1949 ഡിസംബര്‍ 26 നു ചേര്‍ന്ന ഭരണഘടനാനിര്‍മാണസമിതിയുടെ യോഗമാണ് ഭരണഘടനയുടെ 341-ാം വകുപ്പുപ്രകാരം പട്ടികജാതി ഉത്തരവ് അഥവാ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ പ്രസിഡന്റിനെ അധികാരപ്പെടുത്തുന്നത്. ഈ അധികാരമുപയോഗിച്ചാണ് 1950 ഓഗസ്റ്റ് 10 ന് ഇന്ത്യന്‍ പ്രസിഡന്റിന്റെ മൂന്നു ഖണ്ഡികയുള്ള പട്ടികജാതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഈ ഉത്തരവില്‍ എന്തെങ്കിലും മാറ്റംവരുത്താനോ കൂട്ടിച്ചേര്‍ക്കാനോ ഉള്ള അവകാശം ഭരണഘടനയുടെ 341 (2) വകുപ്പുപ്രകാരം ഇന്ത്യന്‍ പാര്‍ലമെന്റിനാണ്. ഈ നിയമം അനുസരിച്ചാണ് 1956 ല്‍ സിക്കുമതവിശ്വാസികളായ ദലിതര്‍ക്കും 1990 ല്‍ ബുദ്ധമതവിശ്വാസികളായ ദലിതര്‍ക്കും പട്ടികജാതി അവകാശം നല്‍കിയത്.
പ്രസിഡന്‍ഷ്യല്‍ ഉത്തരവിന്റെ മൂന്നാം ഖണ്ഡികയില്‍ താഴെപ്പറഞ്ഞിരിക്കുന്ന പട്ടികജാതിയിലെ ഹിന്ദുമതവിശ്വാസികള്‍ക്കു പട്ടികജാതി അവകാശം നല്‍കാമെന്നു നിജപ്പെടുത്തിയിരിക്കുന്നു. ഒരു ജനാധിപത്യരാജ്യത്ത് ഏതെങ്കിലും ആനുകൂല്യം നല്‍കുന്നതിനു മതം മാനദണ്ഡമായി മാറുന്നത് മതനിരപേക്ഷതയുടെ ലംഘനമാണ്. പട്ടികജാതി അവകാശം ഹിന്ദുമതവിശ്വാസികള്‍ക്കുമാത്രം എന്നു പറയുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവ്യവസ്ഥകളുടെ ലംഘനവുമാണ്.
ഭരണഘടനാവ്യവസ്ഥകളുടെ ഈ വിധത്തിലുള്ള ലംഘനത്തിനെതിരായിട്ടാണ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം 22-3-2004 ല്‍ സുപ്രീംകോടതിയില്‍ അഡ്വ. ശാന്തിഭൂഷണും അഡ്വ. പ്രശാന്ത് ഭൂഷണും കേസ് ഫയല്‍ ചെയ്തത്. ആര്‍ട്ടിക്കിള്‍ 34 (1) പ്രകാരം ഇന്ത്യന്‍ പ്രസിഡന്റിന്റെ 1950 ല്‍ പ്രഖ്യാപിച്ച പ്രസിഡന്‍ഷ്യല്‍ ഉത്തരവിന്റെ മൂന്നാം ഖണ്ഡിക ഭരണഘടനയുടെ സാരാംശത്തിനു നിരക്കാത്തതിനാല്‍ ഒഴിവാക്കണമെന്നതായിരുന്നു അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
തികച്ചും ജനാധിപത്യവിരുദ്ധവും മതനിരപേക്ഷവിരുദ്ധവുമായ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ 1950 മുതല്‍ കഴിഞ്ഞ 73 വര്‍ഷങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുന്നു എന്ന കാര്യം നാം പ്രത്യേകം ഓര്‍മിക്കണം. സംവരണവിരുദ്ധനിലപാടു പുലര്‍ത്തുന്ന ഇന്ത്യന്‍ ഭരണാധികാരിവിഭാഗം ഈ ഉത്തരവ് ഭരണഘടനയുടെ ഭാഗമായി ഇവിടെ നിലനില്‍ക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയാണു ചെയ്തത്.
1948 ഫെബ്രുവരി 18 ന് പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിന്റെ കരടുരേഖ തയ്യാറാക്കാന്‍ ഡോ. അംബേദ്കറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സമിതി സംവരണം നല്‍കേണ്ട ജാതികളുടെ പട്ടിക മതവിശ്വാസത്തിന് അതീതമായിരിക്കണമെന്നു തിരുമാനിച്ചിരുന്നു. എന്നാല്‍, സര്‍ദാര്‍ കെ.എം. മുന്‍ഷി ഹിന്ദുമതത്തിലെ പട്ടികജാതിവിഭാഗത്തിനു മാത്രം സംവരണം നല്‍കണമെന്ന ഭേദഗതി അവതരിപ്പിച്ചു. ഈ ഭേദഗതി മതനിരപേക്ഷതത്ത്വങ്ങള്‍ക്കു വിരുദ്ധമാണ് എന്ന കാരണം പറഞ്ഞു സമിതി തള്ളിക്കളഞ്ഞു. 1948 ഫെബ്രുവരി 18 ന് പ്രസിഡന്‍ഷ്യന്‍ ഓര്‍ഡറിന്റെ കരടുരേഖ തയ്യാറാക്കിയ സമിതി തള്ളിക്കളഞ്ഞ ഭേദഗതി 1950 ലെ പട്ടികജാതി ഉത്തരവില്‍ കടന്നുവരികയാണു ചെയ്തത്. ദലിത്‌ക്രൈസ്തവരുള്‍പ്പെടെയുള്ള ഇതരമതവിശ്വാസത്തില്‍ കഴിയുന്ന ദലിതര്‍ പട്ടികജാതി അവകാശത്തില്‍നിന്നു പുറത്താക്കപ്പെടുന്നതിനും ഇതു കാരണമായി.
ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളും സാംസ്‌കാരികപ്രസ്ഥാനങ്ങളും കള്ളസോഷ്യലിസ്റ്റുകളും നാടുവാഴിത്തവാലാട്ടികളും ദേശീയവര്‍ഗീയതയുടെ ഈ കള്ളക്കളി തുറന്നെതിര്‍ക്കാന്‍ തയ്യാറായതുമില്ല. സംവരണവിരുദ്ധരായ കപടസോഷ്യലിസ്റ്റുകളും നാടുവാഴിത്ത വാലാട്ടികളും ദലിത്‌ക്രൈസ്തവര്‍ക്കു സംവരണം കൊടുത്താല്‍ സംവരണശതമാനത്തില്‍ കുറവു വരുമെന്നു മുറവിളി കൂട്ടുന്നു. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണാവകാശം കൈമാറാന്‍ ഒരു വിഷമവും കാണിക്കാത്ത ഇവര്‍ ന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും ദലിതരെയും 1950 നു മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്കു തള്ളിവിടാനാണു ശ്രമിച്ചത്.
1930, 31, 32 വര്‍ഷങ്ങളില്‍ നടന്ന വട്ടമേശസമ്മേളനത്തിലാണ് ഇന്ത്യയിലെ ദലിതന്റെ രാഷ്ട്രീയാവകാശം ചര്‍ച്ചയാകുന്നത്. ഗാന്ധിജിയും അംബേദ്കറും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ഫലമായി ഉയര്‍ന്നുവന്നതാണ് സംവരണം എന്ന പദം. ബ്രിട്ടീഷുകാരന്‍ ഇന്ത്യ വിട്ടുപോകുമ്പോള്‍ അധികാരം പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി ദലിതരുടെ അവകാശം സംവരണം എന്ന പേരില്‍ നിജപ്പെടുത്തണമെന്ന് അംബേദ്കര്‍ ആവശ്യപ്പെട്ടു. സംവരണം രാഷ്ട്രീയാധികാരപങ്കാളിത്തത്തിന്റെ പങ്കുവയ്പിന്റെ ഭാഗമാണ്. സംവരണം തൊഴില്‍ദാനപദ്ധതിയായി കാണുന്ന സവര്‍ണവരേണ്യവര്‍ഗമാണ് അധികാരകേന്ദ്രത്തിലേക്കു സംവരണത്തിലൂടെ ഒരു ദലിതനും കടന്നുവരാതിരിക്കാന്‍ കരുക്കള്‍ നീക്കുന്നത്.
ഈ താത്പര്യത്തിനായി സംവരണജാതികളുടെ പട്ടിക അട്ടിമറിക്കുന്നു. സംവരണസമുദായങ്ങളെ ജാതിമതസാമുദായികതാത്പര്യം കണക്കിലെടുത്തു പരസ്പരം ഏറ്റുമുട്ടുന്നതിനുള്ള സാഹചര്യമൊരുക്കുന്നു. സംവരണസമുദായങ്ങളെ രാഷ്ട്രീയകക്ഷികളുടെ ചട്ടുകമാക്കി മാറ്റുന്നു. രാജ്യത്തു നിലനില്‍ക്കുന്ന തൊഴിലില്ലായ്മയുടെ കാരണം സംവരണസമ്പ്രദായമാണെന്നു പ്രചരിപ്പിക്കുന്നു. സംവരണസമ്പ്രദായത്തില്‍ കഴിവുള്ളവര്‍ തിരഞ്ഞെടുക്കപ്പെടുന്നില്ലെന്നും പാമരന്മാര്‍ നിരന്തരം അധികാരത്തില്‍ വരികയാണെന്നും അവര്‍ പ്രചരിപ്പിക്കുന്നു. പി.എസ്.സി. ഉള്‍പ്പെടെ ഏതു പരീക്ഷകളിലും ദലിതര്‍ മത്സരിച്ചു ജയിച്ചു പരീക്ഷ എഴുതി കടന്നുവരുമ്പോഴാണ് വസ്തുതയെ മറയ്ക്കുന്ന ഇവരുടെ പ്രചാരണം. ഫലത്തില്‍, രാഷ്ട്രീയോദ്യോഗതലത്തില്‍ സവര്‍ണവിഭാഗത്തിന്റെ മേല്‍ക്കോയ്മ നിലനിര്‍ത്താനാണ് ഇവരുടെ ശ്രമം. ഇന്ത്യയില്‍ ചില സംസ്ഥാനങ്ങള്‍ ജാതിസെന്‍സസ് എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അഖിലേന്ത്യാതലത്തില്‍ ജാതി സെന്‍സസ് വന്നാല്‍ സംവരണസമ്പ്രദായം പട്ടികജാതിക്കാരെ എത്ര ശതമാനം മുന്നോട്ടു കൊണ്ടുവന്നു എന്നറിയാം.
സംവരണസമ്പ്രദായം നമ്മുടെ സാംസ്‌കാരികവൈഷമ്യത്തിന്റെ ഭാഗമാണ്. നമ്മുടെ ആചാരാനുഷ്ഠാനങ്ങളും ഭാഷയും കലയും വേഷവൈവിധ്യങ്ങളും ഒന്നിച്ചുചേര്‍ന്ന വൈവിധ്യമാണ് അതില്‍ പ്രകടമാകുന്നത്. അനേകം പുഷ്പങ്ങള്‍ വിരിഞ്ഞുനില്‍ക്കുന്ന നമ്മുടെ ദേശീയപുഷ്പവാടിയെ ഏകപുഷ്പം മാത്രം വിടരുന്ന ഏകശിലാഖണ്ഡമാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നു. നമ്മുടെ വൈവിധ്യങ്ങളെ വൈരുധ്യങ്ങളാക്കി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റു ശക്തികളെ നാം തിരിച്ചറിയണം. സംവരണസമ്പ്രദായത്തെ തകര്‍ത്ത് ഏകഭരണകൂടസമ്പ്രദായം കൊണ്ടുവരുന്നതിന് ഫാസിസ്റ്റുശക്തികള്‍ തയ്യാറെടുക്കുന്നത് നാം തിരിച്ചറിയണം.
ഭരണപങ്കാളിത്തം എല്ലാവര്‍ക്കും പങ്കുവയ്ക്കപ്പെടുന്ന നമ്മുടെ ഭരണസമ്പ്രദായം നാടിന്റെ നിലനില്പിന്റെ ശ്വാസമാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാമൂല്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാണ് ആ സമ്പ്രദായം. അസമത്വങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമുദായം നിലനില്‍ക്കണമെങ്കില്‍ സന്തുലനനിയന്ത്രണസംവിധാനം ആവശ്യമുണ്ട്. പുരോഗതി പ്രാപിക്കാത്ത എല്ലാ അവികസിതരാജ്യങ്ങളും അംഗീകരിച്ചിരിക്കുന്ന വികസനനയമാണ് സന്തുലനനിയന്ത്രണസംവിധാനം അഥവാ സംവരണം. ഭരണഘടനാശില്പികള്‍ വളരെ ആലോചിച്ച് ബുദ്ധിപൂര്‍വ്വം നമ്മുടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സന്തുലനനിയന്ത്രണസംവിധാനമാണ് നമ്മുടെ രാജ്യത്തെ ജനാധിപത്യമാര്‍ഗത്തില്‍ 75 വര്‍ഷത്തിലധികമായി തടസ്സംകൂടാതെ മുന്നോട്ടുനീങ്ങാന്‍ സഹായിച്ചത്. യൂറോപ്പിലും ഏഷ്യയിലെ മറ്റു രാജ്യങ്ങളിലും രാഷ്ട്രീയ അട്ടിമറികളും പട്ടാളവിപ്ലവങ്ങളും നടന്നിട്ടും ഇന്ത്യയില്‍ അതു നടക്കാതെപോയതിന്റെ കാരണമന്വേഷിക്കുമ്പോള്‍ ഈ സംവിധാനത്തെ മനസ്സിലാക്കാന്‍ കഴിയും. സംശയമുള്ളവര്‍ അംബേദ്കര്‍ കൃതികള്‍ പഠിക്കണം.
ഈ സാംസ്‌കാരികപാരമ്പര്യത്തെ തകര്‍ത്ത് രാജ്യം ഏകശിലാഖണ്ഡമാക്കി മാറ്റുന്നതിനുള്ള ആദ്യചുവടായിരുന്നു 1950 ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍. ജനാധിപത്യത്തിന്റെ കാവല്‍പുത്രനായി ലോകം വാഴ്ത്തിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്താണ് പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ വന്നതെന്ന കാര്യം നാം മറക്കരുത്. ദലിതരും ദരിദ്രരുമായവരെ തകര്‍ക്കാന്‍ ജനാധിപത്യത്തിന്റെ കാവല്‍പുത്രനു യാതൊരു മടിയുമില്ലായിരുന്നു. അംബേദ്കറെപ്പോലെയുള്ള ഭരണഘടനാശില്പികള്‍ പാര്‍ലമെന്റില്‍ ഉള്ളകാലം പാര്‍ലമെന്റില്‍ യാതൊരു ചര്‍ച്ചയും ഇല്ലാതെ വെറും എക്‌സിക്യൂട്ടീവ് ഉത്തരവായാണ് പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ നടപ്പാക്കിയതെന്നു നാമറിയണം. പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിലെ അനീതികള്‍ക്കെതിരേ ഭരണഘടന നിര്‍മാണസമിതിയംഗങ്ങളായിരുന്ന ഫാ. ജറോം ഡിസൂസയും ഡോ. എച്ച്.സി. മുഖര്‍ജിയും 1950 ഡിസംബര്‍ 12 ന് ദലിത് ക്രൈസ്തവര്‍ക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് രാജേന്ദ്രപ്രസാദിനു നിവേദനം നല്‍കി. എന്നാല്‍, ദലിത്‌ക്രൈസ്തവര്‍ക്കു നീതി നല്‍കാന്‍ പ്രസിഡന്റ് തയ്യാറായില്ല. കോണ്‍ഗ്രസിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും നിലനില്‍ക്കുന്ന ദേശീയവര്‍ഗീയസ്വാധീനം ദലിത് ക്രൈസ്തവര്‍ക്കു നീതി നിഷേധിക്കുകയായിരുന്നു. ഭരണഘടനയുടെ ഗ്രാഫ്റ്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന ഡോ. അംബേദ്കര്‍ 1956 ഒക്‌ടോബര്‍ 24 ന് മൂന്നുലക്ഷം അനുയായികളുമായി ബുദ്ധമതത്തില്‍ ചേര്‍ന്നു. 1950 ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ പ്രഖ്യാപനത്തിനുശേഷമാണ് അദ്ദേഹം മതപരിവര്‍ത്തനം ചെയ്തത്. ഈ മതപരിവര്‍ത്തനം പട്ടികജാതി അവകാശം നഷ്ടപ്പെടുത്തുകയില്ലേ എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. തീവ്രമായ ഈ ശ്രമത്തിനിടയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ജോലിയായി മതപരിവര്‍ത്തനകാര്യവും അവശേഷിച്ചു. പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ പ്രഖ്യാപിച്ചതിന്റെ 42-ാം ദിവസം 1956 ഡിസംബര്‍ 6 ന് ഡോ. അംബേദ്കര്‍ അന്തരിച്ചു.
ഇടതുപക്ഷത്തെക്കുറിച്ചോ ബിജെപിയെക്കുറിച്ചോ ദലിത് ക്രിസ്ത്യാനി പ്രതീക്ഷിച്ചിട്ടു കാര്യമില്ല. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനു ഭൂരിപക്ഷമുണ്ടായിരുന്ന ഒരു കാലത്തും അവര്‍ ദലിത് ക്രിസ്ത്യാനിയെ പരിഗണിച്ചില്ല എന്നതു വാസ്തവമാണ്. കോണ്‍ഗ്രസിനു ദലിത്ക്രിസ്ത്യാനിയെ സഹായിക്കാന്‍ സുവര്‍ണാവസരം കിട്ടിയത് 1994 മാര്‍ച്ച് 17 നു നടന്ന ബജറ്റ് സമ്മേളനത്തിലാണ്. അന്ന് ദലിത്‌ക്രൈസ്തവസംവരണാവകാശം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് സഹമന്ത്രി തങ്കുബാലു അവതരിപ്പിച്ച ബില്ലിന്റെ കോപ്പികള്‍ അംഗങ്ങള്‍ക്കു വിതരണം ചെയ്തില്ല എന്ന വീഴ്ചയുടെ കാരണത്താല്‍ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍ ബില്ല് അവതരണം തടഞ്ഞു. വര്‍ഷങ്ങളായി രാജ്യം ഭരിച്ച പാര്‍ട്ടിക്ക് ഇത്തരത്തില്‍ വീഴ്ച വന്നു എന്നു ചിന്തിക്കാനാവില്ല. ആ വീഴ്ച ആസൂത്രിതനീക്കം തന്നെയാണ്. ഫലത്തില്‍, ദലിത് ക്രിസ്ത്യാനി വീണ്ടും സമരത്തിലേക്കും പ്രക്ഷോഭണത്തിലേക്കും നീങ്ങുന്നു.