''സമീപകാലത്തൊന്നും ഇന്ത്യയുടെ ഒരിഞ്ചു ഭൂമിപോലും ചൈന കൈയേറിയിട്ടില്ല. ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍സൈന്യം അതീവജാഗ്രതയിലാണ്. ഏഷ്യന്‍രാജ്യങ്ങളില്‍ ചൈനയോടു കിടപിടിക്കാന്‍ ഇന്ത്യയ്ക്കുമാത്രമേ കഴിയൂ. തുടക്കംമുതല്‍ നമ്മെ ഭീഷണിപ്പെടുത്താനും സമ്മര്‍ദത്തിലാക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്.'' ഇത്, കേന്ദ്രഭരണപ്രദേശമായ ലഡാക്കിന്റെ ലഫ്. ഗവര്‍ണര്‍ ബ്രിഗേഡിയര്‍ (റിട്ട) ബി ഡി മിശ്രയുടെ വാക്കുകള്‍.
നമ്മുടെ രാജ്യത്തിന്റെ ആയിരക്കണക്കിനു കിലോമീറ്റര്‍ ഭൂമി ചൈന കൈവശപ്പെടുത്തിയിട്ടുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു ലഫ്. ഗവര്‍ണര്‍. 'ഇന്ത്യയുടെ ഒരിഞ്ചുഭൂമിപോലും നഷ്ടപ്പെട്ടിട്ടില്ല' എന്ന പല അവസരങ്ങളിലായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം അതേപടി ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, മോദിയുടെ വാക്കുകളില്‍ അദ്ദേഹം വരുത്തിയ ഒരു ഭേദഗതി പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 'സമീപകാലത്തൊന്നും' എന്ന വിശേഷണമാണ് മിശ്ര കൂട്ടിച്ചേര്‍ത്ത ഭേദഗതി.
ചൈനയുടെ കൈയേറ്റങ്ങളെക്കുറിച്ച് രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ പല തവണ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്കു മറുപടി പറയവേയാണ് മോദിയുടെ പരാമര്‍ശങ്ങള്‍. എന്നാല്‍, മോദിയുടെ അവകാശവാദങ്ങളെല്ലാം പച്ചക്കള്ളമാണെന്നും, നുണകള്‍ ആവര്‍ത്തിച്ച് ജനങ്ങളെയും പാര്‍ലമെന്റംഗങ്ങളെയും തെറ്റിദ്ധരിപ്പിക്കാനാണു പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തിയ രാഹുല്‍, ലഡാക്കില്‍ സന്ദര്‍ശനം നടത്തവേ ഇങ്ങനെ പറഞ്ഞു: ''1962 ലെ ഇന്ത്യാ-ചൈന യുദ്ധത്തില്‍ ചൈന കൈയടക്കിയ 38,000 ച. കിലോമീറ്റര്‍ വിസ്തൃതിയുള്ള അക്‌സായ് ചിന്‍ ഇന്ത്യയുടെ ഭാഗമല്ലെന്നാണോ താങ്കള്‍ പറയുന്നത്? അതേ യുദ്ധത്തില്‍ നഷ്ടപ്പെട്ട ഡെംചോക്കിലെ 1,900 ച. കിലോമീറ്റര്‍ സ്ഥലം ആരുടേതായിരുന്നു? അന്ന്, അരുണാചലില്‍ കടന്നുകയറിയ ചൈനീസ്‌സൈന്യം കൈവശംവച്ചനുഭവിക്കുന്ന 83,743 ച. കിലോമീറ്റര്‍ ഭൂമി നമ്മുടേതായിരുന്നില്ലേ? 1971 ലെ യുദ്ധത്തില്‍ പിടിച്ചെടുത്തതും 'പാക്കിസ്ഥാന്‍ അധിനിവേശ കശ്മീര്‍' എന്നറിയപ്പെടുന്നതുമായ 72,971 ച. കിലോമീറ്റര്‍ വരുന്ന വിശാലഭൂമി എന്നന്നേക്കുമായി നഷ്ടപ്പെട്ടതല്ലേ? ഇപ്പോള്‍, ലഡാക്കിലെ ജനങ്ങളുടെ ശബ്ദം നിങ്ങള്‍ അടിച്ചമര്‍ത്തിയിരിക്കുന്നു. ഇവിടത്തെ ജനങ്ങളുടെ മനസ്സറിയാനാണു ഞാനിവിടെ എത്തിയത്.''
അക്‌സായ് ചിന്നും ഡെംചോക്കും അരുണാചല്‍പ്രദേശും നഷ്ടപ്പെടുത്തിയ 1962 ലെ 32 ദിവസം നീണ്ടുനിന്ന യുദ്ധം അവസാനിക്കുമ്പോഴേക്കും 1,383 ഇന്ത്യന്‍ സൈനികരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. കാണാതായ 1,696 പേരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. ഏറ്റവുമൊടുവില്‍, 2020 ജൂണില്‍ നടന്ന കയ്യാങ്കളിയില്‍ 20 സൈനികരെയാണു നമുക്കു നഷ്ടമായത്.
1999 ലെ കാര്‍ഗില്‍യുദ്ധത്തോടെയാണ് നമ്മുടെ രാജ്യത്തിനു വന്ന നഷ്ടം എത്ര ഭീമമാണെന്നറിയാന്‍ കഴിഞ്ഞത്. പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിന്റെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള കാര്‍ഗില്‍മലനിരകള്‍ക്കു മുകളില്‍ കയറിപ്പറ്റിയ ശത്രുസൈന്യം, അവരെ തുരത്തിയോടിക്കാന്‍ കയറിച്ചെന്ന നമ്മുടെ സൈനികര്‍ക്കുനേരേ നിര്‍ബാധം നിറയൊഴിക്കുകയായിരുന്നു. 527 ധീരജവാന്മാരുടെ വിലപ്പെട്ട ജീവനാണ് അവിടെ പൊലിഞ്ഞത്. പാക്‌സൈന്യത്തില്‍നിന്നു കാര്‍ഗില്‍ മലനിരകള്‍ തിരിച്ചുപിടിച്ച് ദേശീയപതാക ഉയര്‍ത്തിയ ജൂലൈ 26 'കാര്‍ഗില്‍ വിജയ് ദിവസ'മായി രാഷ്ട്രം ആചരിച്ചുവരുന്നു.
തിരിച്ചുപിടിക്കാന്‍ കഴിയില്ല, എങ്കിലും...
മിശ്രയുടെയും മോദിയുടെയും വാദഗതികളില്‍നിന്നു വ്യത്യസ്തമായിരുന്നു ആഭ്യന്തരമന്ത്രി അമിത്ഷായുടെ വാക്കുകള്‍. ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹം അഭിപ്രായപ്പെട്ടത് ഇപ്രകാരമായിരുന്നു: ''ജമ്മു കശ്മീരിന്റെ മുഴുവന്‍ ഭൂപ്രദേശങ്ങളിലുമുള്ള നമ്മുടെ പരമാധികാരം ഉറപ്പിക്കും. ജമ്മു കശ്മീര്‍ എന്നു ഞാന്‍ വിവക്ഷിക്കുന്നത് അക്‌സായ് ചിന്നും ഡെംചോക്കും പാക് അധിനിവേശ കശ്മീരും ഉള്‍പ്പെടെയാണ്. നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തിയും ഐക്യവും അഖണ്ഡതയും സംരക്ഷിച്ചേ മതിയാകൂ. ഈ ഒരു ലക്ഷ്യത്തിനുവേണ്ടി എന്റെ ജീവന്‍ വെടിയാനും ഞാന്‍ തയ്യാറാണ്.''
അരുണാചലിലെ തവാങ്ങിനടുത്തുള്ള ബുംല ചുരത്തിലൂടെ അതിക്രമിച്ചുകയറിയ ചൈനീസ്‌സൈന്യത്തെ തുരത്തിയതിനെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ് പാര്‍ലമെന്റിനെ ബോധിപ്പിച്ചത് ഇങ്ങനെയായിരുന്നു: ''ചൈനീസ് സൈന്യത്തെ നമ്മുടെ സൈനികര്‍ ധീരമായി നേരിടുകയും പിന്തിരിപ്പിക്കുകയും ചെയ്തു. ഒരു സൈനികന്റെപോലും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. അതിര്‍ത്തിമേഖലകള്‍ ഇപ്പോഴും നമ്മുടെ നിയന്ത്രണത്തിലാണ്. ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ നമ്മുടെ സൈന്യം സുസജ്ജവുമാണ്.''
1959 ലെ ചൈനയുടെ ടിബറ്റന്‍ അധിനിവേശകാലത്ത് ടിബറ്റിന്റെ ആധ്യാത്മികനേതാവ് ദലൈലാമയും അനുയായികളും ഇന്ത്യയിലെത്തിയത് ബുംല ചുരംവഴിയാണ്. ബുംലയ്ക്കു ചുറ്റുമുള്ള ഉയര്‍ന്ന പ്രദേശങ്ങളെല്ലാം ചൈനയുടെ കൈവശമായതിനാല്‍ ഇന്ത്യന്‍ സൈനികനീക്കങ്ങളെല്ലാം സസൂക്ഷ്മം നിരീക്ഷിക്കാന്‍ അവര്‍ക്കു കഴിയുന്നു. ബുംല ചുരത്തിനടുത്തും സിലിഗുരി ഇടനാഴിക്കടുത്തുള്ള ഛുംബി താഴ്‌വരയിലും റോഡും എയര്‍സ്ട്രിപ്പുകളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കി പുതിയ പട്ടണങ്ങളും ഗ്രാമങ്ങളും ചൈന നിര്‍മിച്ചുവരുന്നു. എയര്‍ സ്ട്രിപ്പുകളില്‍ നിരവധി യുദ്ധവിമാനങ്ങള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ചൈനയുമായി നമ്മുടെ രാജ്യം അതിര്‍ത്തി പങ്കിടുന്ന 3,488 കിലോമീറ്റര്‍ ദൂരമത്രയും യുദ്ധസമാനമായ അന്തരീക്ഷം നിലനില്ക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. 1962 ലെ യുദ്ധത്തില്‍ അക്‌സായ് ചിന്‍ പിടിച്ചെടുക്കുന്നതിനുമുമ്പുതന്നെ ആ മേഖലയിലൂടെ ചൈന ഒരു പാത നിര്‍മിച്ചിരുന്നുവെന്നറിയുമ്പോഴാണ് നമ്മുടെ രാഷ്ട്രീയനേതൃത്വത്തിന്റെയും സൈന്യത്തിന്റെയും ജാഗ്രതക്കുറവിനെ പഴിക്കേണ്ടിവരുന്നത്. ഇപ്പോഴിതാ, ആ റോഡിന് ഏറെക്കുറെ സമാന്തരമായി ഒരു റെയില്‍പ്പാതയുടെ നിര്‍മാണവും ആരംഭിച്ചിരിക്കുന്നു. ടിബറ്റിലെ ഷിഗാക്‌സെ വരെയുള്ള ലൈന്‍ നേപ്പാള്‍ അതിര്‍ത്തിയിലൂടെ പടിഞ്ഞാറോട്ടു നീട്ടി അക്‌സായ് ചിന്നിലൂടെ ചൈനയുടെ ഷിന്‍ജിയാങ് പ്രവിശ്യയിലെ ഹോട്ടാന്‍ വരെ എത്തിക്കും. ഷിന്‍ജിയാങിന്റെ തലസ്ഥാനമായ ഉറുംക്വിയില്‍നിന്ന് കാരക്കോറം ചുരംകടന്ന് പാക് അധിനിവേശകശ്മീരിലൂടെ അറബിക്കടല്‍ത്തീരത്തെ ഗ്വാദര്‍ തുറമുഖത്തെത്തുന്ന ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. സ്വാതന്ത്ര്യാനന്തരം 1947-48 ലെ ഏറ്റുമുട്ടലില്‍ പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയ നമ്മുടെ ഭൂമിയില്‍നിന്ന് 1963 ല്‍ ചൈനയ്ക്കു കൈമാറിയ 5,180 ച. കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഷക്‌സ്ഗാം താഴ്‌വരയില്‍ക്കൂടിയാണ് 2017 ല്‍ ചൈന രൂപംകൊടുത്ത 'ഒരു മേഖല ഒരു പാത' കടന്നുപോകുന്നതും.
പുതിയ ഭൂപടം ഇറക്കിയും പ്രകോപനം
ഇതിനിടയില്‍ അരുണാചല്‍ പ്രദേശും അക്‌സായ് ചിന്നും ഡെംചോക്കും ഉള്‍പ്പെടെ നമ്മുടെ രാജ്യത്തുനിന്നു പിടിച്ചെടുത്ത പ്രദേശങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ ഭാഗങ്ങളാണെന്നവകാശപ്പെട്ടു ചൈന പ്രസിദ്ധീകരിച്ച 2023 ലെ 'പരിഷ്‌കരിച്ച ഭൂപടം' വിവാദമായിരിക്കുകയാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28 ന് പുറത്തിറക്കിയ പ്രസ്തുത ഭൂപടത്തില്‍ അരുണാചലിനെ 'തെക്കന്‍ ടിബറ്റ്' എന്നു വിശേഷിപ്പിക്കുകയും, തലസ്ഥാനമായ ഇറ്റാനഗറിനടുത്തുള്ള ഒരു പട്ടണം ഉള്‍പ്പെടെ 11 സ്ഥലങ്ങള്‍ക്ക് ചൈനീസ് പേരുകള്‍ നല്കുകയും ചെയ്തതായും വാര്‍ത്തയുണ്ട്. അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചുകൊണ്ടുള്ള ചൈനയുടെ പുതിയ ഭൂപടം ഇന്ത്യയെമാത്രമല്ല, അയല്‍രാജ്യങ്ങളായ മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തയ്‌വാന്‍ എന്നിവയെയും പ്രകോപിപ്പിച്ചിരിക്കുകയാണ്. ചൈനയുടെ കിഴക്കന്‍ പസഫിക് തീരംമുതല്‍ തയ്‌വാനുമപ്പുറം ഫിലിപ്പീന്‍സ് വരെയും തെക്ക് ഇന്തോനേഷ്യയുടെയും മലേഷ്യയുടെയും അതിര്‍ത്തികള്‍വരെയുമുള്ള ദക്ഷിണചൈനാകടല്‍ മുഴുവന്‍ തങ്ങളുടേതാണെന്നുറപ്പിക്കുന്ന ഭൂപടമാണ് ആശങ്കയുണര്‍ത്തുന്നത്. ഓരോ രാജ്യവും കടലില്‍ അനുവര്‍ത്തിക്കേണ്ട അന്താരാഷ്ട്ര നിയമങ്ങള്‍ അനുശാസിക്കുന്ന 1983 ലെ യു എന്‍ കണ്‍വെന്‍ഷന്റെ നഗ്‌നമായ ലംഘനമായിട്ടാണ് ചൈനയുടെ നീക്കങ്ങളെ ഈ രാജ്യങ്ങളെല്ലാം നോക്കിക്കാണുന്നത്. അതിര്‍ത്തിമേഖലകളില്‍ സംഘര്‍ഷമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാതെ സമന്വയത്തിന്റെ പാത സ്വീകരിക്കാനും സമാധാനപരമായി പ്രശ്‌നങ്ങള്‍ക്കു ശാശ്വതപരിഹാരം കണ്ടെത്താനുമാണ് ഭരണാധികാരികള്‍ ശ്രദ്ധിക്കേണ്ടത്.