ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവും വിഖ്യാത കൃഷിശാസ്ത്രജ്ഞനുമായ, അന്തരിച്ച ഡോ. എം. എസ്. സ്വാമിനാഥനെ ഓര്‍മിക്കുമ്പോള്‍
വിശപ്പും ദാരിദ്ര്യവുമില്ലാത്ത ഒരിന്ത്യയ്ക്കുവേണ്ടി മാത്രമല്ല, വിശക്കാത്ത ഒരു ലോകത്തിനുവേണ്ടിക്കൂടി പ്രയത്‌നിച്ച വിശ്വപൗരനായിരുന്നു ഡോ. എം.എസ്. സ്വാമിനാഥന്‍. സ്വന്തം രാജ്യത്തിനുവേണ്ടി താന്‍ ചെറുപ്പത്തില്‍ക്കണ്ട സ്വപ്നം യാഥാര്‍ഥ്യമാക്കിയതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പത്മശ്രീ എം.എസ്. സ്വാമിനാഥന്‍ അരങ്ങൊഴിയുന്നത്. ''രാജ്യങ്ങളുടെ മുന്നോട്ടുള്ള ഭാവി നിര്‍ണയിക്കുന്നത് എത്ര ആയുധങ്ങള്‍ കൈവശമുണ്ട് എന്നതിലല്ല; എത്രമാത്രം ധാന്യങ്ങള്‍ കൈവശമുണ്ട് എന്നതിലാണ്'' എന്ന സ്വാമിനാഥവാക്കുകള്‍ അന്തരീക്ഷത്തില്‍ ഇപ്പോഴും അലയടിക്കുന്നുണ്ട്. വര്‍ത്തമാനകാലഭരണകൂടങ്ങളുടെ മസ്തിഷ്‌കത്തില്‍ ഈ വാക്കുകള്‍ ഒരുണര്‍വുണ്ടാക്കിയിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു...!
ജനനം, വിദ്യാഭ്യാസം, കരിയര്‍
ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഇരുപതുപേരുടെ പട്ടിക 1999 ല്‍ ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഇന്ത്യയില്‍നിന്ന് മൂന്നു പേരുകളാണ് ഉണ്ടായിരുന്നത്. അതില്‍ മഹാത്മാഗാന്ധിക്കും ടാഗോറിനുമൊപ്പം ഡോ. എം.എസ്. സ്വാമിനാഥനും ഉണ്ടായിരുന്നുവെന്നത് മലയാളിക്ക് ഒരു സ്വകാര്യ അഹങ്കാരമാണ്. കാരണം, ആലപ്പുഴജില്ലയിലെ കുട്ടനാട് താലൂക്കില്‍ മങ്കൊമ്പ് എന്ന സ്ഥലത്താണ് സ്വാമിനാഥന്റെ പിതൃഭവനം. എന്നാല്‍, സ്വാമിനാഥന്റെ ജനനവും പ്രാഥമികവിദ്യാഭ്യാസവും തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ കുംഭകോണത്തായിരുന്നു. ഡോക്ടറായിരുന്ന പിതാവ് എം.കെ. സാംബശിവന്റെയും മാതാവ് പാര്‍വതി തങ്കമ്മാളിന്റെയും രണ്ടാമത്തെ പുത്രനായി 1925 ഓഗസ്റ്റ് ഏഴിന് ജനനം. പത്താംക്ലാസ് പഠനം കഴിഞ്ഞ് കുംഭകോണത്തുനിന്ന് 1940 ല്‍ തിരുവനന്തപുരം മഹാരാജാസ് കോളജില്‍ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളജ്) വന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദം നേടി. സ്വാമിനാഥനെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു രക്ഷാകര്‍ത്താക്കളുടെ മോഹം. എന്നാല്‍, 1943 ല്‍ മുപ്പതുലക്ഷത്തോളം മനുഷ്യരുടെ പട്ടിണിമരണത്തിനുകാരണമായ ബംഗാള്‍ക്ഷാമം സ്വാമിനാഥനെ ഒരു കൃഷിശാസ്ത്രജ്ഞനാകാന്‍ പ്രേരിപ്പിച്ചു. കോയമ്പത്തൂര്‍ കാര്‍ഷികകോളജ് (ഇന്നത്തെ കാര്‍ഷികയൂണിവേഴ്‌സിറ്റി), ഇന്ത്യന്‍ കാര്‍ഷികഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ തുടര്‍പഠനം. ഇക്കാലത്ത് ഐ.പി.എസ്. ലഭിച്ചുവെങ്കിലും യുനെസ്‌കോ സ്‌കോളര്‍ഷിപ്പില്‍ ഉപരിപഠനത്തിനായി ഹോളണ്ടില്‍ പോകാനായിരുന്നു യുവശാസ്ത്രജ്ഞന്റെ തീരുമാനം. പിന്നീട്, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കി. അമേരിക്കയിലെ വിസ്‌കോന്‍സിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിഗവേഷണം നടത്തുന്ന സമയത്ത് സമര്‍ഥനായ യുവശാസ്ത്രജ്ഞന് അവിടെത്തന്നെ അധ്യാപകനാകാനുള്ള ക്ഷണം യൂണിവേഴ്‌സിറ്റി വച്ചുനീട്ടിയെങ്കിലും സ്വാമിനാഥന്‍ അതു നിരസിച്ചു.
ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ മുഖം മനസ്സില്‍ മായാതെ സൂക്ഷിച്ച സ്വാമിനാഥന്‍ 1954 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി, കട്ടക്കിലെ നെല്ലുഗവേഷണകേന്ദ്രത്തില്‍ ചേര്‍ന്നു. ഇന്ത്യയിലെ പട്ടിണിമാറ്റാനുള്ള യജ്ഞത്തിന്റെ തയ്യാറെടുപ്പുമാത്രമാണ് വിദേശങ്ങളിലെ തന്റെ പഠനം എന്നു പറഞ്ഞ്, ലഭിക്കുമായിരുന്ന സൗഭാഗ്യങ്ങളുപേക്ഷിച്ച് ഇന്ത്യയില്‍ സേവനം ചെയ്യാന്‍ തയ്യാറായ സ്വാമിനാഥന്‍, വര്‍ത്തമാനകാലത്ത് വിദേശങ്ങളില്‍ ഒരു കരിയര്‍ പടുത്തുയര്‍ത്താന്‍ കഠിനമായി ശ്രമിക്കുന്ന ബുദ്ധിജീവികള്‍ക്ക് ഒരപവാദവും ഒരുത്തമമാതൃകയുമാണ്. 1955 ല്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(ഐ.എ.ആര്‍.ഐ.) പ്രൊഫസറായും ഗവേഷകനായും പിന്നീട് 1966 മുതല്‍ 1972 വരെ അതേ സ്ഥാപനത്തിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ഈ കാലയളവിലാണ് ഇന്ത്യയില്‍ ഹരിതവിപ്ലവം പൂത്തുലയുന്നത്. 1968 ല്‍ ഇന്ത്യാഗവണ്‍മെന്റ് പുറത്തിറക്കിയ സ്‌പെഷ്യല്‍ സ്റ്റാമ്പ് ഇതിനു നിദര്‍ശനമാണ്. പിന്നീട് 1972 മുതല്‍ 1979 വരെ ഇന്ത്യന്‍ കാര്‍ഷികഗവേഷണ കൗണ്‍സില്‍(ഐ.സി.എ.ആര്‍.) ഡയറക്ടറായിരുന്നു. 1979 - 80 കാലഘട്ടത്തില്‍ കേന്ദ്ര പ്രിന്‍സിപ്പല്‍ സെക്രട്ടറി, 1980-82 കാലഘട്ടത്തില്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, 1982-88 കാലഘട്ടംവരെ മനിലയിലെ പ്രശസ്തമായ അന്താരാഷ്ട്ര നെല്ലുഗവേഷണകേന്ദ്രത്തിന്റെ (ഐ.ആര്‍.ആര്‍.ഐ.) ഡയറക്ടര്‍ ജനറല്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1984-90 കാലഘട്ടങ്ങളില്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്റ് നാച്വറല്‍ റിസോഴ്‌സസ് എന്ന സംഘടനയുടെ പ്രസിഡന്റുമായിരുന്നു.
ഹരിതവിപ്ലവവിസ്‌ഫോടനം
ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന നോര്‍മന്‍ ഏണസ്റ്റ് ബോര്‍ലോഗ് 1956 കളില്‍ മെക്‌സിക്കോയില്‍ ഗോതമ്പിന്റെ ഗുണമേന്മയേറിയ കുള്ളന്‍ സങ്കരവിത്തിനം (സൊണോറ 64) കണ്ടുപിടിച്ചു പ്രചരിപ്പിക്കുന്ന സമയം. ഇന്ത്യയുടെ പട്ടിണിക്കുള്ള മറുപടി ഈ കണ്ടുപിടിത്തമാണെന്നു തിരിച്ചറിഞ്ഞ സ്വാമിനാഥന്‍ ബോര്‍ലോഗിനെ ഇന്ത്യയിലേക്കു ക്ഷണിച്ചു. ബോര്‍ലോഗുമായുള്ള സൗഹൃദവും ഇന്ത്യന്‍ കാലാവസ്ഥയ്ക്കനുയോജ്യമായ രീതിയില്‍ ഈ വിത്തിനത്തിനു മ്യൂട്ടേഷന്‍ ബ്രീഡിങ്ങ്‌വഴി രൂപാന്തരം വരുത്താനുള്ള സ്വാമിനാഥന്റെ വിജയവുമാണ് ഇന്ത്യന്‍ ഹരിതവിപ്ലവത്തിനു തുടക്കം കുറിച്ചത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയുടെ പൂര്‍ണപിന്തുണയും സഹായകമായി. പരമ്പരാഗതകൃഷി പിന്തുടര്‍ന്നിരുന്ന കര്‍ഷകര്‍ക്കു സങ്കരയിനം വിത്തുകളുടെ ഉപയോഗവും രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും പ്രയോഗവും നൂതന ജലസേചനസംവിധാനങ്ങളും ആദ്യഘട്ടത്തില്‍ സ്വീകാര്യമായിരുന്നില്ല. കൂടാതെ, ചെലവു കൂടുതലും.
എന്നാല്‍, സ്വാമിനാഥന്റെ പരീക്ഷണപ്ലോട്ടുകളിലെ വിളവില്‍ വിസ്മയം പൂണ്ട പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ തങ്ങളുടെ വയലുകളില്‍ ഷര്‍ബതി സൊണോറ എന്ന പുതിയ സങ്കരയിനം വിത്തുപയോഗിച്ചു കൃഷി ചെയ്യാന്‍ തയ്യാറായി. നവീന ജലസേചനമാര്‍ഗങ്ങളും രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗവും അപ്രതീക്ഷിതമായ അളവിലുള്ള ധാന്യോത്പാദനത്തിനു കാരണമായി. ഹെക്ടറില്‍ വെറും അഞ്ഞൂറ്റിനാല്പതു കിലോ ഉത്പാദനനിരക്ക് എന്നത് മൂവായിരംമുതല്‍ അയ്യായിരത്തിലുമധികമാകാന്‍ തുടങ്ങി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും നൂതനരീതിയിലേക്കു ചുവടുമാറിയപ്പോള്‍ 1971 ല്‍ വികസിതരാജ്യങ്ങള്‍ക്കൊപ്പം ആദ്യമായി ഇന്ത്യ ഭക്ഷ്യസ്വയംപര്യാപ്തതയിലെത്തിച്ചേര്‍ന്നു! വിദേശങ്ങളില്‍നിന്നു തുറമുഖത്തെത്തിച്ചേര്‍ന്നിരുന്ന കപ്പലില്‍നോക്കിമാത്രം പട്ടിണിമാറ്റിയിരുന്ന ഇന്ത്യയ്ക്ക് ഇന്ത്യന്‍കരയില്‍ത്തന്നെ സ്വാമിനാഥനെന്ന കപ്പിത്താനെ നോക്കി വിശപ്പകറ്റാമെന്ന സ്വപ്നതുല്യമായ നേട്ടത്തിലേക്കെത്താന്‍ സാധിച്ചു. അങ്ങനെ, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ നായകനായി എം.എസ്. സ്വാമിനാഥന്‍. അവിടംകൊണ്ടും സ്വാമിനാഥന്‍ വിശ്രമിച്ചില്ല. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യന്‍രാജ്യങ്ങളിലേക്കും ഹരിതവിപ്ലവാശയം പകര്‍ന്നുനല്‍കി ലോകത്തിന്റെ മുഴുവന്‍ വിശപ്പകറ്റാനുള്ള യത്‌നത്തിനായി പരിശ്രമിച്ചുകൊണ്ടേയിരുന്നു.
1970 ല്‍ ഹരിതവിപ്ലവത്തിന്റെ പിതാവായ നോര്‍മന്‍ ബോര്‍ലോഗിനു സമാധാനത്തിനുള്ള നൊബേല്‍പ്രൈസ് സമ്മാനിക്കപ്പെട്ടപ്പോള്‍ തനിക്കീ സമ്മാനംകിട്ടാനുള്ള മുഖ്യകാരണം തന്റെ ആശയം ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും പ്രയോഗത്തില്‍ വരുത്തി വിജയിപ്പിച്ച ഡോ. സ്വാമിനാഥന്റെ അധ്വാനത്തിന്റെയുംകൂടി ഫലമാണെന്ന് അനുസ്മരിച്ചത് ഇന്ത്യയ്ക്ക് അഭിമാനമായി. മാത്രമല്ല, സമ്മാനത്തുകകൊണ്ടു ബോര്‍ലോഗ് ഏര്‍പ്പെടുത്തിയ വേള്‍ഡ് ഫുഡ് പ്രൈസിന് 1987 ല്‍ ആദ്യമായി അര്‍ഹനായത് ഡോ. എം.എസ്. സ്വാമിനാഥനായിരുന്നു. നൊബേല്‍ സമ്മാനത്തോളംതന്നെ പ്രശസ്തമായ വേള്‍ഡ് ഫുഡ് പ്രൈസിന്റെ മുഴുവന്‍ സമ്മാനത്തുകയും (2,50,000 ഡോളര്‍) ഭക്ഷ്യസുരക്ഷയ്ക്കും ജൈവസംരക്ഷണത്തിനും സുസ്ഥിരവികസനത്തിനുംവേണ്ടിയുള്ള ഒരു ട്രസ്റ്റ് സ്ഥാപിക്കാന്‍ വിനിയോഗിച്ചു. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ചെന്നൈയിലും, ഒറീസ്സയിലും കേരളത്തിലും ഓഫീസുകളുമുള്ള എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (എം.എസ്.എസ്.ആര്‍.എഫ്.) അങ്ങനെ 1988 ല്‍ നിലവില്‍വന്നു.
നിത്യഹരിതവിപ്ലവം
കാലം പിന്നിട്ടപ്പോള്‍, മനുഷ്യന്റെ പട്ടിണി മാറിയെങ്കിലും ഹരിതവിപ്ലവത്തിന്റെ പാര്‍ശ്വഫലങ്ങള്‍ മണ്ണിലും അന്തരീക്ഷത്തിലും ജൈവസംവിധാനങ്ങളിലും ആശാസ്യമല്ലാത്ത അടയാളങ്ങള്‍ കാണിച്ചുതുടങ്ങി. പ്രത്യേകിച്ച്, അമിതമായ രാസവള, രാസകീടനാശിനിപ്രയോഗങ്ങളും തനതു സ്വദേശീയവിത്തുകളുടെ ഉന്മൂലനവും പുതിയ പരിസ്ഥിതിപ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടു.എന്നാല്‍, ഇത്തരം വിമര്‍ശനങ്ങളെയും മാറ്റങ്ങളെയും അവഗണിക്കാതെ അവയെക്കുറിച്ചു സത്യസന്ധമായി പഠിക്കാനും പ്രതിവിധികള്‍ ആലോചിച്ചു നടപ്പാക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്നിടത്താണ് സ്വാമിനാഥന്റെ പ്രോജ്ജ്വലമായ വ്യക്തിത്വം നമുക്കുചുറ്റും സുഗന്ധം പരത്തുന്നത്. ഹരിതവിപ്ലവമല്ല, ഓര്‍ഗാനിക് ഫാമിങ്ങിലൂടെയുള്ള നിത്യഹരിതവിപ്ലവമാണ് നാടിനാവശ്യമെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ സ്വാമിനാഥന്‍ മടികാണിച്ചില്ല. കാലഘട്ടത്തിനനുസരിച്ച് താന്‍ ആര്‍ജ്ജിച്ചെടുത്ത ശാസ്ത്രീയമായ അറിവും സാങ്കേതികവിദ്യയും ജനസമൂഹത്തിന്റെ പ്രത്യേകിച്ച്, സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ സാംസ്‌കാരിക, സാമ്പത്തികോന്നമനത്തിനുവേണ്ടി ഉപയോഗിക്കാനുള്ള കാര്യപ്രാപ്തിയും ആര്‍ജവവും കാണിച്ചുവെന്നതാണ് മറ്റു ശാസ്ത്രജ്ഞന്മാരില്‍നിന്നു സ്വാമിനാഥനെ വ്യത്യസ്തനാക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ അദ്ദേഹം ദീര്‍ഘവീക്ഷണത്തോടെ മുന്നോട്ടുവച്ച മാര്‍ഗങ്ങള്‍ ശാസ്ത്രലോകം ചര്‍ച്ചചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്നുവെന്നത് ശുഭോദര്‍ക്കമായ കാര്യമാണ്. വളരെ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ അദ്ദേഹം നടത്തിയ 'കാലാവസ്ഥാ അഭയാര്‍ഥികളെ'ന്ന പദപ്രയോഗവും പ്രവചനവും ഇന്നു നേരനുഭവമായി എന്നതു ചരിത്രം. 'ന്യൂട്രിമില്ലറ്റ്' എന്ന പുതിയ പദപ്രയോഗത്തിലൂടെ അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന കാലാവസ്ഥാവ്യതിയാന പ്രതിരോധമാര്‍ഗങ്ങളിലൊന്ന് റാഗി, ചാമ, തിന തുടങ്ങിയ ചെറുധാന്യങ്ങളുടെ ഉത്പാദനവും വിതരണവും പ്രസക്തിയുമാണ്.
സൈലന്റ്‌വാലിയിലെ കുന്തിപ്പുഴയ്ക്കു കുറുകെയുള്ള ഡാമിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാന്‍ ഇന്ദിരാഗാന്ധി തയ്യാറായതിനുപിന്നിലെ പ്രധാന പ്രേരകശക്തി സ്വാമിനാഥനായിരുന്നു. മാത്രമല്ല, സൈലന്റ് വാലി ഒരു ദേശീയോദ്യാനമായും നീലഗിരി ഒരു ജൈവമണ്ഡല(ആശീുെവലൃല ഞലലെൃ്‌ല)മായും പ്രഖ്യാപിച്ചതിന്റെ പിന്നിലെ ബുദ്ധികേന്ദ്രവും സ്വാമിനാഥന്‍തന്നെയായിരുന്നു. ആറു വകുപ്പുകള്‍മാത്രമുണ്ടായിരുന്ന ഐ.എ.ആര്‍.ഐ. ഇരുപത്തിമൂന്നു വിവിധ വകുപ്പുകളുള്ള ഒരു ഉന്നതസ്ഥാപനമായി ഉയര്‍ന്നതും സ്വാമിനാഥന്റെ കാലത്താണ്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നബാര്‍ഡ്, വനം പരിസ്ഥിതി വകുപ്പ് തുടങ്ങിയവയുടെ ആരംഭത്തിനു പ്രേരകശക്തിയായതു സ്വാമിനാഥനായിരുന്നു.
എം.എസ്.എസ്.ആര്‍.എഫ്.
അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള എം.എസ്. സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സ്ഥാപനം ഈ കാലഘട്ടത്തില്‍ നിരവധി പാരിസ്ഥിതിക, ജൈവസംരക്ഷണ, സുസ്ഥിരവികസനപ്രവര്‍ത്തനങ്ങളോടൊപ്പം കര്‍ഷകരുടെ അഭിവൃദ്ധിക്കുവേണ്ടിയുള്ള നിരവധി പാക്കേജുകള്‍ നടപ്പില്‍ വരുത്തുന്നതിനു സഹായകമാവുകയും ചെയ്തിട്ടുണ്ട്. അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ പുതിയ നാമധേയം അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റ് ഫോര്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ എന്നാക്കിയത് സ്വാമിനാഥന്റെ നിര്‍ദേശപ്രകാരമാണ്. മാത്രമല്ല, കര്‍ഷകസൗഹൃദമായ നിരവധി പ്രോജക്ടുകളും ഇതില്‍ വിഭാവനം ചെയ്തിട്ടുണ്ട്. സ്ത്രീകര്‍ഷകരുടെ ഉന്നമനത്തിനുവേണ്ടിയുള്ള മഹിളാ കിസാന്‍ ശക്തീകരണ പ്രയോജന്‍ (എം.കെ.എസ്.പി) എന്ന ഗ്രാമവികസനപദ്ധതിയുടെയും പ്രേരകശക്തി സ്വാമിനാഥനാണ്.
Every farmer a scientist; Every child a scientist - ഓരോ കര്‍ഷകനും ഓരോ വിദ്യാര്‍ഥിയും ശാസ്ത്രജ്ഞനാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ആദിവാസിഗോത്രങ്ങളിലെ കുഞ്ഞുങ്ങള്‍ക്കും കര്‍ഷകര്‍ക്കും അറിവിന്റെ, സ്വയംപര്യാപ്തതയുടെ മഹാവാതായനങ്ങള്‍ തുറന്നിട്ടുകൊടുത്തുകൊണ്ടാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28 ന് സ്വാമിനാഥന്‍ ലോകത്തോടു വിടപറഞ്ഞത്.
വിവിധ രാജ്യങ്ങളില്‍നിന്ന് അദ്ദേഹത്തിന് ആദരവായി ലഭിച്ച എണ്‍പത്തിനാലോളം ഓണററി ഡോക്ടറേറ്റുകള്‍ അദ്ദേഹത്തിന്റെ നിസ്തുലസേവനത്തിനുള്ള അംഗീകാരമായി മാറി. ശാന്തിസ്വരൂപ് ഭട്‌നഗര്‍ അവാര്‍ഡ്, പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, മാഗ്‌സസെ തുടങ്ങിയ ഒട്ടനവധി അവാര്‍ഡുകള്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഭാര്യ മീന സുബ്രഹ്‌മണ്യന്റെയും മക്കള്‍ സൗമ്യ, നിത്യ, മധുര എന്നിവരുടെയും നിരന്തരമായ പിന്തുണ തന്റെ ഔദ്യോഗികജീവിതത്തിനു പ്രോത്സാഹനമായിരുന്നുവെന്ന് സ്വാമിനാഥന്‍ പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്.
തന്റെ തറവാടിന്റെ ചുറ്റുമുള്ള, ഒരിക്കല്‍ നെല്ലിന്റെ കലവറയായിരുന്ന, കുട്ടനാടിനെ സംരക്ഷിക്കാനുള്ള 1840 കോടിയുടെ വിശദമായ കുട്ടനാട് പാക്കേജ് സമര്‍പ്പിച്ചിട്ട് അതു ഫലപ്രാപ്തിയിലെത്തിയില്ലെന്ന ഖേദത്തോടെ സ്വാമിനാഥന്‍ നമ്മോടും ഈ ലോകത്തോടും വിടപറയുമ്പോള്‍ അദ്ദേഹം വിഭാവനം ചെയ്ത കുട്ടനാട്, ഇടുക്കി പാക്കേജുകള്‍ താമസംകൂടാതെ നടപ്പിലാക്കാനുള്ള ധീരമായ ചുവടുവയ്പാണ് ഭരണകൂടത്തിന് ഈ മഹാത്മാവിനു നല്‍കാനുള്ള അന്ത്യാഞ്ജലി!