ഒക്‌ടോബര്‍ 5 ലോക അധ്യാപകദിനം
''അമ്മയ്ക്കു സുഖമില്ലാത്തതുകൊണ്ട് ഞാന്‍ നാട്ടിലെ സ്‌കൂളിലേക്കു സ്ഥലംമാറിപ്പോകുകയാണ്... നാളെമുതല്‍ ഇതാണ് നിങ്ങളുടെ ടീച്ചര്‍...'' പിന്നെയൊരു കൂട്ടക്കരച്ചിലായിരുന്നു. ഒപ്പം അവര്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു... സാറേ പോകരുത്. ഞങ്ങളെത്തന്നെ പഠിപ്പിക്കണം... പ്ലീസ്... കോഴിക്കോട് നാദാപുരം കല്ലാച്ചി ഗവ. സ്‌കൂള്‍ എല്‍.പി. വിഭാഗം നാലാം ക്ലാസ് അധ്യാപകന്‍ ഇ.കെ. കുഞ്ഞബ്ദുള്ളയാണു താരം; ഇദ്ദേഹം സ്ഥലംമാറി പോകുന്നുവെന്നറിഞ്ഞുള്ള നാലാം ക്ലാസ് വിദ്യാര്‍ഥികളുടെ കൂട്ടക്കരച്ചില്‍ ആധുനികഅധ്യാപക-വിദ്യാര്‍ഥിസങ്കല്പത്തിന് ഒരു വിചിന്തനത്തിനുള്ള പാഠമാണ്. അക്ഷരങ്ങള്‍ക്കപ്പുറം, വിജ്ഞാനത്തിനും സിലബസിനും കരിക്കുലത്തിനും പരീക്ഷയ്ക്കുമൊക്കെയപ്പുറം ഹൃദയം ഹൃദയത്തെ തൊടുന്ന നിമിഷം! കഴിവുകള്‍ക്കും റാങ്കുകള്‍ക്കും ഗ്രേഡുകള്‍ക്കുമപ്പുറം കുട്ടികളുടെ മനസ്സിനെ അറിയുന്ന അധ്യാപകന്‍!! കുട്ടികളുടെ നിര്‍ത്താതുള്ള കരച്ചിലിനും പോകരുതേയെന്ന അഭ്യര്‍ഥനയ്ക്കും മുന്നില്‍ കുഞ്ഞബ്ദുള്ളസാര്‍ മറുപടിക്കായി ബുദ്ധിമുട്ടി. അവസാനം സാര്‍ പറഞ്ഞു: ''അമ്മയുടെ അസുഖം ഭേദമായാല്‍ ഉടന്‍ തിരിച്ചെത്താം.'' ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ ഇതു പറയുമ്പോഴും തിരികെയെത്തുകയെന്നത് പ്രായോഗികമാണോയെന്നദ്ദേഹത്തിനറിയില്ലല്ലോ? എങ്കിലും സ്വന്തം 'മക്കളു'ടെ കരച്ചിലിനുമുന്നില്‍ നിസ്സഹായതയുടെ ഒരു മറുപടിയായിരുന്നു അത്!!
അങ്ങിങ്ങ് ഒറ്റപ്പെട്ട ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാറുണ്ടെങ്കിലും പഴയകാല അധ്യാപകരുടെ 'റേഞ്ചി'ലേക്ക് ഇന്നത്തെ അധ്യാപകര്‍ എത്തുന്നുണ്ടോയെന്നാലോചിക്കണം. വിദ്യാര്‍ഥികളെ അറിയാന്‍ അഥവാ അവരിലേക്കൊന്നു പ്രവേശിക്കാന്‍, അധ്യാപകര്‍ക്കായാല്‍ ഇത്തരം ഗാഢമായ അധ്യാപക-വിദ്യാര്‍ഥിബന്ധമുണ്ടാകും. അതു മക്കളുടെ ജീവിതത്തെത്തന്നെ മാറ്റി മറിക്കും.
മാനവികതയുടെ വഴിയില്‍ മക്കളെ നടത്തി വിജയത്തിലെത്തിക്കാന്‍ പാടുപെടുന്ന നല്ല അധ്യാപകര്‍ ഇന്നും വിദ്യാര്‍ഥികളുടെ ഹൃദയം കവരുന്നുവെന്ന് കല്ലാച്ചി ഗവ. സ്‌കൂള്‍ അധ്യാപകനായ കുഞ്ഞബ്ദുള്ള സാക്ഷിക്കുന്നു.
പാഠം പറഞ്ഞുകൊടുത്ത് പരീക്ഷയ്‌ക്കൊരുക്കുന്നതിനപ്പുറം അധ്യാപകനൊരു 'മഹാപാഠ'മാണെന്ന തിരിച്ചറിവ് നാളെയുടെ മക്കളില്‍ മാറ്റത്തിന്റെ ജീവിതമൊരുക്കും. ഇന്ന് എവിടെ നോക്കിയാലും പ്രശ്‌നസങ്കീര്‍ണമാണു കാര്യങ്ങള്‍. വിദ്യാസമ്പന്നരെങ്കിലും വിദ്യയുടെ 'വിശ്വസ്തത' തകര്‍ക്കുന്ന ജീവിതവ്യാപാരങ്ങളിലേര്‍പ്പെടുന്ന തിന് ഒരു മടിയുമല്ല പലര്‍ക്കും. സമ്പത്തിലും അധികാരത്തിലും സുഖലോലുപതയിലും ആകൃഷ്ടരാകുന്ന 'നവതലമുറ'യ്ക്ക് അധ്യാപകരൊരുക്കുന്ന സ്‌നേഹത്തിന്റെ കരവലയം അമൂല്യമാണ്. ജീവിതത്തിന്റെ നല്ലൊരു സമയവും പഠനമുറിയില്‍ ചെലവിടുന്ന ഇന്നത്തെ വിദ്യാഭ്യാസരീതിയില്‍ അധ്യാപകര്‍ കരുതലിന്റെ കാവാലാളാവണം. ഹൃദയംകൊടുത്ത് ഹൃദയം സ്വന്തമാക്കുന്ന 'സിലബസ്' അധ്യാപകരുടെ കര്‍മപദ്ധതിയാകണം. മക്കളെ പഠിച്ചുകൊണ്ടും അറിഞ്ഞുകൊണ്ടും അവരിലൊരാളായിക്കൊണ്ട് അവരിലേക്കു 'വെളിച്ചം' പകരുന്ന ഹൃദയവിശാലത അധ്യാപകര്‍ വീണ്ടെടുക്കണം.
പഴയകാല അധ്യാപകര്‍ക്ക് കുട്ടികള്‍ നല്ലവരായിരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, അച്ചടക്കവും അനുസരണവും ശിക്ഷണവുമൊക്കെ കര്‍ശനമായിരുന്നു. പരീക്ഷയില്‍ ജയിക്കുന്നതിനപ്പുറം ജീവിതത്തില്‍ തോല്‍ക്കാതിരിക്കുന്നതിനുള്ള ഒരു മനസ്സിന്റെ രൂപീകരണവും രൂപാന്തരീകരണവും പ്രധാനമായിരുന്നു. ഓരോ വിദ്യാര്‍ഥിയെയും, അവന്റെ പശ്ചാത്തലത്തെയും അധ്യാപകര്‍ പഠിച്ചിരുന്നു. ഓരോ രക്ഷാകര്‍ത്താവിനെയും അധ്യാപകര്‍ക്കറിയാമായിരുന്നു. ഒരു 'ഗുരുകുലപഠന'ത്തിന്റെ അന്തരീക്ഷം പഴയ പഠനമുറികളില്‍ ഉണ്ടായിരുന്നു. മുഖാമുഖപഠനം ഹൃദയങ്ങള്‍ തമ്മിലുള്ള 'കയറ്റിറക്കത്തിന്' അവസരമായിരുന്നു. അധ്യാപകരെ ഭയക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതോടൊപ്പം ആത്മബന്ധം ശക്തിപ്പെട്ടിരുന്നു. കുട്ടികളുടെ പ്രശ്‌നങ്ങളില്‍ മാതാപിതാക്കള്‍ക്കു തുല്യമായ ഇടപെടലുകള്‍ നടത്തിയിരുന്ന അധ്യാപകര്‍ സകലര്‍ക്കും മുമ്പില്‍ ആദരണീയരായിരുന്നു; സമൂ ഹം അവരെ അദ്ഭുതത്തോടെ കണ്ടിരുന്നു.
ഇന്നു കാലം മാറിയിരിക്കുന്നു. അധ്യാപകരും അധ്യാപനവും പാഠ്യപദ്ധതികളുമൊക്കെ മാറിമറിഞ്ഞിരിക്കുന്നു. താലന്തിനെ വകവയ്ക്കാതുള്ള ഇന്റലിജന്‍സും പെര്‍ഫോമന്‍സും ചര്‍ച്ചയാകുന്ന കാലം! പാണ്ഡിത്യത്തിനു കുറവില്ലാത്ത കാലം; എന്നാല്‍, ജീവനും ജീവിതവും താറുമാറാകുന്ന കാലവുംകൂടിയാണിത്! അധ്യാപകര്‍ അക്ഷരമോ അറിവോ പകര്‍ന്നുനല്കുന്ന ഒരു 'ഉപകരണം' മാത്രമായിരിക്കുന്നു. പാഠ്യേതരവിഷയങ്ങളില്‍ ഇടപെടാത്ത അവസ്ഥ! എല്ലാം മത്സരത്തിലാകുന്ന കാലം; വിജയവും സമ്പാദ്യവുമാണ് ലക്ഷ്യം. മക്കളുടെ അഭിരുചിയും ജീവിതസാഹചര്യങ്ങളും കൂട്ടിയിണക്കി ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ സഹായിച്ചിരുന്ന അധ്യാപകര്‍ മാറി, പഠിക്കാത്തവരും ഐക്യു താഴെയുള്ളവരും മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കാന്‍ പണമില്ലാത്തവരുമൊക്കെ 'കള' ത്തിനു പുറത്താകുന്ന കാലത്ത് ജീവിതഗന്ധിയായ 'കല്ലാച്ചിമോഡല്‍' ഇടപെടലുകള്‍ അനിവാര്യമാകുന്നു. അധ്യാപകരോട് സാറേ പോകല്ലേ... പോകല്ലേ... എന്നു പറയാനുള്ള ആത്മബന്ധം ഇന്നു വിദ്യാലയങ്ങളിലുണ്ടാകണം.
എവിടെയും ദുരൂഹതകളുടെ ഇടനാഴികള്‍ സജീവമാകുന്ന കാലമാണ്. നമ്മുടെ നിസ്സംഗതയും അശ്രദ്ധയും ചതിക്കുഴികളുടെ ആഴമേറ്റുന്നു. വീടും വിദ്യാലയവും നാടും നാട്ടുകാരും ഉണര്‍വിന്റെ പാതയിലാകണം. പരിഗണനയുടെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും അഭാവത്തില്‍ രൂപപ്പെടുന്ന 'അകല' ത്തിലേക്കു നുഴഞ്ഞുകയറുന്ന ലഹരിമാഫിയകള്‍ നാടിന്റെയും നാളെയുടെയും ശാപമാകുമ്പോള്‍ പുസ്തകത്തിനു പുറത്തേക്കുള്ള അധ്യാപകരുടെ കടന്നുവരവ് അനിവാര്യമാകുന്നു. ചോദ്യത്തിനുത്തരം പറയിക്കുന്നതിനെക്കാള്‍ ഉത്തരം പറയാനാകാത്തവിധമുള്ള കുട്ടികളുടെ 'മൗന'ത്തിലേക്കാണ് നാം കടന്നെത്തേണ്ടത്. ഇടനാഴികളിലെ ഇരുട്ടിന്റെ മറയില്‍ അക്ഷരങ്ങളുടെ അര്‍ഥം തച്ചുടയ്ക്കുന്ന തലമുറകളുടെമേല്‍ ഏറ്റവും കരുതലുണ്ടാകേണ്ടത് അധ്യാപകര്‍ക്കാണ്.
നമ്മുടെ മക്കള്‍ വളരെ നേരത്തേതന്നെ വീടുകളില്‍നിന്നു വിദ്യാലയങ്ങളിലേക്കെത്തുകയാണ്. നിലത്തെഴുത്തും കളരിയാശാനും അക്ഷരമാലയുമൊക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിനു വഴിമാറുന്ന കാലത്ത് മക്കളും മാതാപിതാക്കളും തമ്മിലുള്ള ആത്മബന്ധം പ്ലേ സ്‌കൂള്‍മുതല്‍ മുറിയുകയാണ്; പഠനത്തിന്റെയും മത്സരപ്പരീക്ഷകളുടെയും ടെന്‍ഷന്‍ ബാല്യത്തിലേ തുടങ്ങുകയാണ്. പ്ലേസ്‌കൂളിലേക്കുപോലും 'എന്‍ട്രന്‍സ്' പരീക്ഷയെന്നത് നമ്മുടെ മക്കളുടെ ബാല്യത്തെപ്പോലും ഇല്ലാതാക്കുകയാണെന്നു നാമറിയണം.