•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മരുന്നിന്റെ അലര്‍ജി

ദന്തവിദഗ്ധന്റെ ഡയറിക്കുറിപ്പുകള്‍  6

കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പു നടന്ന സംഭവമാണ്. ഒരു ദിവസം വൈകുന്നേരം ഏഴുമണിയോടെ എനിക്കൊരു ഫോണ്‍ കോള്‍ വന്നു. 
''ഇതു ഞാനാണ്. പാലായില്‍നിന്ന് അഡ്വക്കേറ്റ് മാത്യു.''
''എന്താണ് സാര്‍?''
 ''എനിക്ക് ജോര്‍ജിനെ അടിയന്തരമായി ഒന്നു കാണണം.'' 
''എന്താണ് സാര്‍, വല്ല പല്ലു കേസുമാണോ?''
''അല്ലല്ല, നിങ്ങള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സിച്ച ഒരു കേസുമായി ബന്ധപ്പെട്ടതാണ്.''
പാലായില്‍ താമസിക്കുന്ന വക്കീല്‍സാര്‍ അരമണിക്കൂറിനുള്ളില്‍ വീട്ടില്‍ എത്തി. 
ആമുഖമൊന്നുമില്ലാതെ അദ്ദേഹം വിഷയത്തിലേക്കു കടന്നു.
''എന്റെയൊരു കക്ഷി ചികിത്സിച്ച രോഗിയെക്കുറിച്ചാണ്. ജോര്‍ജും കണ്ട കേസാണ്. ഇപ്പോള്‍ നഷ്ടപരിഹാരത്തിനായി ഡോക്ടര്‍ക്കെതിരേ ബന്ധുക്കള്‍ കേസു കൊടുത്തിരിക്കുന്നു. അതിനെക്കുറിച്ച് ചില വിശദാംശങ്ങള്‍ അറിയുവാനാണ് ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നത്.''
''എത്രനാള്‍ മുമ്പാണ്? രോഗിയുടെ പേരെന്താണ്? എന്തായിരുന്നു രോഗം?'' ഞാന്‍ ചോദിച്ചു.
''ഏകദേശം ഒരു വര്‍ഷംമുമ്പ് ഡോ. തോമസ് റഫര്‍ ചെയ്ത മരുന്നിന്റെ അലര്‍ജിയുമായി ബന്ധപ്പെട്ട കേസാണ്.''
ഞാന്‍ ഓര്‍ത്തുനോക്കി. മരുന്നിന്റെ അലര്‍ജിയുമായി ബന്ധപ്പെട്ട കേസ് എന്നുപറഞ്ഞപ്പോള്‍ എല്ലാം എന്റെ ഓര്‍മയില്‍ വന്നു.
കോട്ടയം ജില്ലയില്‍ ഒരു ചെറിയ പട്ടണത്തില്‍ പ്രാക്റ്റീസ് ചെയ്യുന്ന ഡോ. തോമസ് ഒരു ഓണത്തിന്റെ തലേന്നാള്‍ എന്നെ ഫോണില്‍ വിളിച്ചിട്ടു ചോദിച്ചു:
''സാര്‍ നാളെ മെഡിക്കല്‍ കോളജിലെ ഡെന്തല്‍ ഒ.പി.യില്‍ കാണുമോ?''
''നാളെ ഓണമാണെങ്കിലും  ഞാന്‍ ഒ.പി.യില്‍ വരും. എന്നാല്‍, അല്പം നേരത്തേ പോകും. എന്താണു കാര്യം?''
''എന്റെ ഒരു പേഷ്യന്റിനെ റഫര്‍ ചെയ്യാനാണ്.''
''എന്തുപറ്റി?''
''ഒരാഴ്ചമുമ്പ് ഞാന്‍ ഒരു പല്ലെടുത്തതാണ്. എടുക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല.'' 
''എന്നിട്ട്?''
''മൂന്നുദിവസംമുമ്പ് പല്ലെടുത്ത സ്ഥലത്ത് വേദനയും, ശരീരത്തിനു നല്ല ക്ഷീണവുമായി രോഗി വന്നു. പരിശോധിച്ചപ്പോള്‍ മുറിവുണങ്ങാന്‍ തുടങ്ങുന്നതായി കണ്ടു. നേരത്തേ കൊടുത്തിരുന്ന മരുന്ന് തുടരാന്‍ നിര്‍ദേശിച്ചശേഷം  ഞാനൊരു ബി കോംപ്ലക്‌സ് ക്യാപ്‌സൂളുംകൂടി എഴുതിക്കൊടുത്തുവിട്ടു. പക്ഷേ, ഇന്നലെ ആള്‍ വീണ്ടും വന്നിരുന്നു. എഴുന്നേറ്റു നില്‍ക്കാന്‍പോലും വയ്യാത്തവിധം ക്ഷീണവും നല്ല പനിയും. അതിനാലാണ് മെഡിക്കല്‍ കോളജിലോട്ടു റെഫര്‍ ചെയ്യുന്നത്. സാറ് രോഗിയെ പരിശോധിച്ചിട്ട് എന്നെ ഒന്നു വിവരമറിയിക്കണം.''
പിറ്റേദിവസം ഒപിയില്‍ രോഗികള്‍ നന്നേ കുറവായിരുന്നു. ഒന്‍പതര മണിയോടെ ഡോ. തോമസിന്റെ കത്തുമായി രോഗിയെത്തി. 22 വയസ്സുള്ള രേഷ്മ. അമ്മയും ആങ്ങളയും കൂടെയുണ്ട്. അവരുംകൂടി സഹായിച്ചാണ് രേഷ്മയെ ഡെന്റല്‍ ചെയറില്‍ ഇരുത്തിയത്. ഡോക്ടര്‍ കൊടുത്തുവിട്ട എഴുത്തു വായിച്ചു. തലേദിവസം എന്നോടു പറഞ്ഞ വിവരങ്ങള്‍ വിശദമായി കത്തില്‍ എഴുതിയിരുന്നു.
വായ് തുറന്നു പരിശോധിച്ചപ്പോള്‍ മുകളില്‍ ഇടതുവശത്തെ അണപ്പല്ലാണ് എടുത്തിരിക്കുന്നത് എന്നു മനസ്സിലായി. ഒരാഴ്ച കഴിഞ്ഞിട്ടും മുറിവ് ഒട്ടുംതന്നെ ഉണങ്ങിയിട്ടില്ല. കണ്ടിട്ട് തലേദിവസം പല്ല് എടുത്തമാതിരിയിരിക്കുന്നു മുറിവ്. മുറിവിനു ചുറ്റും നല്ല ചുവപ്പുനിറവും. നേരിയ നീരും വായില്‍ വല്ലാത്ത ദുര്‍ഗന്ധവും. എന്നാല്‍, മുഖത്തിന് നീരൊന്നുമില്ല. നല്ല പനിയുമുണ്ട്. അണുബാധമൂലമാണ് സാധാരണമായി പല്ലെടുത്ത മുറിവുണങ്ങാന്‍ താമസം വരുന്നത്. അങ്ങനെയാണെങ്കില്‍ മുഖത്തിനു നീരും, കൂടാതെ പനിയും കണ്ടേക്കാം. എന്നാല്‍, ഇത്രമാത്രം ക്ഷീണം രോഗിക്ക് ഉണ്ടാകാന്‍ സാധ്യതയില്ല. ഇതെല്ലാം എന്നെ വളരെ അതിശയിപ്പിച്ചു. 
ഡോക്ടര്‍ തോമസ് കൊടുത്ത പ്രിസ്‌ക്രിപ്ഷന്‍ അവര്‍ എന്നെ കാണിച്ചു. പെനിസിലിന്‍ ഗ്രൂപ്പില്‍പ്പെട്ട ആമോക്‌സിസില്ലിന്‍ ആന്റിബയോട്ടിക്കും, വേദനസംഹാരിയായി ബ്രൂഫെന്‍ ഗുളികയുമാണ് നല്‍കിയിരിക്കുന്നത്. മരുന്നിന്റെ അലര്‍ജിയാണോ എന്ന ചിന്ത അപ്പോഴാണ് എനിക്കുണ്ടാകുന്നത്. പാലായിലെ ഒരു സീനിയര്‍ ഡോക്ടറുടെ ഭാര്യയ്ക്ക് ബ്രുഫെന്‍ അലര്‍ജി ഉണ്ടായിട്ട് വെളുത്ത രക്താണുക്കള്‍ ക്രമാതീതമായി താഴുകയുണ്ടായി. (എഗ്രാനുലോസൈറ്റൊസിസ് എന്ന രോഗം) അവസാനം കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹീമറ്റോളജി വിഭാഗത്തില്‍ കൊണ്ടുപോയി ചികിത്സിച്ചു, മരണവക്ത്രത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട സംഭവം നടന്നിട്ട് അധികം നാളായിട്ടില്ല. ഈ കാര്യങ്ങള്‍ എന്റെ ഓര്‍മയില്‍ വന്നു. ഉടന്‍തന്നെ രക്തപരിശോധനയ്ക്കായി രോഗിയെ അയച്ചു. ഒരു മണിക്കൂറിനുള്ളില്‍ രക്തപരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ചു. ഞാന്‍ ഭയപ്പെട്ടതുപോലെതന്നെ രക്തത്തിലെ വെളുത്ത അണുക്കളുടെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കുന്നു. അപ്പോള്‍ത്തന്നെ രോഗിയെ മെഡിക്കല്‍ വിഭാഗത്തിലേക്കു റെഫര്‍ ചെയ്തു. നടന്നതെല്ലാം ഡോക്ടര്‍ തോമസിനെ അറിയിച്ചു. 
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ രോഗം മൂര്‍ച്ഛിച്ചു. രോഗം ഗുരുതരാവസ്ഥയില്‍ എത്തിയെന്നും രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നും രോഗിയുടെ ബന്ധുക്കളെ ഡോക്ടര്‍മാര്‍  അറിയിച്ചു. സാധിക്കുന്ന എല്ലാ ചികിത്സകളും രോഗിക്ക് അവിടെ ലഭിച്ചു. വൈദ്യശാസ്ത്രത്തെ തോല്പിച്ചുകൊണ്ടു നാലാം ദിവസം രേഷ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു. 
കഥ ഇവിടെ അവസാനിക്കുന്നില്ല. മരണത്തിന് ഉത്തരവാദി ഡോക്ടറാണെന്ന് ആരോപിച്ചുകൊണ്ട് നഷ്ടപരിഹാരത്തിനായി രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍ക്കെതിരായി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പത്തുലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.  മൂന്നു വര്‍ഷത്തോളം കേസ് നീണ്ടുപോയി. ഒരവസരത്തില്‍ ഡോക്ടര്‍ക്കെതിരേ വിധി വരുമോ എന്നുപോലും സംശയിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിനു തുണയായത് അന്നത്തെ മെഡിസിന്‍ പ്രഫസറുടെ മൊഴിയായിരുന്നു. അവസാനം ഡോക്ടര്‍ കേസില്‍നിന്നു രക്ഷപ്പെട്ടു. എന്നാലും, രേഷ്മയുടെ വേര്‍പാടുമൂലം ആ കുടുംബത്തിനുണ്ടായ തീരാനഷ്ടം ആര്‍ക്കും നികത്താന്‍ സാധിക്കുന്നതായിരുന്നില്ല. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)