•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സഹനത്തിന്റെ ആനന്ദപൂര്‍ണിമ

ഭിന്നശേഷിക്കാരിയായ മകളെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് ഇരുപതുവര്‍ഷം ഒരമ്മ നടത്തിയ പോരാട്ടത്തിന്റെ കഥ പറയുന്ന .''എനിക്കായ്'' എന്ന ഗ്രന്ഥം രണ്ടുമാസംകൊണ്ട് രണ്ടായിരം കോപ്പി വിറ്റഴിഞ്ഞു. രണ്ടാമത്തെ എഡിഷനും തീര്‍ന്നുകൊണ്ടിരിക്കുന്നു. മൂന്നാമത്തെ എഡിഷന്റെ ഉത്തരവാദിത്വം പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഏറ്റെടുത്തുകഴിഞ്ഞു. മകള്‍ ഗൗരി തന്റെ ജീവിതത്തില്‍ കൊണ്ടുവന്ന ആനന്ദത്തെക്കുറിച്ച് അമ്മ ആശാ പ്രദീപ് എഴുതുന്നു:

2023 ഓഗസ്റ്റ് മാസം ഇരുപതാം തീയതി ''എനിക്കായ്'' എന്ന അനുഭവക്കുറിപ്പ് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയതിനുശേഷം ഞാന്‍ അനുഭവിച്ച ആത്മനിര്‍വൃതി അത്യന്തം ആനന്ദപൂര്‍ണമായിരുന്നു. അതൊരു സഹനത്തിന്റെ പൂര്‍ണതയിലെ ആനന്ദമായിരുന്നു എന്നു പറയട്ടെ.
ഭിന്നശേഷിക്കാരിയായ മകളെ നെഞ്ചോടുചേര്‍ത്തു പിടിച്ച് ഇരുപതു വര്‍ഷം ഞാന്‍ നടത്തിയ പോരാട്ടത്തിന്റെ കഥയാണ് എനിക്കായ് എന്ന പുസ്തകത്തിലൂടെ വരച്ചുകാട്ടിയിരിക്കുന്നത്.
അനുഭവിച്ചുതീര്‍ത്ത കഠിനമായ പരീക്ഷണങ്ങള്‍  മനസ്സിന്റെ ഭാരം കുറയ്ക്കാനായി ഞാന്‍ ഒരു നോട്ടുബുക്കിന്റെ താളുകളിലേക്കു പകര്‍ത്തിവയ്ക്കുമ്പോള്‍ സ്വപ്നത്തില്‍പോലും കരുതിയില്ല ഈ പൊള്ളുന്ന അക്ഷരക്കൂട്ടുകള്‍ പുസ്തകരൂപത്തില്‍ എത്തുെമന്ന്. ഇതിനുമുമ്പ് ഞാന്‍ ഒരിക്കല്‍പ്പോലും ഒരു കുഞ്ഞിക്കഥപോലും എഴുതിയിട്ടില്ല, എഴുതാന്‍ ശ്രമിച്ചിട്ടുമില്ല.
വളരെ യാദൃച്ഛികമായി ഞാന്‍ എഴുതിവച്ച ഈ അനുഭവക്കുറിപ്പു വായിക്കാനിടയായ ഏറ്റുമാനൂര്‍ ബി ആര്‍ സി യിലെ ആശ ജോര്‍ജ് എന്ന റ്റീച്ചര്‍ സത്യത്തില്‍ അമ്പരന്നുപോയി... ''ഇത് വെറുമൊരു കുത്തിക്കുറിക്കലല്ല. ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നു പിറവികൊണ്ട അതിജീവനത്തിന്റെ കരുത്തുറ്റ വാക്കുകളാണിതില്‍. ഇത് പുസ്തകമാകണം. ഒരുപാടു മാതാപിതാക്കള്‍ക്ക് ഇതൊരു പ്രചോദനമാകുമെന്നതില്‍ ഒരു സംശയവുമില്ല.'' ആ റ്റീച്ചര്‍ എന്നോടു പറഞ്ഞു.
ഞാനതു കാര്യമാക്കിയില്ല. അത്രയ്‌ക്കൊക്കെയുണ്ടോ എന്നേ ഓര്‍ത്തുള്ളൂ. അവര്‍ ഈ  അനുഭവക്കുറിപ്പിന്റെ മൂല്യം മനസ്സിലാക്കി എന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. ഏറ്റുമാനൂര്‍ ബി ആര്‍ സി യിലെ ഒരു കൂട്ടം അധ്യാപകര്‍ ഈ അനുഭവക്കുറിപ്പ് പുസ്തകമാക്കുന്നതില്‍ നന്നായി പ്രയത്‌നിച്ചു, പ്രധാനമായും ബിനിത്‌സാര്‍.
പുസ്തകം അച്ചടിച്ച് ആദ്യ പ്രതി എന്റെ കൈകളിലേക്ക് ബിനിത്‌സാര്‍ നല്‍കുമ്പോള്‍ നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടയ്ക്കാന്‍ മറന്നുനിന്നുപോയി ഞാന്‍. ഞാന്‍ എഴുതിവച്ച എന്റെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ ലോകം അറിയാന്‍ പോകുകയാണ്. ഇത് എങ്ങനെ സമൂഹത്തില്‍ സ്വീകരിക്കപ്പെടുമെന്നോര്‍ത്തു ഞാന്‍ അത്യധികം ആകാംക്ഷ പൂണ്ടു.
ബഹുമാനപ്പെട്ട മന്ത്രി വി. എന്‍. വാസവന്‍ ഈ പുസ്തകം വായിച്ച് എന്നെ നേരിട്ട് ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്വപ്നം കാണുകയാണോ എന്നു കരുതി.
''ഞാന്‍ ഒരുപാട് പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു കൃതി ആദ്യമായാണു വായിക്കുന്നത്. ഇതൊരു അപൂര്‍വ കൃതിയാണ്. ഇത് ഒട്ടേറെ കൈകളില്‍ എത്തണം.'' അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസം പകരുന്നവ ആയിരുന്നു.
പിന്നീട് ഓരോദിനം പുലരുമ്പോഴും എന്റെ ഫോണിലേക്ക്  എത്തിയ കോളുകള്‍ എന്നെ ശരിക്കും മറ്റൊരു ലോകത്ത് എത്തിക്കുകയായിരുന്നു. ഒപ്പം, ഗൗരിമോളെയും ഞങ്ങളുടെ കുടുംബത്തെയും.
ഒരമ്മ എന്നെ വിളിച്ചു സംസാരിച്ചത് ഓര്‍ക്കുന്നു: ''ഞാന്‍ ഇന്നു മുതല്‍ പുതിയൊരു അമ്മയാകും. എനിക്ക് ലേണിങ് ഡിസെബിലിറ്റിയുള്ള മുപ്പതു വയസ്സുള്ള മകളുണ്ട്. അവളുടെ സ്വഭാവരീതികളും മറ്റും എന്നെ വല്ലാതെ ദേഷ്യത്തിലാക്കുന്നു. എനിക്ക് അല്പംപോലും ക്ഷമയില്ല. കര്‍ക്കശമായി അവളോടു പെരുമാറുന്നു. നിങ്ങള്‍ എഴുതിയ 'എനിക്കായ്' എന്ന പുസ്തകം വായിച്ചതിനുശേഷം എനിക്ക് ഒരുപാട് മനം മാറ്റം ഉണ്ടായി. ഇനി എന്റെ മകളെ നന്നായി നോക്കണം.''
മനസ്സുനിറഞ്ഞാണ് ഈ വാക്കുകള്‍ ഞാന്‍ ഫോണിലൂടെ ശ്രവിച്ചത്. എന്റെയും മകളുടെയും ജീവിതം  ഒരാളിലെങ്കിലും മാറ്റമുണ്ടാക്കിയെങ്കില്‍ അതില്‍പ്പരം സന്തോഷം വേറേ എന്താണ്? എല്ലാം ഈശ്വരനിശ്ചയം  എന്നല്ലാതെ എന്താണു  പറയേണ്ടത്?
പ്രശസ്ത സാഹിത്യകാരനായ സി. രാധാകൃഷ്ണന്‍സാര്‍ ഈ പുസ്തകം വായിച്ചുനല്‍കിയ അഭിപ്രായം എനിക്കു വളരെ സന്തോഷം നല്‍കി. അമൃതോളം മൂല്യമുള്ള ഔഷധക്കൂട്ടാണ് ഈ കൃതിയെന്ന് എഴുതിത്തുടങ്ങിയ അദ്ദേഹം എന്നെ വിശേഷിപ്പിച്ചത് ദേശീയമാതാവ് എന്നാണ്. 'എനിക്കായ്' എന്ന പുസ്തകം ഒരു അക്ഷരാമൃതംതന്നെയാണെന്ന് അദ്ദേഹം എഴുതി.
ഇതു വെറുമൊരു പുസ്തകമല്ല, മാതൃത്വത്തിന്റെ മഹാഭാരതമാണ് എന്നാണ് കിളിരൂര്‍ രാധാകൃഷ്ണന്‍ എന്ന സാഹിത്യകാരന്‍ 'എനിക്കായ്' എന്ന കൃതിയെക്കുറിച്ച് എഴുതിവച്ചത്. 
ലോകപ്രശസ്ത മജീഷ്യന്‍ ആയിരുന്ന, ഇപ്പോള്‍ ഭിന്നശേഷി കുട്ടികളുടെ ഡിഫെറന്റ് ആര്‍ട്ട് സെന്ററിന്റെ എല്ലാമെല്ലാമായ ഗോപിനാഥ് മുതുകാട് സാര്‍ ഈ പുസ്തകം വായിച്ചുനല്‍കിയ വാക്കുകള്‍ എനിക്കു വിശ്വസിക്കാനായില്ല. സുലളിതമായ ഭാഷയില്‍ ഒട്ടും സാഹിത്യം കലര്‍ത്താതെ വളരെ പോസിറ്റീവായി എഴുതി അവസാനിപ്പിച്ചിരിക്കുന്ന ഈ അനുഭവക്കുറിപ്പ് ഒരു മിനിറ്റുപോലും മുഷിയാതെ ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ത്തുവെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ മനസ്സ് നിറഞ്ഞുപോയി, കണ്ണു നിറഞ്ഞൊഴുകി. 
രണ്ടുമാസംകൊണ്ട് രണ്ടായിരം കോപ്പി വിറ്റഴിഞ്ഞു. ഇപ്പോള്‍ രണ്ടാമത്തെ എഡിഷനും തീര്‍ന്നുകൊണ്ടിരിക്കുന്നു. മൂന്നാമത്തെ എഡിഷന്‍ ഡിഫ്രന്റ് ആര്‍ട്ട് സെന്ററിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിലും ചെലവിലുമായിരിക്കുമെന്ന് ഗോപിനാഥ് മുതുകാട് സാര്‍ നേരിട്ടു പറഞ്ഞപ്പോള്‍ അതൊരു വിസ്മയമായിത്തോന്നി.
അതുപോലെതന്നെ, എനിക്കു മനസ്സില്‍ത്തൊട്ട വാക്കുകളായിരുന്നു ദീപനാളം ചീഫ് എഡിറ്ററും ഡയറക്ടറുമായ ഫാദര്‍ കുര്യന്‍ തടത്തിലിന്റേത്: ''മനസ്സാക്ഷിയുള്ള ആരെയും പൊള്ളിക്കുന്നതാണ് എനിക്കായ് എന്ന ഈ പുസ്തകം. ഇതൊരു ആത്മസ്പര്‍ശമാണ്. ഈ അനുഭവങ്ങള്‍ വളരെ അപൂര്‍വമായി ദൈവമൊരുക്കുന്ന വിശുദ്ധീകരണത്തിന്റെ പടവുകളായിട്ടാണ് നോക്കിക്കാണേണ്ടത്. സഹനത്തിന്റെ പൂര്‍ണതയില്‍ ഉണ്ടാകുന്ന ആനന്ദലഹരി എന്താണെന്ന് ലോകത്തെ പ്രബോധിപ്പിക്കന്നതിന് ഒരുപക്ഷേ, ദൈവം ഒരുക്കിയ പുണ്യജന്മങ്ങളാണ് ഗൗരിയും ഗൗരിയുടെ അമ്മ ആശയും എന്നു ഞാന്‍ കരുതുന്നു.'' അദ്ദേഹം ഇതു പറയുമ്പോള്‍ ഒരിക്കല്‍ക്കൂടി, എനിക്കായ് എന്ന പുസ്തകത്തിന്റെ മൂല്യം എന്താണെന്ന് ഈശ്വരന്‍ മനസ്സിലാക്കിത്തരികയായിരുന്നു.
അങ്ങനെ ഈ പുസ്തകം വായിച്ച ഓരോരുത്തരും വിളിച്ചു തങ്ങളുടെ വായനാനുഭവം പങ്കിട്ടപ്പോള്‍ അക്ഷരാര്‍ഥത്തില്‍ സഹനത്തിന്റെ പൂര്‍ണതയിലെ ആനന്ദം അനുഭവിക്കുകയാണ് ഈ അമ്മ. ദൈവാനുഗ്രഹത്താല്‍ ഈ പുസ്തകം ഒരുപാടു പേരുടെ കൈകളില്‍ എത്തട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് 
സസ്‌നേഹം
ഗൗരിയുടെ അമ്മ 
ആശാ പ്രദീപ്

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)