•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ജീവന്‍ തുലാസില്‍

വിറയ്ക്കുന്ന അധരങ്ങളോടെ അശ്രുധാര ഒഴുക്കിക്കൊണ്ടാണ് അമേരിക്കയിലെ ബഞ്ചമിന്‍ ഓവന്റെ പിതാവ് ടെലഗ്രാമിലെ വാചകങ്ങള്‍ ഒരുവിധം വായിച്ചുതീര്‍ത്തത്. അതിങ്ങനെയായിരുന്നു:
''യുദ്ധമുന്നണിയിലെ ഏഴാം റെജിമെന്റില്‍പ്പെട്ട ബെഞ്ചമിന്‍ ഓവന്‍ രാത്രിയില്‍ പാറാവു നിന്നിരുന്ന സ്ഥലത്ത് അശ്രദ്ധനായി കിടന്നുറങ്ങുന്നതു കണ്ടുവെന്നുള്ള പരിശോധനാമേധാവിയുടെ റിപ്പോര്‍ട്ടിന്മേല്‍ മേലധികാരികള്‍ അന്വേഷണം നടത്തി സത്യാവസ്ഥ ബോധ്യപ്പെടുകയും അപരാധി കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുള്ളതാണ്. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നാമെങ്കിലും ആ സ്ഥലത്തിന്റെയും സന്ദര്‍ഭത്തിന്റെയും ഗൗരവം കണക്കിലെടുക്കുമ്പോള്‍ കാര്യം അത്യന്തം ഗുരുതരമാണ്. കാവല്‍ക്കാരന്റെ അശ്രദ്ധ അനേകം ആളുകളുടെ ജീവഹാനിക്കും നാശനഷ്ടങ്ങള്‍ക്കും ഇടവരുത്തുമായിരുന്നു എന്നുള്ള റിപ്പോര്‍ട്ടിന്റെ ഗൗരവം കണക്കിലെടുത്തു പട്ടാളക്കോടതി ബഞ്ചമിന്‍ ഓവന് മരണശിക്ഷയാണു നല്‍കിയിരിക്കുന്നത്. അടുത്ത തിങ്കളാഴ്ച രാവിലെ ഏഴരമണിക്കു ശിക്ഷ നടപ്പില്‍ വരുത്തുന്നതായിരിക്കും.''
തൊണ്ടയിടറിക്കൊണ്ട് ആ പിതാവ് പിറുപിറുത്തു: ''ഞാന്‍ എന്റെ മകനെ സൈന്യത്തിനു നല്‍കിയപ്പോള്‍ വിചാരിച്ചതു രാജ്യരക്ഷയ്ക്കുവേണ്ടി ഞാന്‍ എനിക്കുള്ളതെല്ലാം നല്‍കി രാജ്യത്തോടുള്ള കടപ്പാടു പൂര്‍ത്തിയാക്കിയെന്നായിരുന്നു. പക്ഷേ, എന്റെ മകന്‍ ഒരിക്കലും കര്‍ത്തവ്യവിമുഖനാകാന്‍ വഴിയില്ല. ഒന്നുകില്‍ അവന്‍ ക്രമംവിട്ടു മദ്യം കഴിച്ചിരിക്കാം. അഥവാ അധ്വാനഭാരംകൊണ്ടു കാലു കുഴഞ്ഞു തറയില്‍ വീണുറങ്ങിയിരിക്കാം. എന്തിനു ഞാന്‍ അവനെ പഴിക്കുന്നു. എന്റെ തലയിലെഴുത്ത് എന്നല്ലാതെ എന്തു പറയാനാണ്! ആയിരക്കണക്കിനല്ല, ലക്ഷക്കണക്കിനു പട്ടാളക്കാരില്‍ എന്റെ മകന്‍മാത്രം കര്‍ത്തവ്യബോധമില്ലാത്തവനെന്ന പേരില്‍ മരണശിക്ഷയ്ക്കു വിധേയനായിരിക്കുന്നു.''
ബഞ്ചമിന്റെ ചെറിയ സഹോദരി ബ്ലോസം അന്നത്തെ മെയിലില്‍ വന്ന കത്തുകള്‍ തിരയുകയായിരുന്നു. വടിവൊത്ത കൈയക്ഷരം കണ്ടപ്പോള്‍ അവള്‍ക്കു മനസ്സിലായി, അതു തന്റെ പ്രിയപ്പെട്ട ചേട്ടന്റെ കത്താണെന്ന്. അവള്‍ കത്തുമായി പിതാവിന്റെ അടുത്തേക്കോടി.
കത്തിലെ വാചകങ്ങള്‍ ഇതായിരുന്നു: പ്രിയപ്പെട്ട പപ്പാ! കാവല്‍നില്‍ക്കുന്ന സമയത്തു ഞാന്‍ ഉറങ്ങിയെന്ന അപരാധത്തിനു പട്ടാളക്കോടതി എനിക്കു മരണശിക്ഷ വിധിച്ചിരിക്കുന്നു. പണ്ടെല്ലാം മരണശിക്ഷ എന്നു കേള്‍ക്കുമ്പോള്‍ എനിക്കു ഭയമായിരുന്നു. ഇവിടെ വന്നതിനുശേഷം ആ ഭയമെല്ലാം നീങ്ങിക്കിട്ടി. എന്റെ കൂട്ടുകാരില്‍നിന്നു ഞാന്‍ മനസ്സിലാക്കിയത്, ശിക്ഷ നടപ്പാക്കുമ്പോള്‍ എന്റെ കൈകള്‍ ബന്ധിക്കുകയോ കണ്ണുകള്‍ കെട്ടുകയോ ചെയ്യുകയില്ലെന്നാണ്. ഒരു വീരപുരുഷനെപ്പോലെ ഞാന്‍ മരണം വരിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.
പ്രിയ പപ്പാ! ശത്രുക്കളോടുപോരാടി യുദ്ധഭൂമിയില്‍ വീരമരണം വരിക്കണമെന്നാണ് ഞാനാഗ്രഹിച്ചിരുന്നത്. ആഗ്രഹങ്ങളെല്ലാം നിറവേറാനുള്ളതല്ല എന്നറിയാം. എന്നിരുന്നാലും ശത്രുക്കളുടെ വെടിയുണ്ടകൊണ്ടല്ല, സ്വന്തം സഹോദരന്മാരുടെ വെടിയുണ്ടകൊണ്ടാണ് എന്റെ മരണം എന്നോര്‍ക്കുമ്പോള്‍ അടക്കാനാവാത്ത മനപ്രയാസമുണ്ട്.
തന്റെ അവിവേകത്താല്‍ പിതാവിന്റെ സല്‍പ്പേരിനു കളങ്കം ചാര്‍ത്തി പിതാവിനെ കണ്ണുനീര്‍ കുടിപ്പിക്കുന്ന പുത്രന് ഇഹത്തിലും പരത്തിലും രക്ഷയില്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അതുകൊണ്ട് പപ്പായുടെ സമാധാനത്തിനുവേണ്ടി മാത്രം ഞാന്‍ ഈ സംഗതിയുടെ സത്യാവസ്ഥ ദൈവത്തെ സാക്ഷിനിര്‍ത്തി അറിയിക്കുകയാണ്. ഒരപേക്ഷകൂടിയുണ്ട്. എന്റെ മരണത്തിനുശേഷമേ ഈ സത്യാവസ്ഥ പരസ്യമാക്കാവൂ. അതുവരെ പപ്പാ ഈ കാര്യം ഹൃദയത്തിന്റെ ഉള്ളില്‍ ഒതുക്കിവയ്ക്കണം.
പപ്പാ ഓര്‍ക്കുന്നുണ്ടാവും, ഞാന്‍ ലീവ് പൂര്‍ത്തിയാക്കി തിരിച്ചുപോരുമ്പോള്‍ എന്റെ റെജിമെന്റിലുള്ള ജമീക്കറിന്റെ വൃദ്ധയായ മാതാവ് നമ്മുടെ വീട്ടില്‍വന്നതും അവരുടെ മകനെ ഞാന്‍ സ്വന്തം അനുജനെപ്പോലെ കരുതി കാത്തുസൂക്ഷിക്കണമെന്നപേക്ഷിച്ചതും. പപ്പായുടെ മുമ്പില്‍വച്ചാണല്ലോ ഞാന്‍ അവരെ സമാധാനിപ്പിച്ച് ഉറപ്പുനല്‍കി തിരിച്ചയച്ചത്. ജമീക്കര്‍ ഇവിടെ രോഗിയായിക്കിടന്നപ്പോള്‍ എനിക്കാവുന്ന വിധത്തിലെല്ലാം  ഞാനവനെ സഹായിച്ചു, ശുശ്രൂഷിച്ചു. അവന്റെ അസുഖം ഒരുവിധം മാറിയെങ്കിലും ഇപ്പോഴത്തെ അടിയന്തരാവസ്ഥയനുസരിച്ച് ആരോഗ്യം പൂര്‍ണമാകുന്നതിനുമുമ്പുതന്നെ അവനു ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ടിവന്നു.
കാവല്‍നില്‍ക്കുന്ന സമയത്ത് ഞാന്‍ ഉറങ്ങിപ്പോയെന്നു പറഞ്ഞില്ലേ? ആ രാത്രിയുടെ തലേന്നാള്‍ യാത്ര ചെയ്യുന്ന സമയത്തു ഞാനാണ് ജമീക്കറിന്റെ സാധനങ്ങളുടെ ചുമടുകൂടി വഹിച്ചുകൊണ്ടുനടന്നത്. നടക്കാന്‍തന്നെ വിഷമിക്കുന്ന ജമീക്കറിനെങ്ങനെ ഭാരമേറിയ ചുമടുകൂടി വഹിക്കാന്‍ കഴിയും? സന്ധ്യയോടടുത്തപ്പോള്‍ ഞങ്ങളുടെ നടത്തത്തിന്റെ വേഗം വര്‍ദ്ധിപ്പിക്കാനുള്ള കോഷന്‍ കിട്ടി. അതു കൂനിന്മേല്‍ കുരുവായിത്തീര്‍ന്നു. ജമീക്കര്‍ തളര്‍ന്നു താഴെ വീഴാതിരിക്കാന്‍ പലപ്പോഴും എനിക്കവനെ താങ്ങേണ്ടതായും വന്നു. താവളത്തിലെത്തുമ്പോള്‍ ഞങ്ങളെല്ലാവരും തളര്‍ന്നു പരവശരായിരുന്നു. അന്നു രാത്രിയില്‍ പാറാവു നില്‍ക്കേണ്ട ഡ്യൂട്ടി ജമീക്കറിന്റെയായിരുന്നു. എഴുന്നേറ്റുനില്‍ക്കാന്‍പോലും വിഷമിക്കുന്ന ജമീക്കര്‍ എങ്ങനെയാണ് രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് പാറാവു നില്‍ക്കുക? ജമേദാര്‍സാറിനെ ഞാന്‍ ഈ വിവരം ധരിപ്പിച്ചപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടു പറഞ്ഞു: ''മറ്റുള്ളവര്‍ക്കുവേണ്ടി വക്കാലത്തു പിടിക്കുന്നതു പട്ടാളച്ചിട്ടയ്‌ക്കെതിരാണെന്നോര്‍ക്കണം. നിനക്കിത്ര വലിയ അനുകമ്പയുണ്ടെങ്കില്‍ ജമീക്കറിന്റെ ഇന്നത്തെ പാറാവുഡ്യൂട്ടി നീ ഏറ്റെടുക്കുക.'' അങ്ങനെ എനിക്ക് അന്നത്തെ പാറാവ് ഏറ്റെടുക്കേണ്ടിവന്നു.
ഞാന്‍ വല്ലാതെ തളര്‍ന്നിരുന്നു. രണ്ടുമണിക്കൂര്‍ സമയം ഒരുവിധം തോക്കു കുത്തിപ്പിടിച്ചു ചുമരു ചാരിനിന്നു ശ്രദ്ധയോടെ ഡ്യൂട്ടി നിര്‍വഹിച്ചു. എപ്പോഴാണ് എന്റെ കണ്ണുകളടഞ്ഞത്? ഞാന്‍ മറിഞ്ഞുവീണുറങ്ങിയത്? എനിക്കോര്‍മയില്ല. പരിശോധനാധികാരിയുടെ ഷൂസിട്ട കാലിന്റെ ചവിട്ടാണ് എന്നെ ഉണര്‍ത്തിയത്. ഞാന്‍ തെറ്റാണു ചെയ്തത്. കുറ്റം ഞാന്‍ ഏറ്റെടുക്കുകയും ചെയ്തു.
മേലധികാരികള്‍ വീട്ടിലേക്കു കത്തെഴുതാന്‍ ഇന്നെനിക്കനുവാദം തന്നു. അവരെല്ലാം സ്‌നേഹമുള്ളവരും നല്ലവരുമാണ്. പപ്പായുടെ മനസ്സില്‍ ഒരിക്കലും അവരോടു വിരോധം തോന്നരുത്. കടമ നിറവേറ്റാന്‍ അവര്‍ കടപ്പെട്ടവരാണല്ലോ. സാധാരണ നിലയില്‍ ഒരാഴ്ച കഴിഞ്ഞാല്‍ മരണശിക്ഷ നടപ്പാക്കും. ജമീക്കര്‍ മൂലമാണ് എനിക്കു മരണശിക്ഷ ലഭിച്ചതെന്ന വിചാരം പപ്പായുടെ മനസ്സിലുണ്ടാകരുത്. ഈ വിവരം അറിഞ്ഞശേഷം ആ പാവം പരിഭ്രാന്തനായിത്തീര്‍ന്നിരിക്കുകയാണ്. അവന്റെ ഈ മനപ്രയാസം അവനെ എവിടെക്കൊണ്ടെത്തിക്കുമെന്നറിഞ്ഞുകൂടാ. മേലധികാരികളില്‍ പലരെയും സമീപിച്ച് അവന്‍ കേണപേക്ഷിച്ചു. എന്റെ മരണശിക്ഷ ഏറ്റെടുക്കാന്‍ അവന്‍ ഒരുക്കമാണെന്ന്. പക്ഷേ...
മമ്മിയെയും ബ്ലോസമിനെയുംപറ്റിയുള്ള ചിന്തയാണ് എന്നെ വല്ലാതെ അലട്ടുന്നത്. പപ്പായ്ക്ക് ഇതു താങ്ങാനാവാത്ത ദുഃഖമാണെങ്കിലും മമ്മിയുടെയും ബ്ലോസമിന്റെയും മുമ്പില്‍ പപ്പാ ഒരിക്കലും തളരരുത്. ഈ ദുഃഖഭാരം പേറുവാന്‍ പപ്പാ പരമാവധി ധീരനായിത്തന്നെ നിലകൊള്ളണം. വീരഗതി വരിക്കുന്ന ഒരു പടയാളിയുടെ ആത്മാഭിമാനത്തോടെയാണ് ഞാനിതെഴുതുന്നത്. ദൈവം എല്ലാം അറിയുന്നവനും അഴലിന്റെ ആഴത്തില്‍നിന്ന് ആശ്രിതരെ കരകേറ്റുന്നവനുമാണെന്നാണല്ലോ നമ്മുടെ വിശ്വാസം. പ്രിയപ്പെട്ട പപ്പാ! എന്നെ അനുഗ്രഹിക്കുക, എനിക്കുവേണ്ടി പ്രാര്‍ഥിക്കുക.
ബഞ്ചമിന്റെ പിതാവ് ഒഴുകുന്ന മിഴിനീര്‍ തുടച്ച് നെടുവീര്‍പ്പോടെ പറഞ്ഞു: ''ദൈവത്തിനു സ്തുതി! എന്റെ മകന്‍ മറ്റൊരാള്‍ക്കുവേണ്ടിയാണ് ഈ കുരിശു വഹിക്കുന്നത്. ദൈവം അവനെയും എന്റെ കുടുംബത്തെയും ഒരു നാളും കൈവെടിയുകയില്ല.''
അന്നു രാത്രി ആരും ആരെപ്പറ്റിയും ചിന്തിച്ചില്ല. തിരക്കിയില്ല. വെച്ചൊരുക്കിയ ഭക്ഷണമെല്ലാം അതതു പാത്രങ്ങളില്‍ തണുത്തു വിറങ്ങലിച്ചിരുന്നു. ദുഃഖവും മൂകതയും അവിടെ കരിനിഴല്‍ വിരിച്ചു. ബ്ലോസം വീട്ടില്‍നിന്നിറങ്ങിപ്പോയതും അടുത്ത റെയില്‍വേസ്റ്റേഷനില്‍നിന്നു ന്യൂയോര്‍ക്കിലേക്കു തീവണ്ടി കയറിയതും ആരുമറിഞ്ഞില്ല. നേരം പ്രഭാതമായപ്പോള്‍ ബ്ലോസമിനെ കണ്ടില്ല. അവളെവിടെപ്പോയി? സഹോദനുവേണ്ടി ഉള്ളുരുകി പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോയതായിരിക്കുമെന്നു വീട്ടുകാര്‍ ആശ്വസിച്ചു.
രണ്ടാംദിവസം രാവിലെ ബ്ലോസം അമേരിക്കയുടെ തലസ്ഥാനമായ ന്യൂയോര്‍ക്കിലുള്ള വൈറ്റ് ഹൗസിലെത്തി. ഏറെ ശ്രമങ്ങള്‍ക്കുശേഷം ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താല്‍ അവള്‍ക്ക് ആ മഹാഭാഗ്യം ലഭിച്ചു. പ്രസിഡണ്ട് അബ്രാഹം ലിങ്കനെ സന്ദര്‍ശിക്കാനുള്ള അസുലഭാനുമതി.
ഏറെ സങ്കോചത്തോടെ അബ്രാഹം ലിങ്കന്റെ മുമ്പില്‍ അവള്‍ നിന്നു. കരുണാര്‍ദ്രദൃഷ്ടിയോടെ ആ ബാലികയോടു ചോദിച്ചു: ''സുന്ദരിയായ കൊച്ചുമകളേ! നീ ഇത്ര രാവിലെ എവിടെനിന്നാണു വരുന്നത്? എന്നെ കാണണമെന്ന് നീ എന്തിനാണാവശ്യപ്പെട്ടത്?''
ബ്ലോസം വിനയാദരങ്ങളോടെ പറഞ്ഞു. ''മഹാനായ അങ്ങയോട് എന്റെ സഹോദരന്‍ ബെഞ്ചമിന്റെ ജീവനുവേണ്ടി യാചിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്.''
''നിന്റെ സഹോദരന്‍ ബെഞ്ചമിന്‍ ആരാണ്? അവന്റെ ജീവന് എന്തു കുഴപ്പമാണു സംഭവിച്ചിരിക്കുന്നത്?'' അദ്ദേഹം ചോദിച്ചു.
''യുദ്ധമുന്നണിയില്‍ പണിയെടുക്കുന്ന ഏഴാം റെജിമെന്റിലെ ഒരു പട്ടാളക്കാരനാണ് എന്റെ സഹോദരനായ ബെഞ്ചമിന്‍ ഓവന്‍. രാത്രി കാവല്‍ നില്‍ക്കുമ്പോള്‍ ഉറങ്ങിപ്പോയതിന്റെ പേരില്‍ എന്റെ സഹോദരനു മരണശിക്ഷ നല്‍കിയിരിക്കുകയാണ്.''
എന്തോ ആലോചിച്ചിട്ടെന്നപോലെ പ്രസിഡണ്ട് പറഞ്ഞു: ''കുട്ടീ! നിനക്കറിഞ്ഞുകൂടാ, നിന്റെ സഹോദരന്റെ അശ്രദ്ധ എന്തെല്ലാം നാശനഷ്ടങ്ങള്‍ വരുത്തിത്തീര്‍ക്കുമായിരുന്നെന്ന്.''
''പൊന്നുതിരുമേനീ, എന്റെ സഹോദരന്‍ ചെയ്തതു തെറ്റുതന്നെയാണ്. സമ്മതിക്കുന്നു. ന്യായപാലകനായ അവിടുന്ന് ആ തെറ്റു സംഭവിക്കാനുള്ള കാരണംകൂടി മനസ്സിലാക്കാന്‍ കരുണ കാണിക്കണമെന്നാണ് എന്റെ അപേക്ഷ. കൂട്ടുകാരനായ ജമീക്കറിനവേണ്ടി തന്റെ സഹോദരന്‍ ഏറ്റെടുത്ത ക്ലേശങ്ങള്‍ ഒന്നൊന്നായി അവള്‍ വിവരിച്ചു.
തന്റെ വാക്കുകളുടെ തെളിവിലേക്ക് സഹോദരന്റെ കത്ത് അവള്‍ പ്രസിഡണ്ടിനെ ഏല്പിച്ചു. അദ്ദേഹം ക്ഷമയോടെ ആ കത്തു വായിച്ചു. നിമിഷങ്ങളോളം ആലോചനയില്‍ മുഴുകിയിരുന്നു. കടലാസിലെന്തോ കുറിച്ച് കോളിങ് ബെല്ലടിച്ചു. സേവകന്‍ പ്രത്യക്ഷപ്പെട്ടു.
''ഈ കുറിമാനം ഇപ്പോള്‍ത്തന്നെ പോകണം.'' പ്രസിഡന്റ് കല്പിച്ചു.
കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ശിലാപ്രതിമപോലെ നില്‍ക്കുന്ന ബ്ലോസമിനോടായി പ്രസിഡന്റ് പറഞ്ഞു: ''കുട്ടീ! നീ ഉടനെ നിന്റെ വീട്ടിലേക്കു പൊയ്‌ക്കോളൂ. നിന്റെ പിതാവിനോടു പറയൂ. അദ്ദേഹത്തിന്റെ മകന്‍ രാജ്യത്തിനുവേണ്ടി ഇനിയും ജീവിക്കണമെന്നാണ് പ്രസിഡന്റ് ആഗ്രഹിക്കുന്നതെന്ന്. നാളെ നിന്റെ സഹോദരന്‍ നിന്റെ വീട്ടില്‍ സുരക്ഷിതനായി എത്തും. അവനു നേരിടേണ്ടിവന്ന മാനസികവിഷമം നീങ്ങിക്കിട്ടാന്‍ അവന്‍ കുറച്ചുകാലം കുടുംബത്തിന്റെ ശീതളച്ഛായയില്‍ ജീവിക്കേണ്ടതാവശ്യമാണ്. അതുകൊണ്ട് രണ്ടു മാസത്തെ അവധിയുമായിട്ടാണ് അവന്‍ വരുന്നത്. നീ അവനെ പാട്ടുപാടി, മധുരപലഹാരങ്ങള്‍ നല്കി സന്തോഷിപ്പിക്കുക.''
ബ്ലോസമിനു തോന്നി താന്‍ വൈറ്റ് ഹൗസിലെ മാര്‍ബിള്‍ കൊട്ടാരത്തിലല്ല, വെള്ളിമേഘങ്ങള്‍ക്കപ്പുറം നീലാകാശത്തിന്റെ പരമസീമയില്‍ പറുദീസയിലാണു നില്‍ക്കുന്നതെന്ന്. തന്റെ മുമ്പില്‍ നില്‍ക്കുന്നയാള്‍ അമേരിക്കയുടെ പ്രസിഡന്റായ അബ്രാഹം ലിങ്കനല്ല, അശരണര്‍ക്ക് ആലംബമായ ക്രിസ്തുദേവനാണെന്ന്!
അവള്‍ എല്ലാം മറന്ന് രാഷ്ട്രത്തലവന്റെ മുമ്പില്‍ നിറമിഴികളോടെ കരങ്ങള്‍ കൂപ്പി. ആ കാലുകള്‍ തൊട്ടു വന്ദിച്ചു. തുടര്‍ന്ന് ആകാശത്തിലേക്കു കൈകളുയര്‍ത്തി അവള്‍ പറഞ്ഞു: ''കാരുണ്യവാനായ കര്‍ത്താവേ! അവിടുത്തെ കരുണയ്ക്ക് ആയിരമായിരം നന്ദി!''
(1940 കളില്‍ ഞാന്‍ തൃശൂര്‍ സെന്റ് തോമസ് ഹെസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അവിടുത്തെ ഹിന്ദി അധ്യാപകനും തികഞ്ഞൊരു സഹൃദയനും ഞാനേറെ ബഹുമാനിച്ചിരുന്ന വ്യക്തിയുമായ ശ്രീ. വി.പി. ജോസഫ് മാസ്റ്റര്‍ മുമ്പ് എന്നോ എഴുതിയ ഒരു സംഭവത്തെ ചില മിനുക്കുപണികളോടെ പാകപ്പെടുത്തിയതാണ് ഈ രചന-സി.എല്‍.ജോസ്.)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)