•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഹാങ്‌ചോ ഏഷ്യാഡില്‍ ചരിത്രമെഴുതി ഇന്ത്യ

ന്ത്യന്‍ കായികചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന അധ്യായമാണ് ചൈനയിലെ ഹാങ്‌ചോയില്‍ നടന്ന പത്തൊമ്പതാം ഏഷ്യന്‍ ഗെയിംസില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമുള്‍പ്പെടെ 107 മെഡലുകള്‍. പാരീസ് ഒളിമ്പിക്‌സ് അടുത്തവര്‍ഷം നടക്കാനിരിക്കേ, 2036 ലെ ഒളിമ്പിക്‌സ് വേദിയാകാന്‍ രാജ്യം അഹമ്മദാബാദ് നഗരത്തെ ഉയര്‍ത്തിക്കാട്ടിയിരിക്കേ ഇന്ത്യ ലോകകായികവേദിയില്‍ തലയുയര്‍ത്തിനില്ക്കുന്നു.

ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യ വെല്ലുവിളി ഉയര്‍ത്തുമെന്ന് എഴുതിയ ചൈനീസ് പത്രങ്ങള്‍ നീരജ് ചോപ്രയെമാത്രമാണ് സൂപ്പര്‍താരമായി ഇന്ത്യന്‍നിരയില്‍  അവതരിപ്പിച്ചത്. ലോകകിരീടവും ഒളിമ്പിക്‌സ് സ്വര്‍ണവും സ്വന്തമായുള്ള നീരജ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നിലനിര്‍ത്തി പ്രതീക്ഷ കാക്കുകയും ചെയ്തു. ജാവലിനില്‍ ചോപ്രയ്ക്കു പിന്‍ഗാമിയായി കിഷോര്‍കുമാര്‍ ജെന ഉയര്‍ന്നുവന്നതും ശ്രദ്ധേയം. 1990 ല്‍ ബെയ്ജിങ്ങില്‍ കബഡിയില്‍ മാത്രം സ്വര്‍ണം  നേടിയ ഇന്ത്യ എത്രത്തോളം മുന്നേറിയെന്നു മെഡല്‍ പട്ടികയിലെ തിളക്കമുള്ള നാലാം സ്ഥാനം വ്യക്തമാക്കുന്നു.
2010 ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ 38 സ്വര്‍ണവും 27 വെള്ളിയും 36 വെങ്കലവുമുള്‍പ്പെടെ 101 മെഡല്‍ നേടിയിരുന്നു. ഇതൊഴിച്ചാല്‍ ഒരു മെഗാ രാജ്യാന്തരകായികമേളയില്‍ മെഡല്‍നേട്ടത്തില്‍ ഇന്ത്യ സെഞ്ചുറി നേടുന്നത് ആദ്യമാണ്. ഏഷ്യന്‍ ഗെയിംസിലാകട്ടെ 2018 ല്‍ ജക്കാര്‍ത്തയില്‍ നേടിയ 16 സ്വര്‍ണമുള്‍പ്പെടെ 70 മെഡല്‍ എന്നതായിരുന്നു ഇതുവരെയുള്ള മികച്ച പ്രകടനം.
ഇത്തവണ സ്വര്‍ണമെഡലുകളുടെ കാര്യത്തില്‍ ഇന്ത്യ കാല്‍ സെഞ്ചുറി കടന്നു. 28 സ്വര്‍ണം എന്നത് ചെറിയ കാര്യമല്ല. സുവര്‍ണവിജയങ്ങളില്‍ 'ട്രിപ്പിള്‍' നേട്ടം രണ്ട് ആര്‍ച്ചറി താരങ്ങള്‍ സ്വന്തമാക്കി. ജ്യോതി സുരേഖ വെന്നമും ഓജസ് പ്രവീണ്‍ ദിയോതലെയും യഥാക്രമം വനിതാ, പുരുഷ കോമ്പൗണ്ട് വിഭാഗം ആര്‍ച്ചറി വ്യക്തിഗതയിനത്തിലും മിക്‌സ്ഡ് ഇനത്തിലും ടീമിലും സ്വര്‍ണം നേടി. സ്‌ക്വാഷ് താരം ഹരീന്ദര്‍ പാല്‍സിങ് സന്ദു ടീം ഇനത്തിലും മിക്‌സ്ഡ് ഡബിള്‍സിലും ജയിച്ച് ഇരട്ട സ്വര്‍ണത്തിന് ഉടമയായി. കബഡിയില്‍ നഷ്ടപ്പെട്ട സ്വര്‍ണം പുരുഷ-വനിതാടീമുകള്‍ വീണ്ടെടുത്തു. ഹോക്കിയില്‍ നാലാമതൊരിക്കല്‍ക്കൂടി സ്വര്‍ണം നേടി. ഷൂട്ടിങ്, അത്‌ലറ്റിക്‌സ്, ആര്‍ച്ചറി ഇനങ്ങളില്‍ ഇന്ത്യ മെഡല്‍കൊയ്ത്തുതന്നെ നടത്തി. ഷൂട്ടിങ്ങില്‍ ഏഴു സ്വര്‍ണവും ഒന്‍പതു വെള്ളിയും ആറു വെങ്കലവുമുള്‍പ്പെടെ 22 മെഡല്‍ നേടിയ ഇന്ത്യ അത്‌ലറ്റിക്‌സില്‍ ആറു സ്വര്‍ണവും 14 വെള്ളിയും ഒന്‍പതു വെങ്കലവുമുള്‍പ്പെടെ 29 മെഡല്‍ കരസ്ഥമാക്കി. ആര്‍ച്ചറിയില്‍ ദക്ഷിണകൊറിയയുടെ ആധിപത്യം തകര്‍ത്ത് അഞ്ചു സ്വര്‍ണമുള്‍പ്പെടെ ഒന്‍പതു മെഡല്‍ എയ്തുവീഴ്ത്തി. അത്‌ലറ്റിക്‌സ് ആയിരുന്നു ജക്കാര്‍ത്തയില്‍ ഇന്ത്യയെ  തുണച്ചത്. ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ എട്ടു സ്വര്‍ണം ലഭിച്ചു. ഇതില്‍ നീരജ് ചോപ്രയും (ജാവലിന്‍) തേജീന്ദര്‍ പാല്‍സിങ് ടൂറും (ഷോട്ട്പുട്ട്) സ്വര്‍ണം നിലനിര്‍ത്തി. 
ഷൂട്ടിങ്ങില്‍ ജക്കാര്‍ത്തയില്‍ ഇന്ത്യ രണ്ടു സ്വര്‍ണം  നേടിയിരുന്നു. 2006 ല്‍ നേടിയ 14 മെഡല്‍ എന്നതായിരുന്നു ഷൂട്ടിങില്‍  ഇതിനു മുമ്പുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. സ്‌ക്വാഷില്‍ പുരുഷ ടീം ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചത് വലിയ നേട്ടമായി. ബാഡ്മിന്റനില്‍ പി.വി. സിന്ധുവിന്റെ ഫോം നഷ്ടം ഹാങ്‌ചോയില്‍ ഇന്ത്യയ്ക്കു തിരിച്ചടിയായെങ്കിലും  പുരുഷതാരങ്ങള്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചു.  പുരുഷ  ഡബിള്‍സില്‍ റാജി റെഡി- ശിരാഗ് ഷെട്ടി സഖ്യത്തിന്റെ സുവര്‍ണനേട്ടം ചരിത്രമായി. 
ക്രിക്കറ്റില്‍ ആദ്യമായി പങ്കെടുത്ത ഇന്ത്യ പുരുഷ, വനിതാവിഭാഗങ്ങളില്‍ സ്വര്‍ണം നേടി. പക്ഷേ, ഇന്ത്യന്‍ 'ബി' ടീം പുരുഷവിഭാഗത്തില്‍ നേടിയ സ്വര്‍ണമെഡലിനു തിളക്കം കുറയും. അഫ്ഗാനിസ്ഥാനുമായുള്ള ഫൈനല്‍ മഴ മുടക്കിയപ്പോള്‍ റാങ്കിങ് നോക്കി ഇന്ത്യയ്ക്കു സ്വര്‍ണം സമ്മാനിക്കുകയായിരുന്നു. റാങ്കിങ്ങില്‍ മുന്നില്‍ ഇന്ത്യയുടെ 'എ' ടീമാണ്. ലോകകപ്പ് നടക്കുന്നതിനാല്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഇറക്കിയത് 'ബി' ടീമിനെയും. കളിച്ചുനേടിയതല്ല ഈ സ്വര്‍ണം എന്നുതന്നെ പറയണം.
ഫുട്‌ബോളിലും വോളിബോളിലും ബാസ്‌കറ്റ്‌ബോളിലും ഇന്ത്യയില്‍നിന്നു മെഡല്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല.  എങ്കിലും ഫുട്‌ബോളിലും വോളിബോളിലും തീര്‍ത്തും ദയനീയമായില്ല ഇന്ത്യയുടെ പ്രകടനം എന്നു പറയാം. ജക്കാര്‍ത്തയില്‍ രണ്ടു സ്വര്‍ണം നേടിയ ഇന്ത്യയുടെ ഗുസ്തിതാരങ്ങള്‍ ഇക്കുറി പിന്നാക്കം പോയി. ബജ്‌റങ് പൂനിയായ്ക്ക്  മെഡല്‍ നേടാനായില്ല. വിനേഷ് ഫോഗട്ട് പങ്കെടുത്തുമില്ല. ഫെഡറേഷന്‍ സാരഥിക്കെതിരായ സമരം താരങ്ങളുടെ ആത്മവിശ്വാസം കെടുത്തിയിരുന്നു. ബോക്‌സിംഗിലും പിന്നാക്കം പോയി. ഇക്വസ്ട്രിയനില്‍ നാം നേട്ടം കൈവരിച്ചു. 
കേരളത്തിന്റെ സംഭാവന
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയവരില്‍ ഒരു ഡസനിലേറെ മലയാളികളുണ്ട്. ഇതില്‍ പലരും  കേരളത്തില്‍ വളര്‍ന്നവരും ഏതാനും ചിലര്‍  ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരുമാണ്. ഹോക്കി സ്വര്‍ണം നേടിയ ടീമില്‍ പി.ആര്‍. ശ്രീജേഷും വനിതാ ക്രിക്കറ്റില്‍ വിജയിച്ച ടീമില്‍ മിന്നുമണിയും അംഗങ്ങളായിരുന്നു. പുരുഷന്മാരുടെ 4ഃ400 മീറ്റര്‍ റിലേയിലെ  സുവര്‍ണവിജയത്തില്‍ മുഹമ്മദ് അജ്മലും മുഹമ്മദ് അനസും കേരളീയരായുണ്ട്. മറുനാടന്‍ മലയാളികളുടെ കണക്കെടുത്താല്‍ റിലേ സ്വര്‍ണത്തില്‍ ഡല്‍ഹിയില്‍നിന്നുള്ള അമോജ് ജേക്കബും കര്‍ണാടകയില്‍നിന്നുള്ള മിജോ ചാക്കോ കുര്യനും നിഹാല്‍  ജോയല്‍ വില്യമും പങ്കാളികളായി. മിജോ മംഗലാപുരത്തുനിന്നും നിഹാല്‍ ബെംഗളുരൂവില്‍നിന്നുമുള്ള മലയാളികളാണ്. മിക്‌സഡ് ഡബിള്‍സ് വിഭാഗം സ്‌ക്വാഷില്‍ ചെന്നൈയില്‍നിന്നുള്ള ദീപിക  പള്ളിക്കല്‍, ഹരീന്ദര്‍ പാല്‍സിങ് സന്ദുവുമൊത്ത് സ്വര്‍ണമെഡല്‍ കരസ്ഥമാക്കി.
വെള്ളിത്തിളക്കത്തില്‍ മുഹമ്മദ് അജ്മലും (മിക്‌സഡ് റിലേ), മുഹമ്മദ് അഫ്‌സലും (800 മീറ്റര്‍) എം. ശ്രീശങ്കറും (ലോങ് ജംപ്) ആന്‍സി സോജനും (ലോങ് ജംപ്) എച്ച്.എസ്. പ്രണോയ്‌യും എം.ആര്‍. അര്‍ജുനും (ഇരുവരും ബാഡ്മിന്റണ്‍ ടീം) ഉണ്ട്. വെങ്കലം നേടിയവരില്‍ ജിന്‍സന്‍ ജോണ്‍സനും (1500 മീറ്റര്‍) എച്ച്.എസ്. പ്രണോയ്‌യും (ബാഡ്മിന്റണ്‍ സിംഗിള്‍സ്) ദീപിക പള്ളിക്കലും (സ്‌കാഷ് ടീം) ഉള്‍പ്പെടും. പ്രണോയ് ദീപികയും മുഹമ്മദ് അജ്മലും ഇരട്ടമെഡല്‍ നേടി.
ഇന്ത്യന്‍ വിജയങ്ങളില്‍ മലയാളികളായ പരിശീലകരും നിര്‍ണായകപങ്കുവഹിച്ചു. അത്‌ലറ്റിക് ടീമിന്റെ ചീഫ് കോച്ച് പി. രാധാകൃഷ്ണന്‍ നായരും 400 മീറ്റര്‍ ഓട്ടങ്ങളിലെ കോച്ച് എം.കെ. രാജ് മോഹനും ആയിരുന്നു. ശ്രീശങ്കറിന്റെ പരിശീലകന്‍ അച്ഛന്‍ മുരളി തന്നെ. കബഡിയില്‍ പുരുഷവിഭാഗം സ്വര്‍ണം വീണ്ടെടുത്ത ടീമിനെ പരിശീലിപ്പിച്ചത് ഇ. ഭാസ്‌കരനാണ്. റോവിങ് വനിതാ ടീം പരിശീലകനായി ജനില്‍ കൃഷ്ണന്‍  ഉണ്ടായിരുന്നു. ക്വാര്‍ട്ടറില്‍ കടന്ന പുരുഷ വോളിബോള്‍ ടീമിന്റെ അസി. കോച്ച് ടോം ജോസഫ് ആയിരുന്നു.
ഹാങ്‌ചോവില്‍ ഇന്ത്യ കാഴ്ചവച്ച ഉജ്ജ്വലപ്രകടനത്തില്‍ കേരളത്തിനും അഭിമാനിക്കാനേറെ. നമ്മുടെ അത്‌ലറ്റുകളും പരിശീലകരും ഇന്ത്യന്‍ കുതിപ്പില്‍ പങ്കാളികളായത് വരുന്ന തലമുറയ്ക്ക് പ്രചോദനമാകണം. ഇതിലെ യുവതാരനിരയെ പ്രോത്സാഹിപ്പിക്കുകയും സീനിയര്‍ താരങ്ങളുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തുകയുമാണ് വേണ്ടത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)