•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഏഷ്യന്‍ ഗെയിംസിന് ഹാങ്ചൗ ഒരുങ്ങി

''ഹൃദയത്തില്‍നിന്നു ഹൃദയത്തിലേക്ക്, ഭാവിയില്‍'' (Heart to heart@future)  ചൈനയിലെ ഹാങ്ചൗവില്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്‌ടോബര്‍ എട്ടുവരെ നടക്കുന്ന പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസിന്റെ ആപ്തവാക്യമാണ് മുകളില്‍ കുറിച്ചത്. ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയില്‍ അംഗങ്ങളായ 45 രാജ്യങ്ങളില്‍നിന്നുള്ള കായികതാരങ്ങളാണ് ഹാങ്ചൗവില്‍ മത്സരിക്കുക. 40 സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ 481 സ്വര്‍ണമെഡലുകള്‍ക്കായിട്ടാണു പോരാട്ടം. 
കൊവിഡ് അകന്ന് കളിക്കളങ്ങള്‍ ഉണര്‍ന്നുതുടങ്ങിയപ്പോഴാണ് 2022 മേയില്‍ ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചുവെന്ന വാര്‍ത്തവരുന്നത്. 2020 ലെ ടോക്കിയോ ഒളിമ്പിക്‌സ് ഒരുവര്‍ഷം മാറ്റിവച്ചതിന്റെ തനിയാവര്‍ത്തനം. ഹാങ്ചൗവില്‍നിന്ന് 175 കിലോമീറ്റര്‍മാത്രം അകലെയുള്ള ഷാങ്ഹായ് എന്ന പ്രധാന നഗരത്തില്‍ കൊവിഡ് രൂക്ഷമാകുകയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയായിരുന്നു ഈ മാറ്റിവയ്ക്കല്‍. 
പക്ഷേ, ടോക്കിയോ ഒളിമ്പിക്‌സ്‌പോലെ കാണികള്‍ ഇല്ലാത്ത വേദികളിലല്ല ഏഷ്യന്‍ ഗെയിംസ്. ശീതകാലഒളിമ്പിക്‌സ് 2022 ല്‍ ബെയ്ജിങ്ങില്‍ നടന്നപ്പോള്‍ ഉണ്ടായ നിയന്ത്രണങ്ങളും ഇല്ല. കളിക്കളങ്ങള്‍ പഴയകാലത്തേക്കു മടങ്ങുന്നു. കളിയാരവങ്ങള്‍ ഉയരും. 2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും 2021 ലെ ടോക്കിയോ ഒളിമ്പിക്‌സിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച ഇന്ത്യ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ കൂടുതല്‍ മെഡലുകള്‍ ലക്ഷ്യമിടുന്നു. 16 സ്വര്‍ണം ഉള്‍പ്പെടെ 70 മെഡല്‍ എന്ന ജക്കാര്‍ത്തയിലെ നേട്ടം മറികടക്കുക മാത്രമല്ല, മെഡല്‍ നേട്ടത്തില്‍ സെഞ്ചുറി തികയ്ക്കുക എന്നതും ഇന്ത്യ ലക്ഷ്യമിടുന്നു.
ഇന്ത്യന്‍ഒളിമ്പിക്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ ഭേദഗതി വരുത്തിയ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയം ഒടുവില്‍ 655 അത്‌ലറ്റുകള്‍ക്കും 266 ഒഫീഷ്യലുകള്‍ക്കും അനുമതി നല്കി. ഇതുതന്നെ റെക്കോര്‍ഡ് ആണ്. ജക്കാര്‍ത്തയില്‍ 570 അത്‌ലറ്റുകളായിരുന്നു ഇന്ത്യന്‍സംഘത്തില്‍ ഉണ്ടായിരുന്നത്. ഇത്തവണത്തേത് റെക്കോര്‍ഡാണ്.
നാല്പത് സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ 481 മെഡല്‍വിഭാഗങ്ങള്‍ക്കായിട്ടാണു മത്സരം എന്നു പറഞ്ഞല്ലോ. കപ്പിള്‍ ഡാന്‍സ്, ഫ്രീ സ്‌കേറ്റിങ് ഇനങ്ങള്‍ പങ്കാളിത്തത്തിന്റെ കുറവുകൊണ്ട് ഒഴിവാക്കപ്പെട്ടു. നേരത്തേ 483 സ്വര്‍ണമായിരുന്നു മത്സരാര്‍ഥികളെ കാത്തിരുന്നത്. രണ്ടെണ്ണം കുറഞ്ഞു. ചുരുങ്ങിയത് ആറു രാജ്യങ്ങള്‍ എന്‍ട്രി നല്‍കിയാലേ ഒരു മെഡല്‍ ഇനം ഉള്‍പ്പെടുത്താവൂ എന്നാണു ചട്ടം.
ഏഷ്യന്‍ ഗെയിംസിന്റെ പത്തൊന്‍പതാം പതിപ്പില്‍ ഇ-സ്‌പോര്‍ട്‌സും ബ്രേക്ക് ഡാന്‍സും (ബ്രേക്കിങ്) ആണ് പുതിയ ഇനങ്ങള്‍. ഇ - സ്‌പോര്‍ട്‌സ് പ്രദര്‍ശനയിനമായി ജക്കാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2010 ലും 14 ലും നടന്ന ക്രിക്കറ്റ് (ട്വന്റി 20) മടങ്ങിയെത്തുന്നു. 2006 ലും 10 ലും ഉള്‍പ്പെട്ടിരുന്ന ചെസും ഹാങ്ചൗവില്‍ മത്സരയിനമാണ്. ഇ-സ്‌പോര്‍ട്‌സില്‍ ഏഴു മെഡലുകള്‍ നിര്‍ണയിക്കപ്പെടും. ജക്കാര്‍ത്തയില്‍ ഉണ്ടായിരുന്ന മൂന്നിനങ്ങള്‍ ഇക്കുറിയില്ല. പാരാഗ്ലൈഡിങ്ങാണ് ഇതില്‍ പ്രധാനം.
റഷ്യയില്‍നിന്നും ബലറൂസില്‍നിന്നുമായി അഞ്ഞൂറോളം താരങ്ങളാണ് ഹാങ്ചൗവില്‍ മത്സരിക്കാന്‍ ഒരുങ്ങിയത്. പക്ഷേ, ഗെയിംസ് തുടങ്ങാന്‍ ഏതാനും ആഴ്ചകള്‍  മാത്രം ബാക്കിനില്‍ക്കേ രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ എതിര്‍പ്പുവന്നു. ഏഷ്യന്‍ ഭൂഖണ്ഡത്തിനു പുറത്തുള്ളവരെ മത്സരിപ്പിക്കുന്നതു ശരില്ലെന്നാണ് ഐ.ഒ.സി.യുടെ വാദം. ഇനി ഏതെങ്കിലും യൂറോപ്യന്‍ കായികമേളയില്‍ മത്സരിച്ചുവേണം റഷ്യന്‍, ബലറൂസ് താരങ്ങള്‍ പാരിസ് ഒളിമ്പിക്‌സിനു യോഗ്യത നേടുവാന്‍.
റഷ്യന്‍, ബലറൂസ് താരങ്ങള്‍ക്ക് ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ ലഭിക്കില്ലായിരുന്നെങ്കിലും ഒളിമ്പിക്‌സ് യോഗ്യത നേടാന്‍ അവര്‍ മികവു കാട്ടേണ്ടതുള്ളതിനാല്‍ ഏഷ്യന്‍ ഗെയിംസില്‍ മത്സരതീവ്രത വര്‍ധിക്കുമായിരുന്നു. ഇനി അതു സാധിക്കില്ല. യഥാര്‍ഥത്തില്‍ ഐ.ഒ.സി.യുടെ അനുമതി വാങ്ങാതെയാണ് ഇവരെയും ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് താരങ്ങളെയും ക്ഷണിച്ചത്. ഐ.ഒ.സി.യുടെ വാദം ഒരു അര്‍ഥത്തില്‍ ശരിയാണ്. ഇതര ഭൂഖണ്ഡങ്ങളില്‍നിന്നു താരങ്ങള്‍ എത്തിയാല്‍ 'ഏഷ്യന്‍ ഗെയിംസ്' എന്ന സങ്കല്പം മാറും. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)