•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

തീവ്രവാദത്തിന്റെ കേരള സ്റ്റോറി

രാജ്യത്തിനകത്തും പുറത്തും തീവ്രവാദ, ദേശവിരുദ്ധ സംഭവങ്ങള്‍ ഞെട്ടലോടെ കേട്ടപ്പോഴും, കേരളത്തില്‍ അത്തരത്തിലൊന്നില്ലെന്ന മലയാളിയുടെ ആശ്വാസത്തിന് ആദ്യമുറിവേറ്റത് 2005 ലാണ്. സംസ്ഥാനത്തു നടന്ന ഏതെങ്കിലും ഒരു സംഘര്‍ഷത്തില്‍ തീവ്രവാദപ്രവര്‍ത്തനമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ ആദ്യമായി വ്യക്തതയോടെ വിശദീകരിച്ച പ്രമാദമായ കളമശേരി ബസ് കത്തിക്കല്‍ കേസായിരുന്നു അത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 29 ന് യഹോവാസാക്ഷികളുടെ പ്രാര്‍ഥനച്ചടങ്ങിനിടെ സ്ഫോടനമുണ്ടായ സ്ഥലത്തിനടുത്തുതന്നെയാണ് 2005 ലെ സംഭവവും അരങ്ങേറിയതെന്നതില്‍ യാദൃച്ഛികതയ്ക്കപ്പുറം എന്തെങ്കിലുമുണ്ടോ എന്ന സംശയം പൊതുസമൂഹത്തെക്കാള്‍ പോലീസിനുണ്ട്.
കളമശേരി സാമ്രാ കണ്‍വന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തിനു തൊട്ടുപിന്നാലെ, ഡൊമിനിക് മാര്‍ട്ടിന്‍ എന്നയാള്‍ സമൂഹമാധ്യമത്തിലൂടെ സംഭവത്തിലെ പ്രതിയെന്നു സ്വയം വെളിപ്പെടുത്തിയശേഷം നാടകീയമായി പോലീസില്‍ കീഴടങ്ങി.
ഇതോടെ, സംഭവത്തെക്കുറിച്ചുള്ള ദുരൂഹത നീങ്ങിയെന്നു പോലീസും സമൂഹവും തെല്ല് ആശ്വസിച്ചിരുന്നു. എന്നാല്‍, ഒരാള്‍ ഒറ്റയ്ക്കു ബൈക്കിലെത്തി വലിയൊരു ആള്‍ക്കൂട്ടത്തില്‍ ബോംബുവച്ചു പൊട്ടിച്ചു ബൈക്കില്‍ത്തന്നെ മടങ്ങിപ്പോയെന്ന വെളിപ്പെടുത്തല്‍ അതേപടി വിഴുങ്ങാന്‍ കേട്ടവര്‍ക്കെല്ലാം ആയിട്ടില്ല; പോലീസിനും.
സ്വാഭാവികമായി ഉയരുന്ന ചില ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും, തൃപ്തികരമായ ഉത്തരത്തിലേക്കെത്താന്‍, പ്രതിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിലൂടെയും അനുബന്ധ അന്വേഷണങ്ങളിലൂടെയും പോലീസിന് ആയിട്ടുമില്ല. അതുകൊണ്ടുതന്നെയാണ്, പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍, പ്രതിയുടെ രാജ്യാന്തര ബന്ധങ്ങളുള്‍പ്പെടെ അന്വേഷിക്കേണ്ടതുണ്ടെന്നു പൊലീസ് ആവശ്യപ്പെട്ടത്. പത്തു ദിവസത്തേക്കു കസ്റ്റഡിയില്‍ ലഭിച്ച പ്രതിയുമായി പൊലീസ് തെളിവെടുപ്പും അന്വേഷണവും തുടരുകയാണ്.
കളമശേരിയിലെ ഒടുവിലെ സംഭവത്തിനു ദേശവിരുദ്ധശക്തികളുമായി എന്തെങ്കിലും ബന്ധം ഇതുവരെ തെളിഞ്ഞിട്ടില്ല. അതേസമയം, കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനമുണ്ടെന്ന പോലീസിന്റെയും അന്വേഷണ ഏജന്‍സികളുടെയും നേരത്തേയുള്ള ഔദ്യോഗികസ്ഥിരീകരണത്തിന്റെ വേരുകള്‍ കളമശേരിയിലേക്കും പടര്‍ന്നുകിടപ്പുണ്ട്.
കളമശേരിയില്‍ പരീക്ഷിച്ചു തുടങ്ങിയ തീവ്രവാദത്തിന്റെ കേരള സ്റ്റോറി അധ്യായങ്ങള്‍ വെറുതെയങ്ങു മറന്നുപോകേണ്ടതുമല്ലല്ലോ...!
ടിഎന്‍ 01 എന്‍ 6725
2005 സെപ്റ്റംബര്‍ ഒമ്പതിനു രാത്രിയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ടിഎന്‍ 01 എന്‍ 6725 എന്ന നമ്പറിലുള്ള ബസാണു കളമശേരിയില്‍ കത്തിച്ചത്. മുഖ്യപ്രതി തടിയന്റവിട നസീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി ക്രൂരത നടത്തിയത്.  എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍നിന്ന് രാത്രി 8.30 ന് സേലത്തേക്കു പുറപ്പെട്ട ബസില്‍ യാത്രക്കാരനെന്ന മട്ടില്‍ കയറിയ നസീര്‍, ഡ്രൈവറെ തോക്കുചൂണ്ടി ബന്ദിയാക്കി, തങ്ങള്‍ പറയുന്നിടത്തേക്കു ബസ് ഓടിക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. കളമശേരിയില്‍ എച്ച്എംടിയുടെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച ബസില്‍നിന്നു യാത്രക്കാരെ പുറത്തിറക്കിയശേഷമാണു പെട്രോള്‍ ഒഴിച്ച് ബസ് കത്തിച്ചത്.
ലോക്കല്‍ പോലീസ് തുടങ്ങിവച്ച അന്വേഷണം എന്‍ഐഎയാണു വഴിത്തിരിവിലെത്തിച്ചത്.
ഗൗരവമുള്ള വകുപ്പുകള്‍
രാജ്യദ്രോഹക്കുറ്റം, നിയമവിരുദ്ധപ്രവര്‍ത്തനനിരോധന നിയമം, ഗൂഢാലോചന, ആയുധ നിരോധനനിയമം തുടങ്ങി ഗൗരവമാര്‍ന്ന വകുപ്പുകളാണ് കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയത്. 
പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ തമിഴ്‌നാട് സര്‍ക്കാര്‍ അറസ്റ്റുചെയ്ത് കോയമ്പത്തൂര്‍ ജയിലില്‍ അടച്ചതിന്റെ പ്രതികാരമായാണ് ബസ് തട്ടിയെടുത്തു കത്തിച്ചതെന്നാണ് അന്വേഷണ ഏജന്‍സിയായ എന്‍ഐഎ സ്ഥിരീകരിച്ചത്. ഇക്കാര്യം എന്‍ഐഎയുടെ കുറ്റപത്രത്തിലുണ്ട്.
മദനിയുടെ ഭാര്യ സൂഫിയയുടെയും സുഹൃത്ത് മജീദ് പറമ്പായിയുടെയും പ്രേരണ സംഭവത്തിലുണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി. സൂഫിയയെ കേസില്‍ പത്താം പ്രതിയായി ചേര്‍ത്തിരുന്നു. കേസിലെ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല.
വഴിത്തിരിവായത് അബ്ദുള്‍ റഹിമിന്റെ മരണം
കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അബ്ദുള്‍ റഹിം കശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനത്തിനിടെ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തു വന്നതോടെ, കളമശേരി ബസ് കത്തിക്കല്‍ ദേശീയശ്രദ്ധയിലേക്കുമെത്തി. ആ മരണം ബസ് കത്തിക്കലിലെ തീവ്രവാദ ബന്ധത്തിലേക്കു വിരല്‍ചൂണ്ടി.  
പ്രതികളായ കണ്ണൂര്‍ സ്വദേശിയായ തടിയന്റവിട നസീര്‍, പറവൂര്‍ സ്വദേശി കെ.എ. അനൂപ്, പെരുമ്പാവൂര്‍ സ്വദേശി സാബില്‍ ബുഹാരി, താജുദ്ദിന്‍ എന്നിവര്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. നസീറും ബുഹാരിയും താജുദ്ദിനും ബംഗളൂരു സ്‌ഫോടനകേസിലും പ്രതികളാണ്. ബസ് കത്തിക്കല്‍ കേസില്‍  മാത്രം വിവിധ വകുപ്പുകളിലായി മൂവര്‍ക്കും എന്‍ഐഎ കോടതി 35 വര്‍ഷത്തിലേറെ തടവുശിക്ഷ വിധിച്ചെങ്കിലും, ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നായിരുന്നു അന്തിമ ഉത്തരവ്.
സൗഹാര്‍ദം നശിപ്പിച്ച കലാപങ്ങള്‍
1980 കളില്‍ നിരോധിത സംഘടനയായ 'സിമി'യുടെയും മറ്റു ചില തീവ്രവാദസംഘടനകളുടെയും പ്രവര്‍ത്തനമെന്നു ചൂണ്ടിക്കാട്ടപ്പെട്ട സംഭവങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. മലബാറില്‍ ഓലമേഞ്ഞ സിനിമാ തിയേറ്ററുകള്‍ കത്തിച്ചത്, ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തെത്തുടര്‍ന്നു മതസൗഹാര്‍ദത്തിനു തടസ്സമുണ്ടാക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍, പൂന്തുറയിലും മട്ടാഞ്ചേരിയിലുമുണ്ടായ കലാപങ്ങള്‍, 1990 കള്‍ക്കുശേഷമുണ്ടായ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ സ്‌ഫോടനം, നാദാപുരം കലാപം, 2003 ലെ മാറാട് കലാപം തുടങ്ങിയ സംഭവങ്ങളെല്ലാം കേരളത്തിന്റെ മതസൗഹാര്‍ദമനസ്സിനേറ്റ മുറിവുകളായിരുന്നു.
മാറാട് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച തോമസ് പി. ജോസഫ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍, സംഭവങ്ങളിലെ തീവ്രവാദ ബന്ധത്തെക്കുറിച്ചു ചില സൂചനകള്‍ നല്‍കിയെങ്കിലും ആ വഴിയില്‍ തുടരന്വേഷണങ്ങള്‍ നീങ്ങിയില്ല. അന്വേഷണ ഏജന്‍സികളോ സര്‍ക്കാരോ ഈ സംഭവങ്ങളിലൊന്നിലും തീവ്രവാദബന്ധം ഉറപ്പിച്ചുപറയാന്‍ തയ്യാറായുമില്ല.
തീവ്രവാദപരിശീലനവും!

സിമിയുടെ പരിശീലനക്യാമ്പുകള്‍ കേരളത്തില്‍ പല ഭാഗങ്ങളിലും നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാനായിക്കുളം, വാഗമണ്‍ എന്നിവിടങ്ങളില്‍ നടന്ന രഹസ്യക്യാമ്പുകളില്‍ പരിശീലനം ലഭിച്ചവര്‍ രാജ്യത്തിനകത്തും പുറത്തും വേരുകളുള്ള തീവ്രവാദസംഘടനകളില്‍ ചേര്‍ന്നതായും വിവരങ്ങള്‍ പുറത്തുവന്നു.

ബെഹ്റയും മുഖ്യമന്ത്രിമാരും പറഞ്ഞത്
''കേരളം വലിയൊരു റിക്രൂട്ടിങ് ഗ്രൗണ്ടാണ്. ഇവിടുത്തെ ആളുകള്‍ വിദ്യാഭ്യാസമുള്ളവരാണ്; ഡോക്ടേഴ്സ്, എന്‍ജിനീയേഴ്സ്. അവര്‍ക്ക് ഈ ടൈപ്പ് ആളെ വേണം. അവരുടെ ഒരു ലാര്‍ജര്‍ ഗോളുണ്ടല്ലോ, അതുകൊണ്ട് ഈ ആളുകളെ ഏതുരീതിയിലും റാഡിക്കലൈസ് ചെയ്തു കൊണ്ടുപോകാം.''
ഡിജിപി ചുമതലയില്‍ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുംമുമ്പ് ലോക്നാഥ് ബെഹ്‌റ പറഞ്ഞതാണ് ഈ വാക്കുകള്‍. കേരളത്തില്‍ തീവ്രവാദത്തിനു വേരുകളും ശാഖകളും ഉണ്ടെന്നു തുറന്നുപറഞ്ഞ കേരളത്തിലെ അന്നത്തെ പോലീസ് മേധാവിയുടെ വാക്കുകള്‍ കേരളം ഞെട്ടലോടെയാണു കേട്ടത്.
കേരളത്തിലെ ഒരു വിഭാഗം യുവജനങ്ങളെ കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കിടയില്‍ ഡീറാഡിക്കലൈസേഷന്‍ പദ്ധതികളിലൂടെ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍നിന്നു പിന്തിരിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമം നടത്തിയെന്ന് 2021 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയിരുന്നു. 2006 ല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ സംസ്ഥാനത്തെ തീവ്രവാദിസാന്നിധ്യത്തെക്കുറിച്ചും അവരുടെ ഗൂഢലക്ഷ്യങ്ങളെക്കുറിച്ചും മുന്നറിയിപ്പുകള്‍ നല്‍കി.
കളമശേരിയിലെ പ്രാര്‍ഥനച്ചടങ്ങിനിടയില്‍ നടന്ന ബോംബുസ്‌ഫോടനംവരെയെത്തിനില്‍ക്കുന്ന വിവിധ സംഭവങ്ങളിലേക്കു ഗൗരവമാര്‍ന്ന അന്വേഷണം വേണമെന്നതിലേക്കുകൂടിയാണ് ഇത്തരം മുന്നറിയിപ്പുകള്‍ ഇന്നു വിരല്‍ചൂണ്ടുന്നത്.
പശ്ചിമേഷ്യന്‍ വിഷയത്തിലും കേരളത്തിലെ വോട്ടുബാങ്ക് നിക്ഷേപം ഉണ്ടെന്നു കരുതുന്ന, അതിനായി 'ഐക്യദാര്‍ഢ്യ വേഷം' കെട്ടിയാടുന്ന അധികാര രാഷ്ട്രീയം, അങ്ങു വടക്കോട്ടു നോക്കി  തീവ്രവാദത്തെയും  വാരിപ്പുണരാന്‍ വെമ്പിനില്‍ക്കുമ്പോള്‍, സവിശേഷജാഗ്രതയും വേണ്ടിവരും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)