•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മഹാദുരന്തം അകലെയല്ല

മുല്ലപ്പെരിയാര്‍ മുത്തശ്ശിക്ക് 128

ക്‌ടോബര്‍ പത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 129-ാം ജന്മദിനം. മദ്രാസ് പ്രസിഡന്‍സിയിലെ ഉണങ്ങിവരണ്ട പ്രദേശങ്ങളില്‍ കൃഷിയാവശ്യത്തിന് വെള്ളമെത്തിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപംകൊടുത്ത മുല്ലപ്പെരിയാര്‍ ജലസേചനപദ്ധതിയുടെ ഭാഗമായിരുന്നു അണക്കെട്ട്.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ വിശാഖം തിരുനാള്‍ രാമവര്‍മയ്ക്കുവേണ്ടി ദിവാന്‍ വി രാമയ്യങ്കാറും മദ്രാസ് പ്രസിഡന്‍സിയുടെ ഗവര്‍ണര്‍ വെന്‍ലോക് പ്രഭുവിനുവേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറിയും ഒപ്പിട്ട 999 വര്‍ഷം നീളുന്ന പെരിയാര്‍ ലീസ് എഗ്രിമെന്റ് പ്രകാരമായിരുന്നു ജലസേചനപദ്ധതി നടപ്പാക്കിയത്.
1886 ഒക്‌ടോബര്‍ 29 ലെ കരാര്‍പ്രകാരം വെള്ളം കയറി മൂടിപ്പോകുന്ന 8,000 ഏക്കര്‍ വനഭൂമിക്ക് ഏക്കറിന് 5 രൂപ നിരക്കില്‍ തിരുവിതാംകൂറിന് പ്രതിവര്‍ഷം 40,000 രൂപ പാട്ടത്തുകയും നിശ്ചയിച്ചു. അണക്കെട്ടു നില്ക്കുന്ന സ്ഥലത്തിനു ചുറ്റുമുള്ള 100 ഏക്കര്‍ സ്ഥലം മദ്രാസ് പ്രസിഡന്‍സിക്കു വിട്ടുനല്‍കണമെന്നും പാട്ടക്കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വെള്ളത്തിനടിയിലാകുന്ന നിബിഡവനത്തെയും, അവിടെനിന്നു നിഷ്‌കാസിതരാകുന്ന ആദിവാസികളെയും, നശിച്ചുപോയേക്കാവുന്ന ജീവജാലങ്ങളെയും ഓര്‍ത്ത് മഹാരാജാവ് അതീവദുഃഖിതനായിരുന്നുവെന്നു തിരുവിതാംകൂറിന്റെ ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദുഷ്ടലാക്കോടെ തയ്യാറാക്കിയ പാട്ടക്കരാറുമായി കവടിയാര്‍ കൊട്ടാരത്തിലെത്തി മഹാരാജാവിനെ മുഖം കാണിച്ചിരുന്ന ബ്രിട്ടീഷുദ്യോഗസ്ഥര്‍ ഒടുവില്‍ ഭീഷണിയുടെ സ്വരമുയര്‍ത്തിയതിനാലാകാം കരാറിലൊപ്പിടാന്‍ മഹാരാജാവ് സമ്മതം മൂളിയതെന്നു കരുതപ്പെടുന്നു.
തിരുവിതാംകൂറിന്റെ ഭാഗത്തുള്ള സഹ്യപര്‍വതത്തില്‍ ഉദ്ഭവിച്ചു വടക്കോട്ടൊഴുകിയിരുന്ന മുല്ലയാറിനെയും പെരിയാറിനെയും തടഞ്ഞുനിര്‍ത്തിയായിരുന്നു അണക്കെട്ടിന്റെ നിര്‍മാണം. ബ്രിട്ടീഷ് സര്‍ക്കാരിന്റെ എഞ്ചിനീയറിങ് വിദഗ്ധനായിരുന്ന കേണല്‍ ജോണ്‍ പെന്നിക്വിക്ക് അണക്കെട്ടിന്റെ നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ചു. ഒന്‍പതുവര്‍ഷംകൊïു നിര്‍മാണം പൂര്‍ത്തിയാക്കിയ മുല്ലപ്പെരിയാര്‍ അണ ക്കെട്ട് 1895 ഒക്‌ടോബര്‍ 10 ാം തീയതി ഔപചാരികമായി കമ്മീഷന്‍ ചെയ്തു.
കല്‍ക്കെട്ടായി മാറിയ ഒരു അണക്കെട്ട്
മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടസ്ഥിതിയിലാണെന്ന അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടാണ് ഈ വിഷയത്തെക്കുറിച്ച്  വീണ്ടും എഴുതാന്‍ പ്രേരണയായത്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടുകളിലൊന്നായ മുല്ലപ്പെരിയാര്‍ ഡാം, നിര്‍മാണസാമഗ്രികളുടെ ശോഷണംമൂലം ഒരു കല്‍ക്കെട്ടുമാത്രമായി മാറിയെന്ന് ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിമിന്റുചേര്‍ത്ത കോണ്‍ക്രീറ്റിന്റെ ഉപയോഗം പ്രചാരത്തിലില്ലാതിരുന്ന കാലത്ത് ഇഷ്ടികപ്പൊടിയും മണലും ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം ചൂടാക്കി പശരൂപത്തിലാക്കുന്ന സുര്‍ക്കി മിശ്രിതത്തില്‍ പാറക്കല്ലുകളുറപ്പിച്ചായിരുന്നു അണക്കെട്ടിന്റെ നിര്‍മാണം. നിര്‍മാണവസ്തുക്കളുടെ ഭാരംകൊണ്ടു മാത്രം നിലത്തുറച്ചിരിക്കുന്ന ഒരു ഗ്രാവിറ്റി ഡാമാണിത്. കാലപ്പഴക്കത്താലും നിര്‍മാണഘട്ടംമുതലുള്ള ചോര്‍ച്ചകളാലും സുര്‍ക്കിമിശ്രിതത്തിന്റെ
സിംഹഭാഗവും ഒലിച്ചുപോയതായി പരിശോധനകളില്‍ തെളിഞ്ഞിട്ടുള്ളതാണ്.
അണക്കെട്ടിന്റെ മുകള്‍ഭാഗത്തുനിന്നു താഴേക്ക് ബോര്‍ഹോളുകള്‍ കുഴിച്ചപ്പോള്‍ ഉപകരണങ്ങള്‍ പൊള്ളയായ ഭാഗങ്ങളിലൂടെയാണ് കടന്നുപോയതെന്ന് എഞ്ചിനീയര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അണക്കെട്ടിന്റെ വെള്ളത്തിനടിയിലെ ഉള്‍ഭാഗം നമ്മുടെ നാട്ടിലെ പഴയ കയ്യാലകള്‍ക്കു സമാനമായി മാറിയിട്ടുണ്ടെന്ന് വെള്ളം താഴ്ന്നുനില്ക്കുന്ന അവസരങ്ങളില്‍ ഡാമിനടുത്തു ബോട്ടുയാത്ര നടത്തിയിട്ടുള്ള വിനോദസഞ്ചാരികളും  സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ജലനിരപ്പു താഴ്ന്നുനില്ക്കുമ്പോഴുള്ള  അണക്കെട്ടിന്റെ  ഉള്‍വശം ഉന്നതാധികാരസമിതി നേരിട്ടു പരിശോധിച്ചിട്ടില്ല. ബാഹ്യഭാഗത്തു ചെയ്തിട്ടുള്ള മിനുക്കുപണികളും പെയിന്റിംഗും പുതിയ അണക്കെട്ടിന്റെ പ്രതീതി ജനിപ്പിക്കുമെങ്കിലും  അകം പൊള്ളയായി തുടരുന്നത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണ്. നമ്മുടെ സംസ്ഥാനം ചുമതലപ്പെടുത്തിയ റൂര്‍ക്കിയിലെയും ഡല്‍ഹിയിലെയും ഐ ഐ റ്റികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുപ്രകാരം അണക്കെട്ട് അതിന്റെ ആയുസ്സു മുഴുവന്‍ പിന്നിട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചുറ്റളവില്‍ 22 ഭ്രംശമേഖലകളുണ്ടെന്നും അവയില്‍  തേക്കടി - കടയനല്ലൂര്‍ ഭ്രംശപാളി ഏറ്റവും അപകടകാരിയാണെന്നും പറയുന്നു. ഇക്കാര്യം ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലും അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6 നു മുകളില്‍ തീവ്രതയുള്ള ഭൂചലനമുണ്ടായാല്‍ അണക്കെട്ടു തകര്‍ന്നടിയുമെന്നും സൂചിപ്പിച്ചിരിക്കുന്നു.
മുന്‍കാല അനുഭവങ്ങള്‍  പാഠങ്ങളാകണം
ഇന്ത്യയിലെതന്നെ മോര്‍വി, ജസ്‌വന്ത് സാഗര്‍, ചൈനയിലെ ബങ്കിയാവോ തുടങ്ങിയ  അണക്കെട്ടുകളും, ഏറ്റവുമൊടുവില്‍, കഴിഞ്ഞ മാസം 10-ാം തീയതി ലിബിയയിലെ തുറമുഖപട്ടണമായ ഡെര്‍ണയ്ക്കടുത്തുള്ള രണ്ടു ഡാമുകളും ശക്തമായ മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്നത് മുന്‍കാല അനുഭവങ്ങളാണ്. ഡെര്‍ണയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനം പുറത്തിറങ്ങിയതെന്നതു ശ്രദ്ധേയമാണ്. 'ദാനിയേല്‍' എന്നു പേരിട്ട ശക്തമായ കൊടുങ്കാറ്റും തുടര്‍ന്നുണ്ടായ പേമാരിയുമാണ്  50 വര്‍ഷം മാത്രം പഴക്കമുള്ള രണ്ടു ഡാമുകളെയും ചുവടെ പിഴുതെറിഞ്ഞത്. കൊടുങ്കാറ്റും പേമാരിയും തകര്‍ത്ത ആദ്യ അണക്കെട്ട് പട്ടണത്തില്‍നിന്നു 15 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു. അവിടെനിന്നു  കുതിച്ചെത്തിയ  വെള്ളത്തിന്റെ ആഘാതം താങ്ങാനാകാതെ രണ്ടാമത്തെ ഡാമും തകര്‍ന്നുവീഴുകയായിരുന്നു. രണ്ട് അണക്കെട്ടുകളുടെയും ബലക്ഷയത്തെക്കുറിച്ചു നേരത്തെതന്നെ മുന്നറിയിപ്പുകളുണ്ടായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. തീരദേശപട്ടണമായ ഡെര്‍ണയുടെ പകുതിയോളം തുടച്ചുനീക്കി കടലിലേക്കു കുതിച്ചെത്തിയ പ്രളയജലത്തിന്റെ എതിര്‍ദിശയിലേക്ക് ഏഴു മീറ്റര്‍ വരെ ഉയരത്തില്‍ അടിച്ചുകയറിയ തിരമാലകള്‍ സര്‍വതും വിഴുങ്ങി. 12,000 ത്തോളം ആളുകള്‍ മരിച്ചതായും 10,000 ലേറെപ്പേര്‍ കടലിലേക്ക് ഒഴുകിപ്പോയതായും പറയപ്പെടുന്നുണ്ട്. 90,000 ജനങ്ങള്‍ വസിച്ചിരുന്ന പട്ടണത്തിലെ നാശനഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടു മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പൂര്‍ത്തിയാകുമ്പോഴേ യഥാര്‍ഥ മരണസംഖ്യ എത്രയെന്നറിയാനാകൂ.
ഡെര്‍ണയിലുണ്ടായ അതേ പ്രതിഭാസം മുല്ലപ്പെരിയാറിന്റെ കാര്യത്തിലും വ്യത്യസ്തമായിരിക്കില്ലെന്ന് കരുതുന്ന ഡാം സേഫ്റ്റി വിദഗ്ധരുമുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 2,980 അടി (881 മീറ്റര്‍) ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാല്‍ തേക്കടിത്തടാകത്തിലെ 15 ദശലക്ഷം ഘനയടി വെള്ളം 40 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ജലാശയത്തില്‍ അരമണിക്കൂറിനകം എത്തുമെന്നും അവര്‍ കണക്കുകൂട്ടുന്നു. ഈ ജലപ്രവാഹം തടയാന്‍ ഇടുക്കി പദ്ധതിയിലെ മൂന്ന് അണക്കെട്ടുകള്‍ക്കും കഴിഞ്ഞില്ലെന്നിരിക്കട്ടെ, അവിടെയുള്ള 70 ദശലക്ഷം ഘനയടി വെള്ളവും ചേര്‍ന്ന് 10 ദശലക്ഷം ഘനയടി വെള്ളമുള്ള ലോവര്‍ പെരിയാറിലും അതേ സംഭരണശേഷിയുള്ള ഭൂതത്താന്‍ കെട്ടിലുമെത്തും. അപ്പോള്‍, സര്‍വനാശം വിതച്ച് അറബിക്കടല്‍ ലക്ഷ്യമാക്കി പടിഞ്ഞാറോട്ടു കുത്തിയൊഴുകുന്നത് ആകെ 105 ദശലക്ഷം ഘനയടി വെള്ളം. ഈ കുത്തൊഴുക്കിന്റെ വേഗതയില്‍ തൊട്ടുമുകളിലെ അന്തരീക്ഷത്തിലുണ്ടാകുന്ന ശൂന്യതയിലേക്ക് ഇരമ്പിയടുക്കുന്ന അറബിക്കടലിലെ തിരമാലകള്‍ സര്‍വനാശം വിതച്ചേക്കാമെന്നും, ഇതു മധ്യകേരളത്തിലെ തീരദേശപട്ടണങ്ങളെ നാമാവശേഷമാക്കുമെന്നും സാങ്കേതികവിദഗ്ധര്‍ നിരീക്ഷിക്കുന്നുണ്ട്.
അവസാനമില്ലാത്ത ഒരു വ്യവഹാരം
പെരിയാര്‍ ലീസ് എഗ്രിമെന്റിന് 999 വര്‍ഷകാലാവധി നിശ്ചയിച്ചതുമുതല്‍ തുടങ്ങിയ ചതിയുടെ ചരിത്രം മുല്ലപ്പെരിയാര്‍ വിഷയത്തിലുണ്ട്. അക്കാലത്തെ എല്ലാ ദീര്‍ഘകാല കരാറുകളും  99 വര്‍ഷത്തേക്കുള്ളതാണെങ്കില്‍ മുല്ലപ്പെരിയാര്‍ കരാറിനുമാത്രം 999 വര്‍ഷങ്ങള്‍! അണക്കെട്ടിന്റെ നിര്‍മാണാവസരത്തില്‍ 50 വര്‍ഷം മാത്രമേ നിലനില്ക്കൂ എന്നു കരുതപ്പെട്ടിരുന്ന ഒരു 'കല്‍ക്കെട്ടി'ന് ഒരു സഹസ്രാബ്ദം നീളുന്ന കരാര്‍! 99 വര്‍ഷത്തേക്കുള്ള ഉടമ്പടിയാണെന്നു മഹാരാജാവിനെ ബോധിപ്പിക്കുകയും, പിന്നീടെപ്പോഴോ ഒരു '9' കൂടി കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വിചിത്രമെന്നു പറയട്ടെ, ആദ്യപാട്ടക്കാലാവധി പൂര്‍ത്തിയാകുമ്പോള്‍ രണ്ടു കക്ഷികളുടെയും സമ്മതത്തോടെ മറ്റൊരു 999 വര്‍ഷത്തേക്കുകൂടി കരാര്‍ പുതുക്കിയിരിക്കണമെന്ന് എഴുതിവച്ചിട്ടുണ്ടെന്നും കരാറിന്റെ ശരിപ്പകര്‍പ്പു കണ്ടിട്ടുള്ള ആലുവ സ്വദേശിയായ അഡ്വ. റസല്‍ ജോയി സാക്ഷ്യപ്പടുത്തുകയും ചെയ്തിട്ടുണ്ട്.
സ്വാതന്ത്ര്യലബ്ധിയോടെ ബ്രിട്ടീഷ് സര്‍ക്കാരും ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുമായി ഏര്‍പ്പെട്ട എല്ലാ പാട്ടക്കരാറുകളും റദ്ദാക്കിയതായി 'ഇന്ത്യ ഇന്‍ഡിപെന്‍ഡന്റ് ആക്ടി'ലെ പ്രസക്തവകുപ്പുകള്‍ ചൂണ്ടിക്കാട്ടി അഡ്വ. റസല്‍ ജോയി സുപ്രീംകോടതിയില്‍ വാദിക്കുകയുണ്ടായി. അക്കാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് ഒരു പ്രത്യേക രാജശാസനത്തിലൂടെ ഇക്കാര്യം വിളംബരം ചെയ്ത ചരിത്രസംഭവവും റസല്‍ ജോയി പരമോന്നതകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മദ്രാസ് പ്രസിഡന്‍സിയും തിരുവിതാംകൂറും ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതോടെ 1886 ലെ പെരിയാര്‍ ലീസ് എഗ്രിമെന്റ്  അസാധുവായതായും അദ്ദേഹം സമര്‍ഥിച്ചു. പാട്ടക്കരാറിന്റെ 137 വര്‍ഷചരിത്തില്‍ ഒരിക്കല്‍പ്പോലും തമിഴ്‌നാടു കക്ഷിയായിരുന്നിട്ടില്ലെന്നു തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് അഡ്വ. റസല്‍ ജോയി.
സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ 29-10-1970 ല്‍ ആദ്യകരാര്‍ പുതുക്കിനല്‍കിയത് വലിയ പിഴവായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 1954 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ 999 വര്‍ഷത്തേക്കു പുതുക്കി നല്‍കിയ ഉടമ്പടിപ്രകാരം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള അനുമതിയും ഉള്‍പ്പെടുത്തി. പാട്ടത്തുക പ്രതിവര്‍ഷം 10 ലക്ഷമായി ഉയര്‍ത്തിയതിനു പ്രത്യുപകാരമായി തേക്കടിത്തടാകത്തില്‍നിന്നു മീന്‍ പിടിക്കാനുള്ള അവകാശവും കിട്ടി. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെയും മന്ത്രിസഭയുടെ അംഗീകാരമില്ലാതെയും മുഖ്യമന്ത്രി ഏകപക്ഷീയമായി എടുത്ത ഈ രാഷ്ട്രീയതീരുമാനമാണ് കേസുകള്‍ ഒന്നിനു പിറകേ മറ്റൊന്നായി പരാജയപ്പെടാനുള്ള മുഖ്യകാരണമായി റസല്‍ ജോയി ചൂണ്ടിക്കാണിക്കുന്നത്. 1886 ലെ അടിസ്ഥാനകരാര്‍പോലും അസാധുവാണെന്നു തെളിയിക്കാനായാല്‍ 1970 ല്‍ പുതുക്കി നല്‍കിയ കരാറും നിലനില്ക്കുന്നതല്ലെന്നു വാദിക്കാനാകും. വിദ്യുച്ഛക്തി ഉത്പാദിപ്പിക്കാന്‍ അനുവാദം നല്‍കിയതും ആദ്യകരാറിന്റെ ലംഘനമാണെന്നു പരമോന്നതകോടതിയെ ബോധിപ്പിക്കാനും കഴിഞ്ഞാല്‍ വിജയം  ഉറപ്പിക്കാനാകും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)