സമാധാനനൊബേല്‍ ജയിലിലേക്ക്
അടിച്ചമര്‍ത്തലുകള്‍ക്കെതിരേ പോരാടുന്ന സ്ത്രീപോരാളി - പ്രശസ്ത ഇറാനിയന്‍ ആക്ടിവിസ്റ്റ് നര്‍ഗിസ് മൊഹമ്മദിക്ക് 2023 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്ന നീതിനിഷേധത്തിന്റെ കാഴ്ചകളാണ് ഇറാന്‍ എന്ന രാജ്യത്തെക്കുറിച്ച് എന്നും കേള്‍ക്കാനാവുക. പിറന്ന നാട്ടിലെ സ്വാതന്ത്ര്യമില്ലായ്മയ്ക്കെതിരേ പ്രതികരിച്ചതിനാണ്, ലോകത്തെ പരമോന്നത പുരസ്‌കാരത്താല്‍ ആദരിക്കപ്പെടുമ്പോഴും നര്‍ഗിസ് മൊഹമ്മദി വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നത്.
ഇറാന്റെ വീഥികളില്‍ അടുത്തകാലത്ത് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ഭരണകൂടത്തിനു തലവേദനയാണ്. അതിനെ അടിച്ചമര്‍ത്താന്‍ ഏതു കിരാതമാര്‍ഗവും ഭരണകൂടം സ്വീകരിക്കുന്നു. തല മുണ്ഡനം ചെയ്തും ഹിജാബ് കത്തിച്ചും ഇറാനില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുന്നതില്‍ നര്‍ഗിസ് എന്ന ധീരവനിത പകരുന്ന പിന്തുണ ചെറുതല്ല.
ഇറാനിയന്‍ ഭരണകൂടത്തിന്റെ തടവറകളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശലംഘനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ നര്‍ഗിസ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഇറാനിലെ മനുഷ്യാവകാശക്കമ്മീഷന്റെ കണക്കുപ്രകാരം സര്‍ക്കാരിനെതിരായ പോരാ ട്ടങ്ങളില്‍ 68 കുട്ടികളും 49 സ്ത്രീകളുമടക്കം 551 ആളുകള്‍ക്കാണ് അടുത്ത നാളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. 'ഞങ്ങളില്‍ എത്രപേരെ അവര്‍ തടവിലാക്കുന്നുവോ, അത്രയും ഞങ്ങള്‍ ശക്തരാവും...' എന്നാണ് ഇറാനിലെ മനുഷ്യാവകാശപ്രവര്‍ത്തകരുടെ കൂട്ടഅറസ്റ്റുകളെ പരാമര്‍ശിച്ച് നര്‍ഗിസ് ന്യൂയോര്‍ക്ക് ടൈംസിനോടു പ്രതികരിച്ചത്.
ഇറാന്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശവിരുദ്ധനടപടികള്‍ക്കും, കിരാതമായ മതനിയമങ്ങള്‍ക്കുമെതിരേയുള്ള പോരാട്ടങ്ങളുടെ പേരിലാണ് നര്‍ഗിസ് ജയില്‍ശിക്ഷ അനുഭവിക്കുന്നത്. ജയിലില്‍വച്ചാണ് നര്‍ഗിസ് നൊബേല്‍ പുരസ്‌കാരവാര്‍ത്ത അറിഞ്ഞത്. സമാധാനത്തിനുള്ള നൊബേല്‍ നേടുന്ന 19-ാമത്തെ വനിതയും രണ്ടാമത്തെ ഇറാനിയന്‍ വനിതയുമാണ് നര്‍ഗിസ്.
1972 ഏപ്രില്‍ 21 നായിരുന്നു നര്‍ഗിസ് എന്ന പോരാട്ടനായികയുടെ ജനനം. കോളജുകാലഘട്ടം മുതല്‍തന്നെ സ്ത്രീകളുടെ അവകാശനിഷേധങ്ങള്‍ക്കെതിരേ പത്രങ്ങളില്‍ നര്‍ഗിസ് ലേഖനങ്ങള്‍ എഴുതിയിരുന്നു. ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്നായിരുന്നു നര്‍ഗിസിനോട് ചെറുപ്പത്തില്‍ അമ്മ പറഞ്ഞുകൊടുത്തിരുന്നത്. എന്നാല്‍, തനിക്കുചുറ്റും നടക്കുന്ന അനീതികളെ കണ്ടില്ലെന്നു നടിക്കാന്‍ നര്‍ഗിസിനായില്ല. അതുകൊണ്ട് വിദ്യാര്‍ഥികാലഘട്ടത്തില്‍ത്തന്നെ നര്‍ഗിസ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചു. ഇറാനിലെ വിദ്യാര്‍ഥി ഗ്രൂപ്പായ തഷാക്കോല്‍ ദാനേഷ്ജുയി റോഷങ്കാരന്റെ ('പ്രബുദ്ധവിദ്യാര്‍ഥിസംഘം') രണ്ടു യോഗങ്ങളില്‍ പങ്കെടുത്ത് അറസ്റ്റിലായിരുന്നു. ഫിസിക്സില്‍ ബിരുദം നേടിയശേഷം എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ച നര്‍ഗിസ് നൊബേല്‍ജേതാവായ ഫിറിന്‍ എബാദി സ്ഥാപിച്ച ടെഹ്‌റാനിലെ ഡിഫന്‍ഡേഴ്സ് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുതുടങ്ങി. ഇറാന്‍ ഭരണകൂടത്തെ ചോദ്യം ചെയ്യുന്ന പത്രങ്ങളില്‍ പത്രപ്രവര്‍ത്തികയായി.
1998 ലാണ് ഇറാന്‍സര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന കുറ്റത്തിന് നര്‍ഗിസ് മൊഹമ്മദി ആദ്യമായി തടവിലാക്കപ്പെട്ടത്. സ്ത്രീകള്‍ക്കെതിരേയുള്ള ഇറാന്‍ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരേ പോരാടിയതിന് പതിമ്മൂന്നു തവണ നര്‍ഗിസ് മൊഹമ്മദി അറസ്റ്റ് ചെയ്യപ്പെട്ടു. അഞ്ചുതവണ ശിക്ഷിക്കപ്പെടുകയും 31 വര്‍ഷം ജയില്‍വാസത്തിനും 154 ചാട്ടവാറടിക്കും വിധിക്കപ്പെടുകയും ചെയ്തു. സ്ത്രീസമത്വത്തിനുവേണ്ടിയും വധശിക്ഷയ്‌ക്കെതിരേയും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി ജയിലിനുള്ളിലും പുറത്തുമായി നര്‍ഗിസ് സമരപേരാട്ടം തുടരുകയാണ്. ജീവിതത്തിന്റെ അധികസമയവും അവര്‍ ചെലവഴിച്ചത് ജയിലിനുള്ളിലാണ്.
2022 സെപ്റ്റംബറില്‍ ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മതപോലീസ് അറസ്റ്റുചെയ്ത മഹ്‌സ അമീനി എന്ന പെണ്‍കുട്ടിയുടെ കസ്റ്റഡിമരണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് അവസാനമായി നര്‍ഗിസ് തടവിലാക്കപ്പെട്ടത്. മഹ്‌സ അമീനിയുടെ മരണത്തെത്തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധം ആളിപ്പടര്‍ന്നപ്പോള്‍ സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന നര്‍ഗിസ് ഉയര്‍ത്തിയ മുദ്രാവാക്യം വിളിച്ചുചൊല്ലി പതിനായിരക്കണക്കിനു സ്ത്രീകളാണ് തെരുവില്‍ അണിനിരന്നത്. ''ജനസംഖ്യയുടെ പകുതിയായ പുരുഷസമൂഹത്തിനെ തലപ്പാവ് ധരിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല. സ്ത്രീകളോടു നിര്‍ബന്ധമായി ഹിജാബ് ധരിക്കാന്‍ ആവശ്യപ്പെടുന്നു. സ്വേച്ഛാധിപത്യമതവ്യവസ്ഥയുടെ യഥാര്‍ഥമുഖം ലോകത്തിനുമുന്നില്‍ അവര്‍തന്നെ കാട്ടിക്കൊടുക്കുന്നു.'' നര്‍ഗിസ് മൊഹമ്മദി പറയുന്നു.
1999 ല്‍ പരിഷ്‌കരണ അനുകൂലപത്രപ്രവര്‍ത്തകനായ താഗി റഹ്‌മാനിയെ നര്‍ഗിസ് വിവാഹം കഴിച്ചു. അലി, കിയാന എന്നിവരാണ് മക്കള്‍. 2012 ല്‍ നര്‍ഗിസിന്റെ കുടുംബം ഫ്രാന്‍സിലേക്കു താമസം മാറ്റി. ഫ്രാന്‍സില്‍ ആയിരുന്ന സമയത്തും ഇറാനിലെ സ്ത്രീകള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ തുടര്‍ന്നു. 1998 ല്‍ ആദ്യമായി ഇറാനിയന്‍ ഭരണകൂടം അവരെ ജയിലഴിക്കുള്ളിലാക്കുമ്പോള്‍ മക്കളായ കിയാനയും അലിയും കുഞ്ഞുങ്ങളായിരുന്നു. ''അലിയെ ഉറക്കുന്നതുവരെ പോലീസുകാര്‍ കാത്തിരുന്നു. എന്നാല്‍, കിയാന ഉറങ്ങിയില്ല. ഒടുവില്‍ പോകാന്‍ നേരം അവള്‍ കെട്ടിപ്പിടിച്ചു നിലവിളിച്ചു. പോലീസിനൊപ്പം പുറത്തിറങ്ങിയെങ്കിലും തിരികെച്ചെന്ന് ഞാനവളെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു.'' മക്കളെ വിട്ടുപോരുമ്പോള്‍ താനനുഭവിച്ച വേദനകള്‍ നര്‍ഗിസ് ജയിലിലിരുന്ന് അക്ഷരങ്ങളിലേക്കു പകര്‍ത്തിയത് ഇങ്ങനെ. പിന്നീട് മൂന്നു തവണകൂടി കുഞ്ഞുങ്ങളുടെ അരികില്‍നിന്ന് അവര്‍ അറസ്റ്റു ചെയ്യപ്പെട്ടു. കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെയാണ് ആ അമ്മ ഒടുവില്‍ ജയിലിലാകുന്നത്. പിന്നീട് വര്‍ഷങ്ങളേറെ കടന്നുപോയിട്ടും അമ്മയും മക്കളും പരസ്പരം കണ്ടിട്ടില്ല. ഇറാന്‍ സ്വന്തം പൗരന്മാര്‍ക്കെതിരേ പതിവായി വധശിക്ഷ നടപ്പാക്കുന്നു എന്നു ചൂണ്ടിക്കാട്ടി കാമ്പയിന്‍ സംഘടിപ്പിച്ച നര്‍ഗിസ് മൊഹമ്മദിക്ക് വിവിധ കുറ്റങ്ങള്‍ ചുമത്തി 32 വര്‍ഷത്തെ ജയില്‍ശിക്ഷയാണു വിധിച്ചിരിക്കുന്നത്.
2022 ല്‍ ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ നര്‍ഗിസ് ഇടം നേടിയിരുന്നു. അന്താരാഷ്ട്രമാധ്യമങ്ങള്‍ക്ക് നര്‍ഗിസ് നല്‍കിയ അഭിമുഖങ്ങള്‍ ഇറാന്‍ ഭരണകൂടത്തിനെതിരേ പ്രചാരണം നടത്തുന്നതിനാണെന്നും ദേശീയസുരക്ഷയ്ക്കെതിരായ ഗൂഢാലോചനയാണെന്നും ആരോപിച്ച് നര്‍ഗിസിനെ അറസ്റ്റുചെയ്തിരുന്നു.
''ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കുമ്പോള്‍, ഇറാനിലെ മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുംവേണ്ടിയുള്ള അവളുടെ ധീരമായ പോരാട്ടത്തെ ആദരിക്കാന്‍ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ആഗ്രഹിക്കുന്നു.'' നര്‍ഗിസ് മൊഹമ്മദിയെ 'സ്വാതന്ത്ര്യസമരസേനാനി' എന്നു വിശേഷിപ്പിച്ച് നൊബേല്‍ അവാര്‍ഡ് കമ്മിറ്റി അധ്യക്ഷ ബെറിറ്റ് റെയിസ് ആന്‍ഡേഴ്സണ്‍ പറഞ്ഞു.
മതാത്മക, ലിംഗാധികാര രാഷ്ട്രീയത്തിനെതിരേ ഇറാനിയന്‍ സ്ത്രീകള്‍ നടത്തുന്ന പോരാട്ടത്തിനു ലോകജനതയുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൊബേല്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് മനുഷ്യാവകാശപ്പോരാട്ടങ്ങളിലെ ധന്യമായ മുഹൂര്‍ത്തംതന്നെയാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടിയതിന് ഒരു സ്ത്രീ നൊബേല്‍സമ്മാനത്താല്‍ ആദരിക്കപ്പെടുന്നത് ഇറാന്റെ മണ്ണിലെയും എക്കാലത്തെയും മനുഷ്യാവകാശപ്പോരാട്ടനായികമാര്‍ക്കു പ്രചോദനമാകട്ടെ.