‍വേണ്ടി സ്വയം മറന്നവളാണ്. അവരുടെ നഷ്ടപ്പെട്ട മുഖങ്ങളില്‍ സ്വന്തം മുഖം കാണാന്‍ കഴിഞ്ഞപ്പോള്‍ പിന്നെ അവളല്ല, ക്രിസ്തുവായിരുന്നു അവളില്‍ ജീവിച്ചത്. തന്നെ കുറ്റപ്പെടുത്തിയവരോടും വേദനിപ്പിച്ചവരോടും പകയില്ല, വിധിവാചകങ്ങളും വിചാരണകളുമില്ല. 
സ്‌നേഹംകൊണ്ട് ഈ ഭൂമിയെ മുഴുവന്‍ ആലിംഗനം ചെയ്ത ഒരു ജീവിതത്തെ 'ദഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്' എന്ന സിനിമയിലൂടെ അഭ്രപാളികളില്‍ എത്തിച്ച സംവിധായകന്‍ ഡോ. ഷെയ്‌സണ്‍ പി. ഔസേപ്പ് മനസ്സു തുറക്കുന്നു.             
 
                                                                                                                                                       അഭിമുഖം: സി. ഡോ. തെരേസ് ആലഞ്ചേരി  SABS 
 
സിസ്റ്റര്‍ റാണി മരിയയെ കേന്ദ്രീകരിച്ച് ഒരു ഫിലിം ചെയ്യാന്‍ സാറിനെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരുന്നു?
 സിസ്റ്റര്‍ റാണി മരിയായുടെ ജീവിതവും രക്തസാക്ഷിത്വവുമായിരുന്നു എന്നെ പ്രചോദിപ്പിച്ചത്. ഇന്‍ഡോറിലെ അവഗണിക്കപ്പെട്ട മനുഷ്യര്‍ക്കൊപ്പംനിന്ന്,  നീതിക്കുവേണ്ടി പടപൊരുതി മരണം വരിച്ച സിസ്റ്ററിന്റെ ജീവിതകഥ ആവേശോജ്ജ്വലമായി തോന്നി. ക്രിസ്തീയജീവിതത്തിന്റെ നെടുംതൂണുകളിലൊന്നായ ക്ഷമ, അത് എന്നെ വല്ലാതെ പൊള്ളിച്ചു. റാണി മരിയയുടെ ഘാതകനോട് ആ സിസ്റ്റര്‍ മാത്രമല്ല, അവരുടെ മാതാപിതാക്കളും കുടുംബമൊന്നാകെയും ക്ഷമിച്ചിരിക്കുന്നു എന്ന സത്യം ലോകത്തെ അറിയിക്കാനുള്ള അഭിനിവേശം എനിക്കുണ്ടായി. ക്ഷമയുടെ അഭാവമാണ് ഇന്നു ഭൂരിഭാഗം പ്രശ്‌നങ്ങള്‍ക്കും  കാരണമായിരിക്കുന്നത്. അത് ലോകത്തോടു വിളിച്ചു പറയുകയെന്നത് എന്റെ ലക്ഷ്യമായിരുന്നു.
 ''ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്'' ഫിലിം ചെയ്തുകൊണ്ടിരുന്നപ്പോള്‍ അങ്ങേക്കുണ്ടായ അനുഭവം?
 2016 ലാണ് റാണി മരിയ സിസ്റ്റര്‍ എന്റെ മനസ്സില്‍ കയറിക്കൂടിയത്. ആദ്യം ഒരു ഡോക്യുമെന്ററി ചെയ്യാനാണ് ആഗ്രഹിച്ചത്. അതില്‍ ഈ ജീവിതം ഒതുങ്ങുകയില്ലെന്നു മനസ്സിലായപ്പോള്‍ അതൊരു സിനിമയാക്കാന്‍ ആഗ്രഹിച്ചു. സി. റാണി മരിയ ജീവിച്ച ഇടങ്ങളിലൂടെയും പ്രവര്‍ത്തിച്ച മേഖലകളിലൂടെയും കടന്നുപോയപ്പോള്‍ നമുക്ക് അവരെക്കുറിച്ച് അറിയാവുന്നത് വളരെക്കുറച്ചുമാത്രമാണെന്ന് മനസ്സിലായി. അതുകൊണ്ട്, അത് സിനിമാരൂപത്തില്‍ ഇറക്കിയാലേ അതിന്റെ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയൂ എന്ന് ഞാന്‍ വിചാരിച്ചു. 
2016 ല്‍ ആരംഭിച്ച റിസര്‍ച്ച് വര്‍ക്കുകള്‍ 2018 ആയപ്പോഴേക്കും തീര്‍ന്നു. 2019 ല്‍ കൊവിഡിന്റെ ആക്രമണം സിനിമയുടെ മുന്നോട്ടുള്ള യാത്രയെ തടഞ്ഞു. ഒരുപാട് വാതിലുകളില്‍ മുട്ടി. ആരും ഇത്തരം ഒരു സാഹസികതയ്ക്കു തയ്യാറായില്ല. പണം മുടക്കാന്‍ ആരുമില്ലായിരുന്നു. പക്ഷേ, ഇതില്‍നിന്നു പിന്മാറാന്‍ എന്നെക്കൊണ്ടായില്ല. സിനിമയെക്കുറിച്ചുള്ള മോഹം മരണത്തോടടുത്തു എന്നുവേണം പറയാന്‍.  ഞാന്‍ ജോലി ചെയ്തിരുന്ന സെന്റ് സേവ്യേഴ്‌സ് കോളജിലെ പ്രിന്‍സിപ്പലും അച്ചന്മാരും എന്നെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു. ഇതുചെയ്‌തേ പറ്റൂ എന്നു പറഞ്ഞ് അവര്‍ എന്നെ നിര്‍ബന്ധിച്ചു. 
അങ്ങനെ, ട്രൈ ലൈറ്റ് ക്രിയേഷന്‍സ്  ബോംബെയുമായി സഹകരിച്ച് 2020 മുതല്‍ ഷൂട്ടിങ് തുടങ്ങി. ഒരുപാടു തടസ്സങ്ങള്‍ ഉണ്ടായി. ആര്‍ട്ടിസ്റ്റുകളെ കിട്ടാന്‍ വിഷമമായിരുന്നു. ഇതെല്ലാം പിന്നീടു നന്മയായി ഭവിച്ചു. പതിന്നാലു സ്റ്റേറ്റുകളില്‍നിന്നായി നൂറ്റമ്പതോളം ആര്‍ട്ടിസ്റ്റുകള്‍, കുറെയധികം ടെക്‌നീഷ്യന്മാര്‍, അവരെയുംകൊണ്ട് ഒരു യാത്ര, കുറച്ചു വര്‍ക്‌ഷോപ്പുകള്‍... അങ്ങനെ നീങ്ങിക്കൊണ്ടിരുന്നു. എന്താണ് സിസ്റ്റര്‍ റാണി മരിയ, ആരാണ് സിസ്റ്റര്‍ റാണി മരിയ എന്നൊക്കെ വര്‍ക്‌ഷോപ്പുകളിലൂടെ അവരെ ട്രെയിന്‍ ചെയ്തു മനസ്സിലാക്കിക്കൊടുത്തു. അങ്ങനെ മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി ഷൂട്ടിങ് നടന്നു. അവസാനം, സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട വലിയൊരു പ്രശ്‌നമുണ്ടായി. ദൈവത്തിന്റെ കരം ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ആ പ്രശ്‌നങ്ങളൊക്കെ  ഭംഗിയായി പരിഹരിക്കപ്പെട്ടു.
ഹിന്ദി സിനിമാരംഗത്തെ മികച്ച കാമറാമാന്‍ എന്നറിയപ്പെടുന്ന, ഷാരൂഖ് ഖാന്റെ സ്വദേശ്‌പോലുള്ള ചിത്രങ്ങള്‍ക്കു നാഷണല്‍ അവാര്‍ഡ് നേടിയെടുത്ത മഹേഷ് ആയിരുന്നു ക്യാമറാമാന്‍. സ്‌ക്രിപ്റ്റ് എഴുതിയത് ജയ്പാല്‍ ആനന്ദ് ആണ്. അദ്ദേഹം 2016 മുതല്‍ എന്റെകൂടെ സഞ്ചരിക്കുകയായിരുന്നു. ഓരോന്നും കൃത്യമായി അടയാളപ്പെടുത്തി. ഇതിന്റെ എഡിറ്റിങ് നിര്‍വഹിച്ചത് രഞ്ജന്‍ എബ്രഹാം. നൂറ്റിയെഴുപതോളം സിനിമകള്‍ ചെയ്ത ആളാണ് രഞ്ജന്‍. ഇത് വലിയ ദൗത്യമല്ലെങ്കിലും വളരെ സൂക്ഷ്മതയോടും കൃത്യതയോടുംകൂടി അദ്ദേഹം അതു നിര്‍വഹിച്ചു. മനോഹരമായ പാട്ടുകള്‍ എഴുതിയത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. ഈ സിനിമയില്‍ ചിത്രച്ചേച്ചി മനസ്സലിഞ്ഞു പാടി. ഇപ്പോഴും ഓര്‍ക്കുന്നു; ചെന്നൈയില്‍വച്ച് ചേച്ചി പാട്ടുപാടിയപ്പോള്‍ കണ്ണുനിറഞ്ഞൊഴുകുകയായിരുന്നു. ഹരിഹരന്‍,  അല്‍ഫോന്‍സ് ജോസഫ് എന്നിവര്‍ ഇവിടത്തെ നാടോടിപ്പാട്ടുകള്‍ പഠിക്കാന്‍ മധ്യപ്രദേശില്‍ പോയി. മുപ്പത്തഞ്ചു വര്‍ഷം പഴക്കമുള്ള അവിടത്തെ  ഗോത്രവര്‍ഗക്കാരുടെ പാട്ട് ഒരു സ്ത്രീയെക്കൊണ്ടു പാടിച്ചു. ഇതിലെ മൂന്നാമത്തെ പാട്ട് അവരുടെ ഭാഷയില്‍ അവരെക്കൊണ്ട് പാടിച്ചതാണ്. ഈ സിനിമ ഒരു കൂട്ടായ പ്രവര്‍ത്തനമായിരുന്നു.
 അങ്ങ് പ്രതിഭാശാലിയായ ഒരു സംവിധായകനാണ്. അങ്ങയുടെ കഴിവും പരിചയവും ഉപയോഗിച്ച് ഈ ബിസിനസ് സാമ്രാജ്യത്തില്‍ വലിയൊരു ഫിലിം നിര്‍മിക്കാമായിരുന്നു. എന്നിട്ടും, അങ്ങ് എന്തുകൊണ്ട് ഇത്തരമൊരു വിഷയം തിരഞ്ഞെടുത്തു?
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)