ദന്തവിദഗ്ധന്റെ ഡയറിക്കുറിപ്പുകള്‍ 8
കോട്ടയം മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തിരുന്ന സമയം. അവിടുത്തെ മാക്‌സില്ലോ ഫേഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഓരോ ദിവസവും ആരംഭിക്കുന്നത് എട്ടുമണിയുടെ ''വാര്‍ഡ് റൗണ്ട്‌സോ''ടെയാണ്. ഒരു രോഗിയുടെ അടുത്തെത്തിയപ്പോള്‍ പി.ജി. വിദ്യാര്‍ഥി പറഞ്ഞു:
''ഇന്നലെ അഡ്മിറ്റ് ചെയ്ത രോഗിയാണ്. പേര് വിജയന്‍.''
രോഗിയുടെ മുഖത്തേക്കു ഞാന്‍ നോക്കി. ആള്‍ വളരെ ക്ഷീണിതനാണ്. ഗ്ലൂക്കോസ് ഡ്രിപ് കൈയിലെ ഞരമ്പില്‍കൂടി പോകുന്നുണ്ട്. രക്തം വരാതിരിക്കാന്‍ മരുന്നു മുക്കിയ പഞ്ഞി വായില്‍ കടിച്ചുപിടിച്ചിരിക്കുന്നു.
''എത്ര ദിവസമായി പല്ലെടുത്തിട്ട്?''
''രണ്ടു ദിവസമായി.''
''വേറെ എന്തെങ്കിലും അസുഖമുള്ള ആളാണോ? ഉദാഹരണത്തിന് പ്രമേഹമോ പ്രഷറോ മറ്റോ?''
വിജയനും ഭാര്യയും മുഖത്തോടു മുഖം നോക്കിയതല്ലാതെ ആരും ഒന്നും മിണ്ടിയില്ല.
''എന്താ ഒന്നും മിണ്ടാത്തത്?'' ഞാന്‍ ചോദിച്ചു.
അതിനു മറുപടിയില്ല. എന്തോ പന്തികേടുണ്ടെന്ന് ഞങ്ങള്‍ക്കു മനസ്സിലായി. പി.ജി. വിദ്യാര്‍ഥി പറഞ്ഞു:
''സാറേ, വിജയന്റെ ക്ലോട്ടിങ് ടൈം (രക്തം കട്ടപിടിക്കാനുള്ള സമയം) വളരെ കൂടുതലാണ്.''
ക്ലോട്ടിങ് ടൈം കൂടാനുള്ള കാരണങ്ങളെക്കുറിച്ചാണ് ഞാന്‍ അപ്പോള്‍ ആലോചിച്ചത്.
''എന്തെങ്കിലും മരുന്നു കഴിക്കുന്നുണ്ടോ? ഉദാഹരണത്തിന് ആസ്പിരിന്‍പോലുള്ള ഗുളികകള്‍?''
''ഇല്ല.''
''നിങ്ങള്‍ മദ്യപിക്കാറുണ്ടോ?'' ഞാന്‍ ചോദിച്ചു.
''ഉണ്ട്.''
''എത്രനാളായി തുടങ്ങിയിട്ട്?''
തുടര്‍ന്ന് ഭാര്യയാണ് മറുപടി പറഞ്ഞത്. അവര്‍ക്ക് അപ്പോഴേക്കും കുറച്ചു ധൈര്യം ലഭിച്ചു എന്നു തോന്നുന്നു.
''സാറേ, ചെറുപ്പം മുതലേ തുടങ്ങിയ കുടിയാണ്. ദിവസം മൂന്നും നാലും തവണ കുടിക്കും. രണ്ടു വര്‍ഷംമുമ്പ് ഒരു തവണ രക്തം ഛര്‍ദ്ദിച്ചിരുന്നു. അന്ന് ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ കരളിനു തകരാറുണ്ടെന്നു കണ്ടുപിടിച്ചു. മേലാല്‍ കുടിക്കരുതെന്നു പറഞ്ഞുവിട്ടതാണ്. കുറച്ചു ദിവസത്തേക്ക് മാറ്റമുണ്ടായിരുന്നു. പിന്നെയും പഴയ പടിയായി.''
''ലിവര്‍ സീറോസിസ് എന്ന അസുഖമാണെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നോ?''
''ഡോക്ടര്‍ എന്തൊക്കെയോ പറഞ്ഞു, എനിക്കൊന്നും മനസ്സിലായില്ല.''
''അമിതമായി മദ്യപിക്കുന്നവര്‍ക്കുണ്ടാകുന്ന അസുഖമാണ് ലിവര്‍ സിറോസിസ്. അപൂര്‍വമായി മദ്യപിക്കാത്തവര്‍ക്കും ഈ അസുഖം ഉണ്ടാകാം. ഈ അസുഖത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് രക്തം ഛര്‍ദ്ദിക്കലും, അതോടൊപ്പം മുറിവുണ്ടായാല്‍ രക്തം നിലയ്ക്കാതെ വരുന്നതും.''
''പല്ലെടുത്ത ഡോക്ടറോട് മുമ്പ് രക്തം ഛര്‍ദ്ദിച്ച കാര്യം പറഞ്ഞിരുന്നോ?''
''ഇല്ല.''
''എന്താണു പറയാതിരുന്നത്?''
''പറയണമെന്ന് എനിക്കറിയില്ലായിരുന്നു. ഡോക്ടര്‍ എന്നോടു ചോദിച്ചതുമില്ല.''
''ചോദിച്ചില്ലെങ്കിലും ഇത്ര പ്രധാനപ്പെട്ട കാര്യം ഡോക്ടറോടു പറയേണ്ടതായിരുന്നു. എന്തായാലും, ഉദരരോഗവിഭാഗത്തിലെ ഡോക്ടര്‍മാരും പരിശോധിക്കേണ്ടിവരും. സ്‌കാനിങ്ങും മറ്റും വേണ്ടിവന്നേക്കാം. ഇന്നുതന്നെ റഫറന്‍സ് വിടാം. എന്താ സമ്മതമാണോ?''
വിജയനും ഭാര്യയും സമ്മതമാണെന്ന രീതിയില്‍ തലയാട്ടി.
''ബ്ലഡ് ഗ്രൂപ്പിങ്ങും ക്രോസ് മാച്ചിങ്ങും ഉടന്‍ ചെയ്യണം. രക്തം കൊടുക്കേണ്ടിവന്നേക്കാം. തയ്യാറായിരിക്കുക.'' പി.ജി. വിദ്യാര്‍ഥിയോടായി ഞാന്‍ പറഞ്ഞു.
ഞങ്ങള്‍ വീണ്ടും റൗണ്ട്‌സ് തുടര്‍ന്നു. രണ്ടോ മൂന്നോ രോഗികള്‍ കഴിഞ്ഞുകാണും, അപ്പോഴേക്കും വിജയന്‍ കിടന്നിരുന്ന കട്ടിലില്‍നിന്നും ഒരു വലിയ ശബ്ദംകേട്ടു. നോക്കിയപ്പോള്‍ ഫിറ്റ്‌സ് ഉണ്ടാകുന്നതുപോലെയുള്ള ചേഷ്ടകള്‍ അയാള്‍ കാണിക്കുന്നതു കണ്ടു. ഉടന്‍തന്നെ ഞങ്ങള്‍ വിജയന്റെ അടുത്തേക്ക് ഓടിച്ചെന്നു. കട്ടിലില്‍നിന്നു താഴെ വീഴാതിരിക്കാന്‍ ഞങ്ങള്‍ ബലമായി അദ്ദേഹത്തെ പിടിച്ചു. ചേഷ്ടകള്‍ കഷ്ടിച്ചു രണ്ടുമിനിറ്റു നീണ്ടുനിന്നു കാണും. ഫിറ്റ്‌സിനുള്ള ഇന്‍ജെക്ഷന്‍ കൊടുക്കാനായി നേഴ്‌സ് വന്നപ്പോഴേക്കും ഫിറ്റ്‌സ് ശമിച്ചു. വിജയന്‍ മയക്കത്തിലായി. എപിലെപ്‌സി ബാധിച്ച രോഗികള്‍ക്ക് ഫിറ്റ്‌സ് ഉണ്ടാകുന്നതു ഞങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, ആദ്യമായാണ് കരള്‍രോഗികള്‍ക്ക് ഇതുണ്ടാകുന്നതു കാണുന്നത്. കരളിനു സിറോസിസ് ബാധിച്ചിട്ടുണ്ടെന്നുള്ള സംശയം ബലപ്പെട്ടു. ഉടന്‍തന്നെ വിജയനെ അടിയന്തരവിഭാഗത്തിലേക്കു മാറ്റി. അവിടെ ചെന്നപ്പോഴേക്കും ബോധം പൂര്‍ണമായി നശിച്ചിരുന്നു. സിറോസിസ് ബാധിച്ചവര്‍ക്കുണ്ടാകുന്ന സങ്കീര്‍ണതയിലേക്ക് രോഗി വഴുതിയെന്നു മെഡിക്കല്‍ വിഭാഗം അഭിപ്രായപ്പെട്ടു. അതായത് 'ഹെപ്പാറ്റിക് കോമ.' ജീവന്‍ നിലനിര്‍ത്താന്‍ ഇനി കാര്യമായി ഒന്നുംതന്നെ ചെയ്യാനില്ല എന്നവര്‍ ഞങ്ങളെ അറിയിച്ചു.
അന്നു വൈകുന്നേരം വിജയന്റെ പല്ലെടുത്ത ഡോക്ടര്‍ എന്നെ ഫോണില്‍ ബന്ധപ്പെട്ടു.
''സാറേ, ഞാന്‍ കഴിഞ്ഞദിവസം പല്ലെടുത്ത ഒരു പേഷ്യന്റ് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നു കേട്ടു. നേരാണോ?''
''എന്താണു കേസ്? രോഗിയുടെ പേരെന്താണ്?''
''വിജയന്‍ എന്നാണു പേര്. ഞാന്‍ ഒരു പല്ല് എടുത്തിരുന്നു. പിന്നീട് ബ്ലീഡിങ് ആയിട്ട് പിറ്റേദിവസം എന്നെ വന്നു കണ്ടിരുന്നു. സ്റ്റിച്ച് ഇട്ടിട്ട് രക്തം നിന്നില്ല. അതുകൊണ്ടാണ് ഞാന്‍ അങ്ങോട്ടു രോഗിയെ റെഫര്‍ ചെയ്തത്. ഒരു റെഫറന്‍സ് ലെറ്ററും കൊടുത്തിരുന്നു.''
''ഇപ്പോള്‍ കേസെനിക്കു മനസ്സിലായി.'' ഞാന്‍ പറഞ്ഞു.
''സാര്‍, വിജയന് ഇപ്പോള്‍ എങ്ങനെയുണ്ട്?''
''അല്പം പ്രശ്‌നമാണ്.''
''എന്താണു കാര്യം?''
ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
''സാര്‍, ദയവായി എന്നെ സഹായിക്കണം. എന്റെ ചികിത്സയെ കുറ്റപ്പെടുത്തി ദയവായി ഒന്നും അവരോടു പറയരുത്. രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വീട്ടുകാര്‍ പ്രശ്‌നമുണ്ടാക്കും.'' അദ്ദേഹത്തിന്റെ സ്വരത്തില്‍ കൂടുതല്‍ ആശങ്ക പ്രതിഫലിച്ചിരുന്നതായി ഞാന്‍ ശ്രദ്ധിച്ചു.
പിറ്റേദിവസം, ഞാന്‍ രോഗിയെ ഐസിയുവില്‍ പോയിക്കണ്ടു. ഗുരുതരാവസ്ഥ അപ്പോഴും തുടരുകയാണെന്നു മനസ്സിലായി. തുടര്‍ന്നു ചികിത്സിക്കുന്ന ഡോക്ടറുമായി അല്പനേരം സംസാരിച്ചു. അദ്ദേഹം ഉപസംഹരിച്ചത് ഇങ്ങനെയാണ്:
''വലിയ പ്രതീക്ഷയൊന്നും വേണ്ട, ഏറിയാല്‍ രണ്ടോ മൂന്നോ ദിവസം. അറിയിക്കേണ്ടവരെ അറിയിക്കാന്‍ ഞങ്ങള്‍ ബന്ധുക്കളോടു പറഞ്ഞിട്ടുണ്ട്. പറ്റുമെങ്കില്‍ ഡോക്ടറും അവരോടൊന്നു സംസാരിക്കുന്നതു നല്ലതായിരിക്കും.''
''തീര്‍ച്ചയായും.''
ഐ.സി.യു.വിനു പുറത്തിറങ്ങി ഞാന്‍ അല്പം സ്വരം ഉയര്‍ത്തി ചോദിച്ചു:
''വിജയന്റെ കൂടെയുള്ളത് ആരാണ്?''
അല്പം മാറി ഒരു കസേരയില്‍ ഇരുന്ന ഒരാള്‍ എണീറ്റു വന്നു.
''നിങ്ങള്‍ ആരാണ്?''
്യൂ''ഞാന്‍ വിജയന്റെ ഭാര്യയുടെ സഹോദരനാണ്.''
അയാളോടു വിജയന്റെ വീട്ടിലെ കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി. എന്നിട്ടു പറഞ്ഞു:
''പെങ്ങളോടു കൂടുതലായി ഭയപ്പെടുത്തുന്ന രീതിയില്‍ ഇപ്പോള്‍ ഒന്നും പറയേണ്ട. വിജയന്റെ അവസ്ഥ ഇപ്പോള്‍ വളരെ ഗുരുതരമാണ്. ഇവിടെ ലഭിക്കാവുന്ന ഏറ്റവും നല്ല ചികിത്സ നല്‍കുന്നുണ്ട്. മരുന്നിനോട് രോഗി പ്രതികരിക്കുന്നില്ല. അതിനാല്‍, എപ്പോള്‍ എന്തുവേണമെങ്കിലും സംഭവിക്കാം. ഒരുങ്ങിയിരിക്കുക.''
അയാളുടെ അടുത്ത ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്:
''രക്തം നിലയ്ക്കാതെ വരാനുള്ള കാരണം പല്ലെടുത്തതിന്റെ തകരാറാണോ?''
''ആണെന്നു തോന്നുന്നില്ല. കരളിന്റെ രോഗം മൂര്‍ച്ഛിച്ചവര്‍ക്കു ദേഹത്തില്‍ മുറിവുണ്ടായാല്‍ രക്തം നിലയ്ക്കാതെ വരും. മിക്കവാറും കരള്‍രോഗത്തിന്റെ വിവരം വിജയന്‍ ഡോക്ടറോടു പറഞ്ഞു കാണുകയില്ല.''
ഡോക്ടറുമായി സംസാരിച്ച കാര്യമൊന്നും ഞാന്‍ അയാളോടു പറഞ്ഞില്ല. അതു കൂടുതല്‍ സംശയത്തിനു കാരണമാകുമെന്ന് എനിക്കു തോന്നി. എന്റെ അഭിപ്രായം അദ്ദേഹത്തിനു സ്വീകാര്യമായെന്ന് എനിക്കു മനസ്സിലായി. കാരണം, കൂടുതലായി അദ്ദേഹം എന്നോടൊന്നും ചോദിച്ചില്ല.
ഡ്യൂട്ടിയിലുള്ള പി.ജി. വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ അദ്ദേഹത്തിനു നല്‍കിക്കൊണ്ടു ഞാന്‍ പറഞ്ഞു:
''എന്തെങ്കിലും അത്യാവശ്യമുണ്ടായാല്‍ വിളിക്കാന്‍ മടിക്കേണ്ട.''
പിറ്റേദിവസം ഉച്ചകഴിഞ്ഞ് ഡ്യൂട്ടി തീര്‍ന്നു വീട്ടിലേക്കു മടങ്ങാന്‍ ഒരുങ്ങുന്ന സമയത്ത് വിജയന്‍ മരിച്ചുവെന്ന് ഡ്യൂട്ടി ഡോക്ടര്‍ എന്നെ വിളിച്ചറിയിച്ചു.
* * *
പല്ലെടുത്തു കഴിഞ്ഞാല്‍ ആദ്യത്തെ 24 മണിക്കൂര്‍ നേരത്തേക്ക് അല്പം രക്തംവരുന്നത് സാധാരണമാണ്. അതുകഴിഞ്ഞാല്‍ തനിയെ നില്ക്കും. സ്റ്റിച്ച് ഇട്ടുകഴിഞ്ഞാല്‍ രക്തംവരുന്നത് കുറഞ്ഞിരിക്കും. എന്നാല്‍, രോഗിക്ക് വേറെ എന്തെങ്കിലും ശാരീരികാസുഖങ്ങള്‍ ഉണ്ടെങ്കില്‍ തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടായേക്കാം. ഇതിന്റെ കാരണങ്ങള്‍ നിരവധിയാണ്.
ഉദാഹരണത്തിന്, ക്രമാതീതമായി രക്തസമ്മര്‍ദ്ദമുള്ളവര്‍, കരളിന്റെ രോഗമുള്ളവര്‍, രക്തം കട്ടപിടിക്കുന്നതു തടയുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ (ആസ്പിരിന്‍, ക്ലോപിഡ്രോഗല്‍, ഡിണ്ടിവാന്‍ മുതലായവ), ജന്മനാ അസുഖമുള്ളവര്‍, രക്തത്തിലുള്ള അണുക്കളുടെ കുറവ് എന്നിവ രക്തസ്രാവത്തിനു കാരണമാവാം. ദന്തചികിത്സയ്ക്കായി വരുന്ന രോഗികള്‍ക്ക് ഇവയില്‍ ഏതെങ്കിലും അസുഖം ഉണ്ടോ എന്നു സാധാരണ ഡോക്ടര്‍ ചോദിച്ചു മനസ്സിലാക്കും. എന്നാല്‍, പലപ്പോഴും രോഗി പല കാര്യങ്ങളും മറച്ചുവയ്ക്കും. പല ആവൃത്തി ചോദിച്ചാല്‍പോലും പറയുകയില്ല. 'ഞാന്‍ പല്ലെടുക്കാന്‍ വന്നതല്ലേ, പിന്നെയെന്തിന് ഇവയെല്ലാം ഡോക്ടറോടു പറയണം' എന്ന മനോഭാവമാണു രോഗികള്‍ക്ക്.
നമ്മുടെ ദേഹത്ത് ഒരു മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കുന്നത് രക്തത്തിലെ 12 ഘടകങ്ങളുടെ പ്രവര്‍ത്തനംമൂലമാണ്. ഇതിലെ ഓരോ ഘടകവും രക്തം കട്ടപിടിക്കുന്ന പ്രക്രിയയില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നു. ഇതില്‍ ഏതെങ്കിലും ഘടകത്തിന്റെ അഭാവമുണ്ടെങ്കില്‍ രക്തം കട്ടപിടിക്കുന്നതിനു താമസം നേരിടും. മനുഷ്യന്റെ കരളിലാണ് പല ഘടകങ്ങളും നിര്‍മിക്കപ്പെടുന്നത്. അതിനാല്‍, സിറോസിസ് രോഗം മൂര്‍ച്ഛിച്ചവര്‍ക്കു രക്തം കട്ടപിടിക്കുകയില്ല. അതുകൊണ്ടാണ്, വിജയന് പല്ലെടുത്തതിനുശേഷം രക്തസ്രാവം ഉണ്ടായത്.