•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പശ്ചിമേഷ്യയിലെ പടഹധ്വനികള്‍

മൂന്നാം ലോകയുദ്ധത്തിനു പടയൊരുക്കമോ?

സ്ലാംമത വിശ്വാസികളുടെ മൂന്നാമത്തെ ഏറ്റവും വലിയ വിശുദ്ധനഗരമായ പഴയജറുസലെമിലെ അല്‍അഖ്‌സ മോസ്‌ക് കേന്ദ്രവിഷയമായി പശ്ചിമേഷ്യയില്‍ വലിയ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നു.
ഈ വര്‍ഷം ഏപ്രിലില്‍ അല്‍ അഖ്‌സ മസ്ജിദില്‍ ഇസ്രായേല്‍സൈന്യം അതിക്രമിച്ചുകയറിയതിനെത്തുടര്‍ന്ന് നിലനിന്ന സംഘര്‍ഷമാണ് ഒരു വലിയ യുദ്ധമായി പരിണമിച്ചത്.
അതീവസുരക്ഷയുള്ള തെക്കന്‍ ഇസ്രായേലിലെ അതിര്‍ത്തിവേലികള്‍ ബുള്‍ഡോസറുകളുപയോഗിച്ചു തകര്‍ത്തശേഷം രാജ്യത്തിനുള്ളിലേക്കു നുഴഞ്ഞുകയറിയ ആയിരത്തോളം വരുന്ന സായുധരായ ഹമാസ് സംഘാംഗങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നൂറോളം ഇസ്രായേലികളെ വധിക്കുകയും അനേകം പൗരന്മാരെയും സൈനികരെയും ബന്ദികളാക്കി ഗാസ മുനമ്പിലേക്കു കൊണ്ടുപോവുകയും ചെയ്തു.
23 ലക്ഷം പാലസ്തീനികള്‍ താമസിക്കുന്ന ഗാസ മുനമ്പില്‍നിന്നു തെക്കന്‍ ഇസ്രായേലിലെ ഏഴിടങ്ങളിലൂടെ നുഴഞ്ഞുകയറിയ സായുധസംഘം അസ, സുഫ, ബിയിറെ, മാഗെന്‍, നഹല്‍ ഓസ്, സ്‌ദെറോത് എന്നീ പട്ടണങ്ങളടക്കം 25 ഇടങ്ങളിലെങ്കിലും ഇസ്രായേല്‍സൈന്യവുമായി ഏറ്റുമുട്ടി. 2021 മേയ് മാസത്തില്‍ 11 ദിവസം നീണ്ടുനിന്ന ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടലിനുശേഷമുള്ള ഏറ്റവും വലിയ സംഘര്‍ഷാവസ്ഥയാണിത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് അവസാനംവരെയുള്ള കണക്കെടുത്താല്‍ ദിവസം മൂന്നു തവണയെങ്കിലും യഹൂദരും പലസ്തീനികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നുവെന്നാണ് യു എന്‍ റിപ്പോര്‍ട്ടു ചെയ്തത്.
എല്ലാ സുരക്ഷാസംവിധാനങ്ങളും മറികടന്നാണ് കരയിലൂടെയും കടലിലൂടെയും ആകാശമാര്‍ഗവും ഹമാസ് പോരാളികള്‍ ഇസ്രായേലിലേക്ക് ഇരച്ചുകയറിയത്. അതിര്‍ത്തി കടന്നു മുന്നേറാന്‍ ബൈക്കുകളും പിക്കപ്‌വാനുകളും എസ് യു വികളും പാരാ ഗ്‌ളൈഡറുകളും ഉപയോഗിച്ചു. ഇസ്രായേല്‍ ഗാസ അതിര്‍ത്തിയില്‍ പഴുതുകളില്ലാതെ ആഴത്തില്‍ ഉറപ്പിച്ചിരുന്ന കമ്പിവേലികളില്‍ നിരീക്ഷണകാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും  ആക്രമണം മുന്‍കൂട്ടിയറിയാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു കഴിയാതെപോയി. കൂരിരുട്ടിലെ ചലനങ്ങള്‍പോലും ഒപ്പിയെടുക്കാന്‍ ശേഷിയുള്ള കാമറക്കണ്ണുകളെയും വിദൂരചലനങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന സെന്‍സറുകളെയും നിഷ്പ്രഭമാക്കിയായിരുന്നു പോരാളികളുടെ മുന്നേറ്റം. ഇതില്‍ എവിടെയാണ് ഇസ്രായേല്‍സെന്യത്തിനു പിഴച്ചതെന്നതിനെക്കുറിച്ചു വ്യക്തതയില്ല.
ചാരവൃത്തിക്കു പേരുകേട്ട ഇസ്രായേലിന്റെ ഇന്റലിജന്‍സ് ഏജന്‍സികളായ മൊസാദിനും ഷിന്‍ബെതിനും ഒരു മുഴുനീളയുദ്ധത്തിനുള്ള സന്നാഹങ്ങളൊരുക്കിയ ഹമാസിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയാതെപോയത് ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും ഇസ്രായേല്‍- സൈന്യത്തിന്റെയും പരാജയമായി കണക്കാക്കുന്നു. ഒരു മണിക്കൂറിനുള്ളില്‍ ഒരു ഡസനോളം ഇസ്രായേല്‍പട്ടണങ്ങളിലാണ് ആക്രമണം അരങ്ങേറിയത്. അറുനൂറിലേറെ ഇസ്രായേല്‍ക്കാര്‍ വധിക്കപ്പെട്ടുവെന്നത് അചിന്ത്യമായ കാര്യമാണ്. അതിര്‍ത്തിവേലികള്‍ ഭേദിച്ച് നുഴഞ്ഞുകയറിയ പേരാളികള്‍ക്കു  പിന്‍ബലമേകാന്‍ തലസ്ഥാനമായ ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള  പട്ടണങ്ങള്‍ക്കുനേരേ 3,000 ലധികം മിസൈലുകള്‍ വര്‍ഷിക്കാന്‍ കഴിഞ്ഞതും ഇസ്രായേലിന്റെ സൈനികശക്തി അറിയാവുന്നവരില്‍ അമ്പരപ്പുളവാക്കി. ഇസ്രായേലിനെതിരേയുള്ള ഹമാസിന്റെ ആക്രമണപദ്ധതിക്ക് 'ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ്' എന്നാണ് പേരു നല്‍കിയത്. 1973 ലെ യോം കിപ്പര്‍  യുദ്ധത്തിന്റെ 50-ാം വാര്‍ഷികപ്പിറ്റേന്നായിരുന്നു കഴിഞ്ഞ ശനിയാഴ്ചയിലെ ആക്രമണമെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. യഹൂദരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യദിനങ്ങളിലൊന്നായ യോം  കിപ്പര്‍ ദിനത്തിലെ (പ്രായശ്ചിത്തദിനം) ചടങ്ങുകളില്‍ ഇസ്രായേലികള്‍ മുഴുകിയിരുന്നപ്പോള്‍ 1973 ഒക്‌ടോബര്‍ 6-ാം തീയതി ഈജിപ്തിന്റെയും സിറിയയുടെയും സൈന്യങ്ങള്‍ അപ്രതീക്ഷിത ആക്രമണം നടത്തുകയായിരുന്നു. തുടക്കത്തില്‍ ഒന്നു പതറിയെങ്കിലും പ്രത്യാക്രമണം നടത്തി ശത്രുക്കളെ പരാജയപ്പെടുത്തിയ ഇസ്രായേലിന് 2,600 സൈനികരെ നഷ്ടമായി. ഈജിപ്തിലെ 15,000 പേരും സിറിയയിലെ 3,500 പേരും യുദ്ധത്തില്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി നെതന്യാഹുവും ലേബര്‍പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുള്ള യഹൂദ് ബറാക്കുമെല്ലാം  1973 ലെ യുദ്ധത്തില്‍ പങ്കെടുത്തവരാണ്.
ഇസ്രായേല്‍രാഷ്ട്രീയത്തിലെ ഇപ്പോള്‍ നിലനില്ക്കുന്ന അസ്ഥിരത മുതലെടുത്തുകൊണ്ടാണ് ഹമാസിന്റെ നടപടിയെന്നു നിരീക്ഷിക്കുന്നവരുണ്ട്. കോടതികളെ വരുതിയിലാക്കാനുദ്ദേശിച്ച് നെതന്യാഹൂ കൊണ്ടുവന്ന നിയമപരിഷ്‌കാരങ്ങള്‍ക്കെതിരേ  സൈനികരുള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് ഹമാസിന്റെ ആക്രമണം. സുന്നി അറബ് രാജ്യങ്ങളുമായി ഇസ്രായേല്‍, അടുത്തകാലത്ത് മെച്ചപ്പെട്ട ബന്ധങ്ങള്‍ തുടങ്ങിവച്ചത്  അവരുടെ പിന്തുണ തങ്ങള്‍ക്കു നഷ്ടപ്പെട്ടേക്കുമെന്ന ചിന്തയിലേക്കു ഹമാസ് നേതൃത്വത്തെ നയിച്ചു. 1973 ലെ യുദ്ധത്തിനുശേഷം ഈജിപ്തുമായി സമാധാനക്കരാറില്‍ ഏര്‍പ്പെട്ട ഇസ്രായേല്‍ 1994 ല്‍ ജോര്‍ദ്ദാനുമായും  2020 ല്‍ യു എ ഇ, ബഹ്‌റിന്‍,  മൊറോക്കോ, സുഡാന്‍ എന്നീ രാജ്യങ്ങളുമായും സമാധാന ഉടമ്പടികളുണ്ടാക്കി. ഏറ്റവുമൊടുവില്‍, പശ്ചിമേഷ്യയിലെ ഏറ്റവും സ്വാധീനശക്തിയായ സൗദി അറേബ്യയുമായും അടുത്ത ബന്ധം സ്ഥാപിക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുകയായിരുന്നു. ഇസ്ലാംമതവിശ്വാസികളുടെ ഏറ്റവും വലിയ പുണ്യസ്ഥലങ്ങളായ മെക്കയും മദീനയും സ്ഥിതിചെയ്യുന്ന രാജ്യമെന്ന നിലയിലുള്ള സൗദി അറേബ്യയുടെ  പ്രാധാന്യവും വലുതാണ്. ഹമാസിനെയും ഇസ്ലാമിക് ജിഹാദിനെയും, ലെബനില്‍ താവളമുറപ്പിച്ചിട്ടുള്ള ഹിസ്ബുള്ളയെയുമെല്ലാം സാമ്പത്തികമായും സൈനികമായും പിന്തുണയ്ക്കുന്ന ഇറാന് ഇതെല്ലാം അസ്വസ്ഥത ഉളവാക്കിയിരുന്നു. തുര്‍ക്കിയും ഗള്‍ഫ് രാജ്യങ്ങളായ ഖത്തറും സോപാധികപിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ഈജിപ്തും യു എ ഇയും, സിറിയയും, ജോര്‍ദാനും രണ്ടു കൂട്ടരോടും സംയമനം പാലിക്കാനും യുദ്ധം അവസാനിപ്പിക്കാനും അഭ്യര്‍ഥിച്ചു.
'ഓപ്പറേഷന്‍ അയണ്‍ സ്‌വോര്‍ഡ്'
സാബത്തുദിവസമായ ശനിയാഴ്ച  പുലര്‍ച്ചെ പ്രാദേശികസമയം 6.30 ന് സിനഗോഗുകളില്‍ യഹൂദര്‍ പ്രാര്‍ഥനകളില്‍ മുഴുകിയിരിക്കുന്ന സമയംതന്നെയാണ് ആക്രമണത്തിനായി ഹമാസ് തിരഞ്ഞെടുത്തത്. ഇസ്രായേലില്‍ കയറി  നിരവധി സൈനികരെയും നൂറുകണക്കിനു നിരപരാധരെയും കൊന്നൊടുക്കുകയും അനേകംപേരെ ബന്ദികളാക്കി ഗാസയിലേക്കു കൊണ്ടുപോകുകയും ചെയ്ത ഹമാസിന്റെ കിരാതനടപടിക്കെതിരേ  ഒരു തുറന്ന യുദ്ധത്തിനുതന്നെ  പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടുകൊണ്ട് രാജ്യത്തോടായി ഇങ്ങനെ പറഞ്ഞു: ''ശത്രുസൈന്യം  ഇതുവരെ കണ്ടിട്ടില്ലാത്ത കനത്ത തിരിച്ചടിയായിരിക്കും അവര്‍ നേരിടുക. ഞങ്ങള്‍ യുദ്ധത്തിലാണ്. ഈ യുദ്ധം ഞങ്ങള്‍ ജയിക്കുക തന്നെ ചെയ്യും.'' ദീര്‍ഘവും ദുഷ്‌കരവുമായ ഒരു യുദ്ധത്തിന് തയ്യാറെടുക്കാനും ഇസ്രായേല്‍ പൗരന്മാരോട് നെതന്യാഹൂ ആഹ്വാനം ചെയ്തു. 
50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടലിനാണ് ലോകം സാക്ഷിയായിരിക്കുന്നത്. യുദ്ധം തുടങ്ങി 20 മണിക്കൂര്‍ പിന്നിടുമ്പോഴേക്കും ഗാസയിലെ 8,000 ഇടങ്ങളില്‍ 1000 ടണ്‍ ബോംബുകളാണ് ഇസ്രായേല്‍ വ്യോമസേന വര്‍ഷിച്ചത്. രണ്ടു കൂട്ടരും തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ മരിച്ചുവീഴുന്നവരുടെ എണ്ണവും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. ഇതില്‍ 10 നേപ്പാളി  വിദ്യാര്‍ഥികളും ഉള്‍പ്പെടും. ഇക്കൂട്ടത്തില്‍ 18 തായ്‌ലന്‍ഡു കാരും കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ട്. ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ 800 പലസ്തീനികളും ഇസ്രായേല്‍പൗരന്മാരായ 4 ബന്ദികളും കൊല്ലപ്പെട്ടതായി വാര്‍ത്തയുണ്ട്. ഹമാസ് സംഘത്തിന്റെ വെടിവയ്പില്‍ ഗാസ അതിര്‍ത്തിയോടു ചേര്‍ന്ന കിബുറ്റ്‌സില്‍ സംഗീതോത്സവത്തിനെത്തിയ 250 പേരും ഉള്‍പ്പെടും.
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്രസഭയുടെ നിഷ്‌ക്രിയത്വം ചര്‍ച്ചയാകുന്നുണ്ട്. യുദ്ധം വ്യാപിക്കാതെയും ജീവനും സ്വത്തും നഷ്ടപ്പെടാതെയും യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയും വന്‍ശക്തി രാഷ്ട്രങ്ങളും ഇടപെടേണ്ട സമയം അതിക്രമിച്ചു. 200 ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യമാണ് ഇസ്രായേല്‍ എന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൂടാ. തങ്ങളുടെ രാജ്യത്തിനുനേരേ നിരന്തരം ആക്രമണം അഴിച്ചുവിടുന്ന ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസമുനമ്പ് മുഴുവന്‍ നശിപ്പിച്ചുകളയാനും ഇസ്രായേല്‍ മടിച്ചെന്നുവരില്ല. 365 ച. കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള മുനമ്പ് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമാണ്. ഇവിടേക്കു വെള്ളവും ഭക്ഷണവും വൈദ്യുതിയും ഇന്ധനവും പൂര്‍ണമായി തടഞ്ഞുകൊണ്ടുള്ള ഉത്തരവു പ്രാബല്യത്തില്‍ വന്നതോടെ അവിടെനിന്നുള്ള കൂട്ടപ്പലായനവും തുടങ്ങി. ഐക്യരാഷ്ട്രസംഘടനയുടെ മേല്‍നോട്ടത്തിലുള്ള അഭയാര്‍ഥിക്യാമ്പുകളില്‍ ഇതിനോടകംതന്നെ 1.40 ലക്ഷം പലസ്തീനികള്‍ അഭയം തേടിയെത്തിയെന്ന് യു എന്‍ വക്താവ് അറിയിച്ചു. 79 സ്‌കൂളുകളിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.
കരയുദ്ധത്തിനു 
തയ്യാറെടുക്കുന്നു
ഒരു വലിയ കരയുദ്ധത്തിലേക്ക് ഇസ്രായേല്‍ നീങ്ങുകയാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു മുന്നോടിയായി ഗാസയുടെ അതിര്‍ത്തിയില്‍നിന്ന് ഇസ്രായേല്‍പൗരന്മാരെ ഒഴിപ്പിക്കുകയും 3 ലക്ഷം സൈനികരെ അവിടേക്കെത്തിക്കുകയും ചെയ്തിട്ടുണ്ട്.
അല്‍ അഖ്‌സ മോസ്‌ക്
യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലീംകള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ടെമ്പിള്‍ മൗണ്ടില്‍ സ്ഥിതി ചെയ്യുന്ന അല്‍ അഖ്‌സ മോസ്‌കാണ് ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടലിലെ കേന്ദ്രബിന്ദു. ഓട്ടോമാന്‍ സാമ്രാജ്യത്തിലെ അഞ്ചാം ഖലീഫയായിരുന്ന അബ്ദുള്‍ മാലിക് 7-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഈ പള്ളി നിര്‍മിച്ചത്. പ്രവാചകന്‍ മുഹമ്മദ്, ഗബ്രിയേല്‍ മാലാഖയാല്‍ മെക്കയില്‍നിന്നു നയിക്കപ്പെട്ട് ടെമ്പിള്‍ മൗണ്ടിലെത്തുകയും അവിടെനിന്ന് സ്വര്‍ഗത്തിലേക്കു കരേറ്റപ്പെടുകയും ചെയ്തുവെന്ന് മുസ്ലീംകള്‍ വിശ്വസിച്ചുപോരുന്നു. യൂദയാ രാജാവായിരുന്ന ദാവീദിന്റെ പുത്രന്‍ സോളമന്‍ നിര്‍മാണമാരംഭിക്കുകയും ഹേറോദേസ് രാജാവ് പൂര്‍ത്തിയാക്കുകയും ചെയ്ത മനോഹരവും ബ്രഹ്‌മാണ്ഡവുമായ ജറൂസലം ദൈവാലയം ടെമ്പിള്‍ മൗണ്ടിലാണ് സ്ഥിതിചെയ്തിരുന്നത്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ടൈറ്റസ് ജറൂസലേം കീഴടക്കിയപ്പോള്‍ ദൈവാലയം കൊള്ളയടിക്കുകയും 'കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ' തകര്‍ത്തുകളയുകയും ചെയ്തു. എന്നാല്‍, ദൈവാലയത്തിന്റെ പടിഞ്ഞാറേ മതില്‍ മാത്രം നിലനിര്‍ത്തി. 'വിലാപത്തിന്റെ മതില്‍' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇതില്‍ തലയിടിച്ചു യഹൂദര്‍ പതിവായി പ്രാര്‍ഥിക്കുന്നു. സത്യദൈവമായ യഹോവയുടെ പരിശുദ്ധ ദൈവാലയം തകര്‍ക്കപ്പെട്ടതിനെയോര്‍ത്ത് വിലപിച്ചുകൊണ്ടാണ് അവര്‍  പ്രാര്‍ഥിക്കുന്നത്.
അബ്രാഹം പ്രവാചകന്‍ ദൈവേഷ്ടപ്രകാരം പുത്രനായ ഇസഹാക്കിനെ ബലികൊടുക്കാന്‍ കയറിച്ചെന്ന മോറിയാ മലയാണ് ടെമ്പിള്‍മൗണ്ട് എന്നു വിശ്വാസമുണ്ട്. യേശുക്രിസ്തുവിന്റെ ക്രൂശുമരണം നടന്ന കാല്‍വരിമലയാണ് ടെമ്പിള്‍മൗണ്ട് എന്നു ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. യേശുവിന്റെ ഉത്ഥാനവും സ്വര്‍ഗാരോഹണവും ഇവിടെത്തന്നെയായിരുന്നെന്നും വിശ്വസിക്കപ്പെടുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)