''ഞാനെന്റെ വല്മീകത്തില്‍
ഇത്തിരിനേരം ധ്യാനലീനനായിരുന്നത്
മൗനമായി മാറാനല്ല
മൗനത്തെ മഹാശബ്ദമാക്കുവാന്‍
നിശ്ചഞ്ചലധ്യാനത്തെ
ചലനമായി ശക്തിയായുണര്‍ത്തുവാന്‍''
എന്റെ ദന്തഗോപുരത്തിലേക്ക്
ഒരു ക്ഷണക്കത്ത്
- വയലാര്‍ രാമവര്‍മ
മൗനം അത്ര നിസ്സാരമായ കാര്യമൊന്നുമല്ല. ഒരല്പനേരം മൗനമായിരിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ ഹൃദയത്തിനു കൂടുതല്‍ തെളിച്ചമുണ്ടാകും. അതുകൊണ്ടാണ് ആചാര്യന്മാര്‍ പറയുന്നത്, നിശ്ശബ്ദത നിങ്ങളെ കൂടുതല്‍ നല്ല മനുഷ്യരാക്കുമെന്ന്. മൗനം നിങ്ങളെ ഉള്ളിലേക്കു ക്ഷണിക്കുന്നു. നിങ്ങളിലുള്ള നിങ്ങളെ കാണാന്‍ നിര്‍ബന്ധിക്കുന്നു. ഈ ഓട്ടപ്പാച്ചിലിനിടയില്‍ ജീവിതത്തിന്റെ സര്‍ഗാത്മകത നഷ്ടമാകാതിരിക്കണമെങ്കില്‍ ചില മൗനയാമങ്ങള്‍ കൂടിയേ തീരൂ.
മൗനമാണ് നമ്മിലെ ക്ഷമയെ വളര്‍ത്തുന്നത്. ചിലവേള ഒന്നു ക്ഷമിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ചിലരോടൊക്കെ മൗനംകൊണ്ടു മറുപടി പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കുറേക്കൂടി സുന്ദരമായേനെ ഇന്നലെയോര്‍മകള്‍. ആ പഴഞ്ചൊല്ലില്‍ പതിരൊട്ടുമില്ല. വാവിട്ട വാക്കും കൈവിട്ട ആയുധവും ഒരുപാടു ദുരന്തങ്ങള്‍ വരുത്തിവയ്ക്കും. കടലിലേക്കൊരു കല്ലെടുത്തെറിയാനേ നമുക്കു കഴിയൂ. അതെത്ര ആഴത്തിലേക്കു പോകുന്നുവെന്നു നിശ്ചയിക്കാനാവില്ല. അതുപോലെതന്നെയാണ് വാക്കും. ഒരൊറ്റവാക്കുമതി, മുറിവേല്പിക്കാനും മുറിവുണക്കാനും.
മൗനം നമ്മുടെ അജ്ഞതകളെ നമുക്കു വെളിപ്പെടുത്തിത്തരും. അറിഞ്ഞതിലുമേറെയാണ് അറിയാത്തത് എന്നു നാം മനസ്സിലാക്കുന്നത് മൗനത്തില്‍നിന്നാണ്. മൗനം നമ്മുടെ ഹൃദയത്തിലെ അഹന്തയുടെ വേരുകളെ പിഴുതെറിയും. മനസ്സിനെ സംസ്‌കരിക്കുന്നതു ശരീരത്തിനു ഭക്ഷണം നല്‍കുന്നതുപോലെതന്നെ പ്രധാനമാണെന്നു സിസറോ എഴുതുന്നുണ്ട്. ഈ മനഃസംസ്‌കരണത്തിനു മൗനമെന്ന വിദ്യ നാം പഠിച്ചേ മതിയാവൂ.
മൗനത്തില്‍നിന്നാണു മഹത്തായ ചിന്തകളും ആശയങ്ങളുമൊക്കെ രൂപമെടുക്കുക. നീണ്ട മൗനത്തിന്റെ പേരില്‍ ബാല്യത്തില്‍ മനോരോഗചികിത്സയ്ക്കു വിധേയനായിട്ടുള്ള വ്യക്തിയാണ് ബില്‍ ഗേറ്റ്‌സ്. രണ്ടുവര്‍ഷത്തോളം മരുന്നു കഴിച്ചിട്ടും അദ്ദേഹത്തിന്റെ രോഗം മാറിയില്ല. ഒടുവില്‍ ഡോക്ടര്‍മാര്‍ വിധിയെഴുതി; 'ഈ രോഗം മാറില്ല.' മൗനം മനോരോഗമാകുന്ന ലോകത്ത് നിശ്ശബ്ദതയുടെ സംഗീതം ആസ്വദിക്കുക അത്ര എളുപ്പമൊന്നുമല്ല. എങ്കിലും, നിറവോടെ ജീവിക്കാന്‍ മൗനത്തിന്റെ ഒരു ചരണമെങ്കിലും പാടേണ്ടതുണ്ട്.
നിശ്ശബ്ദതയാണ് സര്‍ഗാത്മകതയുടെ കളിത്തൊട്ടില്‍. കാമ്പുള്ള രചനകളുണ്ടാവുന്നതും കാലാതിവര്‍ത്തിയായ കലാസൃഷ്ടികള്‍ ജന്മമെടുക്കുന്നതും മൗനത്തിന്റെ മടിത്തട്ടില്‍നിന്നാണ്. ഹെന്റി ഡേവിഡ് തോറോയുടെ വാള്‍ഡന്‍ അഥവാ കാനനജീവിതം വായിക്കുക. കാനനത്തിന്റെ പ്രശാന്തതയില്‍നിന്ന്, നിശ്ശബ്ദതയുടെ സംഗീതത്തില്‍നിന്ന് ഉരുത്തിരിഞ്ഞ ആ ഗ്രന്ഥം ഗാന്ധിജിയുള്‍പ്പെടെ ഒട്ടേറെ മഹാവ്യക്തികള്‍ക്കു വെളിച്ചമായിട്ടുണ്ട്. റൂമിയുടെ കവിതകള്‍ എന്തുകൊണ്ടാണ് അനശ്വരമായിരിക്കുന്നത്? ആ ഗീതികള്‍ ധ്യാനമൗനത്തിന്റെ പൊന്‍കിരണങ്ങളാല്‍ പ്രശോഭിക്കുന്നതുതന്നെ കാരണം.
പ്രണയികളെ നോക്കൂ, എത്ര നേരമാണ് ഒരു വാക്കുപോലും ഉരിയാടാതെ അവര്‍ മിഴികളില്‍ പരസ്പരം ലയിച്ചിരിക്കുന്നത്! അഗാധസ്‌നേഹത്തില്‍ വാക്കിലുമേറെയുണ്ടാവും മൗനത്തിനു പറയാന്‍. യഹൂദ അമിച്ചായുടെ മൗനസുന്ദമായൊരു കവിതയുണ്ട്: പ്രണയത്തില്‍നിന്നകന്നുപോകുമ്പോള്‍/ നാം വാക്കുകളുടെ എണ്ണം കൂട്ടുന്നു./ നമ്മുടെ വാചകങ്ങള്‍/ ദീര്‍ഘവും സുഘടിതവുമാകുന്നു./ നമുക്കൊരൊറ്റ മൗനമാകാനായേനെ/ നാമിന്നും ഒരുമിച്ചായിരുന്നെങ്കില്‍...
ഹൃദയങ്ങള്‍ ഒരുമിച്ചെങ്കില്‍ മിണ്ടാന്‍ ഏറെ വാക്കുകളൊന്നും വേണ്ട. ഹൃദയത്തില്‍ സ്‌നേഹമില്ലെങ്കില്‍ എത്ര വാക്കുകൊണ്ടും പ്രയോജനവുമില്ല. മൗനം നമ്മെ കുറേക്കൂടി നല്ല മനുഷ്യരാക്കിത്തീര്‍ക്കട്ടെ.