ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായെക്കുറിച്ച് കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച പുതിയ പുസ്തകത്തെക്കുറിച്ചുള്ള പഠനം.
പന്ത്രണ്ടാം ഭാഗം
2005 ഒക്‌ടോബര്‍ മാസം 15-ാം തീയതി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ അക്കൊല്ലം പ്രഥമദിവ്യകാരുണ്യം സ്വീകരിച്ച കുഞ്ഞുങ്ങള്‍ക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അങ്കണത്തില്‍ ഒന്നിച്ചുകൂടുന്നതിന് അവസരം ഒരുക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് ഏറ്റവും ലളിതമായ ഭാഷയില്‍ മറുപടി നല്‍കുകയും ചെയ്തു. ഇറ്റലിയിലെ വിവിധ രൂപതകളില്‍നിന്നായി ഒന്നരലക്ഷത്തോളം കുട്ടികള്‍ മാതാപിതാക്കളോടൊപ്പം ആഹ്ലാദപൂര്‍വം സമ്മേളനത്തില്‍ പങ്കെടുത്തു.
ഓര്‍മകള്‍
പരിശുദ്ധപിതാവിനോടുള്ള ആദ്യചോദ്യം അന്ത്രേയാ എന്ന കുട്ടിയുടേതായിരുന്നു: പരിശുദ്ധ പിതാവേ, അങ്ങയുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കാമോ?
ഉത്തരമായി ബനഡിക്ട് പിതാവ് പറഞ്ഞു: എന്റെ ആദ്യകുര്‍ബാനസ്വീകരണത്തെപ്പറ്റി ഞാന്‍ നന്നായി ഓര്‍മിക്കുന്നുണ്ട്. അത്, 1936-ാമാണ്ട് മാര്‍ച്ചുമാസത്തിലെ മനോഹരമായ ഒരു ഞായറാഴ്ചദിവസം ആയിരുന്നു. നല്ല സൂര്യപ്രകാശമുള്ള സുന്ദരദിനം. പള്ളിയകം ഭംഗിയായി അലങ്കരിച്ചിരുന്നു. ഗായകസംഘം ആകര്‍ഷകമായും ഭക്തിനിര്‍ഭരമായും ഗാനങ്ങള്‍ ആലപിച്ചു. ഇപ്രകാരം അനവധി നല്ല ഓര്‍മകള്‍ എനിക്കുണ്ട്. അഞ്ഞൂറോളംമാത്രം അംഗങ്ങളുള്ള ഞങ്ങളുടെ കൊച്ചുഗ്രാമത്തില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി മുപ്പതുപേര്‍ പ്രഥമദിവ്യകാരുണ്യം സ്വീകരിച്ചു. ഈശോ എന്റെ ഹൃദയത്തില്‍ എഴുന്നള്ളിവന്നെന്നും എന്നെ സന്ദര്‍ശിച്ചെന്നും ഈശോയോടൊപ്പം ദൈവംതന്നെയാണ് എന്നോടൊപ്പമുള്ളതെന്നുമുള്ള ചിന്തയാണ് ഏറ്റവും സന്തോഷകരമായിട്ടുള്ള ഓര്‍മ.
തനിക്ക് അന്ന് ഒമ്പതുവയസ്സായിരുന്നെന്നും ഇനി ജീവിതത്തില്‍ എന്നെന്നും ഈശോയോടൊപ്പമായിരിക്കുമെന്നു തീരുമാനിച്ചെന്നും അതിനുവേണ്ടി ഈശോയോടു തീക്ഷ്ണമായി പ്രാര്‍ഥിച്ചെന്നും ബനഡിക്ട് പിതാവ് പറഞ്ഞു. പ്രഥമദിവ്യകാരുണ്യസ്വീകരണം ഈശോയുമായി ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മൈത്രിയുടെ തുടക്കം കുറിക്കുന്നു എന്ന് തന്റെ ശ്രോതാക്കളെ പരിശുദ്ധപിതാവ് ഓര്‍മിപ്പിച്ചു.
കുമ്പസാരം
രണ്ടാമത്തെ ചോദ്യം ലിവിയ എന്ന കുട്ടിയാണു ചോദിച്ചത്: ഓരോ ദിവ്യകാരുണ്യസ്വീകരണത്തിനുംമുമ്പ് കുമ്പസാരിക്കണമോ? ഒരേ പാപങ്ങളാണ് ഓരോ കുമ്പസാരത്തിലും പറയാനുള്ളതെന്നും ആ കുട്ടി പറഞ്ഞു.
ഉത്തരമായി ബനഡിക്ട് പാപ്പാ രണ്ടു കാര്യങ്ങള്‍ പറഞ്ഞു: ഒന്നാമതായി, ഏറ്റുപറഞ്ഞ് കുമ്പസാരിക്കേണ്ട ഗൗരവമായ പാപങ്ങള്‍ ചെയ്തിട്ടില്ലെങ്കില്‍ ഓരോ കുര്‍ബാനസ്വീകരണത്തിനുംമുമ്പു കുമ്പസാരിക്കേണ്ടതില്ല.
രണ്ടാമതായി, ഓരോ കുര്‍ബാനസ്വീകരണത്തിനുംമുമ്പ് കുമ്പസാരിക്കേണ്ടതില്ലെങ്കിലും ഒരു നിശ്ചിത ഇടവേള പാലിച്ച് കൃത്യമായി കുമ്പസാരിക്കുന്നതു വളരെ ഉപകാരപ്രദമാണ്. നമ്മുടെ വീട്ടിലെ മുറികള്‍ ആഴ്ചയിലൊന്ന് അടിച്ചുവാരാറുണ്ടല്ലോ. പലപ്പോഴും ഒരേ മാലിന്യങ്ങളാണു തുടച്ചുനീക്കേണ്ടി വരുന്നത്. കുമ്പസാരത്തില്‍ ഒരേ പാപങ്ങളാണ് ഏറ്റുപറയേണ്ടി വരുന്നത് എന്ന കാരണത്താല്‍ കുമ്പസാരിക്കാതിരിക്കേണ്ടതില്ല എന്ന് പരിശുദ്ധ പിതാവ് ഉദാഹരണസഹിതം വ്യക്തമാക്കി. എന്നിട്ട് ഒന്നുകൂടി അദ്ദേഹം എടുത്തുപറഞ്ഞു: അപ്പോള്‍, രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കുക. ഗൗരവപാപം ഉള്ളപ്പോള്‍ തീര്‍ച്ചയായും കുമ്പസാരിക്കണം. എന്നാല്‍, ജീവിതത്തില്‍ പടിപടിയായി പക്വത പ്രാപിക്കാനും ആത്മാവിന്റെ വൃത്തിയും ഭംഗിയും വര്‍ധിപ്പിക്കാനും അടുക്കലടുക്കല്‍ കുമ്പസാരിക്കണം.
ഈശോയുടെ സാന്നിധ്യം
മൂന്നാമത്തെ ചോദ്യം മറ്റൊരു ആന്ത്രോയായാണു ചോദിച്ചത്: ദിവ്യകാരുണ്യത്തില്‍ ഈശോ സന്നിഹിതനാണെന്നാണ് കാറ്റക്കിസം റ്റീച്ചര്‍ പറഞ്ഞത്. പക്ഷേ, എനിക്കു കാണാന്‍ പറ്റുന്നില്ലല്ലോ?
ബനഡിക്ട് പാപ്പായുടെ ഉത്തരം ഇപ്രകാരമായിരുന്നു: അതേ, കാണാന്‍ പറ്റുന്നില്ല. നമ്മള്‍ക്കു കാണാന്‍ പറ്റാത്ത ഒത്തിരികാര്യങ്ങളുണ്ട്. എന്നാല്‍, അവ ഉണ്ട്. അവ നമ്മുടെ ജീവിതത്തിന് അത്യാവശ്യവുമാണ്. ഉദാഹരണമായി, നമ്മുടെ ബുദ്ധി നമുക്ക് അദൃശ്യമാണ്. എന്നാലും അതൊരു യാഥാര്‍ഥ്യമാണ്. നമ്മള്‍ നമ്മുടെ ആത്മാവിനെ കാണുന്നില്ല. നമ്മള്‍ ചിന്തിക്കുന്നതും സംസാരിക്കുന്നതും തീരുമാനങ്ങള്‍ എടുക്കുന്നതുമെല്ലാം മനസ്സിന്റെ പ്രവര്‍ത്തനഫലമായിട്ടാണ്. ഇവയൊന്നും നാം കാണുന്നില്ലെങ്കിലും യാഥാര്‍ഥ്യമാണ്. മറ്റൊരുദാഹരണം പറഞ്ഞാല്‍, വൈദ്യുതി കാണുന്നില്ല, പക്ഷേ, അതുണ്ടെന്നു നമ്മള്‍ക്കറിയാം. ഈ മൈക്ക് പ്രവര്‍ത്തിക്കുന്നതും ഈ വിളക്കുകള്‍ പ്രകാശിക്കുന്നതും വൈദ്യുതിയുടെ ഫലമായിട്ടാണല്ലോ. ഉത്ഥിതനായ മിശിഹായെ നേത്രങ്ങള്‍കൊണ്ടു കാണുന്നില്ലെങ്കിലും ആ സാന്നിധ്യത്തിന്റെ ഫലങ്ങള്‍ നമ്മള്‍ കാണുന്നുണ്ട്, അനുഭവിക്കുന്നുണ്ട്. വിശുദ്ധ കുര്‍ബാനയിലെ ഈശോസാന്നിധ്യം മനുഷ്യരെ മെച്ചപ്പെട്ടവരാക്കുന്നതു നമ്മള്‍ കാണുന്നുണ്ടല്ലോ.''
ഞായറാഴ്ചയാചരണം
നാലാമത്തെ ചോദ്യം ജൂലിയയാണു ചോദിച്ചത്: പരിശുദ്ധപിതാവേ, ഞായറാഴ്ചക്കുര്‍ബാനയ്ക്കു പോകുന്നതു പ്രധാനപ്പെട്ട കാര്യമാണെന്ന് ഞങ്ങളോട് എല്ലാവരും പറയുന്നു. പോകാന്‍ ഞങ്ങള്‍ക്ക് ഇഷ്ടമാണുതാനും. എന്നാല്‍, ഞങ്ങളുടെ മാതാപിതാക്കള്‍ പള്ളിയില്‍ പോകുന്നില്ല. ചിലര്‍ കിടന്നുറങ്ങുന്നു, ചിലര്‍ യാത്രപോകുന്നു, ചിലര്‍ ജോലി ചെയ്യുന്നു. ഞായറാഴ്ചക്കുര്‍ബാനയുടെ പ്രാധാന്യം അവര്‍ക്ക് ഒന്നു ബോധ്യപ്പെടുത്തിക്കൊടുക്കാമോ?
മാര്‍പാപ്പാ പറഞ്ഞു: വളരെ കാര്യങ്ങള്‍ ചെയ്യാനുള്ള മാതാപിതാക്കളോടു സ്‌നേഹത്തോടും ബഹുമാനത്തോടുംകൂടി മോളു തന്നെ പറയുക: പ്രിയ പപ്പാ, പ്രിയ മമ്മാ, ഈശോയുടെ പക്കല്‍ അണയുന്നത് നമുക്കു പ്രധാനപ്പെട്ട കാര്യമല്ലേ? പ്രിയ മാതാപിതാക്കളേ, സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി പാപ്പായും പറയുന്നു, ഞായാറാഴ്ചയാചരണം കുടുംബത്തിനു മുഴുവനും പ്രകാശം പകരുമെന്ന്.
അനുദിനകുര്‍ബാനയും
വിശുദ്ധകുര്‍ബാനസ്വീകരണവും
അഞ്ചാമത്തെ ചോദ്യം ഒരു അലസാന്ത്രോയുടേതായിരുന്നു. അവന്‍ ചോദിച്ചു: എല്ലാ ദിവസവും കുര്‍ബാനയില്‍ പങ്കെടുത്തു ദിവ്യകാരുണ്യം സ്വീകരിച്ചാല്‍ എന്താണു പ്രയോജനം?
മാര്‍പാപ്പായുടെ ഉത്തരം: ''അതു ജീവിതത്തിന്റെ കേന്ദ്രം കണ്ടെത്താന്‍ സഹായിക്കുന്നു. നമ്മള്‍ വളരെയധികം കാര്യങ്ങള്‍ക്കു നടുവിലാണു ജീവിക്കുന്നത്. പള്ളിയില്‍ പോകാത്തവര്‍ ഈശോയാണ് ഇല്ലാതെപോകുന്നതെന്ന് അറിയുന്നില്ല. ജീവിതത്തില്‍ എന്തോ പോരായ്മ ഉണ്ടെന്ന് അവര്‍ക്കറിയാം. തന്റെ ജീവിതത്തില്‍ ദൈവം സന്നിഹിതനല്ലെങ്കില്‍, ഈശോ അടുത്തില്ലെങ്കില്‍ ഒരു വഴികാട്ടിയുടെ കുറവ് അനുഭവപ്പെടുന്നു; അത്യാവശ്യമായ ആത്മബന്ധത്തിന്റെയും ആനന്ദത്തിന്റെയും അഭാവം ജീവിതത്തില്‍ അനുഭവവേദ്യമാകുന്നു. തെറ്റുകള്‍ തിരുത്തി മാനുഷികമായി വളരാനുള്ള ശക്തി ഇല്ലാതെപോകുന്നു. ദിവ്യകാരുണ്യസ്വീകരണസമയത്തുതന്നെ ഈശോയോട് ഒപ്പം ആയിരിക്കുന്നതിന്റെ സദ്ഫലങ്ങള്‍ കുറച്ചുകാലം കഴിയുമ്പോഴായിരിക്കും പ്രകടമാകുന്നത്. ദിവ്യകാരുണ്യ ഈശോ നമുക്കു പ്രകാശവും വഴികാട്ടിയും ആയി ഭവിക്കുന്നു.
ജീവന്റെ അപ്പം
ആറാമത്തെ ചോദ്യം ഒരു അന്നയാണ് ചോദിച്ചത്: പ്രിയ മാര്‍പാപ്പായേ, 'ഞാനാകുന്നു ജീവന്റെ അപ്പം' എന്നു പറഞ്ഞപ്പോള്‍ എന്താണ് ഈശോ ഉദ്ദേശിച്ചത് എന്നു പറഞ്ഞുതരാമോ?
ഉത്തരമായി പാപ്പാ പറഞ്ഞു: ആദ്യമായി അപ്പം എന്താണെന്നു മനസ്സിലാക്കാം. ഇന്നു നമുക്കു പലവിധ ആഹാരസാധനങ്ങളുണ്ട്. ഈശോയുടെ കാലത്ത് സാധാരണക്കാരന്റെ അടിസ്ഥാനഭക്ഷണം ഗോതമ്പപ്പം ആയിരുന്നു. അപ്പം ആഹാരത്തിന്റെ പ്രതീകമാണ്. ശരീരത്തിനുമാത്രമല്ല, ആത്മാവിനും പോഷണം ആവശ്യമാണ്. മനസ്സിന്റെ വളര്‍ച്ചയ്ക്കും പൂര്‍ണത പ്രാപിക്കാനും ആത്മീയപോഷണം ആവശ്യമാണ്. ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ ദൈവവുമായുള്ള ആത്മബന്ധം സഹായകരമായിത്തീരും. മാനുഷികപക്വതയ്ക്കും ഈ പോഷണം ആവശ്യമാണ്. ജീവിതപക്വത പ്രാപിക്കാനും നന്മനിറഞ്ഞ ജീവിതം നയിക്കാനും ആവശ്യമായ ജീവന്റെ അപ്പം ഈശോ തന്നെയാണ്.
ദിവ്യകാരുണ്യ ആരാധന
ഏഴാമത്തേതും അവസാനത്തേതുമായ ചോദ്യം ഉന്നയിച്ചത് ഒരു ആദ്രിയാനോയാണ്: ഇന്ന് ഈ ചോദ്യോത്തരങ്ങള്‍ കഴിയുമ്പോള്‍ വിശുദ്ധകുര്‍ബാനയുടെ ആരാധന ഉണ്ടെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. പരിശുദ്ധ പിതാവേ, എന്താണ് ഈ ആരാധന? അത് എന്തിലടങ്ങിയിരിക്കുന്നു? വിശദമാക്കാമോ?
ഉത്തരമായി പരിശുദ്ധ ബനഡിക്ട് പിതാവ് പറഞ്ഞു: നമ്മള്‍ ഇപ്പോള്‍ത്തന്നെ ആരാധന എന്തെന്നു കാണും. ഒരു മനോഹരപുഷ്പംപോലെ നമ്മുടെ മുന്നില്‍ അത് വിടര്‍ന്നു വികസിക്കും. എല്ലാം കൃത്യമായി ഒരുങ്ങിയിട്ടുണ്ട്. ഈശോയുടെ മുമ്പില്‍ നമ്മള്‍ പ്രാര്‍ഥിക്കും, നമ്മള്‍ ഗാനമാലപിക്കും, നമ്മള്‍ മുട്ടിന്മേല്‍ നില്‍ക്കും, സാഷ്ടാംഗം പ്രണമിക്കും. തീര്‍ച്ചയായും കുട്ടിയുടെ ചോദ്യത്തിനു കുറച്ചുകൂടി ആഴമായ മറുപടി ഞാന്‍ പറയണം.
ആരാധനയുടെ അര്‍ഥം ഈശോയെ കര്‍ത്താവായി അംഗീകരിച്ച് ഏറ്റുപറയുക എന്നതാണ്. ''എന്റെ ഈശോയേ, ഞാന്‍ പൂര്‍ണമായും അങ്ങയുടേതാണ്. എന്റെ ജീവിതത്തിലുടനീളം ഞാന്‍ അങ്ങയെ അനുഗമിക്കുന്നു. ഈ സ്‌നേഹസൗഹൃദം ഒരിക്കലും നഷ്ടപ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നില്ല. ആരാധനയില്‍ ഈശോയെ ആശ്ലേഷിച്ചുകൊണ്ട് ഞാന്‍ പറയും, ഞാന്‍ അങ്ങയുടേതാണെന്ന്. അങ്ങ് എപ്പോഴും എന്നോടൊപ്പം ആയിരിക്കണമെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.''