ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായെക്കുറിച്ച് കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച പുതിയ പുസ്തകത്തെക്കുറിച്ചുള്ള പഠനം.
പതിന്നാലാം ഭാഗം
താപസരുടെ സ്ഥാനം സഭാജീവിതത്തിന്റെ അതിരുകളിലല്ല. താപസജീവിതം സഭയുടെ ഹൃദയമാണ്; അവിടെനിന്നാണ് ധ്യാനാത്മകതയുടെയും ദൈവസ്‌നേഹത്തിന്റെയും ജീവരക്തം സഭാഗാത്രത്തിന്റെ സിരകളിലൂടെ പ്രവഹിക്കുന്നത്.
കൊളോണിലെ വിശുദ്ധ ബ്രൂണോ (1030-1101) യാണ് കര്‍ത്തൂസ്യന്‍ എന്ന മൊണസ്റ്റിക് ഓര്‍ഡറിന്റെ സ്ഥാപകന്‍. ആദ്യത്തെ ഭവനം ഫ്രാന്‍സില്‍, ഗ്രനോബിള്‍ എന്ന നഗരത്തിനു സമീപം ഷാര്‍ത്രോ എന്ന വിജനപ്രദേശത്തുള്ള ഒരു കുന്നിന്‍മുകളിലാണ് ആരംഭിച്ചത്. ഇത് 1084 ല്‍ ആണ്. ആദ്യം ഏഴ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഓരോരുത്തരും ചെറിയ ചെറിയ മുറികള്‍ നിര്‍മിച്ച് അതില്‍ നിശ്ശബ്ദതയിലും ഏകാന്തതയിലും പ്രാര്‍ഥനയില്‍ ചെലവഴിച്ചു. യാമപ്രാര്‍ഥനകള്‍ക്കും കുര്‍ബാനയ്ക്കുംമാത്രമാണ് അവര്‍ ഒന്നിച്ചുവന്നിരുന്നത്. പ്രധാനതിരുനാളുകളില്‍മാത്രമേ ഒന്നിച്ചു ഭക്ഷിച്ചിരുന്നുള്ളൂ. വളരെ കര്‍ശനമായ ഈ നിയമങ്ങള്‍ ബ്രൂണോതന്നെയാണു തയ്യാറാക്കിയത്. ഈ ആദ്യ മൊണാസ്റ്ററി ഗ്രാന്‍ ഷാര്‍ത്രോ എന്നാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന ഉര്‍ബാനൂസ് രണ്ടാമന്‍ മാര്‍പാപ്പായുടെ കല്പനപ്രകാരം ബ്രൂണോ റോമിലെത്തി മാര്‍പാപ്പായുടെ ആലോചനക്കാരനായി ശുശ്രൂഷ ചെയ്തു. വീണ്ടും സന്ന്യാസത്തിലേക്കു പോകാനുള്ള അനുവാദം പാപ്പായില്‍നിന്നു വാങ്ങി തെക്കേ ഇറ്റലിയിലെ കലാബ്രിയ എന്ന ദ്വീപില്‍ ഏതാനും ശിഷ്യന്മാരോടുകൂടി ആദ്യഭവനത്തിലെ നിയമാവലിക്കനുസൃതം ജീവിതം നയിച്ചു. കലാബ്രിയായില്‍ ഈ പ്രദേശം 'സേരാ സാന്‍ ബ്രൂണോ' എന്നറിയപ്പെടുന്നു. ഇവിടെവച്ചാണ് 1101 ഒക്‌ടോബര്‍ 9-ാം തീയതി ബ്രൂണോ നിര്യാതനായത്. മൊണാസ്റ്ററി പരിസരത്തുതന്നെ സംസ്‌കരിക്കപ്പെട്ടു. അദ്ദേഹം സ്ഥാപിച്ച ഈ രണ്ടു ഭവനങ്ങള്‍ക്കുംപുറമേ ഇപ്പോള്‍ യൂറോപ്പിലും അമേരിക്കയിലും മറ്റുമായി ഇരുപത്തിയൊന്ന് ആശ്രമങ്ങളുണ്ട്. കലാബ്രിയായിലെ സേരാ സാന്‍ ബ്രൂണോയിലുള്ള മൊണാസ്റ്ററി 2011 ഒക്‌ടോബര്‍ മാസം 9-ാം തീയതി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ സന്ദര്‍ശിക്കുകയുണ്ടായി. തദവസരത്തില്‍ അദ്ദേഹം നല്കിയ വചനസന്ദേശം കാര്‍ഡിനല്‍ സറാ തന്റെ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. പാപ്പായുടെ സന്ദേശത്തിന്റെ ആശയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
1. അജപാലനശുശ്രൂഷയും ധ്യാനാത്മകജീവിതവും
തന്റെ ഈ സന്ദര്‍ശനംവഴി പത്രോസ്ശ്ലീഹാ ബ്രൂണോയെ കണ്ടുമുട്ടുന്നു എന്നു പറഞ്ഞുകൊണ്ടാണ് ബനഡിക്ട് പിതാവ് പ്രഭാഷണം ആരംഭിച്ചത്. ഇരുവരുടെയും ശുശ്രൂഷകള്‍ തമ്മില്‍ ഒരഗാധബന്ധമുണ്ട്. സഭയുടെ ഐക്യത്തിന്റെ അജപാലനശുശ്രൂഷയും സഭയിലെതന്നെ ധ്യാനാത്മക താപസജീവിതത്തിലേക്കുള്ള ദൈവികാഹ്വാനവും തമ്മില്‍, പത്രോസും ബ്രൂണോയും തമ്മില്‍, അവിഭാജ്യമായ ബന്ധമാണുള്ളത്. സഭാത്മകഐക്യത്തിന് ഒരാന്തരികശക്തി ആവശ്യമാണ്. ദൈവം ഒരാത്മാവിനെ ഗ്രസിച്ച് സ്വന്തമാക്കുന്നതുവഴി ഉരുത്തിരിയുന്ന ആധ്യാത്മികശക്തിയാണിത്. അജപാലകര്‍ താപസരുടെ ധ്യാനാത്മകജീവിതത്തില്‍നിന്ന് ദൈവികമായ പോഷണം സ്വീകരിക്കുന്നു.
2. താപസരുടെ ദൗത്യം
വി. ബ്രൂണോയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ബനഡിക്ട് പതിനാറാമന്‍ പാപ്പാ ധ്യാനാത്മകജീവിതം നയിക്കുന്ന താപസരുടെ ജീവിതദൗത്യം വ്യക്തമാക്കുന്നത്. പ്രസ്തുത വാക്കുകള്‍ ഇപ്രകാരമാണ്: ''ക്ഷണികമായവയെ ഉപേക്ഷിച്ച് ശാശ്വതമായവയെ മുറുകെപ്പിടിക്കുക.'' കര്‍ത്തൂസ്യന്‍ താപസരുടെ ആധ്യാത്മികതയുടെ കാതല്‍ ഈ വാക്കുകളില്‍ അടങ്ങിയിരിക്കുന്നു. മറ്റെല്ലാം ത്യജിച്ചുകൊണ്ട് ദൈവത്തിനുവേണ്ടിയും ദൈവസ്‌നേഹത്തെപ്രതിയുംമാത്രം ജീവിക്കാനുള്ള ആഗ്രഹമാണ് ഇവിടെ പ്രകടമാകുന്നത്.
താപസരായ സന്ന്യാസികള്‍, വയലില്‍ മറഞ്ഞുകിടക്കുന്ന നിധി കണ്ടെത്തിയവരും അമൂല്യമായ മുത്ത് ലഭിച്ചവരുമാണെന്ന് (വി. മത്തായി 13: 42-44) പരിശുദ്ധ പിതാവ് പറഞ്ഞു.
''നീ പരിപൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ നിനക്കു സ്വര്‍ഗത്തില്‍ നിക്ഷേപമുണ്ടാകും, പിന്നീടുവന്ന് എന്നെ അനുഗമിക്കുക'' (മത്താ. 19: 21). ഈ ആഹ്വാനത്തിനാണ് അവര്‍ പ്രത്യുത്തരം നല്കിയിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പുരുഷന്മാരുടേതായാലും സ്ത്രീകളുടേതായാലും ഓരോ ആശ്രമവും മനുഷ്യന്റെ ശക്തമായ ദാഹം ശമിപ്പിക്കുന്ന, ജീവജലം കവിഞ്ഞൊഴുകുന്ന സ്രോതസ്സാണ്. പ്രാര്‍ഥനയും ധ്യാനവുംവഴി ആഴം വര്‍ധിക്കുന്ന ജലസ്രോതസ്സാണത്. നിശ്ശബ്ദതയിലും ഏകാന്തതയിലും ഈ ജീവജലസ്രോതസ്സ് കാത്തുപരിപാലിക്കുന്ന ഓരോ കര്‍ത്തൂസ്യന്‍ ആശ്രമത്തിനും ഈ സന്ദര്‍ശനംവഴി പരിശുദ്ധ പിതാവ് അഭിവാദനം അര്‍പ്പിക്കുകയാണു ചെയ്തത്.
3. ആധുനികലോകം
യാത്രാസൗകര്യങ്ങളും ആശയവിനിമയസാധ്യതകളും വളരെയധികം ക്രമരഹിതവും ശബ്ദമുഖരിതവുമായി മാറി. മുഴുവന്‍ സമയവും ഏതെങ്കിലുംവിധത്തില്‍ നിറയ്‌ക്കേണ്ട ശൂന്യതയായിട്ടാണ് അവന് അനുഭവപ്പെടുന്നത്. നിശ്ശബ്ദതയ്ക്കും ഏകാന്തതയ്ക്കും അര്‍ഥം നല്കാന്‍ കഴിയാത്തവനായി മാറിയിരിക്കുകയാണ് ആധുനികമനുഷ്യന്‍.
ഈ ശൂന്യതയെ ദൈവസാന്നിധ്യംകൊണ്ടു നിറയ്ക്കുന്ന താപസന്‍ സഭയ്ക്കും ലോകത്തിനും നിര്‍ണായകമായ ഒരു സന്ദേശമാണു നല്കുന്നത്.
4. താപസജീവിതം
ഒരാശ്രമത്തില്‍ എത്തിയതുകൊണ്ടുമാത്രം ഒരാള്‍ താപസനായി മാറുന്നില്ല. അതിനു ദീര്‍ഘനാളത്തെ പരിശീലനവും പ്രയത്‌നവും ആവശ്യമാണ്. പരിശുദ്ധ റൂഹാ ജീവിതത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും അതുവഴി മിശിഹായോടു താദാത്മ്യപ്പെടാന്‍ സാധിക്കുമെന്നും ബനഡിക്ട് പിതാവ് ഉദ്‌ബോധിപ്പിച്ചു. എങ്ങനെ ഒരാള്‍ ജീവിതകാലംമുഴുവന്‍ ഏകാന്തതയില്‍ വസിക്കുമെന്ന് ലോകം ആശ്ചര്യത്തോടെ ചോദിക്കുന്നു. ഇപ്രകാരമുള്ള ഒരു രൂപാന്തരീകരണത്തിന് ഒരു ജീവിതകാലം തികയുകയില്ല എന്നതാണ് താപസന്റെ മറുപടി.
തന്റെ സന്ദര്‍ശനോദ്ദേശ്യം സഭയ്ക്കു താപസരെ ആവശ്യമുണ്ടെന്നു പറയാനാണെന്ന് ബനഡിക്ട് പിതാവ് പ്രസ്താവിച്ചു. താപസരുടെ സ്ഥാനം സഭാജീവിതത്തിന്റെ അതിരുകളിലല്ല. താപസജീവിതം സഭയുടെ ഹൃദയമാണ്; അവിടെനിന്നാണ് ധ്യാനാത്മകതയുടെയും ദൈവസ്‌നേഹത്തിന്റെയും ജീവരക്തം സഭാഗാത്രത്തിന്റെ സിരകളിലൂടെ പ്രവഹിക്കുന്നത് - പരിശുദ്ധ പിതാവ് വ്യക്തമാക്കി.
5. സ്ലീവായുടെ ദിവ്യരഹസ്യം
സ്ഥിരമായി നില്‍ക്കുന്ന സ്ലീവായ്ക്കു ചുറ്റുമാണ് പ്രപഞ്ചം മുഴുവന്‍ കറങ്ങുന്നത് എന്നര്‍ഥമുള്ള ലത്തീന്‍ചൊല്ലാണ് കര്‍ത്തൂസ്യന്‍സിന്റെ ആപ്തവാക്യം.
മുന്തിരിവള്ളികള്‍ തായ്ത്തണ്ടിനോടു ചേര്‍ന്നിരിക്കുന്നതുപോലെ സ്ലീവായോട് ഓരോ താപസനും ചേര്‍ന്നിരിക്കുന്നു. ദൈവത്തിന്റെ അപരിമേയസ്‌നേഹവും മിശിഹായുടെ തിരുവുത്ഥാനംവഴിയുള്ള പുതുജീവനുമാണ് സ്ലീവാ പ്രതിഫലിപ്പിക്കുന്നത്. പരിശുദ്ധ ദൈവമാതാവും കുരിശിനോടു ചേര്‍ന്നുനില്‍ക്കുകയാണു ചെയ്തത്.
ദൈവത്തോടും മനുഷ്യര്‍ പരസ്പരവുമുള്ള ഐക്യത്തിന്റെ കൂദാശയായ സഭയിലാണ് 'നിങ്ങളും ഞാനും' ശുശ്രൂഷ ചെയ്യുന്നത് എന്നു പറഞ്ഞുകൊണ്ടും സഭാ മാതാവായ പരിശുദ്ധ അമ്മയും ഈ താപസഭവനത്തിന്റെ സ്ഥാപകനായ വിശുദ്ധ ബ്രൂണോയും ഈ സമൂഹത്തെ അനുഗ്രഹിക്കട്ടെ എന്നാശംസിച്ചുകൊണ്ടുമാണ് പിതാവ് തന്റെ സന്ദേശം ഉപസംഹരിച്ചത്.